മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“അമ്മേ… ഈ പാച്ചു എന്നെ വെറുതെ നുള്ളിപ്പറിക്കാ.. എനിക്ക് നോവുന്നു.”
റിമി മോൾ ഒച്ചവെച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടിക്കയറി വന്നു. പിന്നാലെ പാച്ചുവും.
വേണി, താൻ കേട്ട കഥകളിൽ ഉള്ളൂലഞ്ഞ് നെറ്റിയിൽ കൈകൾ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു.
ഗീതു തോരൻ ഇളക്കിക്കൊണ്ടിരുന്ന തവി പാച്ചുവിന് നേരെയോങ്ങി,
” നിനക്കിന്നു പഠിക്കാനൊന്നുമില്ലേ. വെറുതെയിരിക്കുന്നവരെ നുള്ളാനും പിച്ചാനും ചെന്ന് ബഹളമുണ്ടാക്കിയാലുണ്ടല്ലോ അടിച്ചു പുറം പൊളിക്കും ഞാൻ.”
അവളുടെ ഭാവം കണ്ട് പേടിച്ചു പോയ പാച്ചു, വേണിയുടെ ദേഹത്തേക്ക് ചാരി അവളെ കെട്ടിപ്പിടിച്ചു.
“പാച്ചുമോൻ പോയിരുന്ന് പഠിക്ക്. വെറുതെ അടി കൂടി അമ്മയെ ദേഷ്യം പിടിപ്പിക്കണ്ട. റിമിമോളും ചെല്ല്. നല്ല കുട്ടിയായിരുന്നു പുസ്തകം വായിച്ചോ.”
വേണി അവരെ നോക്കി ചുമലിൽ തഴുകിക്കൊണ്ട് പറഞ്ഞു.
വേണി തലയുയർത്തിയപ്പോൾ കരഞ്ഞു വീർത്ത കണ്ണുകൾ കണ്ട് ഗീതു പകച്ചു പോയി.
“എന്റെ പൊന്നോ… ഒന്ന് മിണ്ടുമ്പോഴേക്കും ഇമ്മാതിരി ഊറ്റിക്കളയാൻ ഇതിനും മാത്രം കണ്ണീര് എവിടെയിരിക്കുന്നു വേണിയേച്ചി. ഇപ്പോഴും കൂടി പറഞ്ഞേയുള്ളൂ ആവശ്യമില്ലാതെ കരയരുതെന്ന്. എന്നിട്ടും.”
“എനിക്ക് മനക്കട്ടി കുറവാ ഗീതു. നിനക്ക് കേൾക്കണോ, ക്ലിനിക്കിൽ ജോലിക്ക് കയറിയ ആദ്യ ആഴ്ചയിൽ ഒരു ദിവസം., മദ്യപിച്ചു വന്ന ഭർത്താവ് വാക്കത്തിയുപയോഗിച്ച് ഭാര്യയെ വെട്ടി. അതും കാലിൽ. ചോര വാർന്നൊലിക്കുന്ന പരുവത്തിലാ ഡോക്ടറുടെയടുത്തു കൊണ്ടു വന്നേ. ആദ്യമൊന്നും ഡോക്ടർ അവരെ നോക്കാൻ തയ്യാറായില്ല. വേറെ എങ്ങോട്ടേലും കൊണ്ടുപോയെന്ന് പറഞ്ഞു. പക്ഷേ അവരുടെ കൂടെ വന്നവർ കരഞ്ഞു കാല് പിടിക്കാൻ തുടങ്ങി.ഒടുവിൽ ഡോക്ടർ മുറിവ് സ്റ്റിച്ചിടാൻ സമ്മതിച്ചു.
ഞാനായിരുന്നു അന്ന് ഡോക്ടറെ ഹെല്പ് ചെയ്യാൻ നിന്നത്. കഴിവതും ആ മുറിവിലേക്ക് നോക്കാതെ ഒരുതരത്തിൽ ബലം പിടിച്ചു നിന്നു. പക്ഷേ ഒരു നിമിഷം കണ്ണ് അങ്ങോട്ടൊന്നു പാറി വീണു. ഡോക്ടർ മുറിവിലേക്കു സൂചി കുത്തിയിറക്കി നൂല് വലിച്ച് കൂട്ടിതുന്നുന്നു. ഒന്നേ നോക്കിയുള്ളു ബോധമറ്റു ഞാൻ താഴെ വീണു.
