പ്രണയ പർവങ്ങൾ – ഭാഗം 51, എഴുത്ത്: അമ്മു സന്തോഷ്

ഒരു പ്രളയം പോലെയായിരുന്നു ആ പ്രണയം. സാറ ചാർളിയെ അതിൽ മുക്കി കളഞ്ഞു. മറ്റൊന്നും ആലോചിക്കാൻ പോലുമാകാതെ അവൻ അവളിൽ ലയിച്ചു ചേർന്നു

ഇച്ചാ എന്നുള്ള വിളിയോച്ച, ആ നോട്ടം
ചിരി, നുണക്കുഴി, ദിവസം രണ്ടു നേരമവർ കാണും, രാവിലെ വീട്ടിൽ വരുമ്പോൾ, വൈകുന്നേരം ചിലപ്പോൾ പള്ളിയിൽ അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ കാണും. ഒന്നും മിണ്ടിയില്ല എങ്കിലും ഒരു നോട്ടം മാത്രം മതി. കണ്ടാൽ മതി

“ടെസ്സ മോളെ പഠിപ്പിക്കാൻ പറ്റുമോന്ന്  ഒന്ന് ചോദിച്ചു നോക്കാമോ അമ്മേ?” ഒരു ദിവസം ബെല്ല ചോദിച്ചു

“ഇനി രണ്ടു മാസം വെക്കേഷനല്ലേ. കൊച്ചിനെ ഒന്ന് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ പറയാമോ.?”

“അവൾക്ക് എക്സാം ആണ് എന്ന പറഞ്ഞത് മോളെ ചോദിച്ചു നോക്കട്ട് “

“എക്സാം കഴിഞ്ഞു മതി അത്യാവശ്യം ഒന്നുമില്ലല്ലോ. അവൾ  ഇവിടെ ഉള്ളപ്പോ മതി “

“ഞാൻ ചോദിച്ചു നോക്കട്ട് “

പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു അവർ

“കാശ് എത്ര വേണേൽ കൊടുക്കാമെന്നു പറ. നിവൃത്തി ഇല്ലാത്തവരല്ലേ വന്നോളും ” ഷെല്ലി അലസമായി പറഞ്ഞു

ഉയർന്നു വന്ന ദേഷ്യം പെട്ടെന്ന് അടക്കി ചാർലി. സ്റ്റാൻലി ഒരു നിമിഷം. ചാർളിയുടെ മുഖം കണ്ടു. ചുവന്നു പോയി അത്

“അങ്ങനെ നിവൃത്തി ഇല്ലാത്തത് ഒന്നുമല്ല. ആൾക്കാർക്ക് കുറച്ചു കൂടെ ബഹുമാനം കൊടുക്കണം ഷെല്ലി.” സ്റ്റാൻലി പെട്ടെന്ന് പറഞ്ഞു

ഷെല്ലി പിന്നെ ഒന്നും പറഞ്ഞില്ല. ചാർലി എന്തോ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റു പോയി

അവൾക്ക് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ കാണലുകൾ മാത്രം ഉള്ളു. ഇന്ന് ലാസ്റ്റ് പരീക്ഷ ആണ്. അവനു അത്യാവശ്യം ആയി അന്ന് ഓഡിറ്റർനെ കാണേണ്ട ദിവസം ആയിരുന്നു

“സാരമില്ല ഇച്ചാ പോയിട്ട് വാ ” അവൾ പറഞ്ഞു

പരീക്ഷ കഴിഞ്ഞു വരുമ്പോൾ തന്നെ ഭയങ്കര മഴ. ബസ് ഇടയ്ക്ക് ബ്രേക്ക്‌ ഡൌൺ. ഹൊ നല്ല സമയം. നിമ്മിയെ അവളുടെ ചേട്ടൻ വന്നു കൂട്ടിക്കൊണ്ട് പോയി. അവൾ കുടയും എടുത്തിട്ടില്ല

