പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹവും എന്നെ വാരിപ്പുണരുമെന്ന് കരുതിയെങ്കിലും അനങ്ങാതെ നിൽക്കുകയായിരുന്നു അദ്ദേഹം…

ഇനിയെത്ര ദൂരം…
Story written by Jainy Tiju
================

ഉച്ചയൂണിനുള്ള ബ്രേക്കിൽ സ്റ്റാഫ്‌ റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ വന്നത്. നോക്കിയപ്പോൾ വീട്ടിൽ നിന്ന് അമ്മയാണ്.

“മോളെ ഹരിതേ, സുധി വന്നിട്ടുണ്ട്. നീ പെട്ടന്ന് ഇങ്ങോട്ട് വാ. “

ഞാൻ സ്തംഭിച്ചുപോയി.

“അമ്മേ, സുധിയേട്ടൻ…സത്യമാണോ? ഈശ്വരാ…എപ്പോഴാ വന്നേ? എങ്ങനെ….”

അവിശ്വസനീയതകൊണ്ടാണോ എന്നറിയില്ല. ഞാൻ വാക്കുകൾക്കായി പരതി.
അമ്മയുടെ സ്വരത്തിൽ പറയത്തക്ക സന്തോഷം കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി.

“നീ വേഗം വരില്ലേ? ” അമ്മയുടെ ചോദ്യം ദുർബലമായിരുന്നു.

ഹാഫ് ഡേ ലീവ് എഴുതികൊടുത്ത് ഹെഡ്മാസ്റ്ററോട് വിവരം പറഞ്ഞു ഞാൻ വേഗം ഇറങ്ങി. ബസിനു കാത്തുനിൽക്കാതെ ഓട്ടോ പിടിച്ചു.

പന്ത്രണ്ടു വർഷങ്ങൾ…പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു സുധിയേട്ടൻ നാടുവിട്ടു പോയിട്ട്. കാത്തിരുന്നു ഇത്രയും കാലം എന്നെങ്കിലുമൊരിക്കൽ തിരിച്ചു വരുമെന്നോർത്ത്. ശപിച്ചിട്ടില്ല ഇതുവരെ. സ്വയം കുറ്റപ്പെടുത്തിയിട്ടേയുള്ളു. കുറച്ചു കൂടെ എനിക്ക് ക്ഷമിക്കാമായിരുന്നു, സഹിക്കാമായിരുന്നു. ആണിന്റെ ഈഗോ മനസ്സിലാക്കാൻ ശ്രമിക്കാമായിരുന്നു.

പേരുകേട്ട തറവാട്ടുകാരായിരുന്നു സുധിയേട്ടന്റെ കുടുംബം. ഒറ്റമകൻ. ആകെയുള്ളത് ഐശ്വര്യദേവത പോലൊരു അമ്മമാത്രം. അച്ഛൻ നേരത്തെ മരിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ഒക്കെയായി ആർഭാടത്തോടെയുള്ള ജീവിതം. ഇതൊക്കെ മതിയാരുന്നു സുധിയേട്ടന്റെ ആലോചന വന്നപ്പോൾ എന്റെ വീട്ടുകാർക്ക് സമ്മതം മൂളാൻ. പ്രതീക്ഷ പോലെ സ്വർഗ്ഗതുല്യം തന്നെയായിരുന്നു ജീവിതം, ഒരു വർഷം വരെ. ഒരു കച്ചവടം നടത്തിയത് കൈവിട്ടുപോയി വലിയൊരു സാമ്പത്തിക ബാധ്യത വന്നു. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി. തറവാട് പണയം വെച്ചു. എന്നിട്ടും കടം ബാക്കിയായി. എടുത്താൽ പൊങ്ങാത്ത ബാധ്യതയിൽ സുധിയേട്ടൻ തകർന്നുപോയി. മുഴുവൻ സമയവും മ-ദ്യപാനമായി. കൂട്ടുകാരൊക്കെ അകന്നു. പതുക്കെ പതുക്കെ ഞങ്ങളുടെ സ്വർഗം നരകമായിത്തുടങ്ങി.

