ആൻസി
Story written by Vaisakh Baiju
=================
ഏട്ടൻ ഇങ്ങനെയായിരുന്നില്ല. കുറച്ചു നാളായി ചില മാറ്റങ്ങൾ ഞാൻ കാണുന്നു. ജാതിയും മതവും മറന്നു ഏട്ടന്റെ കൂടെ ഇറങ്ങി വന്ന ദിവസം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു…ഇപ്പോൾ വൈഗമോൾക്ക് നാലു വയസ്സാകുന്നു…കോളേജ് സമയത്തെ ഇഷ്ടം….ഒന്നിച്ചു ജീവിക്കാമെന്നു എന്നോട് പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഞാൻ സ്വപ്‌നങ്ങൾ കണ്ടു…അന്നുമുതൽ ഉള്ള ജീവിതത്തിൽ ഏട്ടനറിയാത്ത ഒന്നും എന്നിലും ഞാനറിയാത്ത ഒന്നും ഏട്ടനിലും ഉണ്ടായിരുന്നില്ല.
പക്ഷെ… കുറച്ചു നാളുകളായി പുതിയതായി എന്തോ ഒന്നു ഏട്ടനിൽ ഞാൻ കാണുന്നു..ഒരു മാറ്റം….പഴയതുപോലെ മോളുമായുള്ള കളിചിരികളില്ല…എന്നോടുള്ള സംസാരവും കുറഞ്ഞു…അപ്പച്ചൻ പിണക്കം മാറി വിളിച്ചകാര്യം പറഞ്ഞതും വലിയ കാര്യമായി എടുത്തില്ല…ജോലിത്തിരക്കുകൾ ഉണ്ട് അതാകുമെന്ന് വിശ്വസിച്ച് ആശ്വസിച്ചു.
അടുത്ത ഫ്ളാറ്റിലെ ജൂലിചേച്ചിയുടെ ചോദ്യം ഒരു പിടച്ചിൽ ഉണ്ടാക്കിയിരിക്കുന്നു, മാതാ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ വിശാലേട്ടനെ കണ്ടു അവർ….ആ പറഞ്ഞ സമയം ഞാൻ വിളിച്ചപ്പോൾ ഏട്ടൻ ഓഫീസിൽ ആണെന്നാണ് എന്നോട് പറഞ്ഞത്…..എന്നോട് എന്തിനു കള്ളം പറഞ്ഞു…നേരം വൈകിയുള്ള ഫോൺ വിളികൾ..ഉറക്കമില്ലാതെ ലാപ്ടോപിന്റെ മുന്നിലുള്ള ഇരുപ്പ്…ചോദ്യങ്ങളും ഉത്തരങ്ങളില്ലാത്ത കുറേ പരന്ന വാക്കുകളും എന്നിൽ നിറയുന്നു…
ഏട്ടനോട് ചോദിച്ചാലോ….വേണ്ട…
ഫോൺ ശബ്‌ദിക്കുന്നു…ഏട്ടനാണ്….
ഏട്ടാ പറ…ഉള്ളിലെ പുകച്ചിൽ ശബ്ദത്തിൽ വരാതിരിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി…
“ആൻസി…നീ വേഗം റെഡി ആയി താഴേക്ക് വാ ഞാൻ താഴെയുണ്ട്…”
ഏട്ടന്റെ ശബ്ദത്തിൽ വല്ലാത്ത ഒരു തിടുക്കവും കടുപ്പവും എനിക്ക് അത് വളരെ വ്യക്തമായി അറിയാൻ പറ്റുന്നുണ്ടായിരുന്നു…
കാർ വേഗത്തിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്….അതും ആദ്യമായാണ്…സാധാരണ കാറിൽ ഞാനോ മോളോ ഉള്ളപ്പോൾ ഏട്ടൻ ഇത്ര വേഗത്തിൽ വണ്ടിയോടിക്കാറില്ല….വണ്ടി ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. ഏട്ടൻ വേഗത്തിൽ മുന്നോട്ട് നടക്കുകയാണ് ഒപ്പം ഞാനും….
എന്തോ ഒന്നു എനിക്ക് വേണ്ടി കേൾക്കാനും കാണാനും ഒരുങ്ങുന്നു എന്നെനിക്ക് ബോധ്യമായി. അതെന്നെ നോവിക്കുന്നതാവരുതേ എന്ന് ഞാൻ മാതാവിനോട് മനസ്സിൽ കെഞ്ചി.
ഒരു മുറിയിലേക്ക് ഏട്ടന്റെ പിന്നാലെ ഞാൻ നടന്നെത്തി…അവിടെ ഒരു സ്ത്രീ കിടക്കുന്നുണ്ട്..അവരുടെ മുഖമാകെ വികൃതമാണ്…ശരിക്കും ഒരു അസ്‌ഥിരൂപം…എനിക്ക് എന്തോ വല്ലായ്മ തോന്നി ഞാൻ ഏട്ടനെ നോക്കി…
ഏട്ടൻ എന്നെ ഒന്നു നോക്കിയിട്ട് അവരുടെ നേരെ തിരിഞ്ഞു. അവരുടെ കണ്ണുകൾ തുറന്നു…നിങ്ങൾ സംസാരിക്ക് ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം…ഏട്ടൻ പുറത്തേക്ക് പോയി..
