പ്രണയ പർവങ്ങൾ – ഭാഗം 03, എഴുത്ത്: അമ്മു സന്തോഷ്

“പപ്പാ ഈ പാല് കുരിശുങ്കൽ കൊണ്ട് കൊടുക്കാമോ “

രാവിലെ ഇതേത്രാമത്തെ തവണ ആണ് മോൾ ചോദിക്കുന്നത് എന്ന് തോമസ് ഓർത്തു

“എന്റെ മോളെ നി എന്തിനാ പേടിക്കുന്നത്? അവിടെ എത്ര പേരുണ്ട്? ഈ ചെറുക്കൻ വന്നുന്നു വെച്ച് ഇങ്ങനെ പേടിക്കണോ?”

“അവൾക്ക് പേടിയായിട്ടല്ലെന്നേ ഒന്ന് കൊണ്ട് പോയി കൊടുക്ക് “

മമ്മി കൂടി പറഞ്ഞപ്പോ അവൾക്ക് ധൈര്യമായി

“ദേ കൊച്ചേ ഒരു കാര്യം ഞാൻ പറയാം പെൺപിള്ളേർ ഇങ്ങനെ തൊട്ടാവാടികൾ അവരുതെന്ന് പപ്പാ എത്ര തവണ പറഞ്ഞിട്ടുണ്ട്? എന്ത് വന്നാലും നേരിടണം ഒരു പ്രശ്നം വരുമ്പോൾ അതിൽ നിന്ന് ഒളിച്ചോടുകയല്ല വേണ്ടത് അത് നേരിടണം ആ ചെക്കൻ പറഞ്ഞു കെട്ടിടത്തോളം ആരെയും ഉപദ്രവിക്കുന്ന ഒരു ചെക്കൻ അല്ലായിരുന്നു എസ് ഐ ടെസ്റ്റ്‌ ഒക്കെ പാസ്സ് ആയി ജോലിക്ക് കേറാൻ നിന്ന ചെക്കനാ, ഒരു കൊച്ചു കൊച്ചിന്റെ ദേഹത്ത് പിടിച്ചവനെയ തീർത്തത്. അതും വേണം ന്ന് വെച്ചിട്ടല്ല ക-ത്തി അവന്റെ കയ്യിൽ ഇല്ലായിരുന്നു താനും. ആ നാറിയുടെ കയ്യിൽ ആയിരുന്നു അത്
അവൻ ഇവനെ കൊ-ല്ലാൻ ഓങ്ങിയതാ. ഇവൻ തടഞ്ഞപ്പോ എങ്ങനെയോ സംഭവിച്ചു പോയതാ, അതിപ്പോ പപ്പയ്ക്ക് ആണെങ്കിലും നിനക്ക് ആണെങ്കിലും സംഭവിക്കും. നമ്മളെ കൊല്ലാൻ വന്നാൽ പ്രതിരോധിക്കും. അല്ലാതെ എന്ത് ചെയ്യും. മോളെ അവരൊക്കെ വലിയ തറവാട്ടുകാരാ. അന്തസ്സുള്ളവരാ. ഒരു അബദ്ധം പറ്റിപ്പോയി. ആർക്കും പറ്റും അത്. അവിടെ നിനക്ക് ആപത്തു ഒന്നും വരികേല. ഒരു പെങ്കൊച്ചിന്റെ മാനം രക്ഷിക്കാൻ ഒരുത്തനെ കൊന്നവൻ വേറെ ഒരു പെണ്ണിനേയും ഉപദ്രവിക്കില്ല. അത് കൊണ്ട് പേടിക്കണ്ട. പാല് കൊണ്ട് പോയി കൊടുത്തിട്ട് വാ, പപ്പക്ക് പറമ്പിൽ പണി ഉണ്ട്. പത്തു മൂട് കപ്പ നിൽക്കുന്നു അത് പിഴുതു കടയിൽ കൊണ്ട് പോകണം. ഇപ്പൊ കപ്പയ്ക്ക് ആണ് ഏറ്റവും ഡിമാൻഡ് “

പിന്നെ സാറ ഒന്നും എതിർത്തു പറഞ്ഞില്ല

പപ്പാ പറഞ്ഞതിൽ കാര്യം ഉണ്ട്

അവൾ സൈക്കിളിൽ പാല് കുപ്പികൾ സഞ്ചിയിലാക്കി തൂക്കി, കുറച്ചു കാരിയറിലും വെച്ച്

ഇങ്ങനെ മൂന്ന് ട്രിപ്പ് അടിച്ചിട്ട് വേണം കോളേജിൽ പോകാൻ. ചേച്ചി ഇതൊന്നും ചെയ്യത്തില്ല. ഇപ്പൊ psc പഠിക്കുന്നത് കൊണ്ട് എന്ത് പറഞ്ഞാലും പഠിക്കാൻ ഉണ്ടെന്നുള്ള പല്ലവി തന്നെ