കുടുംബച്ചിലവ് പോലും നടത്താൻ ബുദ്ധിമുട്ട് തുടങ്ങിയ സമയത്താണ് ഞാൻ ഒരു ജോലി അന്വേഷിച്ചി റങ്ങിയത്. വിദ്യാഭ്യാസമുണ്ടായിരുന്നത് കൊണ്ട് ഒരു ട്യൂട്ടോറിയാൽ കോളേജിൽ ജോലികിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. പക്ഷെ, അദ്ദേഹത്തിനത് കുറച്ചിലായിത്തോന്നി. ജോലിക്ക് പോകണ്ട എന്ന് വിലക്കിയെങ്കിലും ഞാൻ വകവെച്ചില്ല. ആ പേരിൽ പലവട്ടം വഴക്കിട്ടു. മിഥ്യാഭിമാനത്തെക്കാൾ വലുത് നിലനിൽപ്പാണെന്നാണ് അന്ന് തോന്നിയത്. എല്ലാത്തിനും സപ്പോർട്ടായി അമ്മ കൂടെ നിന്നു. എന്നെ രാജിവെപ്പിക്കാനാവണം ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ടെന്നും സുധിയേട്ടന് എന്നെ സംശയമുണ്ടെന്നും ഉള്ള രീതിയിൽ പെരുമാറിത്തുടങ്ങിയത്. എങ്കിലും ഞാനത് കാര്യമാക്കിയില്ല. അമ്മയും. സ്വന്തം വീട്ടിൽ പോലും വിലയില്ലാത്തവൻ എന്ന് തോന്നിയിട്ടാവണം ഒരുദിവസം ഇറങ്ങിപ്പോയത്. ദേഷ്യം മാറി, സത്യം മനസിലാക്കി തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നു. പക്ഷെ…

ഇതിനിടയിൽ പലവട്ടം എന്റെ അച്ഛനും ഏട്ടനും എന്നെ കൊണ്ടുപോകാൻ വന്നു. പോകാൻ എനിക്ക് മനസ്സ് വന്നില്ല. മനപ്പൂർവം അല്ലെങ്കിലും ഞാൻ മൂലം മകൻ നഷ്ടപ്പെട്ട ആ അമ്മയെ ഉപേക്ഷിച്ചു പോകാൻ മനസ് വന്നില്ല.  അതും ഏതു നിമിഷവും ബാങ്കുകാർ കൊണ്ടുപോയേക്കാവുന്ന ആ തറവാട്ടിൽ അമ്മയെ ഒറ്റക്കാക്കുന്നതെങ്ങനെ? കിട്ടുന്നതിൽ നിന്നും മിച്ചം പിടിച്ചു ഞാൻ ലോൺ തിരിച്ചടച്ചു തുടങ്ങി. ഞങ്ങളുടെ അവസ്ഥ കണ്ട് ബാങ്ക് കാലാവധി നീട്ടിത്തന്നു. ഇതിനിടയിൽ എല്ലാ ടെസ്റ്റുകളും എഴുതുന്നുണ്ടായിരുന്നു. കഠിനാധ്വാനം കൊണ്ടും ഈശ്വരാകൃപ കൊണ്ടും അടുത്തുള്ള ഗവർമെന്റ് സ്കൂളിൽ ജോലികിട്ടി.പതുക്കെ ആ വീടിന്റെ ആധാരം തിരിച്ചെടുത്തു. തകർക്കാനും തളർത്താനും പലരുമുണ്ടായെങ്കിലും തളരാതെ പിടിച്ചു നിന്നു. എന്നെങ്കിലുമൊരിക്കൽ സുധിയേട്ടൻ തിരിച്ചു വരുമ്പോൾ ഞാൻ തെറ്റായിരുന്നില്ല എന്ന് എനിക്ക് കാണിച്ചു കൊടുക്കണമായിരുന്നു.   അവസാനം ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഇതാ ഉത്തരം. അദ്ദേഹം ഇതാ ജീവനോടെ…

“ടീച്ചറെ, ഇറങ്ങുന്നില്ലേ?” ഓട്ടോക്കാരന്റെ ചോദ്യമാണ് ഓർമയിൽ നിന്നുണർത്തിയത്.