അവർ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു…ഞാൻ അല്പം അടുത്തേക്ക് നീങ്ങിനിന്നു..
“ആൻസിക്ക് എന്നെ മനസ്സിലായോ….”
അവർ ചോദിച്ചു..ഞാൻ ഇല്ലെന്ന രീതിയിൽ തലയാട്ടി….
“ഞാൻ അനഘയാണ് വിശാലിനൊപ്പം കോളേജിൽ പഠിച്ച…”
ഞാൻ ഞെട്ടിപ്പോയി….എനിക്കറിയാം…ഏട്ടന്റെ കോളേജ് ടൈമിലെ അടുത്ത കൂട്ടുകാരിയായിരുന്നു…അന്ന് ഞാൻ ഇവരെ കണ്ടിട്ടുണ്ട്…സുന്ദരിയായ ഇവരോടൊപ്പം ഏട്ടനെ കാണുമ്പോൾ എനിക്ക് ദേഷ്യവും തോന്നുമായിരുന്നു….അവരാണ് മനുഷ്യക്കോലം എന്ന് വിളിക്കാവുന്ന രൂപത്തിൽ എന്റെമുന്നിൽ കിടക്കുന്നതെന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
“ആൻസിയുമായുള്ള കല്യാണം അറിഞ്ഞിരുന്നു. വൈകിയാണ് അറിഞ്ഞത്…അൻസിയെ ഒന്നു കാണണമെന്ന് പറഞ്ഞിരുന്നു വിശാലിനോട്…വൈഗമോളെയും കാണണമെന്നുണ്ടാരുന്നു…വേണ്ടെന്നു വിശാലിനോട് ഞാനാ പറഞ്ഞത്”, അവർ പറഞ്ഞു നിർത്തി…
ഞാൻ അവരുടെ കയ്യിൽ മുറുക്കെ പിടിച്ചു…എൻറെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..അപ്പോഴേക്കും ഏട്ടൻ മുറിയിൽ തിരിച്ചെത്തി…
“ഡോക്ടറിനോട് സംസാരിച്ചിട്ടുണ്ട്…ഇനി നീയായിട്ട് നെഗറ്റീവ് ആലോചിക്കാതിരുന്നാൽ മതി…. ” ഏട്ടൻ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു നിർത്തി…അവരും ചിരിച്ചു..
“ആൻസീ…നമുക്കിറങ്ങാം…മോളെ വിളിക്കണ്ടേ…”
ഞാൻ മറുപടിയായി മൂളി…അവരോട് യാത്രപറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. മഴപെയ്തു തുടങ്ങിയിരുന്നു….ഞങ്ങൾ കാറിൽ കയറി…കാർ റോഡിലേക്കിറങ്ങി സാവധാനം നീങ്ങിതുടങ്ങിയപ്പോൾ ഏട്ടൻ എന്നോട് പറഞ്ഞു തുടങ്ങി…
“ഇനി അധികം നാളുകളില്ല അനഘയ്ക്ക്, കല്യാണം കഴിച്ചയാളെപ്പറ്റി ഒരു വിവരവും ഇല്ല..”
ഞാൻ ഏട്ടനെ ഞെട്ടലോടെ നോക്കി….
ഏട്ടൻ തുടർന്നു…
“കുറച്ചു ദിവസം മുൻപാണ് ഈ അവസ്‌ഥ ഞാൻ അറിഞ്ഞത്…ഇവിടെ എത്തിച്ചപ്പോഴേക്കും വൈകി…അവൾക്കും അറിയാം അവളുടെ അവസ്‌ഥ…ലുക്കീമിയ..!!ഫൈനൽ സ്റ്റേജ്….!!”
ഞാൻ ഉള്ളിൽ ഉറഞ്ഞു കത്തിയ ഞെട്ടലോടെ ഏട്ടനെ കേട്ടുകൊണ്ടിരുന്നു.
“കുറച്ചു ദിവസമായി ഞാൻ ആകെ തീപിടിച്ച അവസ്ഥയിലായിരുന്നു..നിന്നോടും ഒന്നും പറയാൻ പറ്റിയില്ല..എപ്പോഴോ കള്ളവും പറഞ്ഞു…ഐ ആം.സോറി….” ഏട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
പിന്നെയൊന്നും ഞാൻ കേട്ടില്ല….ആ ദേഹത്തോട് ഞാൻ എൻറെ മുഖം ചേർത്തു…എൻറെ കണ്ണുകൾ നിറഞ്ഞു….ഏട്ടൻ എന്നെ ദേഹത്തോട് ചേർത്തുകൊണ്ട് ചോദിച്ചു,
“എന്തുപറ്റി ആൻസി…???”
ഒന്നുമില്ലെന്ന രീതിയിൽ ഞാൻ തലയാട്ടി…ആ നേരം പുറത്തു ശക്തികൂട്ടികൊണ്ടിരിക്കുന്ന മഴയെ ഭേദിച്ചുകൊണ്ട് ഞങ്ങളുടെ കാർ മുന്നോട്ട് നീങ്ങുകയായിരുന്നു..