ധ്വനി, അധ്യായം 45 – എഴുത്ത്: അമ്മു സന്തോഷ്

ഉണരുമ്പോൾ നെഞ്ചിൽ അവൾ. ആദ്യമിതു സ്വപ്നം പോലെ അവന് തോന്നി. ഒരു കൊച്ച് കുഞ്ഞ് ഉറങ്ങുന്നു. ചുണ്ടുകൾ ലേശം പിളർന്ന്, കണ്ണുകൾ പാതിയടഞ്ഞ്, കൈ തന്നെ ചുറ്റി വരിഞ്ഞു കൊണ്ട്, മുഖം തന്റെ തോളിൽ

അവൻ തിരിഞ്ഞ് ആ കവിളിൽ അമർത്തി ചുംബിച്ചു. പിന്നെ എഴുനേറ്റു

കിച്ചണിൽ സർവന്റ് ഉണ്ട്

“ചേച്ചി രണ്ടു ചായ “

“ഇപ്പൊ തരാം മോനെ “

അവർ പറഞ്ഞു

അവൻ വാതിൽ തുറന്നു മുറ്റത്തേക്ക് ഇറങ്ങി. ഓഫീസിൽ പോകണം. ലീവ് എടുക്കണം. അവളെ വിടണോ വീട്ടിലേക്ക്?

വെറുതെ അച്ഛനും അമ്മയ്ക്കും ഒരു പ്രയാസം ആവില്ലേ?

ഇനിയവൾ ഉടനെ മുതിരുമോ?

പറയാൻ വയ്യ. ദുഷ്ടയാണ്. പി- ശാശ്

“വിവേക്.. ഇന്നലെ ഞാൻ മൊബൈൽ കൊണ്ട് പോയില്ല. അത് കൊണ്ട് തന്നെ നീ അയച്ച മെസ്സേജ് ഞാൻ രാത്രി ആണ് കണ്ടത്. നിനക്ക് അറിയാമായിരുന്നോ അത്?”അച്ഛൻ പിന്നിൽ

അവൻ മറുപടി പറഞ്ഞില്ല

“വിവേക്?”

“yes… എന്തെങ്കിലും ഉണ്ടാകുമെന്ന് ഭയമുണ്ടായിരുന്നു. പക്ഷെ..”

“എങ്ങനെ നിനക്കാ ഭയമുണ്ടായി?”

“അത്.. നന്ദന.. അവളുടെ ചേച്ചി…”

പെട്ടെന്ന് അമ്മ അവിടേക്ക് വന്നപ്പോൾ അവൻ നിർത്തി

“മോളുണർന്നോ?”

“ഇല്ല. രാത്രി ചെറിയ ചൂട് ഉണ്ടായിരുന്നു. പിൽസ് കൊടുത്തു.. ചായ ഇങ്ങ് തന്നേക്ക് “

അവൻ ചായയുമായി മുറിയിൽ പോയി. അവൾ ഉണർന്നു ബ്രഷ് ചെയ്തു മുടി ഒന്നോതുക്കി

“ഞാൻ അങ്ങോട്ട് വരാൻ പോവായിരുന്നു “

അവൻ ചിരിച്ചു

“കുടിക്ക് “

അവൾ പതിയെ ചായ മൊത്തി

“വീട്ടിൽ പോകണ്ടേ?”

“വേണോ?”

“ഉം “

“ശ്രീ?”

അവൾ ആ മുഖം തഴുകി

“എന്നെ ദേവി നോക്കിക്കൊള്ളും “

അവന്റെ കണ്ണ് നിറഞ്ഞു പോയി

“എനിക്ക് ഒരു സങ്കടമേ ഉള്ളു. ഞാൻ കാരണം ചന്തുവേട്ടന് ഒത്തിരി വിഷമം ഉണ്ടാകുന്നുണ്ട്. എന്നെ സ്നേഹിച്ചത് കൊണ്ടാ ഇതൊക്കെ. ഞാൻ പറഞ്ഞില്ലേ ഏട്ടന് എന്നേക്കാൾ “

അവൻ ആ വാ പൊത്തി. “ഞാൻ അനുഭവിക്കുന്ന സ്നേഹം, സന്തോഷം ഫീൽ ഒന്നും എനിക്ക് പറയാൻ അറിയില്ല ശ്രീ “

“എന്ത് പറഞ്ഞാലും മനസിലാവില്ല. പിന്നെ അനുഭവിച്ചോ “

അവൾ മുഖം വീർപ്പിച്ചു

“കാലു നോക്കട്ടെ “

“ഡോക്ടർ നോക്കുന്ന പോലെ  നോക്കണ്ട.. അല്ലാതെ നോക്ക് “

അവൾ കണ്ണിറുക്കി. അവനത് ഒരു നിമിഷം കഴിഞ്ഞാണ് മനസിലായത്

അവനാ കാലുകളിൽ മുഖം അമർത്തി. നോവാതെ മെല്ലെ..

