തന്റെ ഉള്ളിലും പ്രണയം എന്നൊരു വികാരം പൊട്ടിമുളച്ചത് അന്ന് ആദ്യമായി അറിയുകയായിരുന്നു..

ഉണ്ണിമായ…

എഴുത്ത്: മിത്ര വിന്ദ

==============

ചന്ദ്രോത്തെ ഉണ്ണിമായക്ക് ഏറ്റവും പ്രിയപ്പെട്ട ആള് അവളുടെ ഓപ്പോള് ആയിരുന്നു.

ശ്രീദേവി ഓപ്പോള്..

ഉണ്ണിമായ ജനിച്ചു കഴിഞ്ഞു, അവൾക്ക് ഒൻപതു വയസ്സ് ഉള്ളപ്പോഴാണ്, ശ്രീദേവി ഓപ്പോളും,കുടുംബവും നാട്ടിലേക്ക് വരുന്നത്.

ഓപ്പോള് അങ്ങ് ബോംബെ യിൽ ആയിരുന്നു..

ഓപ്പോളുടെ ഭർത്താവ്, അവിടെ ഏതോ ഒരു വലിയ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു…അവിടെവെച്ചു ഒരു ദിവസം ഓപ്പോൾക്ക് ഒരു ആക്സിഡന്റ് ഉണ്ടായി…. ചികിത്സയ്ക്കായി നാട്ടിലേക്ക്, വന്നശേഷം ഓപ്പോളു പിന്നെ മടങ്ങി പോയിരുന്നില്ല…

ഓപ്പോൾക്ക് ഒരു മകൻ ഉണ്ടായിരുന്നു.

ദേവദത്തൻ…എന്ന ദത്തേട്ടൻ

തന്നെക്കാൾ ആറു വയസ് കൂടുതൽ ഉണ്ട്..ആളൊരു ദേഷ്യക്കാരൻ ആയിരുന്നു…കൂട്ട് കൂടനായി ചെന്നാൽ ഹിന്ദിയിൽ എന്തെങ്കിലും പറഞ്ഞു തന്നോട് വഴക്ക് ഉണ്ടാക്കും…

ആദ്യമൊക്കെ തനിക്ക് നല്ലോണം സങ്കടം തോന്നും.കണ്ണുനീർ ഒഴുകി ഒഴുകി വരുന്നത് കാണുമ്പോൾ ദത്തേട്ടൻ തനിക്കിട്ട് ഒരു തള്ള് വെച്ചു തന്നിട്ട് ഇറങ്ങി പോയ്‌ കളയും….ഓടിച്ചെന്ന് തന്റെ പരാതിയും പരിഭവവും ഒക്കെ പറയുന്നത് ഓപ്പോളോടായിരുന്നു..

തന്നെ ആ മാറിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ഓപ്പോള് ആശ്വസിപ്പിക്കും..

എല്ലാദിവസവും കാലത്തെ സ്കൂളിലേക്ക് പോകുന്നത് താനും ദത്തെട്ടനും ഒരുമിച്ചായിരുന്നു

ശ്രീദേവി ഓപ്പോള് ആണെങ്കിൽ രണ്ടാൾക്കും, വാട്ടിയ തൂശനിലയിൽചോറും പൊതിയും കെട്ടി കൊണ്ട് ഉമ്മറത്തേക്ക് വേഗത്തിൽ വരും…

“ഇന്ന് എന്താ ഓപ്പോളേ കൂട്ടാന്….”

ചെറു ചൂടുള്ള പൊതി മേടിച്ച്, ഒന്നു മണപ്പിച്ചു നോക്കിയിട്ട്, താൻ ഓപ്പോളുടെ മുഖത്തേക്ക് കണ്ണു നട്ടു നിൽക്കും….

ഉരുളക്കിഴങ്ങ് ഉപ്പേരിയും കണ്ണിമാങ്ങ അച്ചാറും ഉണ്ട്, അരികൊണ്ടട്ടവും..തന്റെ കവിളിൽ ഒരു ഉമ്മ തന്നുകൊണ്ട് വാത്സല്യത്തോടെ പറയും…വൈകുന്നേരം സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ നേരെ പടിഞ്ഞാറുവശത്തെ കുളത്തിലേക്ക് ഓടും…അടുത്ത വീട്ടിലെ ജാതിയും പാറുവും ഒക്കെ കാണും കൂടെ…

തങ്ങൾ അങ്ങനെ നീന്തി തുടിക്കുന്നത് അസൂയയോടെ നോക്കി നിൽക്കും ദത്തേട്ടൻ..