ഓടിയാണ് അകത്തേക്ക് കയറിയത്. പൂമുഖത്ത് ആരൊക്കെയോ ഉണ്ടായിരുന്നു. ആരെയും ഞാൻ കണ്ടില്ല.

“അമ്മേ, എവിടെയാമ്മേ എന്റെ സുധിയേട്ടൻ?”

കരഞ്ഞുകൊണ്ടാണ് ചോദിച്ചത്. അകത്തു ഹാളിൽ സുധിയേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു. ആകെ മാറിപ്പോയിരിക്കുന്നു. പ്രായം തളർത്തിയിരിക്കുന്നു. നാല്പതു വയസ്സേ ഉള്ളുവെങ്കിലും അതിലേറെ പറയുന്നു കാഴ്ച്ചയിൽ.

ഒരുനിമിഷം അന്തിച്ചു നിന്നെങ്കിലും ഓടിപ്പോയി വീഴുകയായിരുന്നു ആ നെഞ്ചിലേക്ക്.

“എന്നെ ഇട്ടിട്ട് എങ്ങോട്ടാ സുധിയേട്ടാ പോയത്? ഞാനെങ്ങനെയാ ഇത്രകാലം ജീവിച്ചതെന്നറിയോ? ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കി മാപ്പ്. പറ, ഇനിയെന്നെ വിട്ട് എങ്ങോട്ടും പോകില്ലെന്ന് പറ..പറ സുധിയേട്ടാ…. “

ഞാൻ കരഞ്ഞുകൊണ്ട് ആ നെഞ്ചിൽ തലയിട്ടടിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹവും എന്നെ വാരിപ്പുണരുമെന്ന് കരുതിയെങ്കിലും അനങ്ങാതെ നിൽക്കുകയായിരുന്നു അദ്ദേഹം. ഞാൻ സംശയത്തോടെ ആ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും എന്തോ ഒരു വൈക്ലബ്യം.

“ഹരിതേ, അത് രേഷ്മ. എന്റെ ഭാര്യയാണ്. അതെന്റെ മകൻ പ്രണവ് “

വിറക്കുന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞതും ഞാൻ തീപ്പൊള്ളലേറ്റപോലെ ഞെട്ടിയകന്നു. ഹാളിന്റെ അരികിൽ പേടിച്ചരണ്ട പോലൊരു പെണ്ണ്. അവളുടെ കാലിൽ ഇറുക്കെപിടിച്ചുകൊണ്ട് ആറോ ഏഴോ വയസ്സുള്ള ഒരാൺകുട്ടിയും. ഞാൻ അമ്മയേ നോക്കി. അമ്മ ചുമരിൽ ചാരിനിന്ന് എങ്ങലടിക്കുന്നുണ്ടായിരുന്നു. ഞാൻ തളർന്നു സോഫയിലേക്കിരുന്നു.