പിന്നെ ഒരു ജോലി കിട്ടുന്ന കാര്യമായത് കൊണ്ട് ആരും ശല്യം ചെയ്യാൻ പോകില്ല, എപ്പോഴും കതക് അടച്ച് മുറിയിൽ തന്നെ, താൻ അങ്ങനെ അല്ലല്ലോ എന്ന് അവൾ ഓർക്കും

ഇപ്പോഴും പപ്പയുടെയും മമ്മിയുടെയും കൂടെയാ ഉറക്കം. തനിക്ക് സ്വന്തം ആയിട്ട് മുറി ഒന്നുല്ല. അല്ലെങ്കിലും ആകെ മൂന്ന് മുറിയെ ഉള്ളു. ഒന്നിൽ പപ്പാ പണി സാധനങ്ങളും കൃഷിക്കുള്ള സാധനങ്ങളും സൂക്ഷിച്ചു വെയ്ക്കും. ഒന്നിൽ ചേച്ചി. ഒന്നിൽ തങ്ങൾ മൂന്ന് പേര്. പപ്പയെ കെട്ടിപ്പിടിച്ചു കിടന്നാണ് ഇപ്പൊഴും ഉറക്കം എന്ന് പറഞ്ഞു എല്ലാരും കളിയാക്കിയാലും അവൾക്ക് ഒന്നും തോന്നില്ല. എന്റെ പപ്പായല്ലേ പിന്നെന്താ എന്ന് തിരിച്ചടിക്കും അവള്. ഒരു ജോലി കിട്ടിയിട്ട് വേണം നല്ല വീട് വെച്ച് പപ്പയേം മമ്മിയെയും താമസിപ്പിക്കാൻ. അങ്ങനെ ഓർത്തു അവൾ സൈക്കിൾ ചവിട്ടി വരുമ്പോൾ ദൂരെ നിന്ന് തന്നെ കണ്ടു കളരിക്കലെ നിവിൻ. സ്കൂളിൽ സീനിയർ ആയിരുന്നു അന്നേ ഇവന് പഞ്ചാര ഇച്ചിരി കൂടുതലാ. കുരിശുങ്കലെ വീടിന്റെ അയല്പക്കത്തെ വീടാണ് കളരിക്കൽ.

“കൊച്ചേ ഞങ്ങളുടെ കുപ്പി ഇങ്ങു തന്നേക്ക് “

അവൾ സഞ്ചിയിൽ നിന്ന് കുപ്പി എടുത്തു കൊടുത്തു

“അയ്യോ പോകല്ലേ ചോദിക്കട്ടെ?”

“എന്റെ പൊന്നു നിവിൻ ചേട്ടാ പത്തു പതിനഞ്ച് വീട്ടിൽ പാല് കൊണ്ട് കൊടുക്കണം. അത് കഴിഞ്ഞു കോളേജിൽ പോകണം. സൈക്കിളിൽ നിന്ന് വിട്ടേ “

“കൊച്ച് ഇപ്പൊ സെക്കന്റ്‌ ഇയർ അല്ലെ?”

“അതെ “

“അപ്പൊ പതിനെട്ടു തികഞ്ഞു “

“ദേ എന്റെ കയ്യിൽ കാണുന്ന ഈ ഒഴിഞ്ഞ കുപ്പി ഉണ്ടല്ലോ അത് എടുത്തു തലയ്ക്കു ഒന്ന് തരും വഴിയിൽ നിന്ന് മാറിക്കോ”

അവൾ ഗദ പിടിക്കുന്ന പോലെ കുപ്പി ഓങ്ങി

“ശെടാ ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ. ഒരു ട്രിപ്പ് പോകാൻ വരുന്നോ എന്ന് ചോദിക്കാൻ നിന്നതാ. നമ്മുട സ്കൂൾ ഫ്രണ്ട്സ് ഒക്കെയുണ്ട്. ആണും പെന്നുമുണ്ട്. പക്ഷെ ഒരു ഗും ഇല്ല പോരുന്നോ “

“പൊക്കോണം മുന്നിന്ന്…ഒരു ട്രിപ്പ് ഫൂ “

ഒരു ആട്ടാട്ടി അവൾ

നിവിൻ ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കി

കുപ്പി തിരിച്ചു സഞ്ചിയിൽ വെച്ച് അവൾ സൈക്കിൾ ചവിട്ടി കുരിശുങ്കൽ വീട്ടിൽ എത്തി

“സിന്ധു ചേച്ചിയെ പാല് “

അടുക്കളവശത്തു ചെന്ന് ഉറക്കെ വിളിച്ചു സാറ

“ആഹാ കൊച്ച് വന്നല്ലോ.അമ്മച്ചി ദേ ഇപ്പൊ ചോദിച്ചേയുള്ളു. ചാർലി കൊച്ചിന് ചായ കൊടുക്കാൻ പാല് വന്നൊന്ന് “

സാറ തലയാട്ടി ചുറ്റും നോക്കി

അയാൾ അവിടെ എങ്ങാനും ഉണ്ടോ

ഇല്ല

“കുറച്ചു കൂടെ നേരെത്തെ പറ്റുമോ മോളെ പാല് കൊണ്ട് വരാൻ?”

