Story written by Athira Sivadas
====================
“ആള് നമ്മള് വിചാരിക്കുന്നത് പോലെയൊന്നും അല്ല ഗായു. ഈ കൊച്ച് വെളുപ്പാൻ കാലത്തെ വന്ന് ശല്യം ചെയ്തതിന് ഇപ്പോൾ കേൾക്കാം വെടിക്കെട്ട്…” കയ്യിലിരുന്ന കർച്ചീഫ് കൊണ്ട് മുഖത്തെ വെള്ളമൊക്കെയൊന്ന് തുടച്ചുകൊണ്ട് ശരത് പറഞ്ഞു.
“നമ്മള് ശ്രമിച്ചു കൊണ്ടേയിരിക്കണം. കിട്ടിയാലൊരു അടാർ ഇന്റർവ്യൂ ആണെന്റെ മോനെ…” പുറത്ത് പെയ്യുന്ന മഴയെ നോക്കിക്കൊണ്ട് ആയിരുന്നു ഗായുവിന്റെ മറുപടി.
“അതിന് കിട്ടിയാലല്ലേ.” അല്പം പുച്ഛം വിതറിക്കൊണ്ട് മറുപടി പറഞ്ഞു അവനും കണ്ണുകൾ പുറത്തേക്ക് പായിച്ചു.
“നീ ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ശരത്തെ…രാവിലെ ഈ മഴയും നനഞ്ഞു വന്നത് എത്ര മാത്രം പ്രതീക്ഷ ആയിട്ട…”
“നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇതൊന്നും നടക്കുന്ന കേസ് അല്ലെന്ന്. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.”
“ഡാ നീ ഈ ഇൻട്രോ ഒന്ന് വീഡിയോ എടുത്തേ.”
“ഇപ്പഴാ…ഇവിടെ വച്ച് ഈ കോലത്തിലാ.. ഇന്റർവ്യൂ കിട്ടുവോന്ന് പോലും അറിയാൻ മേലാ.” ആകെ നനഞ്ഞു നിൽക്കുന്ന ഗായുവിനെ ശരത് ഒന്നകൂടി നോക്കി.
“നീ ഇതൊന്ന് എടുക്കെടാ. അവരുടെ മുന്നിൽ വച്ച് ഇങ്ങനൊരു ഇൻട്രോ ഒക്കെ കൊടുത്താൽ കാരണത്തടി ആണോ ചെറുപ്പിന് ഏറാണോ എന്നൊന്നും പറയാൻ പറ്റൂല്ല മോനെ…നീ പെട്ടെന്ന് എടുക്ക്.”
“അത് ശെരിയാടി…അവരെ ഫെമിനിസ്റ്റാ.” ക്യാമറ ഓൻ ചെയ്യുന്നതിനിടയിൽ മറുപടിയും വന്നു.
“അതിന്…”
“അല്ല…അതിനൊന്നൂല്ല…
ഒക്കെ തുടങ്ങിക്കോ…വൻ… ടു… ത്രീ…”
അമ്മ…ഒരുപാട് അർഥങ്ങൾ ഉള്ള പദം. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ പൂർണ്ണയാകുന്നത് അമ്മ ആകുമ്പോഴാണ് അല്ലെ. അമ്മ എന്ന വാക്കിന് പിന്നിൽ ഓരോരുത്തർക്കും പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും അല്ലെ…സ്നേഹത്തിന്റെ…വാത്സല്യത്തിന്റെ എണ്ണമറ്റാത്ത കഥകൾ.
