ആ നിമിഷങ്ങളിൽ രാഘവന്റെ വാക്കുകളിൽ ഉടക്കി കിടക്കുകയായിരുന്നു അവളുടെ മനസ്സ്. അയാൾ കുറച്ചു മുൻപ് പറഞ്ഞ…

_upscale

എഴുത്ത്: ശിവ

===========

“അമ്മേ…അച്ഛൻ ഇന്ന് രാത്രിയും കുടിച്ചിട്ട് വരുമോ?”

പത്ത് വയസ്സുകാരി കൃഷ്ണയുടെ ചോദ്യം ആ മാതൃ ഹൃദയത്തെ നൊമ്പരപ്പെടുത്തി.

“അറിയില്ല മോളേ…അമ്മയ്ക്കറിയില്ല…അച്ഛന് ഇന്നെങ്കിലും നല്ല ബുദ്ധി തോന്നാൻ മോള് പ്രാർത്ഥിക്ക്.” കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ നീർതുള്ളികളെ ചേല തുമ്പിൽ ഒപ്പി വക്ക് ചണുങ്ങിയ സ്റ്റീൽ പാത്രത്തിൽ ഇത്തിരിയുള്ള കഞ്ഞി വിളമ്പുമ്പോൾ സുമയുടെ നെഞ്ച് വിങ്ങി.

“അച്ഛൻ കുടിച്ചിട്ട് വന്ന് അമ്മയെ അടിക്കുന്നത് കാണുമ്പോ എനിക്ക് പേടിയാകും. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്കാരുണ്ട്. അച്ഛന്റെ ത-ല്ല് കൊണ്ട് അമ്മ മരിച്ചുപോയാൽ പിന്നെ അച്ഛൻ എന്നെ തല്ലാൻ തുടങ്ങില്ലേ.” ഭീതിയോടെയുള്ള മകളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ സുമ മൗനം ദീക്ഷിച്ചു.

സുമയുടെയും രാഘവന്റെയും പ്രണയ വിവാഹമായിരുന്നു. വീടിനടുത്ത് വാർക്ക പണിക്ക് വന്ന രാഘവനെ പ്രണയിച്ച് കൂടെ ഇറങ്ങി പോന്നതാണ് അവൾ. അവരുടെ സ്നേഹത്തിന് മാറ്റ് കൂട്ടാൻ കൃഷ്ണ മോൾ കൂടി വന്നപ്പോൾ അവരുടെ കൊച്ച് വീട് സ്വർഗ്ഗ തുല്യമായി മാറുകയായിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുന്നു അവരുടെ ജീവിതമെങ്കിലും പോകപോകെ അയാളുടെ ക-ള്ള് കുടി അവരുടെ ജീവിതം ദുരിതം നിറഞ്ഞതാക്കി മാറ്റി.

വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങിപ്പോന്നത് കൊണ്ട് ഇങ്ങനെയൊരു മകളില്ലെന്ന് പറഞ്ഞ് അവരും സുമയെ തള്ളിക്കളഞ്ഞ മട്ടാണ്. കൂട്ട് കൂടി കുടിയും വലിയും തുടങ്ങിയ രാഘവൻ വീട്ടിൽ ചിലവിനുള്ള കാശ് പോലും കൊടുക്കാതായപ്പോൾ പട്ടിണി കിടന്ന് മതിയായ സുമ ടൗണിൽ ഒരു ഷോപ്പിൽ ജോലിക്ക് പോകാൻ തുടങ്ങി. അതോടെ ഭർത്താവിന് അവളുടെ മേൽ സംശയ രോഗവും തുടങ്ങി.

ദിവസവും കുടിച്ചിട്ട് വന്നിട്ട് തന്റെ കലി തീരുവോളം രാഘവൻ ഭാര്യയെ തല്ലും…അച്ഛൻ അമ്മയെ അടിക്കുന്നത് കണ്ട് ഭയന്ന് വിറച്ചാണ് കൃഷ്ണ രാത്രികൾ കഴിച്ച് കൂട്ടുന്നത്.

എന്നും ഭയന്ന് വിറച്ചുറങ്ങുന്ന മകളെ കണ്ട് സങ്കടം സഹിക്കാൻ കഴിയാനാവാതെ സുമ ഇപ്പോൾ കൃഷ്ണയെ തൊട്ടടുത്ത മുറിയിൽ ഒറ്റയ്ക്ക് കിടത്താറാണ് പതിവ്. രാഘവൻ വരുന്നതിന് മുൻപ് തന്നെ കഞ്ഞി കൊടുത്ത് അവളെ ഉറങ്ങാനായി മുറിയിലേക്ക് പറഞ്ഞു വിട്ടിട്ട് അയാളുടെ വരവും കാത്ത് ഉമ്മറത്ത് സുമ ഇരിക്കും.

