ഇച്ചേച്ചി…
എഴുത്ത്: ബിന്ദു എന്‍ പി
====================
പുതിയ സ്കൂളിലേക്ക് ചാർജ്ജെടുത്തിട്ട് മൂന്നാല് ദിവസമേ ആയുള്ളൂവെങ്കിലും ആ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഞാനവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു
ഈ ദിവസങ്ങളിലെല്ലാം അവസാനം ക്ലാസ്സിലേക്ക് വന്ന കുട്ടി അവൻ മാത്രമായിരുന്നു. ബെല്ലടിച്ചു കഴിഞ്ഞ ശേഷം ഓടിക്കിതച്ചവൻ ക്ലാസ്സിലെത്തുമ്പോൾ ആ മുഖത്തു വല്ലാത്ത പരിഭ്രമമുണ്ടായിരുന്നു. ഒരു കൈകൊണ്ട് തന്റെ പുസ്തകവും മറു കൈ കൊണ്ട് തന്റെ ഊരിപ്പോകുന്ന ട്രൗസർ പിടിച്ചു നേരെയാക്കിക്കൊണ്ടും അവൻ ക്ലാസ്സിൽ വന്നപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി. ആരുടേയും മുഖത്തു നോക്കാതെയവൻ ക്ലാസ്സിൽ വന്നിരുന്നു.
തലയുയർത്താൻ അവന് ധൈര്യമില്ലാത്തതുപോലെ തോന്നി. അവനെ കാണുമ്പോഴൊക്കെ അറിയാതൊരു വേദന എന്നിൽ വന്നു നിറയുന്നത് ഞാനറിഞ്ഞു
വള്ളി പൊട്ടിയ നിക്കറിട്ടൊരു ആറാം ക്ലാസുകാരൻ എന്റെയുള്ളിൽ തെളിഞ്ഞു വന്നു
“പോടാ നീ ഞങ്ങളുടെ കൂടെ വരണ്ട..ഒരു നല്ല കുപ്പായം പോലുമില്ലല്ലോ നിനക്ക്.” അത് കേട്ടിട്ടും പിന്നാലെ നടന്ന ആ ആറാം ക്ലാസുകാരനെ അതിലൊരുവൻ പിടിച്ചു തള്ളിയതും അവൻ തെറിച്ച് വീണതും ഒരുമിച്ചായിരുന്നു
“എന്താടാ നിങ്ങൾ ചെയ്തത്” എന്നുപറഞ്ഞു കൊണ്ട് അവരെക്കാൾ അല്പം മുതിർന്നൊരു പെൺകുട്ടി ഓടി വന്ന് പിടിച്ചെഴുന്നേൽപ്പിച്ചു
“അയ്യോ കയ്യിൽ നിന്നും ചോ-ര വരുന്നുണ്ടല്ലോ..” അവൾ ചുറ്റും നോക്കി. അവിടെ കണ്ട ഒരു ചെടിയുടെ ഇലയെടുത്ത് അതിന്റെ നീര് മുറിവിൽ വെച്ചു കെട്ടി
“സാരോല്ല വേഗം ഉണങ്ങിക്കോളും ട്ടോ..” എന്ന് പറഞ്ഞു
ആ ആറാം ക്ലാസുകാരൻ ഞാനായിരുന്നു. അവരെ ഞാൻ ഇച്ചേച്ചി എന്ന് വിളിച്ചു. പിന്നീട് മനസ്സിലായി എന്നെ പിടിച്ചു തള്ളിയ കണ്ണന്റെ ചേച്ചിയാണ് അവരെന്ന്. കണ്ണനും ഞാനും ഒരേ ക്ലാസ്സിലായിരുന്നു. നാട്ടിലെ വലിയ തറവാടായിരുന്നു ഇച്ചേച്ചിയുടേത്. അവിടെയാണ് എന്റെ അമ്മ വീട്ടു വേലയ്ക്ക് പോയിരുന്നത്
ആ സംഭവത്തിന് ശേഷം ഇച്ചേച്ചിയും ഞാനും നല്ല കൂട്ടായി, സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും എന്നെ കൂടെ കൂട്ടും. കണ്ണന്റെ പഴയ യൂണിഫോം ആരും കാണാതെ എനിക്ക് കൊണ്ടുവന്നു തന്നതും ഇച്ചേച്ചിയായിരുന്നു. അതില്പിന്നെയാണ് ഞാനൊരു നല്ല ഡ്രസ്സ് ഇട്ട് സ്കൂളിൽ പോയത്. അതൊന്നും കണ്ണനറിഞ്ഞില്ല…
