പ്രണയ പർവങ്ങൾ – ഭാഗം 52, എഴുത്ത്: അമ്മു സന്തോഷ്

ആ അടി നാട്ടിൽ മുഴുവൻ ചർച്ചാ വിഷയം ആയി. പലരും അച്ചനോട് നേരിട്ട് പോയി ചോദിച്ചു. സംഭവം സത്യമാണ്. പക്ഷെ പെൺകുട്ടിയാരാണെന്ന് പറയില്ലാന്നു അച്ചൻ തീർത്തു പറഞ്ഞു

എന്നാലും കുരിശുങ്കലെ ചാർലി ആണൊരുത്തൻ തന്നെ. അവന്മാരെ ഇടിച്ചു പഞ്ചറാക്കി കളഞ്ഞു. അത് കണ്ടു നിന്ന കുട്ടികൾ കാണാത്ത കൂട്ടുകാരോട് വീരവാദം പറഞ്ഞു

ഒരു ദിവസം കൊണ്ട് അവൻ ഹീറോ ആയി

നമ്മുടെ പെൺപിള്ളേർക്ക് ചോദിക്കാനും പറയാനും നമ്മുടെ നാട്ടിൽ ആണൊരുത്തൻ ഉണ്ടല്ലോ. അല്ലെങ്കിലും അവൻ ജയിലിൽ പോയത് തന്നെ എന്തിനാ. ഒരു പെങ്കൊച്ചിനെ ഉപദ്രവിച്ചതിനല്ലേ? അവൻ നല്ലവനാ ” ആൾക്കാർ പരസ്പരം പറഞ്ഞു

സ്റ്റാൻലി അറിഞ്ഞു. അപ്പനോട് അവൻ എല്ലാം പറഞ്ഞു. അവൻ ഇത്രയും കൊണ്ട് നിർത്തിയല്ലോ. എന്നയാൾ സമാധാനിച്ചു

ഷെല്ലി കൊച്ചിയിലേക്ക് തിരിച്ചു പോയതാണ് വേറെ ഒരു ആശ്വാസം

സാറയെ കാണാൻ വേറെ വഴിയില്ലാഞ്ഞ കൊണ്ട് രുക്കുവിന്റെ വീട്ടിൽ വരാൻ പറഞ്ഞു ചാർലി. അവനു നല്ല ദേഷ്യവും സങ്കടവും വന്നു. സാറ അവന്റെ മുന്നിൽ ചെല്ലാതെ കുറച്ചു മാറി നിന്നു

“ഇങ്ങോട്ട് നോക്കെടി നീ?”

സാറ രുക്കുവിന്റെ പിന്നിൽ മറഞ്ഞു

“നീ എന്തിനാ ഒളിച്ചതെന്ന്. അപ്പൊ ഞാനാരായി? എടി ഇങ്ങോട്ട് നീങ്ങി നിൽക്കാൻ “

അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നീക്കി നിർത്തി

“ആവൂ.” അവൾ വേദനയോടെ നിലവിളിച്ചു

പെട്ടെന്ന് ചാർളിയുടെ മുഖത്തെ ദേഷ്യം മാറി വേദന നിറഞ്ഞു

“എന്താ?”

അവൾ കയ്യിൽ ഉണ്ടായ മുറിവുകൾ കാണിച്ചു. രുക്കു അത് കണ്ട് നേർത്ത ചിരിയോടെ അകത്തേക്ക് പോയി

“എന്താ മോളെ ഇത്? ദൈവമേ “

അവൻ അതിൽ തൊട്ടു

“വീണതാ അവർ പിടിക്കാൻ വന്നപ്പോൾ ഓടി.അപ്പൊ “

അവന്റെ കണ്ണ് നിറഞ്ഞു പോയി. അവൻ അവളെ ചേർത്ത് പിടിച്ചു. ആ കൈയിൽ മെല്ലെ തലോടി

“എന്താ എന്നോട് പറയാഞ്ഞേ?”

