ശ്രീഹരി ~ അധ്യായം 10, എഴുത്ത്: അമ്മു സന്തോഷ്

അധ്യായം 10

ഹരി ഒരു പാട്ട് പാടുകയായിരുന്നു

ബാലചന്ദ്രൻ അത് കണ്ണടച്ച് കേട്ടു കൊണ്ടിരിക്കുകയും

“ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം
ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളികയൂതുന്ന ഗാനാലാപം
മുരളി പൊഴിക്കുന്ന ഗാനാലാപം “

ഹരി പാടി നിർത്തി
വാതിൽക്കൽ ഒരു കൂട്ടം കയ്യടി

“ഗുരുവായൂരപ്പൻ ഇവിടെ പ്രത്യക്ഷപ്പെടുമല്ലോ ഹരി?”

ഡോക്ടർ ജയകുമാറും അസിസ്റ്റന്റ് ആയ ദേവികയും നേഴ്സ്മാരായ ലീനയും വിനിയും അകത്തേക്ക് വന്നു

ഹരി പെട്ടെന്ന് എഴുന്നേറ്റു

“രാവിലെ രാവിലെ ഇങ്ങനെ ഭക്തി ഗാനങ്ങൾ ലൈവ് ആയി കേൾക്കുന്നത് ഭാഗ്യാ കേട്ടോ ബാലു. ഇയാളെ വിടണ്ട. നിന്റെ രോഗത്തിന് ഇത്രയും പെട്ടെന്ന് പുരോഗതിയുണ്ടായതിൽ ഹരിയുടെ പാട്ടിനു വലിയ ഒരു ശക്തി ഉണ്ട് “

ഹരി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി

ദേവിക പിന്നാലെയും

“ഹരിയുടെ വീട് കാരയ്ക്കൽ അല്ലെ?”

“അതേ “

“ഞാൻ വന്നിട്ടുണ്ട് അവിടുത്തെ ഉത്സവത്തിന്.. ഹരിയുടെ ഗാനമേള ഒരിക്കൽ ഞാൻ കേട്ടിട്ടുണ്ട് “

ഹരി ഒന്ന് തലയാട്ടി

ദേവിക അവനെ നോക്കുന്നതും ശ്രദ്ധിക്കുന്നതുമൊക്കെ അവന്റെ കണ്ണിൽ പെട്ടിട്ടുണ്ടായിരുന്നു. ഒരു പാട് പെൺകുട്ടികൾ അങ്ങനെ  ആരാധനയുള്ള മിഴികളോടെ അവനോട് സംസാരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവൻ നിർവികാരനായി നിൽക്കാറേയുള്ളു.

“നല്ല ഭംഗിയാ ഹരിയുടെ പാട്ട് “

“നന്ദി “
അവൻ പറഞ്ഞു

“ഹരിയെ കാണാനും നല്ല ഭംഗിയാ ട്ടോ “

ദേവിക പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

ഹരി മെല്ലെ തല കുലുക്കി

ദൂരെ നിന്ന് അഞ്ജലി വരുന്നതവൻ കണ്ടു

“ഹരിക്കെങ്ങനെയാ ബാലു സാറിനെ പരിചയം “

“അത്….”

അപ്പോഴേക്കും അഞ്ജലി അടുത്ത് വന്നു

“ഹായ് ഡോക്ടർ “

“ഹായ് അഞ്ജലി. ഞാൻ പറയുവാരുന്നു ഈ ഹരി യുടെ പാട്ടിനെ കുറിച്ച്… പാട്ടും ആളും കിടുവാ “

അഞ്ജലിയുടെ മുഖം ഒരു സെക്കന്റ്‌ ഒന്ന് മാറിയത് ഹരി കണ്ടു

പക്ഷെ പെട്ടന്ന് അവൾ അത് മറച്ചു ചിരിച്ചു

“എന്നും രാവിലെ ഞങ്ങൾ റൗണ്ട്സ് വരുമ്പോൾ ഹരിയുടെ പാട്ടാ ഞങ്ങളെ സ്വീകരിക്കുക. ഒരു പോസിറ്റീവ് വൈബ് ആണ് അന്ന്  വർക്ക്‌ ചെയ്യാൻ തന്നെ. അത് കൊണ്ട് ജയകുമാർ സാർ ആദ്യം ബാലു സാറിന്റെ മുറിയിൽ വന്നിട്ട് ബാക്കി മുറികളിൽ പോകാം എന്ന് പറയും “

