പ്രണയ പർവങ്ങൾ – ഭാഗം 06, എഴുത്ത്: അമ്മു സന്തോഷ്

ഒരാൾ വന്ന് അപമാനത്തിന്റെ കുറെ ചെളി വാരിയെറിഞ്ഞിട്ട് പോയി. കുറെ ചീത്ത വാക്കുകൾ ശർദ്ദിച്ചിട്ട് പോയി

സാറ തകർന്ന് പോയി

ആരുമില്ലാതെ ആ ആശുപത്രിയി വരാന്തയിൽ അവൾ തളർന്നിരുന്നു

ചേച്ചി അ-ബോർഷൻ ചെയ്തെന്നാണ് ഡോക്ടർ പറഞ്ഞത്. ചേച്ചിക്ക് ഒരു പ്രണയം ഉണ്ടായിരുന്നത് പോലും തനിക്ക് അറിഞ്ഞൂടാ. അങ്ങനെ ഒരു സൂചന പോലും തന്നിട്ടില്ല. എപ്പോഴും ഫോണിൽ ആണ്. മുറിയിൽ കതകടച്ച് ഇരിക്കുന്നതും കാണാം. പഠിക്കുകയാണെന്നാണ് പറയുക. ഇടക്ക് ടെസ്റ്റ്‌ ഉണ്ടെന്ന് പറഞ്ഞു പോവും. എല്ലാ ടെസ്റ്റുകളും എഴുതാറുണ്ട്. ഇതിനായിരുന്നോ പൊയ്ക്കൊണ്ടിരുന്നത്

ദൈവമേ പപ്പയും മമ്മിയുമറിയുമ്പോൾ അവര് എങ്ങനെ ഇതിനെ നേരിടും. അവരെ തകർത്തു കളയുമല്ലോ ഈ വാർത്ത. ചേച്ചിക്ക് എങ്ങനെ തോന്നി ഇത്. ഇതെങ്ങാനും പുറത്ത് അറിഞ്ഞാൽ കുടുംബം മുഴുവൻ ഒരു കയറിൽ തൂങ്ങിയ മാത്രം മതി. നാണക്കേട് കൊണ്ട് പുറത്ത് ഇറങ്ങേണ്ട പിന്നെ, രാത്രി എത്ര ആയിട്ടുണ്ടാവും

ഒരു ബില്ല് കൊണ്ട് വന്നിരുന്നു ഇടക്ക് എപ്പോഴോ അയാളാണ് അടച്ചത്. എത്ര അടച്ചു എന്നറിഞ്ഞൂടാ. രക്തം കൊടുക്കാൻ വന്നതും അയാളുടെ പണിക്കാരാണ്

നിമ്മി പറഞ്ഞത് പോലെ അയാൾ ഒരു ചെ-റ്റ തന്നെ. സംസാരിക്കാൻ അറിയില്ല. അല്ലെങ്കിൽ ഇത്രയധികം അപമാനിക്കുമോ

എടി പോടീ എന്നൊക്ക

മുഖം കണ്ടാലും ഒരു കാട്ടുമൃ-ഗം

മെരുങ്ങാത്ത ഒരു കാട്ടു-മൃഗം

അവൾക്ക് അമ്മയുടെ അനിയത്തിയുടെ നമ്പർ അറിയാമായിരുന്നു

അന്നേരം ചാർലി ചോദിച്ചപ്പോ മനസ്സ് ശൂന്യമായിരുന്നു

ഒന്നും ഓർമ്മ വന്നില്ല

അവൾ ഒരു സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഫോൺ മേടിച്ച് വിളിച്ചു

മറ്റൊന്നും പറഞ്ഞില്ല

ചേച്ചിക്ക് പീരിയഡ്ന്റെ ബ്ലീ-ഡിങ് ആയി ഹോസ്പിറ്റലിൽ ആണ് അത് കൊണ്ട് പപ്പയും മമ്മിയും വേഗം വരണമെന്ന് മാത്രം പറഞ്ഞു

