പാല് കൊടുത്തിട്ട് വരുമ്പോൾ സാറ പതിവ് പോലെ മുകളിലേക്ക് നോക്കിയില്ല. പലതവണ നോക്കണം എന്ന് തോന്നിയെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു
ചാർലി മുകളിൽ നിൽക്കുന്നുണ്ടായിരുന്നു. അവൾ പോകുന്നത് അവൻ കണ്ടു. സാധാരണ ഒന്ന് തിരിഞ്ഞു നോക്കാറുള്ളതാണ്. അവൾ സൈക്കിൾ ഉന്തി നടന്നു പോകുന്നത് അവൻ നോക്കി നിന്നു
എന്തോ പോലെ, മനസ്സിന് ഒരു വല്ലായ്മ
എന്താ അവള് നോക്കാഞ്ഞത്? “
സാറയ്ക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു
എന്തിനാ അത് എന്ന് ചോദിച്ചാൽ അവൾക്കറിഞ്ഞു കൂടാ, കണ്ണുകൾ നിറഞ്ഞത് അവൾ തുടച്ചു. പിന്നെ പാല് കൊടുക്കാനുള്ളത് വേഗം വേഗം കൊടുത്തു തീർത്തു
ഇന്ന് കോളേജ് ഉള്ള ദിവസമാണ്. അവൾ യാന്ത്രികമായി എന്ന വണ്ണം ഒരുങ്ങി
“നി ചോറ് എടുക്കുന്നില്ലേ?” മമ്മി ചോദിച്ചത് അവൾ കേട്ടില്ല
ബാഗ് എടുത്തു ചുമലിൽ തൂക്കി നടന്നു. ഉള്ളിൽ ഒരു വിഷാദത്തിന്റെ കുമിള ഉണ്ട്
റോഡരികിൽ മിനി ചേച്ചി. അവൾ പാടു പെട്ട് ഒരു ചിരി വരുത്തി
“മോള് ഇതൊന്നു പോസ്റ്റ് ചെയ്തേക്കണേ “
ഒരു കത്ത്
ഇപ്പൊ മിക്കവാറും ദിവസങ്ങളിൽ ഉണ്ട്
അവൾ അത് വാങ്ങി ബാഗിൽ വെച്ച് നോക്കി ചിരിച്ചു
“അഭിക്കുട്ടൻ എന്തിയെ? ഞാൻ വേണേൽ അങ്ങോട്ട് വിട്ടേക്കാം “
“മോൾക്ക് അത് ഒരു ബുദ്ധിമുട്ട് അല്ലെ?”
“എന്ത് ബുദ്ധിമുട്ട്? സ്കൂളിന്റെ മുന്നിൽ നിന്നാ ബസ് കിട്ടും. ഞാൻ വിട്ടേക്കാം “
അഭിയെ വേഗം ഒരുക്കി കൂടെ വിട്ടു മിനി. അവൾ അഭിയുടെ വിരലിൽ പിടിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു നടന്നു തുടങ്ങി. പതിവ് പോലെ ക്ലാസ്സിൽ കൊണ്ട് ഇരുത്തി തിരിച്ചു നടക്കുമ്പോ വെറുതെ നോക്കി എവിടെയെങ്കിലും ഉണ്ടോ ആ ആള്?
അറിയാതെ സാറയുടെ ഉള്ളിൽ ഒരു പേടി നിറഞ്ഞു. മനസ്സ് തെറ്റി പോവാണ്. എന്തിനെയൊക്കെയോ. ആഗ്രഹിക്കുന്നുണ്ട്. അവൾ പിന്നെ കുനിഞ്ഞു നടന്നു
മുന്നിൽ രണ്ടു പാദങ്ങൾ. പെട്ടെന്ന് അവൾ നിന്നു
ചാർലി
അവൾ പതറി പോയി
പിന്നെ ഒഴിഞ്ഞു അല്പം മാറി നടന്നു
അവൾ എന്തിനാ അങ്ങനെ പെരുമാറുന്നതെന്ന് ചാർളിക്ക് മനസിലായില്ല. ചിലപ്പോൾ താൻ ഒരാളെ കൊ- ന്നിട്ട് ജയിലിൽ പോയി വന്നവൻ ആണെന്ന് അവൾക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തു കാണും. ഇപ്പോഴായിരിക്കും അത് അവൾ അറിഞ്ഞു കാണുക. അതായിരിക്കും ഒഴിഞ്ഞു മാറി പോകുന്നത്
നന്നായി, പോട്ടെ…തനിക്ക് എന്താ?
