പ്രണയ പർവങ്ങൾ – ഭാഗം 12, എഴുത്ത്: അമ്മു സന്തോഷ്

പാല് കൊടുത്തിട്ട് തിരിച്ചു വരുമ്പോൾ സാറ മുകളിലെ ബാൽകണിയിലേക്ക് നോക്കി

ഇല്ല. വന്നിട്ടില്ല. വന്നില്ലെങ്കിൽ തനിക്ക് എന്താ?

ഒന്നുമില്ല

ചേച്ചിയെ രക്ഷിച്ചത് കൊണ്ട് ഒരു കടപ്പാട് ഉണ്ട്. അത്രേ ഉള്ളു.

അവൾ സൈക്കിൾ ചവിട്ടി റോഡിലേക്ക് കയറി. ഇനി അടുത്തത് സൊസൈറ്റിയാണ്

“ഹരിച്ചേട്ടാ ഇന്ന് കുറവുണ്ട്. ഇനി മനസമ്മതം വരെ കുറച്ചു കുറവുണ്ടെന്ന് പപ്പാ പറഞ്ഞു “

അവൾ പാല് അളക്കുന്ന ഹരിയോട് പറഞ്ഞു

“ചേച്ചിയുടെ എൻഗേജ്മെന്റ് ആയി അല്ലെ മോളെ?”

“ആ “

“പപ്പാ ഇന്നലെ വിളിക്കാൻ വന്നപ്പോൾ പറഞ്ഞു. നന്നായി “

സാറ തലയാട്ടി

“മോള് വല്ല ജോലിയൊക്കെ കിട്ടിയിട്ട് കെട്ടിയ മതി കേട്ടോ. നമ്മൾ സ്വന്തം കാലിൽ നിൽക്കണം “

“അത്രേ ഉള്ളു ചേട്ടാ.”

“ഈ വർഷം കഴിഞ്ഞു പഠിത്തം തീരും?”

“ആ പിന്നെ ജോലിക്ക് നോക്കണം. പ്രൈവറ്റ് ആയിട്ട് ഡിഗ്രി എഴുതി എടുക്കണം അങ്ങനെ കുറെ പ്ലാൻ ഉണ്ട് “

“എല്ലാം നടക്കുമെന്ന്.. ഇന്നാ മോളെ കുപ്പികൾ “

അയാൾ അതെല്ലാം സഞ്ചിയിൽ ആക്കി അവൾക്ക് കൊടുത്തു

അവൾ നടന്നു പോയപ്പോ ഒരാൾ അവിടേക്ക് വന്നു

“ഏതാ ആ കൊച്ച്?”

ബ്രോക്കർ പവിത്രൻ

“നിങ്ങൾക്ക് പരുവം ആയിട്ടില്ല. കൊച്ചാ. പഠിച്ചു കൊണ്ടിരിക്കുന്നേയുള്ളു ‘”

“ഞാൻ ആദ്യം കാണുവാ. എവിടുത്തെയാ?”

“അടുത്തുള്ളതാ. സാധാരണ അതിന്റെ പപ്പയാ പാല്. കൊണ്ട്  വരുന്നത്. ഇത് ഇതിന്റെ ചേച്ചിയുടെ മനസമ്മതമാ അത് കൊണ്ട ഈ കൊച്ചു കൊണ്ട്  വരുന്നത്. ഇന്നലെ തൊട്ടാ വരുന്നേ. അതാ നിങ്ങൾ കാണാത്തത്?”

“ഞാൻ അറിയാത്ത ഏത് മനസമ്മതം “

അയാൾ താടിക്ക് കൈ കൊടുത്തു ആലോചിച്ചു

“നമ്മുടെ ഇടവകയിൽ തന്നെ ഉള്ളതാ തോമസ്. ആ കട നടത്തുന്ന തോമസിന്റെ മോളുടെ.”

“ഓ മനസിലായി കളരിക്കലെ ചെറുക്കന്റെ മനസമ്മതം. ആൽബിയുടെ. അത് ഈ കൊച്ചാണോ?”