അഞ്ജലി ഒരു കൃത്രിമച്ചിരി ചിരിച്ചു

“ഈ അഞ്ജലിയും നന്നായി പാടും. സാർ പറഞ്ഞിട്ടുണ്ട്… ഇല്ലേ അഞ്ജലി?”

അഞ്ജലി ഒന്ന് പതറി

“ഉവ്വോ? പാട്ട് ഒക്കെ അപൂർവമായ ഒരു സിദ്ധിയല്ലേ? ദൈവം ഏറ്റവും പ്രിയപ്പെട്ട ആൾക്കാർക്ക് റിസർവ് ചെയ്തു വെച്ചേക്കുന്ന കഴിവുകളാ അതൊക്കെ “

“അത് മനസിലാക്കാനും മിനിമം ബോധം വേണം “

ഹരി അർത്ഥം വെച്ച് പറഞ്ഞു

“ദേവിക ഇവിടെ നിൽക്കുവായിരുന്നോ? അങ്ങോട്ട്‌ കേറിയപ്പോ കണ്ടതാ പിന്നെ മുങ്ങി “

ജയകുമാർ വാതിൽ തുറന്നു പുറത്തേക്ക് വന്നു

“ഞാൻ ഹരിയോട് പാട്ടിനെകുറിച്ച് പറഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു..”

“ഉം ഉം… ശരി ശരി ഇനി കൂടെ വരുന്നുണ്ടോ അതോ ഇവിടെ തന്നെ?”

ജയകുമാർ ചിരിച്ചു

“ഇല്ല വരുന്നു.. പോട്ടെ ഹരി.. ഫ്രീ ആകുമ്പോൾ ഞാൻ വരാം ട്ടോ എനിക്ക് ആ ആത്മാവിലെ ആനന്ദമേ എന്നാ പാട്ട് ഒന്ന് പാടി കേൾപ്പിക്കണേ?’

“പിന്നെന്താ? ഡോക്ടർ പറഞ്ഞാ മതി “

അവൻ ഒളിക്കണ്ണിട്ട് അഞ്ജലിയെ നോക്കി കൊണ്ട് പറഞ്ഞു

അവളുടെ മുഖത്ത് ഇപ്പൊ മഴ പെയ്തേക്കും എന്ന് തോന്നിപ്പിക്കുന്ന ഭാവം

ഹരി അവൾക്ക് നേരേ തിരിഞ്ഞു

കുളിച്ചീറൻ മുടി അഴിഞ്ഞു കിടക്കുന്നു

നീണ്ട മിഴികൾ എഴുതി ചെറിയ ഒരു പൊട്ട് ഒക്കെ വെച്ച്… കടും പച്ച സാരിയിൽ അവളെ കാണാൻ അപൂർവ ഭംഗിയായിരുന്നു

“ആഹാ കുളിച്ചല്ലോ?”

“പോടാ…”

അവൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് തിരിഞ്ഞു

“ശേ പോവല്ലേ.. ആ ഡോക്ടർ എങ്ങനെ ഉണ്ട് കൊള്ളാമോ?”

അവൾ കൂർത്ത മിഴികൾ അവന്റെ കണ്ണിൽ തറച്ചു.

“വായിനോക്കി “

ഹരി പൊട്ടിച്ചിരിച്ചു

“ഞാൻ പാടുമെന്ന് അച്ഛൻ പറഞ്ഞോ?”അവൾ ചോദിച്ചു

“yes… പാടും ഡാൻസ് ചെയ്യും ഇപ്പൊ ഒന്നും ചെയ്യൂല്ല എന്നും പറഞ്ഞു “

അവൾ പെട്ടെന്ന് നിശബ്ദയായി

“അഞ്‌ജലിക്ക് ഈ നിറം നല്ല ഭംഗിയുണ്ട് “

അവൻ മെല്ലെ പറഞ്ഞു

അഞ്ജലി അവന്റെ മുഖത്തേക്ക് നോക്കി

“ശരിക്കും.. നന്നായിട്ടുണ്ട്.. പൊതുവെ അഞ്ജലി സാരിയിൽ നല്ലതാണ്…”

“അയ്യടാ….”

