അരവിന്ദൻ പ്രതീക്ഷിച്ച ഞെട്ടലോ കണ്ണുനീരോ ഒന്നും സത്യഭാമയിൽ അയാൾ കണ്ടില്ല..ഒന്നും മിണ്ടാതെ…

തോറ്റുപോയവൻ…
എഴുത്ത്: ദേവാംശി ദേവാ
====================

“എന്താ അച്ഛാ ഇത്ര രാവിലെ..”

രാവിലത്തെ ജോലി തിരക്കിനിടയിൽ അച്ഛന്റെ കോൾ വന്നപ്പോൾ ഉണ്ടായ നീരസത്തോടു കൂടി തന്നെയാണ് ദിനേശ് അത് ചോദിച്ചത്. ഭാര്യ ഡോക്ടർ ഹേമ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരാത്തതിനാൽ മോളെ സ്കൂളിൽ വിടേണ്ടതും അവന്റെ ജോലിയാണ്.

“മോനെ…നീ അമ്മയെയും കൂട്ടി നാട്ടിലേക്ക് പോകണം. അവിടെ അമ്മയുടെ തറവാട്ട് കാര്യസ്ഥാനായിരുന്ന രാമന്റെ മകൻ ദിവാകരൻ മരിച്ചു. കുട്ടിക്കാലം മുതൽ അമ്മയും ദിവാകാരനും നല്ല സൗഹൃദത്തിൽ ആയിരുന്നു”

“അച്ഛന് വേറെ പണിയൊന്നും ഇല്ലേ..എവിടെയോ കിടക്കുന്ന ആരോ മരിച്ചതിന് നിന്ന് തിരിയാൻ ടൈമില്ലാത്ത ഞാൻ അമ്മയെയും കൊണ്ട് അത്രയും ദൂരെ പോകാനോ..എനിക്ക് പറ്റില്ല..”

അവൻ തിരിഞ്ഞ് മകളുടെ മുടി ചീകി കെട്ടുന്ന സത്യാഭാമയെ നോക്കി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.

“അങ്ങനെ പറയല്ലേ മോനെ. നീയൊന്ന് കൊണ്ടുപോയിട്ട് വാ…ഇന്നൊരു ദിവസം ലീവെടുത്താൽ മതിയല്ലോ.”

“എനിക്ക് പറ്റില്ല..അച്ഛന് അത്രയും നിർബന്ധമാണെങ്കിൽ പ്രദീപിനോട് പറയ്‌.”

“അവനും സുജയും പിള്ളേരെയും കൂട്ടി എങ്ങോട്ടോ ടൂർ പോയേക്കുവാ..”

“എങ്കിൽ പിന്നെ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും പറയാതെ അച്ഛൻ അച്ഛന്റെ കാര്യം നോക്ക്.”

ദിനേശ് ഫോൺ കട്ട് ചെയ്ത് മകളെയും കൂട്ടി പുറത്തേക്ക് പോയി.

അവർ പോയി കഴിഞ്ഞതും സത്യാഭാമ സോഫയിലേക്ക് ഇരുന്ന് പതിയെ നടുവ് തടവി…രാവിലെ മുതൽ തുടങ്ങിയ ഓട്ടമാണ് കുഞ്ഞിന്റെ കൂടെ..തന്റെ ആരോഗ്യം സമ്മതിച്ചിട്ടല്ല..മകന്റെയും മരുമകളുടെയും കുത്തുവാക്കുകൾ കേൾക്കാൻ വയ്യാഞ്ഞിട്ടാണ്.

“ആഹാ..ഇവിടെ വന്ന് സുഖിച്ച് ഇരിക്കുവാണോ..എഴുന്നേറ്റ് പൊയി വീടും മുറ്റവും അടിച്ചു വാരാൻ നോക്ക്. എന്നെ കൊണ്ട് എല്ലാം കൂടി പറ്റില്ല.”

ജോലിക്കാരി ദേഷ്യപ്പെട്ടതും അവർ പതിയെ എഴുന്നേറ്റു..ഇല്ലെങ്കിൽ അതിനും മരുമോളുടെ ദേഷ്യം കാണണം..

“വെറുതെ ഇരിക്കുന്ന നേരത്ത് അമ്മക്ക് അവരെയൊന്ന് സഹായിച്ചൂടെ..ജോലിക്കൂടുതൽ ആണെന്ന് പറഞ്ഞു അവരെങ്ങാനും ഇറങ്ങി പോയാൽ വേറെ ജോലിക്കാരിയെ കിട്ടാൻ പാടാണ്. മാത്രവുമല്ല വെറുതെ ഇരുന്ന് തിന്നുന്നത് ആരോഗ്യത്തിന് നല്ലതല്ല. തിന്നുന്നത് ദഹിക്കാനെങ്കിലും എന്തെങ്കിലും ജോലി ചെയ്യണം.”