“നോക്കട്ടെ?” അവൾ തലയാട്ടി

മുഖം ഒഴുകി നടക്കുന്ന പോലെ. അവൾ കണ്ണുകൾ അടച്ചു. ചുംബനങ്ങളുടെ പെരുമഴക്കാലം

വാതിലിൽ മുട്ട്.

അവൻ പെട്ടെന്ന് ചാടിയെഴുനേറ്റു. അവളും

“അച്ഛനും അമ്മയും വന്നിരിക്കുന്നു ശ്രീക്കുട്ടി “

അവൾ അവന്റെ കയ്യും പിടിച്ചു അവിടേക്ക് ചെന്നു

“രാത്രി ഉറങ്ങിയില്ല. ടെൻഷൻ കൊണ്ട്. ഇവിടെ ആണ് സേഫ് ആണ് ഒക്കെ അറിയാം. എങ്ങനെ ഉണ്ട് മോളെ?”അമ്മ

“ഇപ്പൊ നല്ല കുറവുണ്ട് വേദന.. നടക്കുമ്പോൾ കുറച്ചു വേദന അത്ര തന്നെ “

“പോകാം..”

അവൾ വിളർച്ചയോടെ അവനെ നോക്കി

രാജഗോപാൽ വിമലയെയും

“അത്… പിന്നെ.. നിങ്ങൾ രണ്ടു പേരും വീട്ടിൽ ഉണ്ടാവില്ലലോ. കല്യാണം വിളിയൊക്കെ.. ഇവിടെ മീര ഉണ്ട് ഞാൻ ഉണ്ട്.. ശ്രീക്ക് നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. ഇവിടെ നിന്നോട്ടെ “

അവൻ പെട്ടെന്ന് പറഞ്ഞു

“അവിടെ നന്ദന ഉണ്ടല്ലോ മോനെ അവള് നോക്കിക്കോളും,

അവന്റെ മുഖം ഇരുണ്ടു. ശ്രീ ആ കയ്യിൽ ഒന്ന് പിടിച്ചു

“ശ്രീ ഇവിടെ നിന്നോട്ടെ. കാലൊന്ന് ശരിയായിട്ട് ഞാൻ തന്നെ കൊണ്ട് വിടാം”

അവന്റെ സ്വരം മാറി

വീണ അമ്പരപ്പിൽ നോക്കി. വിമലയും

“മോനെ ആൾക്കാർ എന്ത് പറയും.?വീട്ടിൽ വരുന്നവർ പെണ്ണിനെ തിരക്കും.. നന്ദന നോക്കിക്കൊള്ളും “

“ശ്രീക്ക് നടക്കാൻ ആൾക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്. ഇന്നലെ ഈ കാല് വെച്ചു ഡാൻസ് കൂടി ചെയ്തില്ലേ അതാണ്. നന്ദനയ്ക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ? രണ്ടു ദിവസം കഴിഞ്ഞു ഞാൻ തന്നെ കൊണ്ട് വന്നേക്കാം “ചന്തു വീണ്ടും ശാന്തമായി പറഞ്ഞു

വീണ ശ്രീക്കുട്ടിയേ നോക്കി. നല്ല ക്ഷീണം ഉണ്ട്. ഒരാഴ്ച കഴിഞ്ഞാൽ കല്യാണം

ശാന്തമായിട്ടാണ് പറയുന്നതെങ്കിലും ചന്തുവിന്റെ ശബ്ദത്തിൽ ഉറപ്പുണ്ട്. അവളെ വിടില്ല എന്ന ഉറപ്പ്

അവൾക്ക് ഏറ്റവും സന്തോഷവും അവനൊപ്പം നിൽക്കുന്നതാവും. എന്തായാലും തങ്ങൾ വീട്ടിൽ ഇല്ല. നന്ദന അവളെ ശ്രദ്ധിക്കുമെന്ന് ഉറപ്പുമില്ല. അവർ ചിന്തിച്ചു

“വീണേ ഫോര്മാലിറ്റി ഒന്നും ഇതിൽ നോക്കണ്ട. മോള് ഇവിടെ നിന്നോട്ടെ.. ഞങ്ങൾക്കും സമാധാനം ആണ്.. “