ഒരു വിധം ഓടിയും നടന്നും വരുമ്പോൾ ഒരു കാർ കൊണ്ട് വന്നു നിർത്തി. അവൾക് പെട്ടെന്ന് അവൻ പറഞ്ഞത് ഓർമ്മ വന്നു. അവൾ അകന്ന് മാറി നടന്നു കൊണ്ടിരുന്നു. കാർ അവൾക്ക് അരികിലൂടെ വന്നു ഗ്ലാസ് താഴ്ത്തി

“ഞങ്ങളും അങ്ങോട്ട വാ വിട്ടേക്കാം “

അന്നത്തെ ആ ചെറുപ്പക്കാർ. അവൾ വേഗം ഓടി. കാർ സ്പീഡ് എടുത്തു

ഒരുവൻ കൈ നീട്ടി അവളുടെ കയ്യിൽ പിടിക്കാൻ ആഞ്ഞു. അവന്റെ കൈയിൽ നിന്നകന്ന് ഓടവേ അവൾ വീണു. എഴുന്നേറ്റു വീണ്ടും ഓടവേ കാർ അതിവേഗതയിൽ പാഞ്ഞു പിന്നാലെ വരുന്നത് അവൾ കണ്ടു. തട്ടി വീണു. പിന്നെയും ഓടി പള്ളിയിലോട്ട് കയറി അവൾ

“ശേ കളഞ്ഞു ” ഒരുത്തൻ പറഞ്ഞു

“ഇത് പോലെ ഒരു ചാൻസ് ഇനി കിട്ടില്ലായിരുന്നു..”

“ആരെങ്കിലും ഇറങ്ങി ഒപ്പം ഓടിയിരുന്നെങ്കിൽ ഇങ്ങു കിട്ടിയേനെ “

“നോക്കാം..ഡാ നിവിനെ…ഡാ നീ ഇനി തല പൊക്കിക്കോ. അയല്പക്കത്തെ പെണ്ണായത് കൊണ്ട് അവനു പേടി “

നിവിൻ നേരെയിരുന്നു

“കുറച്ചു ദിവസം കൂടെയുണ്ടല്ലോ, അവസരം കിട്ടും ” ഒരുത്തൻ പറഞ്ഞു

സാറ പള്ളിയിലേക്ക് ഓടി കയറി വരുന്നത് കണ്ട് അച്ചൻ അങ്ങോട്ടേക്ക് ചെന്നു. അവൾ നിലത്തു വന്ന് വീണു പോയി

“അച്ചോ എന്നെ പിടിക്കാൻ കാറിൽ മൂന്നാല് പേര്..അവിടെ..” അച്ചൻ വേഗം ഇറങ്ങി നോക്കി

ഒരു കാർ അകന്ന് പോകുന്നത് അയാൾ വ്യക്തമായി കണ്ടു. അവളുടെ കൈ മുട്ടിന്റെയും കാല് മുട്ടിന്റെയും തൊലി ഉരഞ്ഞു കീറിയിരിക്കുന്നു. അവളെ പേടിച്ചു വിറയ്ക്കുന്നുണ്ട്. അച്ചൻ വേഗം ഒരു ടവൽ കൊണ്ട് കൊടുത്തു

“എന്റെ കുഞ്ഞ് തല തുടയ്ക്ക്. ആരാ അവന്മാർ? നമ്മുടെ നാട്ടിൽ എങ്ങും ഉള്ളതല്ല.”

“പാലമറ്റത്തെ വീട്ടിൽ വന്നതാ. ഞാൻ കുറെ ദിവസം മുന്നേ കണ്ടിരുന്നു ” അവൾ വേദന കടിച്ചമർത്തി

“പോലീസിൽ വിളിച്ചു പറയാം ” അച്ചൻ ഫോൺ എടുത്തു

“വേണ്ട അച്ചോ. പിന്നെ എന്റെ പാവം പപ്പയും മമ്മിയും സ്റ്റേഷനിൽ കയറണം. ചേച്ചിയുടെ കല്യാണത്തിന് ഇനി അധികം ദിവസം ഇല്ല. അവർ വിരുന്നു കാരല്ലേ പൊയ്ക്കോളും. ഞാൻ വീട്ടിലോട്ട് പോവാ. അച്ചൻ ഇത് ആരോടും പറയണ്ട..പ്രത്യേകിച്ച് ഇച്ചായനോട്.. വിഷമം ആകും..”