“ഒന്നും മനപ്പൂർവമല്ല. നിന്നോടും അമ്മയോടുമുള്ള വാശിക്ക് നാടുവിട്ടുപോയപ്പോൾ ജീവിക്കണോ മരിക്കണോ എന്ന് പോലും തീരുമാനിച്ചിരുന്നില്ല. എത്തിപ്പെട്ടത് ബാംഗ്ലൂർ ആയിരുന്നു. അവിടെ വെച്ചു ഞാൻ പരിചയപ്പെട്ടതാണ് ഇവളുടെ അച്ഛനെ. ഇവർക്ക് അവിടെ ഒരു കടയുണ്ടായിരുന്നു. അവിടെ സഹായിയായി കൂടി. ചെറുപ്പത്തിലേ ഭാര്യ നഷ്ടപ്പെട്ട രഘുവേട്ടന് ഇവൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ പതിയെ നാടും വീടും മറന്നു. അവിടുത്തുകാരനായി. പെട്ടെന്നൊരു ദിവസം ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ രഘുവേട്ടൻ പോകും മുന്പേ എന്റെ കയ്യിലേൽപ്പിച്ചതായിരുന്നു ആ കടയും ഇവളെയും. ആ സാഹചര്യത്തിൽ നിഷേധിക്കാൻ കഴിഞ്ഞില്ല.
നിന്നോടുള്ള ദേഷ്യം കൊണ്ടോ രഘുവേട്ടനോടുള്ള കടപ്പാട് കൊണ്ടോ അതോ ലക്ഷങ്ങളുടെ മൂല്യമുള്ള ആ കട കിട്ടാനുള്ള എന്റെ സ്വാർത്ഥതയോ അറിയില്ല അപ്പോൾ അവളെ സ്വീകരിക്കാനാണ് തോന്നിയത്. കുറ്റബോധം തോന്നിയപ്പോഴൊക്കെ നീ മറ്റൊരു ജീവിതം തേടിപ്പോയിട്ടുണ്ടാകും, എന്നെക്കാത്തിരിക്കാൻ മാത്രം മണ്ടിയല്ല നീ എന്നൊക്കെ സമാധാനിച്ചു. പറയുമ്പോൾ നമുക്കിടയിൽ ഒരു കുഞ്ഞിന്റെ ഉറപ്പ് പോലും ഇല്ലായിരുന്നല്ലോ. അവിടെയും ഈ പാപി മനപ്പൂർവം അവഗണിച്ചത് എന്റെ പെറ്റമ്മയെയാണ്. ” അദ്ദേഹം ഒന്ന് നിർത്തി.

“എല്ലാം ഞാൻ ഇവളോട് തുറന്നു പറഞ്ഞിരുന്നു. പഴയതൊക്കെ മറക്കണമെന്നും അതിനു ഈ നാട്ടിലേക്കേ വരരുതെന്നുമാണ് ഇവൾ പറഞ്ഞത്. ഞാനും അതുതന്നെയാണ് ആഗ്രഹിച്ചതും. ഇതിനിടയിൽ ഞങ്ങൾക്കൊരു കുഞ്ഞുമുണ്ടായി. സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത്.

നിങ്ങളുടെയൊക്കെ കണ്ണുനീരും ശാപവുമാകാം ഒരുപാട് സന്തോഷിക്കാൻ ഈശ്വരൻ അനുവദിക്കാഞ്ഞത്. ലിവർ സിറോസിസ്. ഒരുപാട് ചികിൽസിച്ചു..ഉള്ള പണമെല്ലാം തീർന്നു. ആകെയുള്ള വഴി കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയാണ്. കരൾ തരാൻ ഇവൾ തയ്യാറുമാണ്..കടയും വീടും വിറ്റാൽ അതിനുള്ള പണവും കിട്ടും. എങ്കിലും ജീവന് ഉറപ്പില്ല..എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ പാവം പെണ്ണും എന്റെ കുഞ്ഞുമോനും പെരുവഴിയിലാകും..അപ്പോഴാണ് ഞാൻ എന്റെ അമ്മയെ ഓർത്തത്. ഈ വീടോർത്തത്.

