എട്ടാം മാസം കടന്നതും പെണ്ണിന് ആദി കയറി തുടങ്ങി. ചെറുമുത്തി മാത്രമായിരുന്നു ഏക ആശ്വാസം….

കരിമന്റെ പെണ്ണ്
Story written by Athira Sivadas
================

“കരിമന്റെ പെണ്ണ് പി-ഴച്ചു. അവൻ പോവാൻ കാത്തിരിക്കായിരുന്നെന്ന് തോന്നുന്നു. പെ-ഴച്ചവൾ…” കവലയിലെ ചായക്കടയിൽ നേരം പുലർന്നതേ പരന്ന വാർത്തയാണ്.

അറിയാത്തവർക്കൊക്കെ ചൂട് ചായയ്ക്കൊപ്പം വിളമ്പുന്നുണ്ട് കേശവൻ നായർ ആ വാർത്ത.

“അല്ല നായരെ, പെ-ഴച്ചത് തന്നെയാണെന്ന് ഉറപ്പുണ്ടോ…അവൻ പോയിട്ട് അധികം ആയില്ലല്ലോ. പെണ്ണിന്റെ വയർ അവന്റെ ചോ-ര ഉള്ളിലിട്ടാ ഈ വീർത്തുവരുന്നതെങ്കിലോ…”  ഒരു രാത്രി കൊച്ചുകൂരയിൽ നിന്ന് അരിവാളും കൊണ്ട് തനിക്ക് നേരെ ചീറി വന്നവളെ ഓർത്ത് കൊണ്ട് ശങ്കരൻ കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെയിരുന്നു.

“അതെങ്ങനെ ശെരിയാവും ശങ്കരാ…കരിമൻ പോയിട്ട് മാസം അഞ്ചായി…പെണ്ണിന്റെ വയറിനു നാലിന്റെ വലിപ്പവേ ഉള്ളു…” കേശവൻ നായർ വിടാൻ കൂട്ടില്ല.

“വയറിന്റെ വലിപ്പം വച്ചങ്ങനെ അങ്ങോട്ട് ഉറപ്പിക്കാൻ പറ്റുവോ നായരെ…” പെണ്ണിനെ സംശയിക്കാൻ മടിച്ചു നിന്ന മാധവനും തൊട്ടാൽ പൊള്ളുന്ന പെണ്ണിന്റെ ഉശിരിനു മുൻപിൽ പകച്ചു പോയിട്ടുണ്ടായിരുന്നിരിക്കണം.

ഒരു കയ്യ് വീർത്ത് വരുന്ന വയറിലും മറുകയ്യിൽ അരിവാളുമായി നടന്നുവരുന്നുണ്ട് ചായക്കടയ്ക്ക് മുൻപിലൂടെ…പെണ്ണിന്റെ നോട്ടത്തിന് പോലും മൂർച്ചയാണ്.

അതുവരെ പൊടിപ്പും തൊങ്ങലും വച്ച് പരദൂഷണം പറഞ്ഞവരൊക്കെ നിശബ്ദരായി കരിമന്റെ പെണ്ണിനെ നോക്കിയിരുന്നു.

വീർത്തു വരുന്ന വയർ തോർത്തു കൊണ്ട് മൂടി ആരെയും നോക്കാതെ തലയുയർത്തിപ്പിടിച്ച് നടന്ന് പോകുന്ന പെണ്ണ്. പാടത്ത് പണിക്ക് നിൽക്കുമ്പോഴുമുണ്ടായിരുന്നു പരിഹാസത്തോടെയുള്ള നോട്ടങ്ങൾ. പെണ്ണുങ്ങളൊക്കെ മൂക്കത്ത് വിരൽ വച്ച് നിൽക്കുമ്പോൾ ചെറുമുത്തി മാത്രമായിരുന്നു പെണ്ണിനോടൽപ്പം അലിവ് കാണിച്ചത്.

പൊരിവെയിലത്ത് വയറു കാലിയാക്കി നിന്നവളെ നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ട് പോയി, കഞ്ഞിയും മുളകും ഒഴിച്ച് കൊടുത്തു. വയറു നിറഞ്ഞപ്പോൾ അരുമയായി നോക്കിയവളോട് മുത്തിക്ക് വാത്സല്യം തോന്നി.

കുത്തുവാക്കുകൾക്കും പരിഹാസങ്ങൾക്കും ഒന്ന് ചെവി കൊടുക്കാതെ പെണ്ണ് പണിക്ക് പോയി വരും. മഴ പെയ്‌ത് ചോർന്നോലിക്കുന്ന കൂരയിൽ തനിച്ചിരിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് നിറയാറുണ്ടവൾക്ക്. ഇടയ്ക്കിടെ വാതിലിൽ കേൾക്കുന്ന മുട്ടുകളോട് ഭയം തോന്നിയിരുന്നു ആദ്യം. പിന്നീട് തനിച്ചാണെന്ന ബോധ്യം വന്നപ്പോൾ ചങ്കുറപ്പോടെ വാതിൽ തുറന്നു. ഒരുത്തനും തൊടാൻ നിന്നുകൊടുക്കില്ലെന്ന ധാർഷ്യത്തോടെ അരിവാൾ ആഞ്ഞു വീശി.