ഷേർലി അമ്മച്ചി

അവൾ ബഹുമാനത്തോടെ ഒന്ന് ഒതുങ്ങി നിന്നു

“ആറു മണി ഒക്കെ ആവുമ്പോൾ കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു. കൊച്ചിന് ചായ കൊടുക്കാനാ. അവൻ വെളുപ്പിന് ഉണരും. രാവിലെ ഒരു ചായ ശീലമുണ്ടായിരുന്നു. ഇപ്പൊ അതൊക്ക..”

അവർ ഒന്ന് നിർത്തി

“മോൾക്ക് ബുദ്ധിമുട്ട് ആകുമോ?”

“ഇല്ല കൊണ്ട് വരാം “

“ഏതാണ്ടിനോ പഠിക്കുവല്ലായിരുന്നോ?മോളെന്താ പഠിക്കുന്നത് ?”

അവർ ആദ്യമായിട്ടാണ് അവളോട് ചോദിക്കുന്നത്

“TTC ക്ക് പഠിക്കുകയാണ് “

“ടീച്ചർ ആകാനുള്ള പഠിത്തം അല്ലെ?”

“അതെ “

“നന്നായി പഠിക്ക് കേട്ടോ “

അവൾ തലയാട്ടി പിന്നെ ഒഴിഞ്ഞ കുപ്പികൾ വാങ്ങി യാത്ര പറഞ്ഞു പോയി

“എത്ര വയസ്സുണ്ടാകും ആ മോൾക്ക് “

“പതിനേട്ട് കഴിഞ്ഞു കാണും പ്ലസ് ടു കഴിഞ്ഞു ഈ കോഴ്സ് ന് ചേർന്നതാ. എന്റെ മോളുടെ കൂടെയാ പഠിച്ചത്..ഞാൻ നുറു വട്ടം പറഞ്ഞു സാറാ കൊച്ചിനെ പോലെ എന്തെങ്കിലും നോക്കാൻ. നല്ല അധ്വാനിയാ..പഠിത്തം ഇല്ലാത്തപ്പോ പറമ്പിൽ കാണും അപ്പന്റെ കൂടെ. മിടുക്കിയാ.”

“ഇവർ ഇവിടുത്തു കാരല്ല അല്ലിയോ?”

“അല്ല കോട്ടയംകാരാ “

“ഇവിടെ പാല് കൊണ്ട് വന്നതേ കണ്ടിട്ടിള്ളൂ ഞാൻ പുറത്തേക്ക് ഇറങ്ങിട്ടും രണ്ട് മൂന്ന് വർഷം ആയില്ലേ “

സിന്ധു മറുപടി പറഞ്ഞില്ല

രണ്ടു വർഷം ആ വീടിനുള്ളിൽ അവർ ഒഴുക്കിയ കണ്ണ് നീര് അവള് കണ്ടിട്ടുണ്ട്

വർഷം പത്തിരുപതായി അവർ അവിടെ നിൽക്കുന്നു, എല്ലാം അറിയാം, എല്ലാം കാണുന്നുമുണ്ട്. ചാർലി വളർന്നത് അവരുടെ കണ്മുന്നിൽ ആണ്

അവൻ കൊ-ന്നു എന്ന് കേട്ടപ്പോ. ചങ്ക് പിടച്ചു പോയി. മറ്റു മക്കളെ പോലെ അല്ല ചാർലി

അമ്മാമ്മയുടെ ബാക്കി പിള്ളാർക്ക് ഒക്കെ പണത്തിന്റെ ഒരു ഭാവം ഉണ്ട്. അടുക്കളയിൽ വന്നിട്ടേയില്ല

ജോലിക്കാരോട് ആരോടും സംസാരിക്കില്ല

അത് സ്റ്റാൻലി അച്ചായനും അങ്ങനെ തന്നെ

ജോലിക്കാര്യം മാത്രം പറയും

അല്ലാതെ ആരോടും ഒരു കൊച്ചു വർത്തമാനവും ഇല്ല

ചാർലി കുഞ്ഞ് അങ്ങനെ ആയിരുന്നില്ല

ഈ അമ്മാമ്മയെ പോലെ തന്നെ

പാവം

ചേച്ചിയെ എന്നുള്ള വിളിയിൽ ഉണ്ട് മുഴുവൻ സ്നേഹവും

പാവം

അവർ വേദനയോടെ ഓർത്ത് നിന്നു പോയി

സാറ തിരിച്ചു വരുമ്പോൾ മുകളിലേക്ക് വെറുതെ ഒന്ന് നോക്കി

ബാൽകണിയിൽ ഒരാൾ

വിരലുകളിൽ പുകയുന്ന സി-ഗരറ്റ്

അതാവും ചാർലി

അവൾ ഒന്നുടെ നോക്കി

ചാർലി അവളെയും..

അവനാണ് ആദ്യം നോട്ടം മാറ്റിയത്

പുക ഊതി വിട്ടു കൊണ്ട് അവൻ ദൂരേയ്ക്ക് നോക്കി നിന്നു

അവൾ സൈക്കിൾ ഉന്തി കൊണ്ട് നടന്നു

തുടരും…