ഞാനും ഇവളും ഓപ്പറേഷനു പോകുമ്പോൾ എനിക്കെന്റെ മോനെ വിശ്വസിച്ചേൽപ്പിക്കാൻ ഒരിടം. അത് തേടിയാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല നിന്നെയിങ്ങനെ….ക്ഷമ ചോദിക്കാനുള്ള അർഹത ഇല്ലെന്നറിയാം. എന്നാലും ഒരുപാടൊന്നും ജീവിതം ബാക്കിയില്ലാത്ത എന്നെ ശപിക്കരുതെന്നു മാത്രം അപേക്ഷയുണ്ട്.”

ഞാൻ മറ്റെവിടെയോ ആണ്. ആരോ എന്നോടെന്തോ കഥ പറയുന്നു. സിനിമയാണോ നാടകമാണോ എന്ന് മനസിലാകുന്നില്ല. എന്തായാലും ജീവിതം അല്ല. ഒരിക്കലും ഇതൊന്നും യാഥാർഥ്യവുമല്ല…ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.

പക്ഷെ വീണ്ടും വീണ്ടും കണ്മുന്നിൽ ആ കഥാപാത്രങ്ങളുണ്ട്. അവർ ചലിക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്. അവരെന്റെ ആരൊക്കെയോ ആണ്.    അല്ല, ആരൊക്കെയോ ആയിരുന്നു കുറച്ചു സമയം മുൻപ് വരെ. ഒരൊറ്റ നിമിഷം കൊണ്ടു ഞാൻ ആരുമല്ലാതായിരിക്കുന്നു.

ഞാൻ ഒന്നും പ്രതികരിക്കാത്തത് കൊണ്ടാവാം അവർ അകത്തേക്ക് കയറിപ്പോയി. എത്ര നേരം അവിടെ ഇരുന്നെന്നറിയില്ല. മുറ്റത്തു വന്നവരൊക്കെ എപ്പോഴാണ് പോയത് എന്നറിയില്ല. സമയം എത്രയായെന്നുപോലും. സുബോധത്തിലേക്ക് വീണപ്പോൾ പതുക്കെ എഴുന്നേറ്റ് റൂമിലേക്ക് പോയി. സുധിയേട്ടന്റെ ബെഡ്‌റൂം. ആ കൈപിടിച്ചു ഈ വീടിന്റെ പടി കയറിയ അന്നുമുതൽ എന്റെയും കൂടെ റൂം. ഞങ്ങളുടെ സ്നേഹവും സന്തോഷവും ഒന്നിച്ചു പങ്കിട്ട ഞങ്ങളുടെ കൊച്ചുലോകം. പിന്നീട് എന്റെ അടക്കിപ്പിടിച്ച വിതുമ്പലുകൾ ഒതുങ്ങിയിരുന്ന ബെഡ്‌റൂം. ഇന്നെന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നു. ഞാൻ വെറും നിലത്തിറങ്ങിക്കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

വാതിലിൽ തുടരേത്തുടരേ മുട്ടുകേട്ടാണ് ഞാൻ ഉണർന്നത്. നേരം പുലർന്നിരിക്കുന്നു.അമ്മയാണ്. അമ്മ പതുക്കെ അകത്തേക്ക് വന്നു, കട്ടിലിൽ ഇരുന്നു.

“മോളെ, എനിക്ക് നീ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റാരും. ഈ വീട്ടിൽ ആരുവേണം ആരുവേണ്ട എന്ന് തീരുമാനിക്കാൻ പോലും നിനക്ക് മാത്രമാണ് അവകാശം. ഏത് വീടന്വേഷിച്ചാണ് അവൻ വന്നത്. പണ്ട് അവൻ പണയം വെച്ച വീടോ? പലവട്ടം നിന്റെ വീട്ടുകാർ നിന്നെ വിളിച്ചോണ്ടുപോകാൻ വന്നപ്പോഴും നീ പോകാതിരുന്നതും. മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിക്കാതിരുന്നതും എന്നേക്കരുതിയാണെന്ന് എനിക്ക് നന്നായറിയാം. നീ പറഞ്ഞാൽ ഈ നിമിഷം ഞാൻ പറയാം അവരോടിറങ്ങിപ്പോകാൻ. പക്ഷെ മോളെ, അവൻ വന്നത് ഇങ്ങനെ ഒരവസ്ഥയിൽ ആയിപ്പോയില്ലേ? ഞാനവന്റെ പെറ്റമ്മയായിപ്പോയില്ലേ മോളെ..”