അച്ചൻ ഒന്ന് മൂളി

പക്ഷെ അവൾ പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ അച്ചൻ ചാർളിയെ വിളിച്ചു. അവൻ കോട്ടയത്തായിരുന്നു

“എപ്പോ.?”

“ഇപ്പൊ “

“അച്ചൻ വെച്ചോ. ഞാൻ വരുവാ “

അവൻ ഫോൺ വെച്ചിട്ട് അവളെ വിളിച്ചു

“ഞാൻ നിന്റെ ആരാടി?” സാറ വിറച്ചു പോയി

“പറയടി ഞാൻ നിന്റെ ആരാ?”

“എന്റെ ഇച്ചായൻ “

“അപ്പോ ഇത് ആദ്യം അറിയണ്ടത്  ആരാ?”

“ഇച്ച വഴക്ക് ഉണ്ടാക്കും അതാ “

“നിനക്ക് ഉള്ളത് ഞാൻ നേരിട്ട് തരാം. ഇപ്പൊ ഞാൻ അങ്ങോട്ട് പോവാ..”

“വേണ്ട ഇച്ചാ. ത- ല്ലുണ്ടാക്കല്ലേ “

“വെയ്ക്കെ- ടി ഫോൺ ” അവൻ  കാൾ കട്ട്‌ ചെയ്തു പോക്കെറ്റിൽ ഇട്ടു

പാലാമറ്റത്തെ ഗേറ്റ് തള്ളി തുറന്നു ചാർലി ഒരു വരവ് വന്നു. അതൊരു ഉഗ്രൻ വരവായിരുന്നു

“പെണ്ണിനെ കണ്ടിട്ടില്ലാത്ത ത- ന്തയ്ക്ക് പിറക്കാത്തവന്മാർ വെളിയിലോട്ട്
ഇറങ്ങടാ ” അവൻ മുറ്റത്തു കിടന്ന കാറിന്റെ ഗ്ലാസ്സിലേക്ക് കയ്യിൽ ഇരുന്ന ഇരുമ്പ് വടി കൊണ്ട് ആഞ്ഞടിച്ചു

ഗ്ലാസുകൾ പൊട്ടിതകർന്നു. അകത്തുള്ള മുഴുവൻ പേരും പുറത്ത് ഇറങ്ങി വന്നു

“ചാർലിച്ചായൻ ” നിവിൻ പിറുപിറുത്തു

“എന്താ ചാർലി കാര്യം..എന്ത് തെ- മ്മാടിത്തരമാ കാണിക്കുന്നത്?”

നിവിന്റെ അപ്പൻ അവന്ന് മുന്നിൽ വന്ന് നിന്നു

“മക്കളെ വളർത്തുമ്പോ മര്യാദക്ക് വളർത്തണം ” നാട്ടുകാർ കൂടി തുടങ്ങി

പലരും മുറ്റത്തേക്ക് വന്ന് നോക്കി. കാർ അടിച്ചു തകർത്തു ചാർലി. പിന്നെ നിവിനെയും കൂടെയുള്ളവരെയും നോക്കി. പുല്ലരിക്കുന്നത്ത് വന്നിട്ട് ഒരു പെണ്ണിന്റെ കൈക്ക് കേറി പിടിച്ചിട്ട് തിരിച്ചു പോകാമെന്നു വിചാരിക്കുന്നുണ്ടോ നിയൊക്കെ? “

ആദ്യ അടി നിവിന്റെ കരണത്തായിരുന്നു. അവനെ തടയാൻ വന്ന നാലെണ്ണവും അടി കൊണ്ട് പുളഞ്ഞു പോയി