എന്നാൽ കഴിഞ്ഞകുറച്ചു ദിവസങ്ങൾക്ക് മുൻപ് കണ്ടും കേട്ടും വളർന്ന അമ്മ എന്ന പദത്തിന് പ്രശസ്ത എഴുത്തുകാരി പത്മജ വാസുദേവിന്റെ എഴുത്തിൽ പുതിയൊരു രൂപം കണ്ടു അല്ലെ നമ്മളൊക്കെ. പ്രതീക്ഷിക്കാത്ത വ്യക്തിയിൽ നിന്നുമായത് കൊണ്ടാവാം വിഷയം പെട്ടെന്ന് ജനശ്രദ്ധ പിടിച്ചത്. സോഷ്യൽ മീഡിയാസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്നതും ശ്രീമതി പത്മജയുടെ എഴുത്തിനെതിരെയുള്ള വിമർശനങ്ങളാണ്.
“അമ്മ” എന്ന പേരിൽ ആ പേരിന്റെ മഹത്വവും കളങ്കവും നശിപ്പിക്കും വിധം കഥയെഴുതിയെന്ന് വായനക്കാർ മുഴുവൻ ആക്ഷേപിക്കുന്ന നീരജയാണ് ഇന്നത്തെ നമ്മുടെ അതിഥി…പ്രണയവും വിരഹവും പ്രകൃതിയുമൊക്കെ കടന്ന് വന്നിരുന്ന എഴുത്തുകാരിയുടെ കഥകളിലെ അമ്മമാരൊക്കെയും വെറുപ്പുളവാക്കുന്ന കഥാപാത്രങ്ങളായിരുന്നു. പക്ഷേ മക്കളോട് സ്നേഹമില്ലാത്ത സ്വാർത്ഥയായ ഈ അമ്മയെ ഐഡിയലൈസ് ചെയ്യുന്ന എഴുത്തുകാരിയുടെ ചിന്തകൾ എവിടേയ്ക്കാണ് പോകുന്നതെന്ന് ഓരോ വായനക്കാരെയും പോലും ഞങ്ങളും വ്യാകുലരാണ്. ഇതുവരെ പ്രതികരിക്കാതെ ഇരുന്ന നീരജമാടത്തിന്റെ പ്രതികരണം ഇന്ന് നമുക്ക് ചോദിച്ചറിയാം… “
ശരത്തിന്റെ മുഖം വിടരുന്നത് കണ്ടാണ് ഗായത്രി മുഖമുയർത്തിയത്. തുറന്ന വാതിലിനപ്പുറം വെണ്ണക്കൽ ശില്പം പോലൊരു സ്ത്രീ. കാഴ്ചയിൽ തോന്നിക്കില്ലെങ്കിലും അൻപതിനോട് അടുത്ത് പ്രായമുണ്ടാകും. വലിയ ചുവന്ന പൊട്ടിന് മീതെ മഞ്ഞൾപ്രസാദം. മഞ്ഞയിൽ വെള്ളപ്പൂക്കളുള്ള കോട്ടൺസാരി അലസമായി ചുറ്റിയിരുന്നതേഉള്ളു എങ്കിലും അതവരുടെ അഴകേറ്റുന്നുണ്ടായിരുന്നു. അഴിച്ചു വിടർത്തിയിട്ട മുടിയുടെ മുൻഭാഗങ്ങളിലധികവും മൈലാഞ്ചിനിറമാണ്.
“എന്ത് വേണം” ശാന്തമായിരുന്നു ചോദ്യം.
“അത് പിന്നെ…മാഡത്തിന്റെ ഒരു ഇന്റർവ്യൂ.”
“അകത്തേക്ക് വരാം.” ആ മറുപടി പ്രതീക്ഷിക്കാത്ത വണ്ണം ശരത് ഒന്ന് ഞെട്ടി. പുറമെ കാണിച്ചില്ലെങ്കിലും ഗായത്രിയും….
“നിന്റെ ഇൻട്രോ കേട്ടില്ലെന്ന് തോന്നുന്നു.” പത്മജ കേൾക്കാതെയിരിക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി ശരത് ഗായത്രിയോടായി പറഞ്ഞു.
“അതിന് ഞാൻ തെറ്റൊന്നും പറഞ്ഞല്ലല്ലോ.”