“ഇത് പോലെ ഈ കണ്ണ് നിറയുമെന്ന് അറിയാവുന്ന കൊണ്ട് ” അവൾ ഇടറി പറഞ്ഞു

“എന്റെ പൊന്ന് അങ്ങനെ ഒന്നും മറച്ചു  വെയ്ക്കല്ലേ..” അവൻ സങ്കടത്തിൽ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു

“ഇച്ചന്റെ ജീവനല്ലെടാ ” അവൻ മന്ത്രിച്ചു

അവന്റെ നെഞ്ചിൽ ചേർന്നു നിൽക്കുമ്പോ ലോകത്തിലെങ്ങും കിട്ടാത്ത ഒരു സുരക്ഷ തോന്നുന്നുണ്ടായിരുന്നു സാറയ്ക്ക്. അവൾ അവന്റെ ഗന്ധം ഉള്ളിലേക്ക് എടുത്തു. ചാർലിയും മറ്റേതോ ലോകത്തിലായിരുന്നു. അവൻ ആ മുടിയിൽ തഴുകി. ആ മുഖം കയ്യിൽ എടുത്തു

“മോളെ?”

ആ കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങുന്നു. അവൻ ആ മിഴികളിൽ ഉമ്മ വെച്ചു

കവിളിൽ..ഒടുവിൽ ചുണ്ടിൽ…

സാറ അവനെ വട്ടം പുണർന്നു

അവന്റെ നാവുള്ളിലേക്ക് തിരഞ്ഞു വരുന്നത് അറിഞ്ഞ് അവൾ കണ്ണുകൾ അടച്ചു. അവന്റെ നാ- വിന്റെയും ചു- ണ്ടിന്റെയും രുചി അവളിൽ നിറഞ്ഞു

വെണ്ണയുടെ മൃദുത്വവും തേനിന്റെ മധുരവും ഉള്ള ചുണ്ടുകൾ നുകരുമ്പോൾ തന്റെ ബോധം മറയുന്ന പോലെ ചാർലിക്ക് തോന്നി. ഒടുവിൽ മുഖം എടുക്കുമ്പോ സാറ ആ നെഞ്ചിലേക്ക് തളർച്ചയോടെ മുഖം ചേർത്ത് വെച്ചു

രണ്ടു ചായ ഇട്ട് ഒരു പലഹാരവുമുണ്ടാക്കി രുക്കു വരുമ്പോ രണ്ട് പേരും നിലത്തിരിക്കുകയാണ്
അവളുടെ കാലുകൾ അവൻ ഉഴിഞ്ഞു കൊടുക്കുന്നു

“വീണതാണ്. നോക്ക് ചതഞ്ഞു പോയി..നീല നിറം…എന്തെങ്കിലും ointment ഉണ്ടോ രുക്കു “

“ഹോസ്പിറ്റലിൽ കാണിച്ചില്ലേ മോളെ ” രുക്കു ചോദിച്ചു

“ഇല്ല ടീച്ചർ ഞാൻ വീട്ടിൽ പറഞ്ഞില്ല ” അവൾ മറുപടി കൊടുത്തു

രുക്കു മൂവ് എന്നൊരു ointment എടുത്തു കൊണ്ട് വന്ന് കൊടുത്തു

“എടി ഇതൊക്ക പറയാതിരുന്നാൽ എങ്ങനെയാ. ഇനി ഉണ്ടായാലോ ” അവൻ ചോദിച്ചു

പിന്നെ ആ ലേപനം കാലിൽ പുരട്ടി ഉഴിഞ്ഞു

“ബെസ്റ്റ് ടീച്ചറെ അവന്മാരെ അടിച്ചു കൊ- ന്നില്ലന്നെ ഉള്ളു. അവരൊക്കെ ജീവനും കൊണ്ടോടി. ഭാഗ്യത്തിന് ഞാനാ അതെന്ന് ആരും അറിഞ്ഞിട്ടില്ല..നാട്ടുകാർ പറയുന്ന കേൾക്കണം. കെജിഎഫിലെ യാഷ് നെ പോലെ ആണെന്ന് “

അവൻ ചിരിച്ചു

പിന്നെ കാലുകൾ മടിയിലേക്ക് ഒന്നുടെ ഉയർത്തി വെച്ചു

“ച- ട്ടമ്പി എന്ന് പറഞ്ഞ ടീച്ചറെ ഇത് പോലെ ത-ല്ലുണ്ടാക്കുന്ന ഒരു ച-ട്ടമ്പി..ഇതാ ഞാൻ പറയാഞ്ഞത്.”