ഒന്ന് രണ്ടു വട്ടം താൻ ചോദിച്ചതാണ്,നീന്തൽ പഠിപ്പിക്കട്ടെ എന്ന്…

അപ്പോഴൊക്കെ തന്നോട് വാശി കാണിച്ചുകൊണ്ട് അങ്ങനെ നടന്നു…

പിന്നീട് താനും ഗൗനിക്കാൻ പോയില്ല…

പട്ടണത്തിൽ പോയിട്ട് വരുമ്പോൾ അച്ഛൻ കൊണ്ടുവരുന്ന, ട്രങ്ക് പെട്ടിയിലേക്ക് നോക്കി ഞാനും ദത്തെട്ടനും, സിമന്റ് കൊണ്ട് വാർത്തിട്ടിരിക്കുന്ന ബെഞ്ചിന്മേൽ അങ്ങനെയിരിക്കും…

അതിനുള്ളിൽ പലവിധ സാധനങ്ങൾ ഉണ്ടാകും..

മുത്തശ്ശനുള്ള അരിഷ്ടം,മുത്തശ്ശിക്ക് കഷായവും കുഴമ്പും,അമ്മയ്ക്കും ഓപ്പോൾക്കും ഷിഫോൺ സാരി,മണമുള്ള സോപ്പ്..പിന്നെയുള്ളത് തങ്ങൾ കുട്ടികൾക്കാണ്..

ഒന്ന് രണ്ട് കഥ പുസ്തകങ്ങളും, ഒരു പെട്ടി നിറയെ കല്ല് പെൻസിലുകളും ഒക്കെ ഉണ്ടാവും അതില്..

അന്ന് അച്ഛൻ വന്നപ്പോൾ മറ്റൊരു കൂട്ടം കൊണ്ട് വന്നു.

പലവിധ വർണ്ണങ്ങളിൽ ഉള്ള കടലാസുകളിൽ പൊതിഞ്ഞ, മിഠായികൾ അന്ന് അങ്ങനെയാണ് തങ്ങൾ കഴിച്ചു തുടങ്ങിയത്…

എന്തൊരു ടേസ്റ്റായിരുന്നു… ഇപ്പോഴും നാവിൽ അത് അങ്ങനെ തന്നെ നിലകൊള്ളുന്നു…

അടുത്ത ദിവസം കാലത്തെ ജാനിക്കും പാറുവിനും പങ്കിട്ട് കൊടുത്തതിനുശേഷം താൻ അല്പം ഉള്ള മിടായി നാവിലേക്ക് ഇട്ട് നുണഞ്ഞുകൊണ്ട് വരികയായിരുന്നു…

പെട്ടെന്നാണ് പിന്നിൽ നിന്നും ദത്തേട്ടൻ ഓടിവന്നത്..

‘ഇതു എന്തുപറ്റി നിന്റെ പാവാടയിൽ മുഴുവൻ രക്തം.”

താനാകെ പേടിച്ചുപോയി… അതിനേക്കാൾ ഏറെ പേടിച്ചത് ആയിരുന്നു….

എന്തുപറ്റി നിനക്ക്, എന്ന് ചോദിച്ചുകൊണ്ട് ഏട്ടൻ തന്നെ വാരിപ്പുണർന്നു….

തല ചുറ്റണത് പോലെ തോന്നിയിരുന്നു..

ബോധം വന്നപ്പോൾ ഓപ്പോളുടെ മടിയിൽ ആണ്.

കണ്ണ് തുറന്നതും ആദ്യം തിരഞ്ഞത് ദത്തേട്ടനെ ആയിരുന്നു…

വാതിൽക്കൽ തന്നെ തന്റെ മുഖത്തെയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് നിറകണ്ണുകളോടെ നിൽക്കുന്ന ഏട്ടനെ കണ്ടതും താനും കരഞ്ഞു പോയ്‌…

“ഈ കുട്ടി എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നത്…. അപ്പുറത്തേക്ക് എവിടെയെങ്കിലും പോകു….”

മുത്തശ്ശി വഴക്ക് പറഞ്ഞപ്പോൾ ഏട്ടൻ അവിടെനിന്നും മാറിയിരുന്നു…..

“ഓപ്പോളേ… നിക്ക് എന്താ പറ്റിയേ..പേടിയാവുന്നു .” ക്ഷീണിച്ച സ്വരത്തിൽ താൻ ചോദിച്ചു.

“ന്റെ കുട്ടി വല്യ ഒരു പെണ്ണായിട്ടോ.. ഒന്നും പേടിക്കണ്ട….. ഓപ്പോള് തന്റെ കവിളിൽ മുത്തം നൽകി.