അവധി ദിവസങ്ങളിൽ അമ്മയുടെ കൂടെ ഞാനും പോകും ഇച്ചേച്ചിയുടെ തറവാട്ടിൽ അമ്മയെ സഹായിക്കാൻ. അപ്പോൾ ആരും കാണാതെ എനിക്ക് കഴിക്കാൻ ഇച്ചേച്ചി പലഹാരങ്ങൾ കൊണ്ടുവന്നു തരുമായിരുന്നു
പിന്നീട് കാലം കഴിയവേ ഞാനും അമ്മയും അവിടെ നിന്ന് താമസം മാറി. പിന്നീടറിഞ്ഞു ഇച്ചേച്ചി ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഇറങ്ങിപ്പോയി എന്ന്. അതില്പിന്നെ ഇച്ചേച്ചിയെ കണ്ടിട്ടേയില്ല…
ഏറെ കഷ്ടപ്പെടുമ്പോഴും മുന്നിലൊരു ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. പഠിച്ചൊരു ജോലി വാങ്ങണം. ആ വാശിയാണെന്നെ ഈ സ്കൂളിലെത്തിച്ചത്
ആ കുട്ടിയുടെ പേര് രാമു എന്നായിരുന്നു. ഇന്റർവെൽല്ലിന് ഞാൻ രാമുവിനെ അടുത്തു വിളിച്ചു. അതിനിടയിൽ അവൻ പഠിക്കാൻ മിടുക്കനാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. അവന്റെ വീടെവിടെയാണെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും ഞാൻ ചോദിച്ചു. വീട് സ്കൂളിനടുത്താണെന്നും വീട്ടിൽ അമ്മയും ഒരനിയത്തിയുമുണ്ടെന്നും അച്ഛൻ ഒരപകടത്തിൽ മരണപ്പെട്ടുവെന്നും അവനെന്നോട് പറഞ്ഞു. അമ്മ കൂലിവേല ചെയ്താണ് കുടുംബം നോക്കുന്നതെന്നും അമ്മയ്ക്കിടയ്ക്കിടെ എന്തോ വയ്യായ്ക വരാറുണ്ടെന്നും അവൻ പറഞ്ഞപ്പോ അവന്റെ അമ്മയെ കാണാൻ ഞാൻ തീരുമാനിച്ചു
വൈകുന്നേരം സ്കൂൾ വിട്ട് അവന്റെ കൂടെ നടക്കുമ്പോൾ അവന്റെ പഠനച്ചെലവ് വഹിച്ചോളമെന്ന തീരുമാനത്തിൽ ഞാൻ എത്തിയിരുന്നു..പോകുന്ന വഴിയിൽ ഒരു കടയിൽ കയറി അവന് രണ്ടു ജോഡി ഡ്രസ്സ് വാങ്ങി. കൂടെ അവന്റെ അനിയത്തിക്കും…
ഒടുവിൽ അവന്റെ വീടെത്തി, വീടെന്ന് പറയാനാവില്ല. ഒരു കൂര…അതിൽ നിന്നിറങ്ങി വന്ന സ്ത്രീയെ കണ്ടപ്പോൾ എവിടെയോ കണ്ട് നല്ല പരിചയം തോന്നി. പക്ഷേ എവിടെ?
പെട്ടെന്ന് ഒരു മിന്നായം പോലെ ആ മുഖം മനസ്സിലേക്ക് വന്നു.
ഇച്ചേച്ചി….
അറിയാതെ ആ വിളി പുറത്തേക്ക് വന്നു. അവർ അമ്പരന്നു. അവർക്ക് ആദ്യമൊന്നും മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ പരിചയപ്പെടുത്തി
മകന്റെ പഠന കാര്യമോർത്ത് വിഷമിക്കേണ്ടെന്നും എന്താവശ്യം വന്നാലും ഒരു വിളിപ്പുറത്ത് ഞാനുണ്ടെന്നും പറഞ്ഞ് അവരോട് യാത്ര പറയുമ്പോൾ തൊഴു കൈകളുമായി നിറ കണ്ണുകളോടെ ഇച്ചേച്ചി നിൽപ്പുണ്ടായിരുന്നു..ഒപ്പം ഒന്നും മനസിലാവാതെ ആ കുഞ്ഞുങ്ങളും…..
-ബിന്ദു