അയാളുടെ കൈകൾ അവളുടെ ശരീര ഭാഗങ്ങളെ വേദനിപ്പിചു തുടങ്ങിയപ്പോൾ അവൾ അയാളെ പേടിച്ചു തുടങ്ങി..

മകൾ
എഴുത്ത്: ദേവാംശി ദേവ
===================

“കുഞ്ഞേ..കുഞ്ഞിനെ അന്വേഷിച്ച് ഒരുപെൺകുട്ടി വന്നിരുന്നു. കുറെ നേരം ഇവിടെ ഇരുന്നു. കുറച്ചു മുൻപേ പോയതേയുളളു.”

ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുചെന്ന് കയറിയതും സഹായത്തിന് നിൽക്കുന്ന ബാബുചേട്ടൻ പറഞ്ഞു.

“ആരാന്ന് പറഞ്ഞില്ലേ ബാബുച്ചേട്ടാ..”

“ഇല്ല കുഞ്ഞേ..കുഞ്ഞിനെ നേരിട്ട് കാണണമെന്ന് പറഞ്ഞു.”

“അതാരാവും. ഇനി ഞാനറിയാതെ എന്നെ പ്രേമിക്കുന്ന ആരെങ്കിലും ആയിരിക്കോ.”

“എങ്കിൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ വിവാഹം നടത്താം. അത്ര നല്ല ഐശ്വര്യം ഉള്ള കുട്ടിയാ.”

“ആഹാ..അപ്പോ ബാബുച്ചേട്ടൻ അതുവരെ ചിന്തിച്ചോ..”

“എനിക്ക് ആ കൊച്ചിനെ ഒരുപാട് ഇഷ്ടമായി..നല്ല സംസാരവും നല്ല പെരുമാറ്റവും. നമുക്ക് ആലോചിച്ചാലോ..”

“അതൊക്കെ നമുക്ക് പിന്നീട്‌ ആലോചിക്കാം. ഇപ്പോ എനിക്കൊരു സ്ട്രോങ്ങ്‌ ചായ തരുന്നതിനെ പറ്റി ആലോചിക്ക്.” ബാബു ചേട്ടൻ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.

പിറ്റേ ദിവസം രാവിലെ ആ കുട്ടി കാണാൻ വന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ബാബു ചേട്ടൻ എന്നെ വിളിച്ചുണർത്തിയത്. ഞാൻ വേഗം ഫ്രഷായി പുറത്തേക്ക് ചെന്നു.

എന്നെ കണ്ടതും ആ കുട്ടി എഴുന്നേറ്റു.

“ഗുഡ് മോർണിങ് സർ.”

“ഗുഡ് മോർണിംഗ്..ഇരിക്കു.” ഞാൻ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“രാവിലെ വന്ന് ബുദ്ധിമുട്ടിച്ചതിൽ സാർ ക്ഷമിക്കണം. ഇന്നലെ ഞാൻ ഒരുപാട് നേരം കാത്തിരുന്നു..ഇന്നും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതിയാണ് രാവിലെ വന്നത്.” എനിക്ക് എതിരെ ഇരുന്നുകൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.

“ഞാനൊരു എൽ പി സ്കൂൾ അധ്യാപികയാണ്. സർ സ്കൂളുകളിലൊക്കെ പോയി കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയുമൊക്കെ ചെയ്യുന്ന കാര്യം എനിക്ക് അറിയാം. മനസിനെക്കുറിച്ചും മനശാസ്ത്രത്തെ കുറിച്ചുമൊക്കെ സർ എഫ് ബിയിലും മാറ്റുമൊക്കെ എഴുന്നത് ഞാൻ വായിക്കാറുണ്ട്. സർ ഞങ്ങളുടെ സ്കൂളിലും ഒന്ന് വരണം. ഞങ്ങളുടെ കുട്ടികളോടും സംസാരിക്കണം.”

“ഇതിനാണോ ഇത്ര ബുദ്ധിമുട്ടി വന്നത്.
എന്നെയൊന്ന് വിളിച്ചാൽ മതിയായിരുന്നല്ലോ..എഫ് ഫിയിൽ ഉണ്ടല്ലോ എന്റെ ഫോൺ നമ്പർ.”

“അത് സർ…ഇങ്ങനെയൊരു ക്ഷണത്തിന് പിന്നിൽ പ്രത്യേകമൊരു കാര്യമുണ്ട്. സാറിനെ സ്കൂളിലേക്ക് ക്ഷണിക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ഹെഡ്മാസ്റ്ററും ബാക്കി അധ്യാപകരുമൊക്കെ പൂർണ സമ്മതം അറിയിച്ചെങ്കിലും എന്റെ മനസിലുള്ള കാര്യം അവർക്കാർക്കും അറിയില്ല.”

“എന്താ കാര്യം..ടീച്ചർ തുറന്നു പറഞ്ഞോളൂ..”