“മ്മ്…മ്മ്…”
വിശാലമായ ഹാളിലെ മെറൂൺ കാർപെറ്റ് ആയിരുന്നു ആദ്യം ശ്രദ്ധപിടിച്ചെടുത്തത്. ലൈറ്റ് പിങ്ക് നിറമുള്ള സെറ്റി…വൃത്തിയുള്ള മുറി. നടുക്കായുള്ള ടീപ്പോയിലെ ഇളം പിങ്ക് നിറമുള്ള റോസാപ്പൂവിലേക്ക് ഒരു നിമിഷം ഗായത്രിയുടെ കണ്ണുകൾ നീണ്ടു.
“കുടിക്കാനെന്താ…ടീ ഓർ കോഫി…”
“ഒന്നും വേണ്ട മാം. മാഡം ഒന്ന് റെഡി ആയി വന്നിരുന്നെങ്കിൽ ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്യാമായിരുന്നു.”
കേക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ പത്മജ തന്നെ സ്വയമൊന്ന് നോക്കി.
“ഈ വേഷത്തിനെന്താ…നിങ്ങളെന്റെ ഇന്റർവ്യൂവിന് അല്ലെ വന്നത്.”
“അതേ മാഡം.”
“എന്റെ ജന്യുനായ മറുപടിയല്ലേ ഓരോ ചോദ്യത്തിനും നിങ്ങൾ പ്രതീക്ഷിക്കന്നത്.”
“അതേ മാഡം.”
“അത് ഞാൻ ഞാനായി തന്നെയിരുന്നു പറയുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട്.”
പരസ്പരം ഒന്നും മിണ്ടാതെ ഗായത്രിയും ശരത്തും പരസ്പരം നോക്കി.
“വില കൂടിയ സാരിയും പിന്നെ കുറച്ചു കോസ്മീറ്റിക്സിനരെയും ആവരണം വേണോ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ.!
“നോ. മാം! മാമിന് comfort ആയ പോലെ മതി.”
ശരത് ക്യാമറ റോൾ ചെയ്തതും ഗായത്രി മൈക്ക് സെറ്റ് ചെയ്തു.
മാം…ഡയറക്ട് ചോദ്യങ്ങളിലേക്ക് കടക്കുവാണെ…
“യെസ് പ്ലീസ്…”
“കഴിഞ്ഞ കുറച്ചു കാലങ്ങളായി വളരെയധികം സൈബർ ബുള്ളിയിങ് നേരിട്ടുകൊണ്ടിരിക്കുന്ന ആളാണല്ലോ മാം. കാരണം മാഡത്തിന്റെ കഥകളിലെ അമ്മമാർ തന്നെ. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊ- ല്ലുന്ന ഈ കാലത്ത് ഇങ്ങനെയുള്ള അമ്മമാരെ ഐഡിയലിസ് ചെയ്യുന്ന തരത്തിൽ കഥാപാത്രങ്ങൾ സൃഷ്ടിക്കുന്നത് ശെരിയാണെന്ന് തോന്നുന്നുണ്ടോ…”
അല്പം സമയം അവർ നിശബ്ദയായിരുന്നു, പിന്നീട് നേർമ്മയായി ഒന്ന് ചിരിച്ചു.
“എന്റെ പുസ്തകങ്ങൾ മാധ്യമ പ്രവർത്തക വേണ്ടവിധം വായിച്ചിട്ടല്ലന്ന് തോന്നുന്നു. ഞാനെവിടെയാണ് അത്തരം അമ്മമാരെ ഐഡിയലൈസ് ചെയ്തിരിക്കുന്നത്. നമ്മൾ ചിന്തിക്കുന്നത് മാത്രമാവണം സത്യം എന്ന് നിർബന്ധമില്ലല്ലോ.
പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ കൂടി കടന്ന് പോയൊരു സ്ത്രീയാണ് ഞാനും. എന്റെ കുട്ടിയെ എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും കുട്ടിയെ ഉപദ്രവിക്കാൻ തോന്നിയിട്ടുണ്ട്. അതെനിക്ക് കുട്ടിയെ ഇഷ്ടമല്ലാത്തത് കൊണ്ടായിരുന്നില്ല. അതെന്റെ അവസ്ഥയായിരുന്നു. ഞാൻ മാത്രമല്ല, ഒരുപാട് അമ്മമാർ കടന്നു പോയ അവസ്ഥയാണത്. ഞാനതിനെക്കുറിച്ച് സംസാരിക്കുക മാത്രം ചെയ്തു.”
“ഓക്കെ. പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഇന്നിരുപാട് പേർ ചർച്ച ചെയ്യുന്നൊരു വിഷയമാണ്. മറ്റൊരു ചോദ്യം, എന്തുകൊണ്ടാണ് നെഗറ്റീവ് സ്വഭാവമുള്ള അമ്മമാരെ കഥാപാത്രങ്ങളായി സ്രഷ്ടിക്കുന്നത്.
നമുക്ക് കണ്ടു പരിചയമില്ലാത്ത, നമുക്ക് അംഗീകരിക്കാൻ കഴിയാത്ത അമ്മമാർ. മക്കളോട് സ്നേഹമില്ലാത്ത മക്കൾക്ക് വേണ്ടി ഒരു ത്യാഗവും സഹിക്കാൻ കഴിയാത്ത അവർക്ക് വേണ്ടി ഒന്നും ത്യജിക്കാൻ കഴിയാത്ത അമ്മമാർ. എന്തുകൊണ്ടാണ് ഇത്തരം കഥാപാത്രങ്ങൾ….”
ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ എന്നെ ഒന്ന് ആകെ വീക്ഷിച്ചതിനു ശേഷമായിരുന്നു അവർ മറുപടി പറയാൻ തുടങ്ങിയത്.
“എന്റെ കഥാപാത്രങ്ങളെ എങ്ങിനെ സൃഷ്ടിക്കണം എന്നുള്ളത് എന്റെ സ്വാതന്ത്ര്യമല്ലേ കുട്ടി. സമൂഹം ഉണ്ടാക്കി വച്ചിരിക്കുന്ന സൊ കോൾഡ് സെൽഫ് ലെസ്സ് അമ്മമാരെ എന്റെ കഥകളിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല. തീർച്ചയായും ഞാൻ അങ്ങനെയൊരു അമ്മയല്ല. ഞാൻ എന്നെ തന്നെ സ്നേഹിക്കുന്ന ഉറച്ച തീരുമാനങ്ങളും ബോധവുമുള്ള ഒരു സ്ത്രീയാണ്. എനിക്ക് ഞാനല്ലാതെ മറ്റൊരാളായി മറ്റൊരാൾക്ക് വേണ്ടി ജീവിതം ജീവിക്കാനും കഴിയില്ല. അത്കൊണ്ട് തന്നെ ഞാൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്.
കുട്ടി മാരീഡ് ആണോ…?”
ഉത്തരത്തിന്റെ അവസാനം ഒരു ചോദ്യം എനിക്ക് നേരെ.
“അല്ല…”
“അപ്പോൾ പാരെന്റ്സിന്റെ ഒപ്പം ആയിരിക്കണമല്ലോ…? കാലത്ത് ജോലിക്ക് പോകും മുൻപേ ഒക്കെ ചെയ്തു തരുന്നത് അമ്മയാകും അല്ലെ…”
“അതേ” എന്ന് സമ്മതിക്കുമ്പോൾ എന്റെ ശബ്ദം വല്ലാതെ താഴ്ന്നിരുന്നു…
“കാലത്ത് എല്ലാവർക്കും മുൻപേ ഉണർന്ന് വീട്ടിലെ ജോലികളൊക്കെ തീർത്തു, ഓരോരുത്തർക്കും ഇഷ്ടമുള്ളതൊക്കെ വച്ചു വിളമ്പുന്ന ആ സ്ത്രീയോട് അവർ ഈ ജീവിതത്തിൽ സന്തോഷവതിയാണോ എന്ന് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ…? അവർക്ക് സ്വപ്നങ്ങളുണ്ടായിരുന്നതായി കുട്ടിക്ക് അറിയാമോ…? ഒരു ദിവസം ചോറ് തികയാതെ വന്നാൽ എനിക്ക് വിശപ്പില്ല എന്ന് പറഞ്ഞൊഴിയുന്നത് വിശപ്പില്ലാഞ്ഞിട്ട് തന്നെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ.? തന്റെ ഇഷ്ടത്തിന് അവർ അടുക്കളയിലെങ്കിലും എന്തെങ്കിലും ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടുണ്ടോ…?