അവൻ വെറുതെ റോഡിലേക്ക് നോക്കി നിന്നു. അവളെ വഹിച്ചു കൊണ്ട് പോകുന്ന ബസ് അകന്നു പോയി
അവൻ മാനേജരുടെ മുറിയിലേക്ക് പോയി
സാറ കണ്ണുകൾ തുടച്ചു കൊണ്ടേയിരുന്നു. മുന്നിൽ ചെന്നിട്ട് പോലും മിണ്ടിയില്ല. തന്നോടും മിണ്ടാമല്ലോ. എന്താ ഇവിടെ എന്ന് പോലും ചോദിച്ചില്ല
ഇപ്പൊ മനസിലാകുന്നു നിമ്മി പറഞ്ഞത്, ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരില്ല. ഭൂമിയിലുള്ള പുൽക്കൊടികൾക്ക് അതിന്റെ ഭംഗിയും വെളിച്ചവും കാണാനുള്ള അർഹത മാത്രം ഉള്ളു
അവൾ കമ്പിയിൽ ശിരസ്സ് അർപ്പിച്ച് ഇരുന്നു
എന്നോട് എന്താ മിണ്ടാഞ്ഞേ എന്ന് അപ്പോഴും അറിയാതെ ഉള്ളിൽ അവൾ ചോദിച്ചു കൊണ്ടേയിരുന്നു. മനസ്സ് എവിടെയോ പിടി വിട്ട് പോയി. അത് അവളുടെ ചലനങ്ങളെയും ബാധിച്ചു
ബസ് ഇറങ്ങിയപ്പോ വീണു. ഡബിൾ ബെൽ അടിച്ചത് ശ്രദ്ധിക്കാതെ ഇറങ്ങി. ആൾക്കാർ ഓടി വന്ന് അവളെ ആശുപത്രിയിൽ കൊണ്ട് പോയി
“അത്രയ്ക്കൊന്നുമില്ല. തല അടിച്ചില്ലല്ലോ അത് തന്നെ ഭാഗ്യം. പക്ഷെ കാല് ഉരഞ്ഞു കീറി കൈ മുട്ടിലെ കുറച്ചു തൊലി പോയി. വീട്ടിൽ വന്നപ്പോൾ പപ്പയും അമ്മയും ഭയന്ന് പോയി
അവള് കയറി കിടന്നു. ദേഹത്തിന്റെ വേദന ഒന്നും സാരോല്ല. അവൾ കണ്ണുകൾ അടച്ചു
ചാർലി ഒന്ന് നോക്കി
ഇന്നും തോമസ് ആണ് പാല് കൊണ്ട് വന്നത്. അവൻ താഴേക്ക് ചെന്നു. അവനെ കണ്ടു തോമസ് ബഹുമാനത്തോടെ ഒന്ന് ഒതുങ്ങി
സിന്ധു അവനെ കണ്ടു ചിരിച്ചു. പിന്നെ കുപ്പി തിരിച്ചു കൊടുത്തു
“ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ?” സിന്ധു ചോദിക്കുന്നു
അയാളുടെ മറുപടി ചാർലി കേട്ടില്ല
“കൊച്ചിന് ചായ തരട്ടെ?” അയാൾ പോയപ്പോ സിന്ധു ചോദിച്ചു
അവൻ ഒന്ന് മൂളിയിട്ട് സ്ലാബിൽ കയറി ഇരുന്നു