“സർ..എന്റെ സ്കൂളിലൊരു കുട്ടിയുണ്ട്. ലക്ഷ്മി എന്നാണ് പേര്. ഒന്നാം ക്ലാസുമുതൽ അവൾ എന്റെ സ്കൂളിൽ തന്നെ ആയിരുന്നു. വളരെ മിടുക്കി ആണവൾ..പഠിത്തത്തിലും പാട്ടിലും ഡാൻസിലും എല്ലാം..എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്നൊരു കുറുമ്പത്തി..ഇപ്പോ അവൾ അഞ്ചാം ക്ലാസിൽ ആണ്. പക്ഷെ കുറച്ചു കാലമായി അവൾക്ക് നല്ല മാറ്റമുണ്ട്. ക്ലാസ്സിൽ ശ്രെദ്ധിക്കില്ല..ഹോം വർക്ക് എഴുതില്ല..പഠിക്കില്ല..ഓണം എക്സാമിന് ഒറ്റ പരീക്ഷപോലും അവൾ ജയിച്ചിട്ടില്ല. ആദ്യമൊക്കെ ടീച്ചേഴ്സ് അവളെ വഴക്കുപറഞ്ഞും ഉപദേശിച്ചുമൊക്കെ മാറ്റാൻ ശ്രെമിച്ചു. ഇപ്പോ ആരും അവളെ ശ്രെദ്ധിക്കുന്നുപോലുമില്ല..

പക്ഷെ എനിക്കെന്തോ അവളെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുന്നില്ല. നല്ല ഭാവിയുള്ള കുട്ടിയാണവൾ. ഞാൻ അവളുടെ അമ്മയുമായി സംസാരിച്ചു. അവൾ പഠിക്കാത്തത് അവർക്കൊരു പ്രശ്നമേ അല്ല..വിദ്യാഭ്യാസത്തിന്റെ വിലയൊന്നും അവർക്ക് അറിയില്ല.”

“ആ കുട്ടി ദിവസവും സ്കൂളി വരാറുണ്ടോ.”

“ഇല്ല…മുൻപ് സ്ഥിരമായി വരുമായിരുന്നു.”

“സ്കൂൾ വിട്ടാൽ ഉടനെ പോകാറുണ്ടോ”

“അപ്പോൾ തന്നെ അവൾ പോകും. പക്ഷെ വളരെ പതിയെ..എന്തൊക്കെയോ ആലോചിച്ചു കൊണ്ടാണ് നടക്കുന്നത്.

അവൾക്കൊരു കൗൺസിലിൻ വേണമെന്ന് എനിക്ക് തോന്നി. പക്ഷെ അവളുടെ വീട്ടുകരോട് പറഞ്ഞാൽ എങ്ങിനെ എടുക്കുമെന്ന് അറിയില്ല..ഇതാകുമ്പോൾ പ്രശ്നമില്ലല്ലോ..”

“ഞാൻ വരാം ടീച്ചർ..അടുത്താഴ്ച തന്നെ വരാം. ആ കുട്ടിയെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. ടീച്ചർ ബാക്കിയുള്ളവരോട് സംസാരിച്ച് ഡേറ്റും സമയവും അറിയിച്ചാൽ മതി.”

“ശരി സാർ..വളരെ നന്ദിയുണ്ട്.”

തൊട്ടടുത്ത ആഴ്ച്ച തന്നെ  ഞാൻ സ്കൂളിലെത്തി..അവിടുത്തെ കുഞ്ഞുങ്ങളുമായി സംസാരിച്ചു.

വീട്ടുകാരുടെ നിർബന്ധിച്ച് പഠിപ്പിക്കലും പഠിത്തത്തിൽ പിന്നിലാകുമ്പോഴുള്ള ശിക്ഷയും മറ്റുകുട്ടികളുമായുള്ള കമ്പയറിങ്ങും ട്യൂഷൻ ടീച്ചേഴ്സിനോടുള്ള പേടിയുമൊക്കെ പല കുട്ടികളുടെയും മനസ്സിനെ ബാധിച്ചിരുന്നു.

ആ കുഞ്ഞു പൂമ്പാറ്റകൾക്കിടയിൽ ഞാൻ ലക്ഷ്മിയെ തേടി. ഒടുവിൽ അവളെന്റെ മുന്നിലെത്തി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു പേടി ഞാൻ കണ്ടു.

ഒരിക്കൽ പോലും അവളെന്റെ മുഖത്തേക്ക് നോക്കിയില്ല.

അവൾ ഉള്ളിലൊളുപ്പിച്ചിരിക്കുന്ന രഹസ്യം ഞാൻ അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കുമോ എന്ന് അവൾ ഭയപ്പെട്ടു.

അവളോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ മുഖം തിരിച്ചിരുന്നു. ഒരുപാട് നേരം സംസാക്കേണ്ടി വന്നു അവളുടെ കുഞ്ഞ് മനസ്സൊന്ന് തുറക്കാൻ..അത് തുറന്നപ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തു വന്നത്.

അച്ഛൻ ആരാണെന്ന് ലക്ഷ്മിക്ക് അറിയില്ല. അവൾ ജനിക്കും മുൻപേ അവളുടെ അമ്മയെ ഉപേക്ഷിച്ചു പോയതാണയാൾ. പിന്നെ അവളും അമ്മയും മാത്രമായി..