അടുത്ത ഗ്രാമത്തിൽ പോയി വന്ന വാദ്യാർ നാരായണൻ പറഞ്ഞ് കേട്ടിരുന്നു കരിമൻ അവിടൊരു പെണ്ണുമായി താമസം തുടങ്ങിയെന്ന്. വീർത്ത വയറുമായി നടന്നു പോന്നവളെ നോക്കി നാട്ടുകാർ ചിരിച്ചു.

പെണ്ണിവിടെ പി- ഴച്ചു പ്രസവിക്കാൻ നിക്കുമ്പോൾ അങ്ങൊരുത്തൻ മറ്റൊരുത്തിയ്ക്കൊപ്പം ജീവിച്ചു തുടങ്ങീന്ന്. അത് കേട്ടൊരിക്കൽ പോലും കണ്ണു നിറഞ്ഞിട്ടില്ല, ഉള്ളു പൊള്ളിയിട്ടില്ല, കരിമൻ തിരിച്ചു വരാത്ത ദുഖമല്ലാതെ മറ്റൊന്നും അവളെ അലട്ടിയിട്ടില്ല. രാത്രിയിൽ കണ്ണടഞ്ഞു പോകുന്നത് വരെ കാത്തിരിക്കുന്നത് പെണ്ണേ എന്ന് വിളിച്ചു വരുന്നവന്റെ വിളി കേൾക്കാനാണ്. കാലത്തുണരുന്നതും അത് പ്രതീക്ഷിച്ചു തന്നെയാണ്.

പൊള്ളുന്ന വെയിലത്തു നിന്ന് ഞാറു നടുമ്പോൾ ഇടയ്ക്കിടെ ആയാസപ്പെട്ട് നടു നിവർന്നു നോക്കാറുണ്ട്, നാടുകൾ താണ്ടി അവൻ തിരിച്ചു വരുന്നത്. എങ്ങനെയോ എന്തിലോ പെട്ടു പോയൊരു കഥയവൻ പറഞ്ഞു തരുന്നത്.

നാട്ടിൽ പേമാരി വന്ന് വെള്ളം പൊങ്ങി കൃഷി നശിച്ചു പണിയില്ലാതെ പട്ടിണിയിലായപ്പോഴും അവളാർക്കും വേണ്ടി പായ വിരിച്ചില്ല, വയറ്റുകണ്ണിയെ വെറുതെ വിടാൻ തയാറാവാതെ അപ്പോഴും ചിലർ ആ കുഞ്ഞു കൂരയ്ക്ക് വലം വച്ച് നടന്നു.

എട്ടാം മാസം കടന്നതും പെണ്ണിന് ആദി കയറി തുടങ്ങി. ചെറുമുത്തി മാത്രമായിരുന്നു ഏക ആശ്വാസം. എട്ടാം മാസം പാതിയായപ്പോഴേക്കും വയറ്റിലെ അനക്കം നിലക്കുന്നതൊരു പേടിയോടെ അവളറിഞ്ഞിരുന്നു. ചിലപ്പോൾ കുട്ടി അനങ്ങാതെ കിടന്ന് അമ്മയെ പേടിപ്പിക്കുന്നതും ചില പ്രസവങ്ങളിൽ പതിവാണെന്ന് പറഞ്ഞു മുത്തി അവളെ അശ്വസിപ്പിക്കും.

എങ്കിലും ചലനമറിയാതെ ആ അമ്മ വയറിനു ആദിയായിരുന്നു. ഉള്ളിരുന്നൊരാളും കൈ വെടിഞ്ഞോ എന്ന് തോന്നി തുടങ്ങിയത് മുതൽ പെണ്ണിനൊരു വെപ്രാളമാണ്. എങ്കിലും ഏതോ പ്രതീക്ഷയുടെ തണൽ പറ്റി അവളോരോ ദിവസവും തള്ളി നീക്കി.

അങ്ങനെ അവളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തുകൊണ്ടൊരു ചാപിള്ള പുറത്തു വന്നു. അതിൽ പിന്നെ പെണ്ണ് മിണ്ടാറില്ലായിരുന്നത്രെ. ചൂട് കഞ്ഞി ഊതി ഊതി പ്ലാവിലയിൽ കോരി കൊടുക്കുമ്പോൾ മറുത്തൊന്നും പറയാതെയവൾ വാ തുറന്ന് കൊടുക്കും. പ്രസവ രക്ഷയ്ക്ക് ചെറുമുത്തി കൊടുക്കുന്ന പച്ച മരുന്നുകളൊക്കെ പരാതിയില്ലാതെ കഴിക്കും.