“പാല് കൊണ്ട് വരുന്ന ആ കൊച്ചില്ലേ സാറ. അത് ബസിൽ നിന്നു വീണെന്ന് പറയുവായിരുന്നു. അതിന്റെ പപ്പയാ അത് “
ചാർളിയുടെ ഹൃദയത്തിൽ കൂടി എന്തോ ഒന്ന് കടന്നു പോയി
“ബസിൽ നിന്നു വീണോ എങ്ങനെ?” അവൻ അറിയാതെ ചോദിച്ചു പോയി
“ബെൽ അടിച്ചപ്പോ ശ്രദ്ധിച്ചില്ല പോലും. ഇറങ്ങിയപ്പോ ബസ് എടുത്തു. ഭാഗ്യത്തിനാ രക്ഷപെട്ടതെന്ന്. തലയോ വല്ലോം അടിച്ചിരുന്നെങ്കിൽ പറയണോ “
ചാർലി വല്ലാതായി. അവൻ പെട്ടെന്ന് എഴുന്നേറ്റു മുറിയിലേക്ക് പോയി. ചിരിക്കുമ്പോൾ തെളിയുന്ന രണ്ടു നുണക്കുഴികൾ ഉള്ളിലേക്ക് വന്നു
“എന്താ അന്ന് സ്കൂളിൽ വെച്ചു കണ്ടിട്ട് മിണ്ടാത് പോയത്?”
രണ്ടു നക്ഷത്രകണ്ണുകൾ ചോദിക്കുന്നു. ഉള്ളു പിടയുന്ന പോലെ. ബസിൽ നിന്ന് വീഴുക
ദൈവമേ…പരുക്കുകൾ പറ്റിയിട്ടുണ്ടാകും. ഉറപ്പാണ്. നടക്കാൻ വയ്യായിരിക്കും. അതാണ് വരാത്തത്
മുറിവുകൾ എത്ര ആഴമുള്ളതാവും
സ്റ്റിച്ച് ഉണ്ടാകുമോ.?
അവൻ ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു. ആരോട് ചോദിച്ചു നോക്കും?
നിമ്മി
അവനു പെട്ടെന്ന് നിമ്മിയെ ഓർമ്മ വന്നു. പക്ഷെ വേണ്ട. അവൾ തെറ്റിദ്ധരിക്കും. വേണേൽ നാട് മുഴുവൻ പറഞ്ഞു നടക്കും. അതിന് മാത്രം ഉള്ള ബന്ധം ഒന്നുമില്ല, നാട്ടുകാരിയാണ്. അത്രേ ഉള്ളു
അവൻ ആവർത്തിച്ചു. ഇവിടെ നിന്ന ശരിയാവില്ല
അവൻ കുറച്ചു വസ്ത്രങ്ങൾ എടുത്തു വെച്ചു
കൊച്ചിക്ക് പോകാം. പക്ഷെ എന്തോ പോലെ..
കണ്ടിരുന്നെങ്കിൽ ചോദിച്ചു നോക്കാമായിരുന്നു എങ്ങനെ ഉണ്ടെന്ന്. വേദന ഉണ്ടാവും. നടക്കാൻ വയ്യാരിക്കും
കയ്യോ കാലോ ഒടിഞ്ഞു കാണുമോ
അവൻ വസ്ത്രങ്ങൾ തിരിച്ചലമാരയിൽ വെച്ചു
“കൊച്ചേ ഇതെന്തുവാ എത്ര തവണ വിളിച്ചു? കാപ്പി കുടിക്കാൻ വരുന്നില്ലേ?”
അമ്മ
അവൻ പെട്ടെന്ന് ചിരിച്ചു
“എന്താ കാപ്പിക്ക്.?”