അങ്ങനെ പറഞ്ഞെങ്കിൽ കൂടി അവൾക്കത് സന്തോഷം ആയിന്ന് ആ മുഖം വിളിച്ചു പറഞ്ഞു
അവൻ അത് വെറുതെ പറഞ്ഞതല്ലായിരുന്നു ശരിക്കും അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു

ഹരിയും അഞ്ജലിയും ഒരുമിച്ചു വാതിൽ കടന്നു വന്നപ്പോൾ ബാലചന്ദ്രൻ ഒരുനിമിഷം അങ്ങനെയിരുന്നു പോയി

ഒരു സ്വപ്നം പോലെയൊരു രംഗം

“ഇന്ന് ഡിസ്ചാർജ് ആണ് “

ബാലചന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു

“really?”

അവൾ കണ്ണുകൾ വിടർത്തി

“yes.. ബാക്കി ഫിസിയോ ഒക്കെ വീട്ടിൽ മതി എന്ന് ഡോക്ടർ പറഞ്ഞു.”

“താങ്ക് ഗോഡ്… ഞാൻ ഒന്ന് ജേക്കബ് അങ്കിളിനെ വിളിക്കട്ടെ. ഇന്ന് ഓഫീസിൽ വരില്ല എന്ന് പറയാം “

“അതെന്തിനാ ഇവിടെ ഹരിയുണ്ടല്ലോ? നീ പൊയ്ക്കോ “

“അല്ല അത് പിന്നെ..ശ്രീ മാത്രം അല്ലേയുള്ളു? “

അവൾ ഒരു സപ്പോർട്ട് ന് അവന്റെ മുഖത്തു നോക്കി

“അഞ്ജലി.. അഞ്ജലി കൂടി നിൽക്കട്ടെ..”അവൻ ഒന്ന് വിക്കി

ബാലചന്ദ്രൻ ഒരു ചിരി വന്നത് അടക്കി.

നിന്നോട്ടെ അയാൾ മനസ്സിൽ പറഞ്ഞു

ഫോർമാലിറ്റീസ് ഒക്കെ തീർന്നപ്പോൾ ഉച്ചയായി

“നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് വരു. നമുക്ക് കുറച്ചു കൂടി കഴിഞ്ഞു പോയ മതി “

ബാലചന്ദ്രൻ പറഞ്ഞു

അവർ ഹോസ്പിറ്റലിലെ കാന്റീനിലേക്ക് പോയി

“ഹരിക്ക് ഊണ് പറയട്ടെ “
അവൻ തല കുലുക്കി

“ഒരു ഊണ് ഒരു ജ്യൂസ്‌ “അവൾ ഓർഡർ എടുക്കാൻ വന്ന പയ്യനോട് പറഞ്ഞു

“രണ്ടു ഊണ് ഒരു ജ്യൂസ്‌ “പെട്ടെന്ന് ഹരി തിരുത്തി

“എനിക്ക് ഊണ് വേണ്ട ഹരീ വിശപ്പ് ഇല്ല.”

“എന്നാ പിന്നെ പോവാം. എനിക്ക് മാത്രം ആയിട്ട് ഇവിടെ ഇരിക്കേണ്ട “

ഹരിയുടെ മുഖം ചുവന്നു

അവൾ ആദ്യമായി അങ്ങനെ ഒരു മുഖം കാണുകയായിരുന്നു

“ശരി രണ്ടു ഊണ് ഊണ് മാത്രം “
പയ്യൻ പോയി

“ദേഷ്യം ഒക്കെ വരും അല്ലെ?’