അമ്മ ആർത്തലച്ചു കരഞ്ഞു. ഞാൻ ശബ്ദിച്ചില്ല. എന്റെ ശബ്ദം ഇന്നലെ നഷ്ടപ്പെട്ടതാണല്ലോ. അമ്മ കുറച്ചു കഴിഞ്ഞു പോകാൻ എഴുന്നേറ്റു.

“പിന്നെ, ആ കുഞ്ഞിനെ കണ്ടപ്പോൾ എന്റെ സുധീടെ അച്ഛൻ മുന്നിൽ വന്നു നിന്നപോലെ. ഒരുനിമിഷം കൊതിച്ചുപോയി ഞാൻ അവനെ ഓമനിക്കാനും ചേർത്തുനിർത്താനും. സാരമില്ല. മോൾ തീരുമാനിക്കുന്നതെന്തും അമ്മക്ക് സമ്മതമാണ്. “

ഞാൻ അവിശ്വസനീയതോടെ അമ്മയെ നോക്കി. അമ്മ എന്റെ മുഖത്തേക്ക് നോക്കാതെ ഇറങ്ങിപ്പോയി.

ഏറെ നേരത്തിനു ശേഷം ഞാൻ എഴുന്നേറ്റ് മുഖം കഴുകി, നെറ്റിയിലെ സിന്ദൂരം മായിച്ചു. കഴുത്തിലെ താലി ഊരിയെടുത്തപ്പോൾ കൈ ചെറുതായൊന്നു വിറച്ചു.

ഞാൻ പെട്ടിയുമായി പുറത്തേക്കിറങ്ങിവന്നപ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. എന്നെയും കയ്യിലിരുന്ന പെട്ടിയിലെക്കും നോക്കിയവരുടെ കണ്ണിൽ ഒരു ഞെട്ടൽ പ്രകടമായിരുന്നു.

“മോളെ, എന്താ ഇത്? ” അമ്മ ദുർബലമായി ചോദിച്ചു..

“ഹരിത ഈ പടിയിറങ്ങുകയാണമ്മേ. അതു തന്നെയാണ് ഉചിതം. ഇവിടെ താമസിക്കേണ്ടത് ഇതിന്റെ അവകാശികളാണ്. “

“നീ നിന്റെ വീട്ടിലേക്കാണോ?” അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഏത് വീട്?എനിക്കെവിടെയണമ്മേ വീട്?അച്ചന്റെയുമമ്മയുടെയും കാലം കഴിഞ്ഞാൽ ആ വീട് നമ്മുടെ അല്ലല്ലോ. പിന്നെ ഏട്ടൻ. ഇതിന്റെ പേരിൽ അവരെയൊക്കെ ഞാൻ പണ്ടേ വെറുപ്പിച്ചതാണല്ലോ. ഞാനിപ്പോൾ പോകുന്നത് എന്റെ ഒരു കൂട്ടുകാരി ഏർപ്പാട് ആക്കിത്തന്ന ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കാൻ. പതുക്കെ ഒരു വാടക വീടെടുക്കണം..ഇനിയെനിക്ക് ജീവിക്കാൻ അതൊക്കെ മതി. പോട്ടെ.” ഞാൻ അമ്മയെ ഒന്ന് ചേർത്തുപിടിച്ചു.

“ഈശ്വരാ, എന്റെ കുട്ടിയെ തനിയെ പെരുവഴിയിലേക്കിറക്കിവിട്ട മഹാപാപിയായിപ്പോയല്ലോ ഞാൻ..” അമ്മ ഉറക്കെ കരഞ്ഞു.