“അത് തന്നെ “

“അവരുമായി ബന്ധം സ്ഥാപിക്കാൻ ഉള്ള അവസ്ഥ ഒക്കെ ഉണ്ടോ ഇവർക്ക്. ആ അന്നമ്മ ചേട്ടത്തി ആള് കാഞ്ഞ സാധനമാ. ഈ കൊച്ചിന്റെ കാര്യം അധോഗതിയ. അവിടെ ജോലിക്ക് നിൽക്കുന്ന പെണ്ണുങ്ങൾ പറയും അവരുടെ സ്വഭാവം “

“അതിനു ഇപ്പോഴത്തെ കാലത്തു ഏത് പെണ്ണാ ഇവിടെ നിൽക്കുന്നത്? അവൾ കെട്ടിയോന്റെ കൂടെ പോകും “

“ഉവ്വേ അവർ സമ്മതിച്ചു തരും നമുക്ക് കാണാം ” പവിത്രൻ പറഞ്ഞു

അന്ന വലിയ സന്തോഷത്തിലായിരുന്നു. തന്റെ ചെറുക്കനുമായി ജീവിക്കാൻ പോകുന്നു

കാര്യം മനസമ്മതമേ നടക്കുന്നുള്ളെങ്കിലും ഏതാണ്ട് കല്യാണം പോലെ തന്നെ ഗ്രാൻഡ് ആയിട്ടാ പപ്പാ നടത്താൻ തീരുമാനിച്ചിരിക്കുന്നത്

ആൽബിയെ പിന്നെ അവള് കണ്ടില്ല

അവൾ ഇടയ്ക്ക് വിളിച്ചു

കുറച്ചു തവണ ഫോൺ എടുത്തില്ല

ഇടയ്ക്ക് എടുത്തു തിരക്കാണെന്നു പറഞ്ഞു  വെച്ചു

അവനു നല്ല വഴക്ക് കിട്ടുന്നുണ്ടായിരുന്നു. കുടുംബക്കാരുടെ മുഴുവൻ ചീത്ത ആളാംപ്രതി അവൻ നിന്നു കേട്ടു

ജോസഫ് ആണെങ്കിൽ അവനോട് സംസാരിക്കുന്നു പോലുമില്ല

രണ്ടു പെങ്ങന്മാരും വരുന്നില്ല

അവർക്ക് നാണക്കേട് ആണെന്ന് പറഞ്ഞു

അവരുടെ ഭർത്താക്കന്മാരുടെ കുടുംബത്തിൽ അവരുടെ വിലയിടിഞ്ഞു പോയി എന്ന് പറഞ്ഞു കുറെ വഴക്ക് അ അവരുടെ കയ്യിൽ നിന്നും കിട്ടി

അവനു സത്യത്തിൽ അന്നയെ കല്യാണം കഴിക്കാനുള്ള പ്ലാൻ ഒന്നും ഇല്ലായിരുന്നു

ഇത് പോലെ വേറെയും ഒരു റിലേഷൻ ഉള്ളവനായിരുന്നവൻ

ഇതിപ്പോ ഇങ്ങനെ സംഭവിച്ചു പോയത് കൊണ്ട് അവൻ പെട്ടു പോയി

മരിയ അതാണ് മറ്റേ പെൺകുട്ടിയുടെ പേര്

എഞ്ചിനീയർ ആണ്. നല്ല കുടുംബക്കാർ. പരിചയം പ്രേമം ആയിട്ട് ഒരു വർഷം. അവളെയും കൊണ്ട് അവൻ എങ്ങും പോയില്ല. അവളെ കല്യാണം കഴിക്കാൻ തന്നെ ആയിരുന്നു അവന്റെ ഉദ്ദേശം

അവളോട് എല്ലാം പറഞ്ഞു അവൻ, അബോർഷൻ ഒഴിച്ച്

വീട്ടുകാരുടെ നിർബന്ധം ആണെന്ന് തട്ടി വിട്ടു

മരിയയുടെ മുഖത്ത് വേദന നിറഞ്ഞത് കണ്ട് അവനും സങ്കടം തോന്നിയെങ്കിലും വേറെ വഴി ഇല്ല

അവൻ അവളോട് മാപ്പ്. ചോദിച്ചു കരഞ്ഞഭിനയിച്ചു

ഞാൻ നിന്നെ സ്നേഹിച്ച പോലെയാരെയും സ്നേഹിച്ചിട്ടില്ല എന്നൊക്ക പറഞ്ഞു മൂക്ക് പിഴിഞ്ഞ് കരഞ്ഞു

പൊട്ടി വിശ്വസിച്ചു

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഞാൻ നിന്റെ മാത്രം എന്നൊരു പ്രോമിസ്

അതിൽ. അവൾ വീണു

ശുഭം

അല്ലെങ്കിലും മിക്കവാറും പെണ്ണുങ്ങൾ സെന്റിമെന്റ്സിൽ മൂക്കും കുത്തി വീഴും

ആവർത്തനങ്ങൾ

പഠിക്കില്ല. പക്ഷെ

ആൽബി വിഷമത്തോടെ അവളോട് യാത്ര പറഞ്ഞു വിവാഹം കഴിഞ്ഞാലും ഫ്രണ്ട് ഷിപ് തുടരണമെന്ന് പറഞ്ഞു അവർ പിരിഞ്ഞു