“ഇടിയപ്പം “
അവൻ അമ്മയെ ചേർത്ത് പിടിച്ചു
“ഞാൻ കഴിഞ്ഞ തവണ കൊച്ചിയിൽ ചെന്നപ്പോഴേ ബെല്ല ചേച്ചി അപ്പവും താറാവും വെച്ചു കേട്ടോ അമ്മച്ചി. എന്നാ ഒരു രുചി ആരുന്നു! ഹൊ വിരൽ കടിച്ചു പോയി. അല്ലെങ്കിലും ചേച്ചി പൊളിയാ “
ഷേർലിയുടെ മുഖം കുഞ്ഞായി ഒന്ന് വീർത്തു
“അതവളു കുട്ടനാട്ട് കാരിയല്ലേ അപ്പൊ താറാവും കോഴിയുമൊക്കെ വേറെ രീതി ആണ്..അവിടെ പാചകം നമ്മുടെ പോലെ അല്ല വ്യത്യാസം ഉണ്ട്. പിന്നെ അവളെ യൂ ട്യൂബിൽ ഒക്കെ നോക്കി ചെയ്യുന്നതായിരിക്കും. വന്നപ്പോൾ ചമ്മന്തി അരയ്ക്കാൻ അറിഞ്ഞൂടാരുന്നു “
“പണ്ട് എങ്ങനെ എന്നതല്ലല്ലോ ഇപ്പൊ. എങ്ങനെ അതല്ലേ അമ്മച്ചി കാര്യം? ബെല്ല ചേച്ചി ഉണ്ടാക്കുന്ന ബീ–ഫ് “
ഷേർലി ഒരു കുത്തു വെച്ചു കൊടുത്തു
“എന്നാ നി അവിടെ പോയി തിന്ന മതി
ഇവിടെ ഞങ്ങൾ പാവങ്ങൾ ഇടിയപ്പവും മുട്ടയും ഉച്ചക്ക് ഇച്ചിരി മീൻ കറിയും ഒക്കെ ഉണ്ടാക്കത്തുള്ളൂ അവന്റെ ഒരു ബെല്ല ചേച്ചി “
ചാർലി പൊട്ടിച്ചിരിച്ചു പോയി
“എന്റെ അമ്മോ ഞാൻ വെറുതെ പറഞ്ഞതാ. അമ്മ എന്തോ പറയുമെന്ന് അറിയാൻ “
അവൻ ഷേർലിയുടെ മുടി ഒതുക്കി വെച്ചു
“എന്റെ ഷേർലി കൊച്ച് ഉണ്ടാക്കുന്ന ഇടിയപ്പത്തിന്റെയും മുട്ടാക്കറിയുടെയും ഒരു ടേസ്റ്റ് ഞാൻ അവിടെ ചെന്നാലും പറയും എന്റെ അമ്മച്ചി ഉണ്ടാക്കുന്ന കപ്പപ്പുഴുക്ക്, മീൻ പൊള്ളിച്ചത്…വരാൽ ഒക്കെ പൊള്ളിച്ച് അങ്ങോട്ട് വെച്ച ഒരു കലം ചോറ് ഉണ്ണാം എന്ന് “
അവരുടെ മുഖം വിടർന്നു
“ശരിക്കും?”
“സത്യം..ഞാൻ കള്ളം പറയുമോ.? അമ്മച്ചിയല്ലേ ഏറ്റവും സൂപ്പർ കുക്ക്.”
സ്റ്റാൻലി അത് നേർത്ത ചിരിയോടെ കേട്ട് നിൽക്കുകയായിരുന്നു
“നി കൊച്ചിയിൽ പോണുണ്ടോ?”
“ങേ?” അവൻ അപ്പായെ നോക്കി
“അല്ല ഷെല്ലി വിളിച്ചാരുന്നു. വിജയുടെ എന്തോ കാര്യത്തിന് കോട്ടയം വരെ പോകണം എന്ന് പറഞ്ഞു. നിന്നെ കൂട്ടി പോകാം എന്നാ പറഞ്ഞത്”
“അതിന് ഞാൻ എന്നാത്തിനാ ചേട്ടൻ പൊയ്ക്കോളും “
അവൻ ഉഴപ്പി
“എന്നാ നി ഒന്ന് തിരിച്ചു വിളിച്ചു പറഞ്ഞേക്ക് “
“ആ “
അവനു ഇവിടം വിട്ട് പോകണം എന്ന് ഇപ്പൊ ഇല്ല. പണ്ട് അങ്ങനെ അല്ല, വന്നാൽ ഓടിയങ്ങ് പോകാൻ ആണ് ധൃതി. അപ്പം എടുത്തു കറിയിൽ മുക്കി സ്റ്റാൻലി
“ഇവിടെയും താറാവ് ഒക്കെ കിട്ടും. നിനക്ക് ഇഷ്ടം ആണെങ്കി ഞാൻ മേടിപ്പിക്കാം “
സ്റ്റാൻലി അവന്റെ മുഖത്ത് നോക്കി. ചാർലി അമ്മച്ചിയെ നോക്കി
“അത് പിന്നെ….ഉണ്ടാക്കിയ തിന്നും
അമ്മച്ചി വെച്ചു തന്ന മതി “
“അതെന്നാ വർത്താനം ആണെടാ. ഞാനല്ലാതെ ആരാ വെയ്ക്കുന്നതിവിടെ..”