പി- ഴച്ചുപെറ്റ പെണ്ണിന്റെ വിധിയെക്കുറിച്ചറിഞ്ഞവരൊക്കെ മൂക്കത്ത് വിരൽ വച്ചു. അപ്പോഴും അയൽ ഗ്രാമത്തിൽ പുതുപ്പെണ്ണിനൊപ്പം അന്തിയുറങ്ങുന്ന കരിമന്റെ കഥകൾ ആളുകൾ പല ഈണങ്ങളിൽ പാടികൊണ്ടിരുന്നു. ചെറുമുത്തിയുടെ കൂരയിലേക്ക് വരാൻ കൂട്ടാക്കിയില്ലെങ്കിലും പെണ്ണൊരുത്തിയ്ക്ക് കൂട്ടിനായ് എപ്പോഴും മുത്തിയുണ്ടായിരുന്നു.

ഇരുട്ടി കഴിഞ്ഞാൽ വരുന്നവർക്ക് നേരെയവൾ പിന്നെയും ചീറി. മരിച്ചു പോയ കുഞ്ഞിന് താരാട്ട് പാടി. കരിമനെ ഓർമ്മ വരുമ്പോഴൊക്കെ വരമ്പിന്റെ ഒരത്ത് അവനെയും കാത്തിരിക്കും. പി- ഴച്ചവൾ അങ്ങനെ ഭ്രാന്തിയുമായി.

ഒരിക്കലൊരു പുലർച്ചെ കുത്തിയൊഴുകുന്ന കുറിഞ്ഞിപ്പുഴയുടെ കരയിൽ പെണ്ണ് ച-ത്തു മ-ലച്ചു കിടന്നു. ഭ്രാന്തിയുടെ ഭ്രാന്തിന്റെ പരിമിതഫലമെന്നൊരു കൂട്ടം പറഞ്ഞപ്പോൾ മറ്റൊരു കൂട്ടം പെണ്ണ് കുറ്റബോധം കാരണം ചാടി ച-ത്തതാണെന്ന് പറഞ്ഞു.

ആ ദേഹമീ ഭൂമിയെ വിട്ടു പോകുമ്പോൾ അടർന്നു വീണ ചെറുമുത്തിയുടെ കണ്ണുനീർ തുള്ളി മാത്രം അവളെയോർത്തു വിലപിച്ചു.

രണ്ട് നാളിന് ശേഷമാ ഗ്രാമമുണർന്നത് പുഴക്കരയിലിരുന്ന് അലറിക്കരഞ്ഞ കരിമനെ കണ്ടായിരുന്നു. പെണ്ണിനേയും പെണ്ണ് പെറ്റ കുഞ്ഞിനേയും കാണാൻ വന്ന കരിമൻ ഇരുവരുടെയും കുഴിമാടത്തിനരികിൽ തളർന്നിരുന്നു.

നാടാകെ പരന്ന കള്ളക്കഥകൾ ആ പുലർച്ചെ മറ നീക്കി പുറത്തു വന്നു. പെണ്ണിന് വയറ്റിലുണ്ടെന്നറിഞ്ഞ സന്തോഷത്തിൽ പെണ്ണിന്റെ കൂട്ടരെ വിശേഷമാറിയിക്കാൻ പോയതാരുന്നത്രെ കരിമൻ. അന്നാട്ടിലെ ധാനികരായ ആ കുടുംബം കരിമനെ അറയിൽ പൂട്ടിയിട്ടു മാസങ്ങളോളം. പണിയ്ക്ക് വന്ന അടിയാളചെറുക്കന്റെ കൂടെഇറങ്ങിപ്പോയ പെണ്ണിന് ആണൊരുത്താനില്ലാതെയാകാൻ അവരവനെ കൊ-ല്ലാതെ കൊ-ന്നു.

ഒടുവിലൊരു രാത്രി രക്ഷപെട്ടോടിയവൻ എത്തിയപ്പോഴേക്കും നേരമേറെ വൈകിയിരുന്നു. പിന്നെയുള്ള രാത്രികളിൽ ചെറുകുടിലിൽ നിന്നും പലരും താരാട്ട് കേൾക്കാറുണ്ടായിരുന്നത്രെ. പലരും ഇരുട്ടു വീണാലാ വഴി വരാതെയായി. കരിമന്റെ പെണ്ണ് അവനെയും കുഞ്ഞിനെയും പാടി പാടി ഉറക്കികൊണ്ടിരുന്നു. ഗ്രാമമവരെ ഭയന്നുകൊണ്ടേയിരുന്നു.

അവസാനിച്ചു.