വിമല കൂടി പറഞ്ഞപ്പോൾ പിന്നെ വീണ എതിര് പറഞ്ഞില്ല

ശ്രീ അവിടെ നിന്നു

അച്ഛനും അമ്മയും കല്യാണം വിളിക്കാൻ പോയി. മീരയും അവളും അവനും ബാക്കിയായി

“കാല് വേദന ഉണ്ടോ ശ്രീക്കുട്ടി “

“ഇടക്ക് കുത്തുന്ന വേദന.. സാരമില്ല “

ചന്തു അവളുടെ കാലു പിടിച്ചു നോക്കിനീരില്ല.നല്ല നീര് ഉണ്ട്. കൈയിലൊക്കെ കരിനീലിച്ചു കിടക്കുന്നു”എവിടെ ഒക്കെയോ അടിച്ചു “

മീരാ അതിലൊക്കെ ബാം പുരട്ടി തടവി

“ആ വീഴ്ച കണ്ടപ്പോ എന്റെ ഹൃദയം നിന്നു പോയി.. ഹോ ദൈവമേ.. ഞാൻ പേടിച്ചു പോയി മോളെ. ഇനി ഇങ്ങനെ ഉള്ള ഡാൻസ് ഒന്നും കളിക്കണ്ട. ഭൂമിയിൽ ചവുട്ടിയുള്ള ഡാൻസ് മതി ” ശ്രീ പുഞ്ചിരിച്ചു

“ജീവിതത്തിൽ എവിടെയാണ് മീരേച്ചി റിസ്ക് ഇല്ലാത്തത്? വെറുതെ നടക്കുന്നവർ വീണു മരിക്കുന്നു. പിന്നെയാണ്?”

“വെറുതെയിരിക്ക് ശ്രീ ” അവനവളെ ശാസിച്ചു

“മീരേ മോളൊന്ന് ശ്രദ്ധിച്ചോണം ഞാൻ ഓഫീസിൽ പോയിട്ട് വരാം കുറച്ചു ജോലികൾ തീർക്കാൻ ഉണ്ട്. ഉച്ചക്ക് മുന്നേ വരാം “

അവൻ ശ്രീയോടും കൂടി പറഞ്ഞിട്ട് പോയി

മീരയുടെ സ്നേഹം ശ്രീക്ക് പുതിയ അനുഭവം ആയിരുന്നു

ഒരു ചേച്ചി ഉണ്ടായിട്ടും അവൾ ചെറുപ്പം മുതൽ ആ കരുതലോ സ്നേഹമോ അറിഞ്ഞിട്ടേയില്ല. എപ്പോഴും പരിഹാസം. കുറ്റപ്പെടുത്തലുകൾ ഒക്കെ ആണ് കിട്ടിയിട്ടുള്ളത്. മീരാ അങ്ങനെ അല്ല. അത് പരിചയം ഉള്ളപ്പോ മുതൽ അങ്ങനെ തന്നെ. നല്ല സ്നേഹം. നല്ല കരുതൽ..

“ചന്തുവേട്ടനെ എങ്ങനെ ഇങ്ങനെ ക്യാച്ച് ചെയ്തു? കക്ഷി ആർക്കും പിടി കൊടുക്കാതെ നടക്കുകയായിരുന്നു “

“ബെസ്റ്റ്.. ഞാൻ അല്ല എന്നെയാ കാച്ചിയെ.. എന്റെ മീരേച്ചി ഒന്ന് ഒന്നര ക്യാച്ചലായി പോയി അത്. ഇപ്പൊ നോക്ക് എന്തെല്ലാം വീരവാദം മുഴക്കിയ ഞാനാ ഈ പത്തൊമ്പതാം വയസ്സിൽ കെട്ടാൻ പോകുന്നെ?”

മീരാ പൊട്ടിച്ചിരിച്ചു

“എന്തെല്ലാം വീരവാദങ്ങളാണ്.. കേൾക്കട്ടെ “

“ഒരിക്കലും പ്രേമിക്കില്ല. പറ്റുമെങ്കിൽ കല്യാണം പോലും കഴിക്കില്ല
സൊസൈറ്റിയേ സേവിക്കനാണെ.. പിന്നെ സൈക്കോളജിയൊക്കെ പഠിച്ചു ഒരു കൗൺസിലിംഗ് കൂടി പഠിച്ചിട്ട് ഒരു ക്ലിനിക് ഇടണം മാനസികമായി പ്രശ്നം ഉള്ളവരെ വഴി കാണിച്ചു കൊടുക്കാൻ “