“അമ്മ വിഷമിക്കരുത്. പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതുപോലെ പെട്ടെന്നൊരു ദിവസം ഒറ്റക്കായിപോയതല്ലേ ഞാൻ. അന്നെനിക്ക് ഇവളുടെ പ്രായമേ കാണൂ. അന്ന് തളർന്നിട്ടില്ല, പിന്നെയാണോ ഇപ്പോൾ?” ഞാൻ അമ്മയുടെ നിറുകയിൽ തലോടി.

“ചേച്ചി, എന്നോട് ക്ഷമിക്കണം. ഒന്നും അറിഞ്ഞുകൊണ്ടല്ല. ഞങ്ങളെ ശപിക്കരുത്.” ആ കുട്ടി എന്റെ മുമ്പിൽ കൈ കൂപ്പി.

ഞാൻ ആ കൈകൾ പിടിച്ചു. പിന്നെ എന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന താലി അവളുടെ കയ്യിൽ  വെച്ചുകൊടുത്തു.

“ഇനിയിത് നിനക്കുള്ളതാണ്. എനിക്കിതിന്റെ ആവശ്യം ഇല്ല. പിന്നെ നിയമപരമായി ഡിവോഴ്സിനുള്ള പേപ്പർ ശരിയാക്കാൻ നിന്റെ ഭർത്താവിനോട് പറയണം. കുട്ടി പേടിക്കണ്ട. ഞാനിതുവരെയും ആരെയും ശപിച്ചിട്ടില്ല. ഉണ്ടെങ്കിൽ തന്നെ അത് എന്നെത്തന്നെയാണ്. പോട്ടെ കുട്ടീ ?”

ഞാൻ മുന്നോട്ട് നടന്നു.

“ഹരിതാ, ചോദിക്കുന്നത് ശരിയല്ല എന്നറിയാം. ഞങ്ങൾ ഇവിടെ ഉള്ളത് കൊണ്ടാണ് ഇവിടെ നിന്നിറങ്ങിപോകുന്നത് എന്നുമറിയാം. തടയാൻ കഴിയുന്ന അവസ്ഥയിലല്ല ഞാൻ. ഈ വീട് തിരിച്ചെടുക്കാൻ ഒരുപാട് പണം മുടക്കി എന്നറിയാം. അവിടുത്തെ വീടും കടയും വിറ്റതിന്റെ പൈസ കയ്യിലുണ്ട്. കുറച്ചു പണം തരട്ടെ ഞാൻ..? “

അറച്ചറച്ചാണ് അയാൾ ചോദിച്ചത്..

ഞാനയാളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു. പിന്നെ മിണ്ടാതെ ഇറങ്ങിനടന്നു..

“സുധീ.. “

അമ്മ ശാസനയോടെ വിളിക്കുന്നത് കേട്ടു.

“അവളുടെ നഷ്ടം പണം കൊടുത്തു തീർക്കാൻ കഴിയില്ല നിനക്ക്..അവളോടുള്ള കടപ്പാട് എനിക്കും… “

അമ്മയുടെ വാക്കുകൾ പുറകിൽ ചിതറിത്തെറിക്കുന്നത് മുഴുവൻ കേൾക്കാൻ നില്കാതെ ഞാൻ മുന്നിലെ റോഡിലേക്കിറങ്ങി. വഴിയരികിലുള്ള അടക്കം പറച്ചിലുകൾക്കും സഹതാപവാക്കുകൾക്കും പരിഹാസചിരികൾക്കും ചെവികൊടുക്കാതെ ഞാൻ നടന്നു. എനിക്കിനിയും യാത്രയേറെയുണ്ട്. മുന്നിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വഴികളുമുണ്ട്. എനിക്ക് മുന്നോട്ടു പോയേ പറ്റൂ.

മുന്നോട്ട്…

~ജെയ്നി റ്റിജു