പിന്നത്തെ പൂരം പറയാനില്ല. ഡോക്ടർ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു.
അന്നത്തോടെ അവിടുത്തെ ജോലിയിൽ നിന്ന് ഇറക്കി വിട്ടു.
“ഹഹഹ… എന്നിട്ട്.?
എന്നിട്ടെന്താ. കുറെ നാൾ വീട്ടിലിരുന്നു. പിന്നെ വേറെ ക്ലിനിക്കിൽ ജോലിക്ക് കയറി. കുറെയൊക്കെ കണ്ടും കേട്ടും മനസ്സൊക്കെ മരവിച്ചു തുടങ്ങി.അങ്ങനെ ഇതുവരെ എത്തി.
എങ്കിലും എനിക്ക് പ്രിയപ്പെട്ടവരുടെ വേദന കണ്ടുനിൽക്കാനുള്ള ത്രാണി ഇപ്പോഴുമില്ല.ഞാൻ തളർന്നു പോകും.
“ഉം.. ഇനി അതൊക്കെ മാറ്റണം ചേച്ചി. ഒറ്റക്കാവുമ്പോ നമ്മൾ നല്ലോണം മാറണം. എങ്കിലേ ജീവിതം ആഗ്രഹിക്കുന്നപോലെ മുന്നോട്ട് പോകൂ. കുറെയൊക്കെ കണ്ടില്ല കേട്ടില്ലയെന്ന് നടിക്കാൻ കഴിയണം. മനസ്സിനെ കല്ലാക്കണം. നമ്മളെ തോൽപ്പിച്ചവരുടെ മുന്നിൽ നിവർന്നു നിന്നേ പറ്റൂ എന്ന വാശി വേണം.
ഞാൻ മക്കളേം കൂട്ടി ഇവിടെ വന്നു കയറുമ്പോ ഭാവി ഒരു ചോദ്യചിന്ഹം പോലെ മുന്നിൽ നിന്ന് പല്ലിളിക്കുവായിരുന്നു. അത് കണ്ട് തോറ്റോടിയിരുന്നെങ്കിൽ ഞാനും മക്കളും ഇന്ന് ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു.
വാശിയായിരുന്നു, എങ്ങനെയും ജീവിച്ചേ പറ്റൂ എന്ന വാശി. കാരണം മക്കൾ ജനിച്ചു പോയി എന്നൊരു തെറ്റേ ചെയ്തിട്ടുള്ളു. ജീവിതം ഇങ്ങനെയൊക്കെ ആയതിനു അവരെന്തു പിഴച്ചു. പിന്നെ അവരുടെ അപ്പൻ എവിടെയെന്ന് ചോദിക്കുമ്പോ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കും. അവർക്ക് അയാളെ വേണംന്നുണ്ടെങ്കിൽ ആ കൂടെ പൊയ്ക്കോട്ടേ. ഞാനായിട്ട് തടയില്ല. സ്വന്തം തീരുമാനങ്ങൾ എടുക്കാൻ ആകുന്നവരെ ഞാനവരെ സംരക്ഷിക്കണം. അതെന്റെ കടമയാണല്ലോ. ബാക്കിയെല്ലാം വരുന്നിടത്തു വെച്ചു കാണാം. അതാണെന്റെ പോളിസി.. അല്ലാതെ ചുമ്മാ കരഞ്ഞുവിളിച്ച് നടന്നിട്ടൊന്നും ഒരു കാര്യവുമില്ലന്നേ.ഇന്ന് സന്തോഷിക്കാൻ കിട്ടുന്ന അവസരം കഴിവതും മുതലാക്കുക. നാളത്തെ കാര്യം നാളെ. അത്രേയുള്ളൂ.
വേണി അവളുടെ സംസാരം അത്ഭുതത്തോടെ കേട്ടിരുന്നു. വെറുമൊരു എട്ടാംക്ലാസ്സുകാരിയിൽ നിന്നും താൻ ഇനിയുമെറെ പഠിക്കാനുണ്ടെന്ന് അവൾക്ക് തോന്നി.
“രാജീവ് തിരിച്ചു വന്നിട്ട് പിന്നെന്തുണ്ടായി.”