ഒരിക്കൽ ജോലിക്കാരിയുടെ വാക്ക് കേട്ട് മരുമകൾ പറഞ്ഞത് അവർ ഓർത്തു.

വീടും മുറ്റവുമൊക്കെ അടിച്ചുവാരി ചെടികൾക്ക് വെള്ളമൊഴിച്ചുകൊണ്ടു നിൽക്കുമ്പോളാണ് ഗേറ്റിനു പുറത്തൊരു ടാക്സസി കാർ വന്നു നിൽക്കുന്നത് കണ്ടത്..അതിൽ നിന്നും ഇറങ്ങി വരുന്ന അരവിന്ദനെ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ നോക്കി നിന്നു.

സ്വന്തം ഭർത്താവാണ്..എന്നിട്ടും  നേരിട്ട് കണ്ടിട്ടിപ്പോൾ വർഷം ഒന്ന് കഴിഞ്ഞു. ഒരുവർഷം മുൻപ്  അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ കൂട്ടിരിക്കാൻ പോയപ്പോൾ കണ്ടതാണ്..അന്നെത്തേക്കാളും ഒരുപാട് ക്ഷീണിച്ചിരിക്കുന്നു.

“ദിനേശ് പോയോ…”

“മ്മ്..ഹേമ എത്തിയിട്ടില്ല..അരവിന്ദേട്ടൻ കയറി ഇരിക്കു.”

“വേണ്ട..താൻ പോയി വേഷം മാറി വാ..നമുക്കൊരിടം വരെ പോകണം.” സത്യാഭാമ അയാളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

“വേഗം പോയിട്ട് വരു ഭാമേ..സമയം ഇല്ല.”

സത്യഭാമ വേഗം അകത്തേക്ക് പോയി വേഷം മാറി ജോലിക്കാരിയോട് പറഞ്ഞിട്ട് വന്നു. അരവിന്ദൻ അവർക്ക് ഡോർ തുറന്നു കൊടുത്തു..

മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് യാത്ര നാട്ടിലേക്കാണെന്ന് സത്യഭാമക്ക് മനസ്സിലായത്..അതുവരെ ഒന്നും മിണ്ടാതിരുന്ന അരവിന്ദന്റെ മുഖത്തേക്കവർ നോക്കി.

“ആരാ പോയത്..ഏട്ടൻ മാരോ…അതോ ഏടത്തി മാരോ..”

കുറച്ചു നേരം അരവിന്ദൻ അവരെ നോക്കിയൊരുന്നു..പിന്നെ പതിയെ പറഞ്ഞു..

“ദിവാകരൻ..”

അരവിന്ദൻ പ്രതീക്ഷിച്ച ഞെട്ടലോ കണ്ണുനീരോ ഒന്നും സത്യഭാമയിൽ അയാൾ കണ്ടില്ല..ഒന്നും മിണ്ടാതെ പുറത്തെക്ക് നോക്കിയിരിക്കുന്ന അവരെ കണ്ടതും അയാളുടെ നെഞ്ച് നീറി..

ഓർമകൾ വർഷങ്ങൾ പുറകിലേക്ക് പാഞ്ഞു..അരവിന്ദൻ അറുപെത്തെട്ടുകാരൻ വയസനിൽ നിന്ന് ഇരുപത്തേഴുകാരൻ യുവാവിലേക്കും സത്യാഭാമ അൻപത്തെട്ടുകാരിയിൽ നിന്ന് പതിനേഴുകാരി സുന്ദരിയിലേക്കും എത്തി..

നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക പെൺതരിയായിരുന്നു സത്യഭാമ..അരവിന്ദന്റെ മുറപ്പെണ്ണ്.

അവളും അവളുടെ സ്വത്തുക്കളും ആയിരുന്നു അരവിന്ദന്റെ മനസ്സുനിറയെ..പക്ഷെ എന്തിനും പോന്ന അവളുടെ ഏട്ടൻമാരുടെ മുൻപിൽ പോയി നിന്ന് അവളെ ചോദിക്കാനുള്ള ധൈര്യം അന്നയാൾക്ക് ഉണ്ടായിരുന്നില്ല..