അന്ന് രാത്രിയും മോളെ അത്താഴം കഴിപ്പിച്ച് ഉറങ്ങാൻ പറഞ്ഞു വിട്ട് ഉമ്മറത്ത് രാഘവന്റെ വരവും കാത്തിരിക്കുകയാണ് സുമ. പതിവ് പോലെ എന്നും കുടിച്ചിട്ട് നാല് കാലിൽ ബോധമില്ലാതെ വരുന്ന രാഘവൻ അന്ന് പക്ഷേ കുറച്ചേ കുടിച്ചിട്ടുണ്ടായിരുന്നുള്ളു. മൂക്കറ്റം കള്ള് മോന്തിയാണ് വരുന്നതെങ്കിലും സുമയ്ക്ക് അതൊരു ആശ്വാസമായിരുന്നു. കാരണം അയാളുടെ കലി തീരും വരെ തല്ലിയിട്ട് മടുക്കുമ്പോ മുറിയിലെവിടെയെങ്കിലും ചുരുണ്ടു കൂടാറാണ് പതിവ്. പക്ഷേ രാഘവൻ കുറച്ചു കുടിച്ചിട്ട് വരുന്ന ദിവസങ്ങളിൽ സുമയ്ക്ക് കാള രാത്രിയാണ്. അന്നയാൾ ഭാര്യയെ ക്രൂ-രമായി പീ-*ഡിപ്പിച്ചു സുഖം കണ്ടെത്തുന്ന സൈക്കോയായി മാറും.

കാൽ പാദങ്ങൾ ഇടറാതെയുള്ള ഭർത്താവിന്റെ വരവ് കണ്ടതും സുമയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. ഭയം അവളുടെ സിരകളിൽ അരിച്ചിറങ്ങി. കുറേ നാളായി ഈ സ്വഭാവ വൈകൃതം കാണിക്കാതിരുന്നപ്പോൾ അത് നിന്നുവെന്ന് കരുതി സമാധാനിച്ചിരിക്കുകയായിരുന്നു അവൾ. പക്ഷേ അവളുടെ പ്രതീക്ഷകൾ തെറ്റിയിരിക്കുന്നു.

ഉമ്മറത്ത് വന്ന് കയറിയപാടെ സുമയുടെ മുടിക്കുത്തിൽ പിടുത്തമിട്ട് അയാളവളെ മുറിയിലേക്ക് വലിച്ചിഴച്ചു.

“രാഘവേട്ടാ…വേണ്ട…എന്നെയൊന്നും ചെയ്യരുത്.” സുമ തേങ്ങിപ്പോയി.

“മിണ്ടാതെ നാവടക്കി കിടക്കെടി ഒരുമ്പെട്ടോളെ.” രാഘവൻ അവളെ നിലത്തേക്ക് അമർത്തി അവളുടെ മേലേക്ക് കാട്ട് മൃ-*ഗത്തെ കണക്ക് ചാടി വീണു.

“നിങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ. ഇങ്ങനെ നോവിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്?”

“ഒന്നും വേണ്ടെന്ന് വച്ചതാടി ഞാനും…നിനക്ക് ഞാൻ സുഖം തരാത്തോണ്ടാവും ബസ് സ്റ്റോപ്പിലും പണിക്ക് പോകുന്നയിടത്തുമൊക്കെ ആണുങ്ങളുടെ കൂടെ തൊട്ടുരുമ്മി നടക്കുന്നത്. ഇന്ന് ടൗണിൽ വച്ച് നീ ഒരുത്തന്റെ ദേഹത്ത് മുട്ടിയുരുമി നടന്ന് പോകുന്നത് കണ്ടെന്ന് സുമേഷ് പറഞ്ഞു. എന്നെ കൊള്ളാഞ്ഞിട്ടാ നീ അവന്മാരെ തോളിൽ തൂങ്ങി നടക്കുന്നതെന്ന് അവൻ പറഞ്ഞപ്പോ തൊലി ഉരിഞ്ഞുപോയി. ഇനി നീയീ വീടിന്റെ പുറത്തിറങ്ങി പോവരുത്. അവന്മാർ നിനക്ക് തരുന്ന സുഖം ഞാൻ തന്നാൽ പോരേ.” അസഭ്യ വർഷം ചൊരിഞ്ഞു കൊണ്ട് അയാൾ സുമയുടെ വസ്ത്രങ്ങൾ വലിച്ചഴിച്ചു.