വേണി ആകാംഷയോടെ അവളെ നോക്കി.
“എല്ലാം കലങ്ങിത്തെളിഞ്ഞു എന്ന സമാധാനമായിരുന്നു ചേച്ചി എനിക്ക്.പക്ഷേ
ഗീതു വേണിക്കരികിലേക്ക് ഒരു സ്റ്റൂൾ വലിച്ചിട്ടിരുന്നു.
അവന്റെ അമിതമായ സ്നേഹപ്രകടനങ്ങൾ കാണുമ്പോ മനസ്സിൽ ആധിയായിരുന്നു. അണയാൻ പോകുന്നതിനു മുന്നേയുള്ള ആളിക്കത്തലാണോയെന്ന്. ആ പേടി സത്യമാകുകയും ചെയ്തു.
കള്ളും, കഞ്ചാവും തൽക്കാലത്തെക്ക് ഉപേക്ഷിച്ചു. പക്ഷേ അവനെന്റെ ശരീരത്തോടുള്ള ആർത്തി കൂടി.ആദ്യമൊക്കെ ഞാനും കുറെയൊക്കെ ക്ഷമിച്ചു. മുന്നോട്ടുള്ള ജീവിതത്തിന് അത് ആവശ്യമാണെന്ന് തോന്നി. പിന്നെപ്പിന്നെ പറയുമ്പോഴൊക്കെ കിടന്നുകൊടുത്ത് ഞാൻ മടുത്തു ചേച്ചി. പിള്ളേർ വിശന്നു കരഞ്ഞാലും അവന്റെ പിടിയിൽ നിന്നും മോചനം കിട്ടാത്ത അവസ്ഥ.
ആരോട് പറയും ഇതൊക്കെ. ചിലവിനുള്ളത് കൊണ്ടു തരുന്നത് കൊണ്ടു അവനോട് മറുത്തൊന്നും പറയാനും പറ്റുന്നില്ല. എന്റെ ഏറ്റവും വലിയ പേടി വീണ്ടും ഗർഭിണിയാകുമോ എന്നായിരുന്നു. അവനോട് അതേക്കുറിച്ച് പറയുമ്പോൾ വീട് നിറയെ കുട്ടികൾ വരട്ടെയെന്നു ചിരിച്ചു തള്ളും.
ഒടുവിൽ പേടിച്ചപോലെ തന്നെ സംഭവിച്ചു. പാച്ചു വയറ്റിൽ വളരാൻ തുടങ്ങി.
എന്റെ വിഷമം കണ്ടപ്പോൾ,നിനക്ക് വയ്യെങ്കിൽ നമുക്കിതങ്ങു കളയാം എന്നായി
ഞാനും വിചാരിച്ചു ഇത് വേണ്ട. കളഞ്ഞേക്കാമെന്ന്. ആ കൂട്ടത്തിൽ പ്രസവം നിർത്തുകയും ചെയ്യാമെന്ന് വിചാരിച്ചു.
പക്ഷേ, എന്തോ അവസാന നിമിഷം ഞാനാ തീരുമാനത്തിൽ നിന്ന് പിന്മാറി. എനിക്ക് കഴിയില്ലായിരുന്നു ഒരു കുഞ്ഞു ജീവനെ പിടിച്ചുപറിച്ചു കളയാൻ.
വയറ്റിൽ ഒരു കുഞ്ഞിനേയും പേറി വീട്ടുജോലികളും പിള്ളേരെ നോട്ടവുമൊക്കെയായി ഞാൻ വശം കെട്ടു.
അപ്പോഴും രാത്രികളിൽ അവന്റെ വികാരങ്ങൾ ശമിപ്പിക്കാനുള്ള ഉപകരണം ആകേണ്ടി വന്നു എനിക്ക്. ഒടുവിൽ സഹികെട്ട് ഒരിക്കൽ ഞാൻ അവനെ എതിർത്തു.
കള്ള് കുടിക്കാനും, കഞ്ചാവടിക്കാനും ഒരു കാരണം കിട്ടിയപോലെയായിരുന്നു പിന്നെയവന്റെ പെരുമാറ്റം.
പിന്നീടുള്ള ദിവസങ്ങളിൽ നിലത്തുറക്കാത്ത കാലുമായി ആരുടെയെങ്കിലും തോളിൽ തൂങ്ങിയായിരുന്നു വരവ്.കൂട്ടത്തിൽ നിസാര കാര്യങ്ങൾക്ക് മർദ്ധനവും.