പിന്നീട് മൂന്നുനാലു ദിവസത്തേക്ക്,താൻ മുറിയിൽ തന്നെയായിരുന്നു….

അതിനുശേഷം,കിഴക്കേ തൊടിയിൽ നിന്ന്, മഞ്ഞൾ പറിച്ചെടുത്ത് അരച്ച് തന്റെ ദേഹത്താകെ പുരട്ടി തന്നിട്ട്, തലമുടി നിറയെ എള്ളെണ്ണ തേച്ച്, തന്നെ മറപ്പുരയിൽ കൊണ്ടുപോയി ഇരുത്തിയ ശേഷം, ഓപ്പോള് ചെമ്പരയില പൊട്ടിക്കുവാനായി തൊടിയിലേക്ക് പോയി…

മെടഞ്ഞ ഓല കൊണ്ട് , മറച്ചിരുന്ന, മറപ്പുരയിലൂടെ രണ്ട് കണ്ണുകൾ തന്റെ നേർക്ക് , വരുന്നത് കണ്ടതും താനൊന്ന് ഞെട്ടി…

ഉറക്കെ നിലവിളിക്കുവാനായി വായ തുറന്നതും, തന്റെ കവിളിലേക്ക് ആഞ്ഞൊരു മുത്തം നൽകിയിട്ട്, ദത്തേട്ടൻ ഓടി മറഞ്ഞു…

തന്റെ ഉള്ളിലും പ്രണയം എന്നൊരു വികാരം പൊട്ടിമുളച്ചത് അന്ന് ആദ്യമായി അറിയുകയായിരുന്നു..

പഴുക്കാ മഞ്ഞ നിറമുള്ള പട്ടുപാവാടയും ബ്ലൗസ് മണിഞ്ഞ്, ഇരുവശത്തേക്ക് ആയി,നീളൻ മുടി മെടഞ്ഞിട്ട്, കണ്ണിൽ നിറയെ കരിയെഴുതി, നെറ്റിമേൽ ഒരു ചുവന്ന വട്ടപ്പൊട്ടും തൊടുവിച്ച്, ഓപ്പോള് എന്നെ സുന്ദരിയാക്കിയിരുന്നു….

കുട്ടി സുന്ദരിയായിരിക്കണ്… അകത്തളത്തിൽ എല്ലാവരും അടക്കം പറഞ്ഞപ്പോൾ,തെല്ലു നാണത്തോടുകൂടി താനൊന്ന് മുഖമുയർത്തി…

നോക്കിയതും ദത്തേട്ടനെ….

മേലേക്കാവിലെ ഉത്സവത്തിന് തനിക്കായി ഏട്ടൻ വാങ്ങി തന്ന ചുവന്ന കുപ്പിവള കൈലേക്ക് അണിഞ്ഞപ്പോൾ അതുവരെ അടക്കി പിടിച്ച പ്രണയം എന്ന വികാരം അല തല്ലുക ആയിരുന്നു.

വർഷങ്ങൾ ഓനൊന്നായി കൊഴിഞ്ഞു വീണു.

അങ്ങനെയിരിക്കെയാണ് , ദത്തെട്ടന് പട്ടാളത്തിലേക്ക് സെലക്ഷൻ കിട്ടുന്നത്..

അതറിഞ്ഞതും കുളപ്പടവിൽ ഇരുന്നു താൻ വാവിട്ടു കരഞ്ഞു..

തന്നെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു കൊണ്ട്, തന്റെ മിഴിനീർ തുടച്ചു തന്നു ആ നെഞ്ചിലേക്ക് ചേർത്തപ്പോൾ ദത്തേട്ടനും കരഞ്ഞുപോയി….

അയ്യേ.. ഒരു പട്ടാള ക്കാരൻ ഇങ്ങനെ ആണോ എന്ന് ചോദിച്ചു കൊണ്ട് താൻ ആണെങ്കി ഏട്ടനെ ഇറുക്കി പുണർന്നു.

*******************

ആദ്യത്തെ ലീവ് നു വന്നപ്പോൾ ആണ് ഏട്ടൻ അച്ചന്റെ അടുത്ത് തങ്ങളുടെ വിവാഹ കാര്യം പറയുന്നത്…

അത് കേട്ടപ്പോൾ ഇല്ലത്ത് എല്ലാവർക്കും ഞെട്ടലായിരുന്നു..ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്ന് അറിഞ്ഞതും ഓപ്പോൾക്ക് അതിശയം ..ഇതെവിടെ ഒളിപ്പിച്ചു വെച്ചിരുന്നു… ആർക്കും ഒന്ന് കണ്ടെത്താൻ പോലും കഴിഞ്ഞിരുന്നില്ലല്ലോ കുട്ടിയെ..