തന്റെ കയ്യിൽ ഒരു കൊച്ചു ഫോൺ ഉണ്ട്. വെപ്രാളത്തിൽ അത് എടുത്തില്ല

പപ്പയുടെ ഫോൺ ചീത്ത ആയിട്ട് നന്നാക്കാൻ കൊടുത്തിരിക്കുന്നതു കിട്ടിയിട്ടില്ല. മമ്മി പിന്നെ ഫോൺ ഉപയോഗിക്കില്ല

വീട്ടില് ജോലി കഴിഞ്ഞു നേരമുണ്ടെങ്കിൽ ബൈബിൾ വായിച്ച് പ്രാർത്ഥിച്ചിരിക്കും പാവം

ചാർലി വീട്ടില് എത്തിയപ്പോ അമ്മച്ചി ഉണർന്ന് ഇരിപ്പുണ്ട്

എന്താ മോനെ വൈകിയത്? ഞാൻ അങ്ങ് പേടിച്ചു പോയി “

അവർ അവന്റെ മുഖത്തെയും തലയിലെയും വെള്ളം തുടച്ച് കൊടുത്തു

“ഒരാളെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിച്ചതാ “

അവൻ അത്രയും പറഞ്ഞിട്ട് മുറിയിലേക്ക് പോയി

“ഡ്രസ്സ്‌ മാറീട്ട് വന്ന് കഴിക്ക് അമ്മച്ചി കിടക്കാൻ പോവാ “

“കിടന്നോ അമ്മച്ചി ഞാൻ വന്നു കഴിച്ചോളാം “

അവൻ ഒന്ന് കുളിച്ചു

പിന്നെ വേഷം മാറി താഴേക്ക് വന്ന് ഇരുന്നു

ചോറും കറികളും പ്ലേറ്റിലേക്ക് വിളമ്പി കഴിച്ചു തുടങ്ങി

അപ്പോൾ അവന്റെ ഓർമ്മയിൽ ആ സംഭവം വീണ്ടും വന്നു

അബോർഷൻ ചെയ്ത് പോലും

അവനു അറപ്പ് തോന്നി

കണ്ടിട്ട് കൊച്ചു പെണ്ണിനെ പോലെ ഉണ്ട്

പത്തിരുപതു വയസ്സ്

കല്യാണം കഴിഞ്ഞിട്ടില്ല

ഒരുത്തന്റെ കൂടെ നാട് ചുറ്റാൻ പോയിട്ടുണ്ടാവും അവൻ വയറ്റിലാക്കി ഉപേക്ഷിച്ചു പോയിട്ടുണ്ടാവും. അതാവും അബോർഷൻ ചെയ്തത്

എത്ര അധഃപതിച്ചു പോയ ഒരു പെണ്ണ്

അവളുടെ അനിയത്തി പെണ്ണിനെ അവൻ കണ്ടിട്ടുണ്ട്

വീട്ടിൽ രാവിലെ പാല് കൊണ്ട് വരും

ആ പരിചയം കൊണ്ടാണ് വണ്ടി നിർത്തിയതും

അത് ഇങ്ങനെ ഒരു നാശമാണെന്ന് അറിഞ്ഞില്ല

ഇതിനെയൊക്കെ രക്ഷിക്കാൻ സഹായിച്ച പോലും ദൈവം പൊറുക്കില്ല

അനിയത്തി പെണ്ണ് ഇനി എങ്ങനെ ആണെന്ന് ആർക്കറിയാം

ഇപ്പൊ പതിനെട്ടു വയസ്സേയുള്ളു, കണ്ടാൽ അത്ര പോലും തോന്നിക്കില്ല. ചെറിയ ഒരു ഉടുപ്പായിരുന്നു വേഷം. സ്കൂൾ കുട്ടിയാണെന്നാണ് ആദ്യം കരുതിയത്

ഡോക്ടർടെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് അത്രയും പ്രായമുണ്ടെന്ന് മനസിലായത്

കാര്യങ്ങൾ മനസിലാകുന്ന പ്രായമാണ്

അവളും കൂടി പക്ഷെ അറിഞ്ഞു കൊണ്ടല്ല എന്നവന് തോന്നി

ഏങ്ങലടിച്ചു കരയുന്ന മുഖം ഓർമ്മയിൽ വന്നപ്പോൾ അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി

താൻ എന്തൊക്കെയോ പറഞ്ഞു

അത് ദേഷ്യം വന്ന് പോയി

അബോർഷൻ എന്ന് കേട്ടപ്പോഴേ വെറുത്തു പോയി. എന്നാലും ആ കൊച്ചു പെണ്ണിനോട് പറഞ്ഞത് കുറച്ചു കടുത്തു പോയി എന്നവന് അറിയാമായിരുന്നു

അവൻ എഴുന്നേറ്റു

കൈയും വായും കഴുകി

ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ എടുത്തു

ഒരു ഗ്ലാസിൽ ഒഴിച്ച് വെള്ളം ചേർക്കാതെ കുടിച്ചു തീർത്തു ബോട്ടിൽ തിരിച്ചു വെച്ച് പടികൾ കയറി മുറിയിലേക്ക് പോയി

കിടന്നിട്ട് ഉറക്കം വരുന്നില്ല

സമയം എത്ര ആയി കാണും

മൂന്ന് മണി

അവൻ ലൈറ്റ് അണച്ചു

പപ്പയും മമ്മിയും വന്നപ്പോ സാറ ഒരു പൊട്ടിക്കരച്ചിലോടെ അവരുടെ മുന്നിലേക്ക് ചെന്നു

“എന്താ മോളെ അവൾക്ക്?”

മമ്മിയും കരച്ചിൽ തന്നെ

പപ്പാ ഡോക്ടറെ കാണാൻ ആയി പോയി

ആ സാധു മനുഷ്യനോട് ഇത് എങ്ങനെ പറയുമെന്നോർത്ത് ഡോക്ടർ വിഷമിച്ചു പോയി

പിന്നെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി

അയാൾ നെഞ്ചത്ത് ഒന്ന് കൈ വെച്ച് കണ്ണ് നീരോടെ ഇറങ്ങി പോകുന്ന കണ്ട് അവരുടെയും കണ്ണ് നനഞ്ഞു

ദൈവമേ എന്ത് ചെയ്യും കുഞ്ഞുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ

അച്ഛന്റെയും അമ്മയുടെയും ഹൃദയം തകർത്തു കൊണ്ട് അവരങ്ങനെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുകയാണ്

എന്തെങ്കിലും വന്ന് കഴിഞ്ഞു വീണു കിടക്കുമ്പോൾ താങ്ങാൻ ഈ അപ്പനും അമ്മയും മാത്രം ഉണ്ടാവുകയുള്ളൂ

മേരി ആ മുഖം കണ്ട് ഭയന്ന് പോയി

“എന്താ ഇച്ചായാ ഡോക്ടർ പറഞ്ഞത്?”

“അവൾ നമ്മളെ ചതിച്ചെടി..അവൾക്ക് ഗ-ർഭം ഉണ്ടാരുന്നു. അത് അലസിപ്പിക്കാനുള്ള ഗുളിക ഏതാണ്ട് കഴിച്ചതാ, അന്നേരം കൊണ്ട് വന്നില്ലായിരുന്നെങ്കിൽ മരിച്ചു പോയേനെ എന്ന്..നമ്മുടെ കുഞ്ഞ് ഇത്രയ്ക്കൊക്കെ എപ്പോഴാ മേരി വളർന്നത്? അവൾക്ക് ആരോടാ ബന്ധം ഉണ്ടാരുന്നേ? നി അറിഞ്ഞോ വല്ലതും?,

മേരിക്ക് താൻ ബോധം കെട്ട് താഴെ വീണു പോകുമെന്ന് തോന്നി

ഗർഭിണി ആയിരുന്നെന്നോ

ഒരുത്തനുമായി പ്രേമം ആയിരുന്നെന്നോ

ഇപ്പൊ അലസിപ്പിച്ചു കളഞ്ഞോ

കർത്താവെ എന്ത് വലിയ ഒരു പാപമാണ് ഇവള് ചെയ്തിരിക്കുന്നത്

എങ്ങനെ തോന്നി ഇവൾക്ക്

ഇത് പുറത്ത് അറിഞ്ഞ തന്റെ രണ്ടു മക്കളുടെയും ഭാവി?