സത്യം പറഞ്ഞാൽ ഈ പിള്ളേരേം കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചു. എങ്ങനെ മരിക്കണം എന്നായി പിന്നീടുള്ള ആലോചന. പക്ഷേ ഒന്നിനും എനിക്ക് കഴിഞ്ഞില്ല ചേച്ചി…
മുറിഞ്ഞു പോയ വാക്കുകൾക്കൊപ്പം നെഞ്ചു പൊട്ടി കരഞ്ഞുകൊണ്ട് ഗീതു വേണിയുടെ മടിയിലേക്ക് മുഖം പൂഴ്ത്തി.ഇനി ഞാൻ കരയില്ല എന്ന വാക്ക് ഒരു നിമിഷം കൊണ്ടവൾ മറന്നു പോയി.
അവളുടെ കരച്ചിൽ കണ്ട് വേണി ശ്വാസം നിലച്ച് വാക്കുകൾ തൊണ്ടയിൽ തടഞ്ഞു മരവിച്ചിരിന്നു പോയി….
വീണ്ടും പഴയതിന്റെയൊക്കെ ആവർത്തനങ്ങൾ.
കരച്ചിലൊതുങ്ങിയ ഗീതു വീണ്ടും പറഞ്ഞു തുടങ്ങി.
പ്രസവമടുത്തപ്പോൾ അമ്മയെ വിളിച്ചു. അല്ലാതെ വേറെ വഴിയില്ലായിരുന്നു.
“നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലെടി നശിച്ചവളേ അവന്റെ കൂടെ പോകണ്ടന്ന്. എന്നിട്ടിപ്പോ വീണ്ടും സമ്പാദിച്ചു വെച്ചിട്ട് കിടന്നു മോങ്ങുന്നോ. എന്നെക്കൊണ്ട് വയ്യ നിന്നെ ശുശ്രൂഷിക്കാൻ. എനിക്ക് നാഴി വെള്ളം കുടിക്കണോങ്കി ഞാൻ തന്നെ നയിച്ചു കിട്ടീട്ട് വേണ്ടേ. നീ വരുത്തിവെച്ചത് നീ തന്നെ അനുഭവിക്ക്.”
അമ്മ ഒരുപാട് ദേഷ്യപ്പെട്ടു. ഒരുപാട് പ്രാകി. എന്നിരുന്നാലും പിറ്റേന്ന് വീട്ടിൽ വന്നു. വീട്ടിലേക്ക് അത്യാവശ്യം വേണ്ടതെല്ലാം വാങ്ങി തന്നു.
ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ട് ഒരു ദിവസം പോലും അവൻ എന്നെ അന്വേഷിച്ചു വന്നില്ല.
പ്രസവം കഴിഞ്ഞു. ഇനിയൊരിക്കലും അവനെന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന് ഞാൻ ദൃഡനിശ്ചയം ചെയ്തു.അമ്മയുടെ കൂടെ വീട്ടിലേക്കു പോയി.വീട്ടിലെ ദാരിദ്ര്യം കൊണ്ടുള്ള സങ്കടം അമ്മ ദേഷ്യം കൊണ്ട് തീർക്കാൻ തുടങ്ങി. മക്കളെ വെറുതെ ചീത്ത പറയും അടിക്കും, നീയൊന്നും നന്നാവില്ല. നശിച്ചു പോകാത്തെയുള്ളു തന്തയുടെയല്ലേ വിത്ത് എന്ന് ശപിക്കും.
എല്ലാം കണ്ടും കേട്ടും പ്രതികരിക്കാൻ പോലുമാകാതെ ഞാൻ ഭ്രാന്തിന്റെ വക്കിലെത്തി. വീണ്ടും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പക്ഷേ ഒന്നിനും എനിക്ക് കഴിഞ്ഞില്ല ചേച്ചി.
എല്ലാം ഉള്ളിലൊതുക്കി കണ്ണീർവാർത്തു.ഒരു ദിവസം അമ്മ പണി കഴിഞ്ഞു വന്നത് നെഞ്ച് പൊടിയുന്ന ഒരു വാർത്തയുമായിട്ടായിരുന്നു
തുടരും..