കളിയായി പറഞ്ഞുകൊണ്ട് തന്നെ ചേർത്തു നിർത്തുക ആയിരുന്നു ഓപ്പോള്.

മോതിരമാറ്റം നടത്തിയ ശേഷം ദത്തെട്ടൻ തിരികെ ജോലിസ്ഥലത്തേക്ക് പോയി..

പിന്നീട് അങ്ങോട്ട് കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആയിരുന്നു…

അങ്ങനെ ഇരിക്കയാണ് ഏട്ടന്റെ കത്ത് വരുന്നത്..

ചിങ്ങം രണ്ടാം തീയതി ഏട്ടൻ എത്തും…. രണ്ടുമാസത്തെ അവധിയുണ്ട്… അതിനു മുന്നേയുള്ള ഒരു മുഹൂർത്തത്തിൽ തങ്ങളുടെ വിവാഹം….

. കത്തു വായിച്ചതും, താൻ അതെടുത്തുകൊണ്ട്,ഓപ്പോളുടെ അടുത്തേക്ക് ഓടി…

അങ്ങനെ നാരായണ ഭട്ടതിരി യെ കൊണ്ട് ചിങ്ങം 23നു വിവാഹം കുറിപ്പിച്ചു…

ചിങ്ങം രണ്ട് ആവാനായി ദിവസങ്ങൾ എണ്ണി എണ്ണി പ്രാർത്ഥനയോടെ കാത്തിരുന്നു.

ഏട്ടൻ വരുന്നതിന് നാല് ദിവസം മുന്നേ…ഒരു ടെലഗ്രാം വന്നു…

താൻ അന്ന് അമ്പലത്തിൽ പോയതു ആയിരുന്നു.ഉച്ച നേദ്യം കഴിഞ്ഞു തിരികെ എത്തിയപ്പോൾ കണ്ടു, ഉമ്മറത്ത് ഒരു ആൾ കൂട്ടം..നെഞ്ചിടിപ്പോടെ താൻ ഓടി ചെന്നു.അലമുറ ഇട്ടു കരയുക ആണ് ഓപ്പോള്..

തന്നെ കണ്ടതും അതു ഉച്ചത്തിൽ ആയിരുന്നു..

മൂന്നു ദിനങ്ങൾ കഴിഞ്ഞു..

ഒരു വൈകുന്നേരം…

തന്റെ ദത്തേട്ടൻ വന്നു..ജീവനറ്റ ഒരു ശരീരം മാത്രം ആയിട്ട്..

ഒരു പെട്ടി തന്റെ കൈലേക്ക് തന്നിട്ട് ഒപ്പം വന്ന ആളുകൾ അനുശോചനം അറിയിച്ചു കൊണ്ട് മടങ്ങി.

തന്റെ ദത്തേട്ടന് ഒരായിരം ഉമ്മകൾ കൊണ്ട് മൂടി യിട്ട് താനും ചേതന അറ്റ ആ ദേഹത്തേക്ക് വീണു പോയിരിന്നു.

മഴ ആർത്തലച്ചു പെയ്യന്ന ഒരു സന്ധ്യാ സമയം.. ഏട്ടനെ അടക്കം ചെയ്ത മണ്ണിലേക്ക് ഉറ്റു നോക്കി നിൽക്കുക ആണ് താനു.

അപ്പോളാണ് ആ പെട്ടിടെ കാര്യം ഓർത്തത്..

മെല്ലേ അത് തുറന്നു നോക്കി… തനിക്ക് ഏറ്റവും ഇഷ്ടമായിരുന്ന, പവിഴമല്ലി , നിറമുള്ള ഒരു കാഞ്ചിപുരം പട്ടുസാരി ആയിരുന്നു അതില്..

ഒപ്പം ഒരു ചെറിയ ഡെപ്പിയിലായി ഒരു മഞ്ഞ പൂതാലി….

കണ്ണുനീർ കൊണ്ട് താൻ അവ ഇറുക്കെ പുണർന്നു..

തന്റെ ദത്തേട്ടന്റെ മണം….

കോയിപാടത്തിനക്കരെ കൂടെ തീവണ്ടി ചൂളം വിളിച്ചു പോകുമ്പോൾ, താൻ കാതോർത്തിരിക്കും…. ഏട്ടന്റെ ബൂട്ടിന്റെ ശബ്ദം പടിപ്പുര കടന്നു വരുന്നുണ്ടോ എന്ന്..

അവസാനിച്ചു