അവൻ വീട്ടിലേക്ക് തിരിച്ചു

കൊച്ചി യിലെ ഷെല്ലിയുടെ വീട്

ഷെല്ലിയുടെ വൈഫ് ബെല്ല. ഒരു മോള് ടെസ്സ

ഷെല്ലിക്കും ബെല്ലക്കും താമസിച്ചാണ് കുട്ടികൾ ഉണ്ടായത്. ഒരു പാട് പ്രാർത്ഥനകൾ. ഒരു പാട് ട്രീറ്റ്മെന്റ്, ഒക്കെയുടെയും ഫലമാണ് ടെസ്സ

ഇപ്പൊ ആറു വയസ്സ്

ചാർലി വന്നാൽ അവൾ അവനൊപ്പമാണ്

പിന്നെ പപ്പയേം വേണ്ട മമ്മിയെം വേണ്ട

ബെല്ലയ്ക്കും ഷെല്ലിക്കും മോൾ ആകുന്നതിനു മുൻപ് വരെ ചാർളിയായിരുന്നു മകൻ

അത് പോലെ ആണ് അവർ അവനെ സ്നേഹിച്ചത്. ഇപ്പോഴും അതിൽ ഒരു കുറവും വന്നിട്ടില്ല, കൂടിയിട്ടേ ഉള്ളു

“മോനെ എടാ ഇന്നാ ബീഫ് ഉലർത്തിയത്.. അവൾക്ക് കൊടുക്കണ്ട കേട്ടോ കുരുമുളക് കുറച്ചു കൂടുതലാ “

ബെല്ല കൊണ്ട് വെച്ചു. ചാർളിയുടെ മടിയിലാണ് ടെസ്സ. അവൻ ഒരു കഷ്ണം ബീ-ഫ് വായിലിട്ടു

“എന്റെ ചേട്ടോ നിങ്ങൾ ഭാഗ്യവനാ കേട്ടോ. എന്നാ ഒരു കൈപ്പുണ്യമാ. സത്യം പറയാമല്ലോ ബീഫിന്റെ കാര്യത്തിൽ ചേച്ചിയെ കഴിഞ്ഞേ ഉള്ളു അമ്മച്ചി പോലും “

ബെല്ലയുടെ മുഖം തെളിഞ്ഞു

“കുറച്ചു കപ്പേം കൂടി എടുത്തു വരാമേ ‘

അവൾ അകത്തേക്ക് ഓടി

“ഡാ ഇത് അമ്മച്ചിയുടെ മുന്നിൽ വെച്ചു നീ പറഞ്ഞാൽ അന്ന് ഞാൻ നിനക്ക് ബെൻസ് മേടിച്ചു തരും “

ഷെല്ലി അവനെ ഒന്ന് നോക്കി

ചാർലി ചെറിയ ചമ്മൽ നിറഞ്ഞ ഒരു ചിരി പാസ്സാക്കി

“അതിപ്പോ… പറയണ്ട സിറ്റുവേഷൻ വന്ന ഞാൻ പറയും എനിക്കു ആരേം പേടിയൊന്നുമില്ല. ഞാൻ സത്യമാ പറഞ്ഞത്. ബെല്ല ചേച്ചി ഉണ്ടാക്കുന്ന ബീഫ് ഉലർത്തിയതാ എനിക്ക് ഈ ഭൂമിയിൽ ഏറ്റവും ഇഷ്ടം “

“ഹൊ എന്റെ കർത്താവെ.. ഇത് കേട്ടോ. ദേ ഇച്ചായാ ഈ കാലം വരെ നിങ്ങൾ ഞാൻ വെയ്ക്കുന്ന എന്തെങ്കിലും കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ടോ. വെട്ടി വീഴ്‌ങ്ങുന്നതിനു ഒരു കുറവും ഇല്ല. മോനെ കപ്പ തിന്നെടാ “

അവൻ തലയാട്ടി

“ദേ അവൾ ഇരുന്നു ഉറക്കം തൂങ്ങുന്നു കൊണ്ട് കിടത്തിയേച്ചും വരാം പോകല്ലേ. നല്ല വൈൻ ഉണ്ട്നീ വരുന്ന കൊണ്ട് ഭരണി പൊട്ടിച്ചില്ലടാ. ഇപ്പൊ വരാട്ടോ “

അവൾ പോയി

“പാവം ചേച്ചി “

അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഷെല്ലിയെ നോക്കി

“ഒരു കുടുംബകലഹം ഉണ്ടാക്കിയപ്പോൾ പോന്നു മോനു സമാധാനം ആയോ?”