ആ നിമിഷങ്ങളിൽ രാഘവന്റെ വാക്കുകളിൽ ഉടക്കി കിടക്കുകയായിരുന്നു അവളുടെ മനസ്സ്. അയാൾ കുറച്ചു മുൻപ് പറഞ്ഞ സുമേഷ് രാഘവന്റെ കൂടെ പണിക്ക് പോകുന്നവനാണ്. അവരുടെ വീടിന് കുറച്ചടുത്ത് തന്നെയാണ് അവന്റെയും വീട്. ഇടയ്ക്ക് വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വച്ച് സുമേഷിനെ മുഖാമുഖം കാണുമ്പോ മാറിലേക്ക് ചുഴിഞ്ഞു നോട്ടവും വഷളൻ സംസാരവും പതിവാണ്. ഇന്ന് അറിയാത്ത ഭാവത്തിൽ തന്നെ തൊട്ട് തലോടി പോയപ്പോൾ പിടിച്ചു നിർത്തി ഒരെണ്ണം പൊട്ടിച്ചു. കുറേ നാളായി ഓങ്ങി വച്ചതായിരുന്നു ഇന്ന് കൊടുക്കാൻ പറ്റിയത്. അവനെ നേരിൽ കണ്ടിട്ടുള്ള ദിവസങ്ങളിലാണ് തനിക്ക് രാഘവനിൽ നിന്ന് ക്രൂ-രമായി പീഡനം ഏൽക്കേണ്ടി വരുന്നതെന്ന് ആ വേദനയ്ക്കിടയിലും അവളോർത്തു. സുമേഷ് പറഞ്ഞു പിരി കയറ്റിയാണ് രാഘവൻ സംശയ രോഗിയായി മാറിയതെന്ന് സുമയ്ക്ക് മുൻപേ അറിയുന്ന കാര്യമാണ്. രാഘവൻ മുഴു കുടിയനായി മാറിയപ്പോൾമുതൽ സുമേഷിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള വൃത്തികെട്ട നോട്ടങ്ങൾ സുമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

അവളവനെ തീരെ അടുപ്പിക്കാത്തതിന്റെ പക സുമേഷ് തീർത്തത് അയാളെ സംശയ രോഗിയാക്കി മാറ്റിയാണ്.

അടുത്ത മുറിയിൽ നിന്ന് ഉയർന്നു കേൾക്കുന്ന അമ്മയുടെ കരച്ചിലും അച്ഛന്റെ തെറി വാക്കുകളും കേട്ട് ഉറങ്ങാതെ കണ്ണ് തുറന്ന് കിടക്കുകയാണ് കൃഷ്ണ മോളും.

******************

രാവിലെ സുമ കണ്ണ് തുറന്ന് നോക്കുമ്പോൾ അരികിൽ രാഘവൻ ഉണ്ടായിരുന്നില്ല. അപ്പോഴാണ് തന്റെ അടുത്തിരുന്ന് കരയുന്ന കൃഷ്ണ മോളെ അവൾ കണ്ടത്.

“അച്ഛൻ അമ്മേനെ കുറേ അടിച്ചോ…അമ്മയ്ക്ക് ഒട്ടും വയ്യേ. ദേഹത്തൊക്കെ ചോരയുണ്ടല്ലോ.”

അർദ്ധ ന-ഗ്നയായി വെറും നിലത്ത് ശരീരത്തിൽ അങ്ങിങ്ങായി ചോര ചീന്തി കിടക്കുന്ന സുമയെ മകൾ ദയനീയതയോടെ നോക്കി.

കുഞ്ഞിക്കണ്ണുകൾ നിറഞ്ഞ് തൂവുന്നത് കണ്ട് സുമയുടെ നെഞ്ച് പിടഞ്ഞു.

“വയ്യ…ഇനിയീ ക്രൂ-ര പീ-*ഡനം സഹിക്കാൻ വയ്യ… രക്ഷപ്പെടണം…” അവൾ ആരോടെന്നില്ലാതെ പിറു പിറുത്തു.

ചെന്ന് കേറാൻ ഒരു സ്ഥലമില്ലാത്തത് കൊണ്ട് മാത്രമാണ് ഇത്രേം നാളും അവളെല്ലാം സഹിച്ച് കിടന്നത്. പക്ഷേ ഇപ്പൊ അവിടുന്ന് രക്ഷപെട്ടു പോണമെന്ന് സുമയുടെ ഉള്ളം വല്ലാതെ ആഗ്രഹിച്ചു.

രാഘവൻ രാവിലെ തന്നെ പണിക്ക് പോയതാണ്. ഇനി സന്ധ്യയ്‌ക്കെ തിരിച്ചു വരൂ. അയാൾ വരുന്നതിന് മുൻപ് മോളെയും കൊണ്ട് അവിടുന്ന് പോണമെന്ന് അവൾ തീരുമാനിച്ചു.