സത്യാഭാമ തറവാട്ടിലെ കാര്യസ്ഥന്റെ മകൻ ദിവാകരനുമായി പ്രണയത്തിൽ ആയിരുന്നു..അതറിഞ്ഞ സത്യാഭാമയുടെ ആങ്ങളമാർ അവളെ വീട്ടുതടങ്കലിൽ ആക്കി..ദിവാകരനെ ത-ല്ലി കൊ-ല്ലാ-റാക്കി..

എങ്കിലും പരസ്പരം മറക്കാനോ പിന്മാറാനോ സത്യാഭാമയും ദിവാകാരനും തയാറായില്ല.

അത് മനസിലാക്കിയ അവളുടെ ഏട്ടന്മാർ എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചു. അതിനവർ കണ്ടെത്തിയത് അരവിന്ദനെയായിരുന്നു..

അരവിന്ദൻ പൂർണ മനസോടെ സമ്മതിച്ചു.

വിവാഹം ഉറപ്പിച്ചതറിഞ്ഞ സത്യാഭാമ, അതിൽ നിന്ന് പിന്മാറാൻ പറഞ്ഞ് അരവിന്ദന്റെ കാലുപിടിച്ച് കരഞ്ഞു..

അയാൾ പിന്മാറില്ലെന്ന് മനസ്സിലായപ്പോൾ സത്യാഭാമയും ദിവാകരനും ഒളിച്ചോടാൻ തീരുമാനിച്ചു..എന്നാൽ അവളുടെ ഏട്ടന്മാരും അരവിന്ദനും ചേർന്ന് അവരെ പാതിവഴയിൽ വെച്ചു തന്നെ പിടിച്ചു. ദിവാകരനെ അരവിന്ദന്റെ ഗുണ്ടകൾ കൊണ്ടുപോയി..വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ അവനെ കൊ–ന്നുകളയുമെന്ന് ഭീക്ഷണി പെടുത്തി..മറ്റു വഴികളൊന്നും ഇല്ലാതെ വന്നപ്പോൾ ദിവാകരന്റെ ജീവനെങ്കിലും തിരികെ കിട്ടാനായി നിറ കണ്ണുകളോടെ അവൾ അരവിന്ദന്റെ താലി ഏറ്റുവാങ്ങി..

അന്നുമുതൽ ക്രൂ–രമായ പീ- ഡനങ്ങൾ ആയിരുന്നു അവൾക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആദ്യ രാത്രി ക്രൂ-! രമായി അയാൾ അവളെ ഉപദ്രവിച്ചു. പിന്നീടുള്ള രാത്രികളിലും അത് ആവർത്തിക്കപെട്ടു..

ആദ്യമൊക്കെ എതിർത്തിരുന്ന, കരഞ്ഞിരുന്ന സത്യാഭാമ ഒന്നും മിണ്ടാതെ എല്ലാം ഏറ്റുവാങ്ങാൻ തുടങ്ങി..അതിനിടയിൽ അവൾ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു..

അരവിന്ദന്റെ സ്വഭാവം മനസ്സിലായ ഏട്ടന്മാർ അവളെ തിരിച്ച് തറവാട്ടിലേക്ക് വിളിച്ചെങ്കിലും അവൾ പോകാൻ തയാറയില്ല..മാത്രവുമല്ല തന്നെ തേടി വരരുതെന്ന് അവരോട് കർശനമായി തന്നെ പറഞ്ഞു.

വർഷങ്ങൾ കഴിഞ്ഞു പോയി..

മക്കൾ രണ്ടുപേരും വളർന്നു..ജോലിക്കാരായി, വിവാഹവും കഴിച്ചു..സ്വത്തുക്കൾ ഭാഗം വയ്ക്കുന്നോടൊപ്പം അവർ അച്ഛനെയും അമ്മയെയും പങ്കുവെച്ചു..മൂത്തവൻ അമ്മയെ കൊണ്ടുപോയി..ഇളയവൻ അച്ഛനെയും..രണ്ടുപേരും ഒരുമിച്ചു നിന്നാൽ ശരിയാകില്ലെന്ന്.

“അല്ലെങ്കിലും അച്ഛന് അമ്മയെ ഇഷ്ടമല്ലല്ലോ..” രണ്ടാമത്തെ മകൻ പറഞ്ഞപ്പോൾ അയാൾക്ക് പ്രതികരിക്കാൻ കഴിയിഞ്ഞില്ല.

ഒന്നും മിണ്ടാതെ മകന്റെ കൂടെ പോകുന്ന ഭാര്യ ആദ്യമായി അയാൾക്കൊരു നോവായി..