എനിക്ക് കുട്ടിയുടെ അമ്മയെ പരിചയമില്ല. പക്ഷേ തീർച്ചയായും അവർ ഇങ്ങനെ തന്നെയായിരിക്കണം. അതുകൊണ്ടാണ് ഇത്തരം വില കുറഞ്ഞ ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമായി നിങ്ങൾ എന്റെ വീട്ടിലേക്ക് കയറി വന്നത്…
അമ്മമാരും മനുഷ്യരാണ്. വേദനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ള മനുഷ്യർ….”
അവരുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. പക്ഷെ തലയ്ക്കടിയേറ്റവണ്ണം എന്റെ തല കുനിഞ്ഞിരുന്നു.
ശരതും ആകെ നിശബ്ദനായിരുന്നു.
ഇന്നലെ വൈകിട്ട് പനിയ്ക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞതോർത്തു. ഇന്ന് രാവിലെ അത് എങ്ങിനെയുണ്ടെന്ന് ചോദിക്കാൻ ഞാൻ മാത്രമല്ല വീട്ടിലുള്ള ആരും ഓർത്തിരുന്നില്ല. അമ്മയ്ക്ക് വയ്യാതെയായാലും ഒന്നിനും ഒരു മുട്ടും വരാറില്ല. അമ്മ ഒന്നും ആരെയും അറിയിക്കാറുമില്ല. എനിക്കെന്തോ നെഞ്ച് വല്ലാതെ വിങ്ങുന്നത് പോലെ തോന്നി…ഇപ്പോൾ തന്നെ വീട്ടിലേക്കോടി ചെല്ലാനും അമ്മയെ കെട്ടിപ്പിടിച്ച് കരയാനും തോന്നി…
“ഇതൊക്കെ ഡിലീറ്റ് ചെയ്യട്ടെ ഗായു…അവർ വെറുതെ മനുഷ്യന്റെ സമാധാനം കളഞ്ഞു…”
“വേണ്ട…അവർ സമാധാനം കളഞ്ഞതല്ല ശരത്. കണ്ണ് തുറപ്പിച്ചതാണ്… She is a gem. നമുക്ക് ഇത് മതെർസ് ഡേയ്ക്ക് ടെലികാസ്റ് ചെയ്യാം…ഇവരെ നമ്മൾ മലയാളികൾ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല, അതാണ്. ഇപ്പോൾ നമ്മളെ കിട്ടിയത് പോലെ എല്ലാത്തിനെയും ഒരു പത്ത് മിനിറ്റ് മുൻപിൽ കിട്ടിയാൽ ഇവർ ചിലപ്പോൾ ഈ ലോകം തന്നെ നന്നാക്കികളയും.
എന്തായാലും ഞാനിന്ന് ലീവാ..അമ്മയെയും കൊണ്ടൊന്നു ഹോസ്പിറ്റലിൽ പോകണം…” അത് കേട്ടപ്പോൾ ശരത്തൊന്നു ചിരിച്ചു.
അവനെ ഒന്ന് കണ്ണിറുക്കി കാണിച്ച് ഞാൻ നടന്നു…വീട്ടിലേക്ക്..എന്റെ അമ്മയുടെ അടുത്തേക്ക്…