പുറത്ത് ഇറങ്ങി എങ്ങനെ നടക്കുമിനി?

അവർ തളർന്നു

അവിടെ കണ്ട കസേരയിലേക്ക് വീണു

സാറ കരഞ്ഞു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു

ആർക്കും പരസ്പരം ആശ്വസിപ്പിക്കാൻ വയ്യ

എന്ത് പറഞ്ഞു ആശ്വസിപ്പിക്കും

“മോളെ ഇവിടെ നിങ്ങളെ കൊണ്ട് വന്നത് ആരാ?”

തോമസ് ചോദിച്ചു

“ചാർലി. ഞാൻ ഒത്തിരി വണ്ടിക്ക് കൈ കാണിച്ചു ആരും നിർത്തിയില്ല അപ്പുറത്തെ വീട് പൂട്ടിക്കിടക്കുവായിരുന്നു അവിടെയും ആരുമില്ല. ഞാൻ പിന്നെ റോഡിൽ വന്ന്
അങ്ങനെ ആ ആളാണ് ഇവിടെ കൊണ്ട് വന്നത്. കുറെ രക്തം വേണ്ടി വന്ന്. അയാൾ തന്നെ കുറെ പേരെ വിളിച്ചു വരുത്തി രക്തം എത്തിച്ചു. ഏതാണ്ട് ഒരു ബില്ലും അടച്ച് തിരിച്ചു പോയി “

“ദൈവമേ ദൈവം കൊണ്ട് തന്നതാ ആ സമയം. അല്ലെങ്കിൽ കൊച്ച് പോയേനെ മേരി..ഡോക്ടർ അങ്ങനെയാ പറഞ്ഞത് “

തോമസ് മേരിയുടെ അടുത്ത് ഇരുന്നു

“ഇതിൽ ഭേദം അതായിരുന്നു ഇച്ചായാ..ദൈവത്തിനു നിരക്കാത്ത പാപത്തിന്റെ ശമ്പളം മരണമാ. ഇവള് വയറ്റിൽ കിടന്ന കുഞ്ഞിനെ കൊ-ന്ന മഹാപാപിയാ..ദുഷ്ട..എനിക്കി വള് മരിച്ചു പോയാലും സങ്കടം ഒന്നുമില്ല ഇച്ചായാ. അവൾ അവളുടെ കുഞ്ഞിനെ കൊ-ന്നേച്ച് കിടക്കുവാ “

മേരി പൊട്ടിക്കരഞ്ഞു കൊണ്ട് തോമസിന്റെ തോളിൽ മുഖം അമർത്തി

നേരം വെളുത്തു തുടങ്ങി

“മോള് വീട്ടിലോട്ട് ചെല്ല്. പശുനെ കറക്കാൻ ജോസഫ് വരാൻ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. പാല് മുടക്കരുത്. നമ്മുടെ വിഷമങ്ങളും അവസ്ഥയുമൊന്നും അന്യന് ഒരു ബുദ്ധിമുട്ട് ആകരുത്. ശനിയാഴ്ച അല്ലെ ക്ലാസ്സ്‌ ഇല്ലല്ലോ. കുഞ്ഞ് ചോറും കറിയുമൊക്കെ വെച്ചോണ്ട് ഉച്ചക്ക് വന്ന മതി. ചെല്ല് “

അവൾ ഇറങ്ങി

ലിസ്സി ആശുപത്രിയിൽ നിന്ന് പത്തു കിലോമീറ്റർ ഉണ്ടാവും വീട്ടിലേക്ക് അവളുടെ കോളേജ് ഇതിനടുത്താണ്

അവൾ ബസ് വന്നപ്പോ കൈ കാണിച്ചു നിർത്തി കയറി ഇരുന്നു

തലേ ദിവസത്തെ മാനസിക ആഘാതവും ഉറക്കമില്ലായ്മയും അവളെ വല്ലാതെ തളർത്തി കളഞ്ഞു

ബസിന്റെ കമ്പിയിലേക്ക് തല ചായ്ച്ച് വെച്ച് അവളൊന്നു മയങ്ങി

തുടരും…..