വേദന കടിച്ചമർത്തി ഒരു വിധം എഴുന്നേറ്റ ശേഷം ഇത്തിരി കഞ്ഞിയുണ്ടാക്കി മോൾക്ക് കൊടുത്ത ശേഷം അവളെ കുളിപ്പിച്ചൊരുക്കി സുമയും കുളിച്ച് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ബാഗിലാക്കി വീട് പൂട്ടി അവളിറങ്ങി.

ഇടവഴി താണ്ടി മെയിൻ റോഡിൽ കേറിയപ്പോ ഒരോട്ടോ കണ്ട് അവൾ കൈ കാണിച്ചു നിർത്തി. ശേഷം ഓട്ടോയിൽ കയറി സ്റ്റാൻഡിൽ ചെന്നിറങ്ങി സ്വന്തം വീട്ടിലേക്കുള്ള ബസിൽ കയറി ഇരിക്കുമ്പോൾ സുമയുടെ ഹൃദയം ക്രമാതീതമായി  മിടിച്ചു കൊണ്ടിരുന്നു.

************************

ഒളിച്ചോടി പോയ മകൾ വർഷങ്ങൾക്കുശേഷം തങ്ങളുടെ മുന്നിൽ വന്നു നിന്ന് കാലുപിടിച്ച് പൊട്ടിക്കരയുന്നത് കണ്ടപ്പോൾ അവർക്ക് അവളോട് ക്ഷമിക്കാതിരിക്കാനായില്ല. എന്നെങ്കിലും സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് മകൾ തന്നെ തങ്ങളെ അന്വേഷിച്ചു വരട്ടെ എന്ന് കരുതിയാണ് മാതാപിതാക്കൾ അവളെ തേടി പോകാതിരുന്നത്. ഇന്ന് ആലംബം മറ്റ് അവസാനം നിമിഷം തങ്ങളെ തേടിയെത്തിയ ഒരേയൊരു മകളെ ഉപേക്ഷിക്കാൻ വൃദ്ധ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല.

ഭർത്താവിൽ നിന്ന് ഇതുവരെ തനിക്കേറ്റ ക്രൂ-ര പീ-ഡനങ്ങൾ ഒന്നൊഴിയാതെ അവൾ അച്ഛനും അമ്മയ്ക്കും മുന്നിൽ വെളിപ്പെടുത്തി. തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞു സുമ മാതാപിതാക്കൾക്ക് മുന്നിൽ മാപ്പിനായി അപേക്ഷിച്ചു. മകളുടെ കഷ്ടപ്പാടുകൾ കേട്ട് അതുവരെ അവളോട് ഉണ്ടായിരുന്ന ദേഷ്യം ഇരുവരും മറന്ന് സുമയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു

സുമയെ മോളെയും അന്വേഷിച്ച് രാഘവൻ പിന്നാലെ വരുകയാണെങ്കിൽ പോലീസിൽ പരാതി കൊടുത്ത് അവന്റെ ശല്യം ഒഴിവാക്കാമെന്ന് അച്ഛനും അമ്മയും അവൾക്ക് ധൈര്യം നൽകി.

ഇനിയുള്ള കാലം തന്നെ അച്ഛനും അമ്മയ്ക്കും അപ്പോൾ സമാധാനത്തോടെ കഴിയാമല്ലോ എന്നോർത്ത് സുമ സമാധാനിച്ചു. ജോലി ചെയ്ത് മകളെ പോറ്റാനുള്ള കഴിവുള്ളതുകൊണ്ട് അവൾക്ക് ഭാവിയെ കുറിച്ച് ഓർത്ത് ആശങ്ക തോന്നിയില്ല.

ഈ തീരുമാനം താൻ നേരത്തെ എടുക്കേണ്ടതായിരുന്നു എന്ന് സുമ ഓർത്തുപോയി. കുറച്ചു വൈകിയാണെങ്കിലും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടിയതോർത്ത് അവൾ സന്തോഷിച്ചു…

അവൾക്ക് പിന്നാലെ ഭാര്യയും മകളെയും അന്വേഷിച്ച് രാഘവൻ എത്തിയെങ്കിലും  അച്ഛനും അമ്മയും കൂടെയുള്ള ധൈര്യത്തിൽ സുമ രാഘവനെതിരെ കേസ് കൊടുത്തു. കേസും കോടതിയും ഒക്കെയായി വിധി വന്നപ്പോൾ രാഘവൻ ജയിലിലായി. അതോടെ പിന്നീട് രാഘവന്റെ ശല്യം അവൾക്കുണ്ടായിട്ടില്ല. പിന്നെയുള്ള കാലംഅവൾ വീട്ടുകാരോടൊത്ത് സമാധാനത്തോടെ ജീവിച്ചു.

~ശിവ