“രുക്കു നീ കുറച്ചു വെള്ളം ചൂടാക്കി കൊണ്ട് തന്നെ. ഇതിൽ കുറച്ചു ആവി പിടിക്കട്ടെ “

രുക്കു എഴുന്നേറ്റു പോയി

സാറ അവൻ ഉഴിയുന്നത് നോക്കി ഇരുന്നു. പിന്നെ കൈ കൊണ്ട് ആ മുഖം തന്റെ നേരെ തിരിച്ചു

“അത്ര ഇഷ്ടം ആണോ എന്നെ?”

“ഉം “

അവൾ മുന്നോട്ടാഞ്ഞു ആ നെറ്റിയിൽ അമർത്തി ഒരുമ്മ കൊടുത്തു. പിന്നെ കണ്ണുകളിലേക്ക് നോക്കി

“എന്റെ പൊന്നാ ” അവൾ മന്ത്രിച്ചു

കണ്ണുകളിൽ ഒരുമ്മ. മൂക്കിന് തുമ്പിൽ മൂക്കുരസി കുഞ്ഞായി ഒരുമ്മ. പിന്നെ രണ്ട് കവിളിലും ഉമ്മകൾ. മീശയിൽ ഒരുമ്മ. പിന്നെ ചുണ്ടിൽ..

ചാർലി കണ്ണുകൾ തുറന്നു. മുന്നിൽ ഏഴുതിരിയിട്ട് കത്തിച്ച നിലവിളക്ക്. അവളുടെ മുഖം

രുക്കു വന്നപ്പോ അവൾ ഇത്തിരി മാറി ഇരുന്നു

“ഇതാ തുണി ഞാൻ പിടിച്ചു തരാം ” രുക്കു നിലത്തു ഇരുന്നു

“വേണ്ട ചൂട് കൂടുതൽ ഉണ്ടെങ്കിൽ അവൾക്ക് നോവും. ഞാൻ ചെയ്തു കൊടുത്തോളം ” അവൻ അത് വിലക്കി

“മോളിങ്ങോട്ട് എടുത്തു വെയ്ക്കടി “

സാറ നേർത്ത നാണത്തോടെ കാലുകൾ അവന്റെ മടിയിൽ വെച്ചു കൊടുത്തു

“നീ അസ്സല് ഭർത്താവ് ആയിരിക്കും  ചാർലി ” രുക്കു പറഞ്ഞു

“അതെയതെ..എന്റെ തനി സ്വഭാവം ശരിക്കും ഇവള് കണ്ടിട്ടില്ല. ഞാൻ പറഞ്ഞിട്ടുണ്ട്. ഇവള് അനുഭവിക്കും കുറെ..അല്ലേടി “

സാറ കണ്ണ് താഴ്ത്തി

“ഞാൻ അങ്ങ് സഹിച്ചു ” അവൾ മുഖം വീർപ്പിച്ചു

“ഇനി അതല്ലാതെ വേറെ വഴിയില്ലല്ലോ. എങ്ങാനും മാറാൻ നോക്കിയാൽ കൊ- ല്ലും ഞാൻ നിന്നെ “

“ഇത് കണ്ടോ ടീച്ചറെ ” അവൾ ചിണുങ്ങി

“അവൻ ചുമ്മാ പറയുന്നതാ സാറ. നോക്ക്. ആ മുഖത്തോട്ട്.. ജീവനാ നിന്നെ..”