“അതാണ്. അപ്പ വാങ്ങിപ്പിക്ക്. നമുക്ക് നോക്കാല്ലോ “
അവൻ അമ്മയെ എരി കേറ്റി
സ്റ്റാൻലി ഒരു മുഴുവൻ നിമിഷവും അവനെ നോക്കിയിരുന്നു. കുറച്ചു കളിയും ചിരിയും ഒക്കെ വന്നിട്ടുണ്ട്
“പിന്നെ ഇച്ചായാ നമ്മുടെ പാല് കൊണ്ട് വരുന്ന സാറ ഉണ്ടല്ലോ. അത് ബസിൽ നിന്ന് വീണു. കാലിലും കയ്യിലുമൊക്കെ മുറിവുണ്ട്. ഒന്ന് പോയി കാണണം എന്നെ ഒന്ന് കൊണ്ട് പോകണം. എനിക്ക് അവരുടെ വീട് അറിയില്ല “
“നിനക്ക് അറിഞ്ഞൂടെടാ?”
ചാർലി ആ ചോദ്യത്തിൽ പെട്ടെന്ന് ഒന്ന് ഞെട്ടി
“ങേ?”
“അല്ല സാറയുടെ വീട്?”
“വീട്? അങ്ങനെ കൃത്യമായിട്ട്….ഇല്ല അറിഞ്ഞൂടാ “
അവൻ പെട്ടെന്ന് പറഞ്ഞു തീർത്തു. പിന്നെ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു
“ഞാൻ പറഞ്ഞു തരാം. അമ്മയെയും കൊണ്ട് ഒന്ന് പൊ. വൈകിട്ട് എനിക്ക് പള്ളി കമ്മറ്റിയിൽ മീറ്റിംഗ് ഉണ്ട് “
“നാളെ പോയാലും പോരെ അമ്മയ്ക്ക്? ഞാൻ ഇപ്പൊ. എന്തിനാ?”
“ഓ പാവത്തുങ്ങൾ ആയത് കൊണ്ടായിരിക്കും..നി പോകണ്ട, ഞാൻ കൊണ്ട് പോകാം. നി കാപ്പി കുടിച്ചിട്ട് ഒരുങ്ങിക്കോ. രാവിലെ പോയേച്ചും വരാം “
ചാർലി അമ്പരന്ന് പോയി
പാവങ്ങൾ ആയത് കൊണ്ടാണ് താൻ പോകാത്തത് എന്ന് അപ്പൻ എത്ര പെട്ടെന്ന് വിധിയെഴുതി
അങ്ങനെ ഒന്നുമല്ല. പക്ഷെ ഇനിതിരുത്താൻ പറ്റില്ല. ഒരുപക്ഷെ സാറയുടെ ഉള്ളിലും അത് കാണും
അന്ന് മനസമ്മതത്തിന് ചെന്നിട്ട് താൻ ഒന്നും കഴിച്ചില്ല
അവൾ ചോദിച്ചു
“ഞങ്ങൾ പാവങ്ങൾ ആയിട്ടാണോ കഴിക്കാതെ പോകുന്നെ എന്ന്?”
അതാവുമോ ചിലപ്പോ ഒഴിഞ്ഞു മാറി പോകുന്നത്?
തുടരും….