“എന്താ കാര്യം?” നാട്ടുകാരിൽ ഒരാൾ വന്നു ചോദിച്ചു

“കാര്യം നമ്മുടെ നാട്ടിൽ വന്നു നമ്മുടെ പെൺകുട്ടികളിൽ ഒന്നിനെ കാറിൽ പിടിച്ചു വലിച്ച് ഇട്ട് കൊണ്ട് പോകാൻ ശ്രമിച്ചു. പെണ്ണ് പള്ളിയിലോട്ട് ഓടി കയറിയത് കൊണ്ട് രക്ഷപെട്ടു. അച്ചൻ സാക്ഷി. ആർക്ക് വേണേൽ പോയി ചോദിക്കാം “

നിവിന്റെ അപ്പന്നും അമ്മയും അനിയത്തിയും അപമാനം കൊണ്ട് തല കുനിച്ച്  നിന്നു

“ഇവനെ പോലുള്ളവന്മാരെ വീട്ടിൽ കയറ്റി താമസിപ്പിച്ചാൽ നാളെ ഈ നിൽക്കുന്ന നിങ്ങളുടെ മോളുടെ ഗതി ഞാൻ എടുത്തു പറയണ്ടായല്ലോ. പരുന്തും കാലയിൽ പോകും കൊച്ച്. പുല്ലാരിക്കുന്നത്തെ പെൺപിള്ളേരുടെ ദേഹത്ത് തൊട്ടാ തൊടുന്നവന്റെ കൈ ഞാൻ വെട്ടും. നുറു തരം. ജയിലിൽ പോകാൻ ചാർലിക്ക് മടിയൊന്നുമില്ല “

നിലത്തു വീണു കിടന്നവന്മാരൊക്കെ അകത്തു പോയി സാധനങ്ങൾ ഒക്കെ പെറുക്കി തകർന്ന് പോയ കാർ ഒരു വിധം സ്റ്റാർട്ട്‌ ആക്കി പോയി. നാട്ടുകാർ അവരെ കൂക്കി വിളിച്ചു യാത്ര ആക്കി

നിവിൻ കുനിഞ്ഞു നിൽക്കുകയാണ്. ചാർലി അവന്റെ മുന്നിൽ ചെന്നു. അവന്റെ മുഖം പൊട്ടി ചോ- ര ച- ത്തു കിടന്നു

വായുടെ കോണിൽ കൂടി ഒഴുകിയ ചോ- ര ഇടതു കൈ കൊണ്ട് അവൻ തുടച്ചു

“അവളെ നീ തൊട്ടിരുന്നെങ്കിൽ പ- ട്ടി ****മോനെ.. ച- ത്തു മലച്ചു കിടന്നേനെ നീ…ചാർലി തീർത്തേനെ നിന്നെ…ഇനിയാണെങ്കിലും നീ ഓർത്തോണം ഈ നാട്ടിലെ ഒരു പെണ്ണിലേക്കും നിന്റെ കണ്ണ് മോശമായി പതിയരുത്. ഇത് ചാർളിയുടെ നാടാ. ചാർളിയുടെ കോട്ട…വേണ്ടാ “

അവന്റെ നീട്ടപ്പെട്ട ചൂണ്ടു വിരൽ വിറച്ചു

മുണ്ട് മടക്കി കുത്തി അവൻ നടന്നു പോകുമ്പോൾ കയ്യടിയും ആർപ്പ് വിളികളും ഉയർന്നു. പ്രായമായ ആളുകളുടെ കണ്ണിൽ ഒരു തുള്ളി പൊടിഞ്ഞു. തങ്ങളുടെ പെണ്മക്കൾ ഇവിടെ സുരക്ഷയുള്ളവരാണ്. ഇവൻ ഉള്ളിടത്തോളം കാലം

ആറടി പൊക്കത്തിൽ ആണൊരുത്തൻ നെഞ്ചും വിരിച്ചു നിന്നാൽ തീരാവുന്നതേയുള്ളു ഏതൊരുത്തന്റെയും പോക്രിത്തരം..തങ്ങൾക്ക് ഇനി ഇവൻ ഉണ്ട്. തങ്ങളുടെ ചാർലി…അവിടെ തുടങ്ങി ചാർളിയുടെ യുഗം..

പുല്ലരിക്കുന്നത്തെ രാജാവിന്റെ യുഗം

തുടരും…