“ഞാൻ എപ്പ?”

അവന്റെ കണ്ണുകളിൽ നിഷ്കളങ്കത നിറഞ്ഞു

“നീ ഈ വരുമ്പോൾ വരുമ്പോൾ അവളെ ഇങ്ങനെ പുകഴ്തിയിട്ടു അങ്ങ് പോകും. ഞാനാ അതിന്റെ ബാക്കി അനുഭവിക്കേണ്ടത് “

“നിങ്ങളും കുറച്ചു പുകഴ്ത്തിക്കോ മനുഷ്യാ. പൈസ ഒന്നും മുടക്കില്ലല്ലോ വായിൽ നിന്ന് രണ്ടു വാക്ക് വീണാ പോരെ? ഒന്നുല്ലങ്കിൽ കെട്ടിയോൾ അല്ലെ?”

“സ്വന്തം കല്യാണം കഴിഞ്ഞും ഇതൊക്ക കണ്ടാൽ മതി “

“അന്ന് ഞാൻ മറന്നാൽ നീ അങ്ങ് പുകഴ്ത്തിക്കോ ചേട്ടായി “

അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് ബാക്കി വന്ന ബീ-ഫ് പെറുക്കി വായിലിട്ടു

ഷെല്ലി കുറച്ചു നേരം അവനെ നോക്കിയിരുന്നു

ജീവിതത്തിൽ ടെസ്സ മോളെ പോലും അവൻ ഇത്രയും സ്നേഹിക്കുന്നില്ല

ഏറ്റവും ഇഷ്ടം ഇവനോടാണ്

അത് കൊണ്ടാണ് അവൻ ഇല്ലാതിരുന്ന രണ്ടു വർഷങ്ങളിൽ ചിരി മറന്ന് പോയത്. പടു വൃദ്ധനെ പോലെ മുഴുവൻ നരച്ചു പോയത്. കണ്ണീർ ഒഴുകാത്ത രാത്രികളില്ലായിരുന്നു

“ദേ ഭരണി ഇനി പൊട്ടിച്ചോ “

വീഞ്ഞ് ഭരണി മുന്നിൽ വന്നു. ബെല്ല ചേച്ചി എളിയിൽ കൈ കുത്തി. ചാർലി അതിന്റെ മൂടി അഴിച്ചു. മുഖം കുറച്ചു താഴ്ത്തി മണം ഉള്ളിലേക്ക് എടുത്തു

എന്റെ പോന്നു ചേച്ചി.. നിങ്ങള് മുത്താണ്. സ്വത്ത് ആണ്. ചക്കര ആണ്. “

ബെല്ല ഒരു ഗ്ലാസിൽ ഒഴിച്ച് അവനു കൊടുത്തു

അവൻ അത് ഷെല്ലിക്ക് നീട്ടി

“കുറച്ചു കുടിച്ചേച്ചും താ “

ഷെല്ലി ഒന്ന് മൊത്തിയിട്ട് തിരിച്ചു കൊടുത്തു

അവൻ അത് ഒറ്റ വലിക്കു തീർത്തു ഗ്ലാസ്‌ നീട്ടി. ബെല്ല വീണ്ടും കൊടുത്തു

“മതി “

അഞ്ചാമത്തെ ഗ്ലാസ്‌ ആയപ്പോൾ ഷെല്ലി അവന്റെ കയ്യിൽ നിന്ന് അത് മേടിച്ചു വെച്ചു

“വാ മുറിയിൽ പോയി കിടക്കാം “

“ഞാൻ പൊക്കോളാം എനിക്കു തലയ്ക്കു പിടിച്ചിട്ടൊന്നുമില്ല “

“നടക്കടാ ചെറുക്കാ “

ഷെല്ലി അവനെ കൊണ്ട് കിടത്തി

“ചേട്ടായി ഇന്ന് എന്റെ കൂടെ കിടക്ക് വാ “

ചാർലി അവന്റെ കൈ പിടിച്ചു മുഖത്തോട്ട് ചേർത്ത് കണ്ണുകൾ അടച്ചു

ഷെല്ലി നിറഞ്ഞ കണ്ണുകളോടെ അവന്റെ അരികിൽ ഇരുന്നു

അവൻ ഉറങ്ങിയെന്നു തോന്നിയപ്പോ പുതപ്പ് എടുത്തു പുതപ്പിച്ചു

പിന്നെ കുനിഞ്ഞു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു

തുടരും