സാറയുടെ കണ്ണുകൾ നിറഞ്ഞു

“എനിക്ക് കുറച്ചു വാഷ് ചെയ്യാൻ ഉണ്ട്. നിങ്ങൾ ഇവിടെ ഇരിക്ക് കിച്ചു വന്നിട്ട് പോകാം “

ചാർലി ഒന്ന് മൂളി

രുക്കു മുഷിഞ്ഞ തുണികൾ എടുത്തു അലക്ക് കല്ലിന്റെ അരികിലേക്ക് പോയി

“വേദന ഉണ്ടോ ഇപ്പൊ”

“കുറഞ്ഞു,

അവൻ അവളെ മടിയിലേക്ക് ചായ്ച്ചു കിടത്തി. മുടി തലോടി കൊണ്ടിരുന്നു. സാറ കണ്ണുകൾ അടച്ച് കിടന്നു. ഇടയ്ക്കിടെ നെറ്റിയിൽ തരുന്ന ഉമ്മകൾ ഏറ്റു വാങ്ങി അവൾ അങ്ങനെ കിടന്നു

“ഇച്ചാ”

“ഉം “

“ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന വീട്ടിൽ നിന്ന് ആൾക്കാർ വന്ന് പറഞ്ഞു പൈസ ഒന്നും വേണ്ടാന്ന് “

“ആ അറിയാം “

അറിയാതെ പറഞ്ഞു പോയതാണ് ചാർളി. സാറ നെറ്റി ചുളിച്ചു അവനെ ഒന്ന് നോക്കി

“ആ എന്നിട്ട് എന്തൊക്ക പറഞ്ഞു?”

അവൾക്ക് തോന്നി എന്തോ കള്ളത്തരം ഉണ്ട്. അവൾ ഷർട്ടിൽ പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു

“ദേ സത്യം പറഞ്ഞോ. ഇച്ചാൻ ഇതിനിടയിൽ എന്താ കളിച്ചത്? എന്നോട് പറ “

“ഞാൻ എന്താ കളിക്കുക.. ഒന്നുമില്ലല്ലോ”

അവൻ നിഷ്കളങ്കമായി പറഞ്ഞു

അവൾ എഴുന്നേറ്റു പോകാൻ ഭാവിച്ചു. അവൻ അവളെ അടക്കി കിടത്തി

“പോകല്ലേ “

“സത്യം പറ എന്റിച്ചാ അല്ലെ?”

അവൻ കാര്യങ്ങൾ വിശദമായി പറഞ്ഞു

“അയ്യേ വൃത്തികെട്ടവൻ. ശീ..ഈ ചേച്ചിക്ക് വേറെ ആരെയും കിട്ടിയില്ലേ? ഇങ്ങനെ ഉള്ളവനെ എന്തിനാ? അയ്യേ “

“എങ്കി നീ പോയി അവൻ കൊള്ളില്ല എന്നൊന്ന് പറഞ്ഞു നോക്ക്. നിന്റെ മുഖത്ത് ഒന്ന് തരും അവൾ. ചില പെണ്ണുങ്ങൾ മണ്ടികളാ..വിശ്വാസം എന്ന് വെച്ചാ അന്ധമായ വിശ്വാസം..പറഞ്ഞാലും മനസിലാക്കത്തില്ല. അത് കൊണ്ട് നീ ഇത് അറിഞ്ഞിട്ടില്ല. പറയാനും പോകണ്ട. ഞാൻ നിങ്ങളുടെ വീട് പോകാതിരിക്കാൻ ചെയ്തതാ. എന്റെ കൊച്ച് ഈ നാട്ടിൽ നിന്ന് പോകാതിരിക്കാൻ “

സാറ ആ കൈകൾ പിടിച്ചു മുഖത്ത് ചേർത്ത് വെച്ചു

“എവിടെ ആണെങ്കിലും ഞാൻ എന്റെ ഇച്ചായന്റെയാ..ഇനി എനിക്ക് വേണം ന്ന വെച്ച പോലും ഈ നാട്ടിൽ നിന്ന് പോകാൻ പറ്റുമോ ഇച്ചാ?കാണാതിരുന്നാൽ ശ്വാസം മുട്ടി ചത്തു പോകും ഞാൻ. എന്റെ ഓക്സിജനാ ഇത്..”

അവൾ ആ മുഖം പിടിച്ചു തന്നോട് അടുപ്പിച്ചു

“എന്റെ എല്ലാം..എല്ലാം ” അവന്റെ മുഖം അവളുടെ മുഖത്തമർന്നു. സാറ ആ മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലെക്ക് അലിഞ്ഞു ചേർന്ന് ഒന്നായി

തുടരും….