“നീ അല്ലെ കാണിച്ചു കൊടുക്കാൻ ഇരിക്കണേ അത് പെരുവഴി തന്നെ “

“ദുഷ്ടേ… എന്നെ വിശ്വസിക്ക്…”

“ആ ബാക്കി പറ “

“പിന്നെ ഡാൻസ്.. ലോകരാജ്യങ്ങളിൽ ഒക്കെ പോയി ഡാൻസ് ചെയ്യണം “

“ഇവിടെ മുഴുവൻ തീർന്നിട്ട് പോരെ?”അവൾ വീണ്ടും കളിയാക്കി

“കല്യാണം കഴിഞ്ഞിട്ട് പോരെ നാത്തൂൻ പോര്.? ഇത് നാത്തൂൻ ചമയുന്നതാണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് ട്ടോ “

“ഇല്ലില്ല ബാക്കി പറ,

കോ- പ്പ് പറയും ഒന്നും പറയുന്നില്ല “

“അയ്യോ കാർത്തി പറയും പോലെ തന്നെ. നീ കക്ഷിയുടെ അനിയത്തി തന്നെ. ഒരെ അച്ചിൽ ഇട്ടു വാർത്ത പോലെ രണ്ടെണ്ണം. ഈ ഡയലോഗ് എല്ലാം കാർത്തിയും പറയും “

“കാർത്തി മാത്രം അല്ല അത്യാവശ്യം ഹ്യൂമർ ഒക്കെ ഉള്ള ആരും പറയും ബോധം ഇല്ലാത്തവരോട് പറഞ്ഞിട്ടെന്തു കാര്യം?”

മീരാ പൊട്ടിപ്പൊട്ടി ചിരിച്ചു

“എന്റെ കൊച്ചേ നിന്റെ കാര്യം…”

അവളെ ബാത്‌റൂമിൽ കൊണ്ട് പോയതും കുളിക്കാൻ സഹായിച്ചതും തല തുവർത്തി കൊടുത്തു വസ്ത്രം ഇടാൻ സഹായിച്ചതും മീരയാണ്

ഉച്ചക്ക് ചന്തു വന്നു

“എങ്ങനെ ഉണ്ട്?”

“ഉം സാമാന്യം നല്ല വേദന ഉണ്ട് “അവൾ മറുപടി പറഞ്ഞു

“ഒന്നുടെ സ്കാനിംഗ് വേണോ ഏട്ടാ?”

മീരാ ചോദിച്ചു

“ഹേയ് ഇപ്പൊ നീരില്ല. ടാബ്ലറ്റ് കഴിച്ചോ?,

“രാവിലെ ഉള്ളത് കഴിച്ചു “

“അവൾക്ക് നല്ല വേദന ഉണ്ട്കാണിക്കാത്തതാ..”

മീര ചന്തുവിനോട് പറഞ്ഞു

അവൻ ഒന്ന് മൂളി

“ഒന്നുടെ ഹോസ്പിറ്റലിൽ പോണോ ഏട്ടാ..”

ടീവി കണ്ടിരിക്കുന്ന ശ്രീയെ നോക്കി മീര ചോദിച്ചു”വൈകുന്നേരം വരെ നോക്കട്ടെ. “

അവൻ പറഞ്ഞു

അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. പിന്നെ ക്യാരംസ് കളിച്ചിരുന്നു. കാല് ശ്രീ ഉയർത്തി ചന്തുവിന്റെ മടിയിലേക്ക് വെച്ചിരുന്നു. അവന്റെ കൈകൾ ഇടക്ക് മൃദുവായി ഒന്ന് അമർന്നു. അവൾ ശാസനയോടെ ഒന്ന് നോക്കി

അവൻ ഒരു ചിരി പാസ്സാക്കി. നിഷ്കളങ്കമായ കണ്ണുകളോടെ തമാശ പറഞ്ഞു ചിരിച്ചു കൊണ്ട് ചിരിപ്പിച്ചു കൊണ്ട് അവൾ…അവന്റെയുള്ളിൽ പ്രണയത്തിനും മേലെ ആ നേരം വാത്സല്യം നിറഞ്ഞു.

അച്ഛനാകാതെ അച്ഛൻ ആയത് പോലെ. തന്റെ കുഞ്ഞ്

അവന്റെ കണ്ണുകൾ അവളിൽ തന്നെ അങ്ങനെ പതിഞ്ഞിരുന്നു പോയി

തുടരും…