“അതെന്താ ഞാൻ മനുഷ്യൻ അല്ലെ?”
അവന്റെ ശബ്ദം തെല്ല് ഉയർന്നു

“കഴിക്കാൻ പോകാൻ സാർ പറഞ്ഞപ്പോൾ വിശപ്പില്ലെങ്കിൽ അഞ്ജലി എന്തിനാ എന്റെ കൂടെ വന്നത്? ഒരാൾ കഴിക്കുമ്പോൾ മറ്റൊരാൾ നോക്കിയിരിക്കുന്നത് എന്ത് ബോർ ആണെന്നറിയുമോ? ഞാൻ തനിച്ചു വന്നു കഴിച്ചിട്ട് വന്നേനെ. ഒറ്റയ്ക്ക് കഴിക്കുന്നത് എനിക്ക് പുതുമയൊന്നുമല്ല “

അവന്റെ മുഖം ദേഷ്യത്തിൽ തന്നെ

“ഹരീ…”

അഞ്ജലി ആ കയ്യിൽ പിടിച്ചു

“എന്താ ഇത്?”

“അഞ്‌ജലി സെൽഫിഷ് ആണ്.. സ്വന്തം സന്തോഷം മാത്രം.. കൂടെയുള്ള ആളിനെ നോക്കുക പോലുമില്ല..”

അഞ്ജലിയുടെ കണ്ണ് നിറഞ്ഞു

“സാറിന്… ഇത്രയധികം ടെൻഷൻ ഉണ്ടായിരുന്നെങ്കിൽ അത് ബിസിനസ് മൂലമല്ല അഞ്ജലി.. നീ കാരണമാ.. നീ സന്തോഷം ആയിട്ട് ഇരുന്നാ പുള്ളിയും ഹാപ്പിയാ..”
അവൾ കണ്ണീരോപ്പി

ഹരി അത് കണ്ടു വല്ലാതെയായി
അവൻ പിന്നെ ഒന്നും പറഞ്ഞില്ല

ഭക്ഷണം കഴിച്ചു എന്ന് വരുത്തി രണ്ടു പേരും എഴുന്നേറ്റു

മുറിയുടെ വാതിലിൽ വെച്ച് ഹരി അഞ്ജലിയോട് ക്ഷമ പറഞ്ഞു

“ഞാൻ ഇന്നോ നാളെയോ പോകും അഞ്ജലി. സാർ പാവമാണ്. അഞ്ജലി മാറണം.. കഴിഞ്ഞു പോയതൊക്കെ മറക്കാൻ നോക്കണം. ജീവിതം ഒരു പാട് മുന്നിലുണ്ട്..”

അഞ്ജലി തല കുലുക്കി

“എന്നോട് ദേഷ്യം ഉണ്ടൊ?”

അവൻ ആർദ്രമായി ചോദിച്ചു
അവൾ ഇല്ല എന്ന് തലയിളക്കി

“എപ്പോഴാ പോവുക?”
അവളുടെ ശബ്ദം ഒന്ന് അടഞ്ഞു

“സാറിന് തനിയെ നടക്കാൻ കഴിയുന്ന അന്ന് പോകും. അത് സാറിന് കൊടുത്ത വാക്കാ “

അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിന്നു

“എന്നോട് അധികം കൂട്ട് കൂടണ്ട അഞ്ജലി… ഒത്തിരി അടുപ്പം ആയാൽ ഞാൻ പെട്ടന്ന് ദേഷ്യപ്പെടും. ഒരു ഡിസ്റ്റൻസ് വെച്ചോ അതാണ്‌ നല്ലത് “

അവൻ മെല്ലെ പറഞ്ഞു

അഞ്ജലി ആ ചെവിയിൽ പിടിച്ചു

“ദേഷ്യപ്പെട്ടാൽ ഇത് പോലെ ചെവി പിടിച്ചു പൊന്നാക്കും ഞാൻ നോക്കിക്കോ “

ഹരി അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരുന്നു

അവളുടെ ആത്മാവിലേക്ക്

അഞ്ജലിയുടെ കണ്ണുകൾ പിടഞ്ഞു താഴും വരെ

(തുടരും )