പല രാത്രികളിലും അയാൾക്കുള്ള ആഹാരവും വിളമ്പി വെച്ച് അവൾ കാത്തിരിക്കുമ്പോൾ അതൊക്കെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് അവളെ മർദിച്ചിരുന്ന അയാൾക്ക് ഒരു നേരത്തെ ആഹാരം കഴിക്കാൻ മകനും മരുമകളും ക്ലബ്ബും പാർട്ടിയും കഴിഞ്ഞ് വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.

“അച്ഛന് പുറത്തു പോയി കഴിച്ചൂടെ ” എന്നുള്ള മരുമകളുടെ ചോദ്യത്തിന് അതിനുള്ള പണം അയാളുടെ കൈയ്യിൽ ഉണ്ടോ എന്നുപോലും മകൻ തിരക്കിയില്ല.

ആ സമയം അയാൾക്ക് ഓർമ വന്നത് ഭാര്യയുടെ കെട്ടുതാലി പോലും വിറ്റ് മ–ദ്യപിച്ചു നടന്ന കാലമാണ്

കാറ് നിന്നപ്പോഴാണ് അയാൾ ഓർമകളിൽ നിന്നും ഉണർന്നത്. പാടത്തിനിക്കരെ കാറ് നിന്നു..അക്കരെ മൺചുമരുകൾക്ക് മേലെ ഓല മേഞ്ഞ പഴമ മാറാത്ത കുഞ്ഞു വീടിന്റെ മുറ്റത്ത് നാട്ടുകാർ കൂടിയിരിക്കുന്നു.

കാറിൽ നിന്നും ഇറങ്ങി അയാളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ സത്യാഭാമ ആ കുഞ്ഞു വീട് ലക്ഷ്യമാക്കി നടന്നു.

വീടിന്റെ മുറ്റത്ത് അവളുടെ ഏട്ടന്മാരും ഏട്ടത്തിമാരുമൊക്കെ ഉണ്ടായിരിന്നിട്ടും ആരെയും നോക്കാതെ അവൾ  അകത്തേക്ക് കയറി. ചാണകം മെഴുകിയ തറയിൽ ഇട്ട  വാഴയിലയിൽ കണ്ണുകൾ അടച്ചു കിടക്കുന്ന ദിവാകരൻ. ചുറ്റും കുറച്ച് അയൽക്കാർ മാത്രം..കണ്ണുനീരും ബഹളവുമൊന്നും ഇല്ല..കരയാനായി മാത്രം അയാൾക്ക് ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

“നിന്റെ അല്ലാതെ മറ്റൊരു  പെണ്ണിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തില്ല.” എന്ന വാക്ക് അവസാനം വരെയും അയാൾ കാത്തു സൂക്ഷിച്ചു.

സത്യ ഭാമ ദിവാകരന്റെ അടുത്തേക്ക് ഇരുന്നു..മെല്ലെ ആ നെറ്റിയിൽ തലോടി..പിന്നെ കുനിഞ്ഞ് നെറുകയിൽ ചുണ്ടുകൾ ചേർത്തു.

“ഞാൻ വന്നു…”

മെല്ലെ പറഞ്ഞുകൊണ്ട് അവൾ ആ നെഞ്ചിൽ തല ചായ്ച്ച് കണ്ണുകൾ അടച്ചു.

ചുറ്റുമുള്ളവരൊക്ക പരസ്പരം നോക്കി..സെക്കന്റുകൾ പാഞ്ഞുപോയി മിനിറ്റുകളായി, മിനിറ്റുകൾ ഓരോന്നായി കൊഴിഞ്ഞു വീണു തുടങ്ങി..

എന്നിട്ടും സത്യാഭാമ ദിവാകരന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റില്ല. ഒടുവിൽ അവളുടെ രണ്ട് ഏടത്തിമാരും കൂടി അവളെ പിടിച്ചുയർത്തി..എന്നാൽ അടുത്ത നിമിഷം അവരുടെ നിലവിളി അവിടെ ഉയർന്നു.

പുറത്തു നിന്ന ഏട്ടൻമാർ വേഗം അകത്തേക്ക് ഓടി. അരവിന്ദന് മാത്രം അനങ്ങാൻ കഴിഞ്ഞില്ല..

“അവൾ…തന്റെ ഭാര്യ…അവൾ ജയിച്ചിരിക്കുന്നു..ദിവാകരനും അവരുടെ പ്രണയവും ജയിച്ചിരിക്കുന്നു..താൻ മാത്രം തോറ്റുപോയി..”

“തോറ്റുപോയവൻ…”

അയാളുടെ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ടിരുന്നു.