പിന്നീട്‌ അമ്മ രണ്ടാം വിവാഹം ചെയ്യ്തു. അവൾക്ക് പുതിയ അച്ഛനെ കിട്ടി. ആദ്യമൊക്കെ അയാൾക്ക് അവളോടും അമ്മയോടും സ്നർഹം ഉണ്ടായിരുന്നു. അല്ല..സ്നേഹം അനഭിനയിച്ചിരുന്നു.

പതിയെ അയാളുടെ കണ്ണുകൾ അവളുടെ പിഞ്ചു ശരീരത്തിലായി. അതൊന്നും ആ കുഞ്ഞിന് മനസിലായില്ല..എങ്കിലും അയാളുടെ കൈകൾ അവളുടെ ശരീര ഭാഗങ്ങളെ വേദനിപ്പിചു തുടങ്ങിയപ്പോൾ അവൾ അയാളെ പേടിച്ചു തുടങ്ങി. അമ്മയോട് പറഞ്ഞപ്പോൾ അവർ അവളെ വഴക്ക് പറഞ്ഞു.

പിന്നീട്‌ അയാൾ അവളെയും അമ്മയെയും ഉപേക്ഷിച്ച് പോകും എന്നൊരവസ്ഥ വന്നപ്പോൾ സ്വന്തം അമ്മ തന്നെ അവളെ അയാൾക്ക് കാഴ്ച്ചവെച്ചു..ഒരുവട്ടമല്ല..പലവട്ടം..ആരോടെങ്കിലും പറഞ്ഞാൽ കൊ- ന്നുകളയുമെന്ന് ഭീക്ഷണിപെടുത്തി.

ആരോടും ഒന്നും പറയാൻ കഴിയാതെ അയാൾ കൊടുക്കുന്ന വേദനകളൊക്കെ സഹിച്ച് ആ കുഞ്ഞു മനസിന്റെ താളം തെറ്റി തുടങ്ങിയിരുന്നു.

അവൾ പറഞ്ഞു നിർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

എത്രയും വേഗം ടീച്ചേഴ്സിനെയും ഹെഡ്മാസ്റ്ററിനെയും വിവരം അറിയിച്ചു. പിന്നെ പോലീസിനെയും. …

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പോലീസും ശിശുക്ഷേമ വകുപ്പും എത്തി അവളുടെ മൊഴിയെടുത്തു..അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റ് ചെയ്തു..ലക്ഷ്മിയെ ഗവർണമെന്റിന്റെ തന്നെ ഒരു ഷെൽറ്റർ ഹോമിലേക്ക് മാറ്റി.
പതിയെ പതിയെ അവൾ പഴയപോലെ മിടുക്കിയായി വന്നു. ഞാനും അവളുടെ ടീച്ചറും അവളെ പോയി കാണാറുണ്ടായിരുന്നു.

അവളെ സ്വന്തമായി വേണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നിയമപരമായി ദത്തെടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു.

ഞാൻ വിവാഹം കഴിക്കുകയും എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നുള്ള ഡോക്ടർ സർട്ടിഫിക്കറ്റൊക്കെ വേണം. അതുകൊണ്ട് തന്നെ ഞാൻ അവളുടെ സ്പോൺസറായി.

ആ സമയത്താണ് ലക്ഷ്മിയുടെ ടീച്ചർ വീണ്ടും എന്നെ കാണാൻ വന്നത്.

“വരൂ ടീച്ചർ..എന്തൊക്കെയുണ്ട് വിശേഷം…ലക്ഷ്മിയെ കാണാൻ പോയിരുന്നോ.”

“ഉവ്വ്‌..ഇന്നലെ പോയിരുന്നു. അവൾ ഇപ്പോ വളരെ ഹാപ്പിയാണ്. സാറും പോകാറുണ്ടെന്ന് അവൾ പറഞ്ഞു. പിന്നെ ഞാനിപ്പോ വന്നത് സാറിനോടൊരു കാര്യം ചോദിക്കാനാണ്.”

“എന്താ ടീച്ചർ..എന്തായാലും പറഞ്ഞോളൂ.”

“സാറിന്… സാറിന് എന്നെ വിവാഹം കഴിക്കാമോ.”

ആ ചോദ്യത്തിൽ അത്ഭുതമൊന്നും ഞാൻ കണ്ടില്ലെങ്കിലും ടീച്ചർ അങ്ങനെ ചോദിച്ചപ്പോൾ എനിക്കവരോട് ഒരു നിമിഷം ദേഷ്യവും വെറുപ്പുമൊക്കെ തോന്നി.

“സാറിന്റെ പണമോ ജോലിയോ സൗന്ദര്യമോ ഒന്നും കണ്ടിട്ടല്ല ഞാനങ്ങനെ ചോദിച്ചത്..സാറിന് ലക്ഷ്മിയെ അഡോപ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് അറിഞ്ഞു. അതേ ആഗ്രഹം എനിക്കും ഉണ്ട്. പക്ഷെ അതത്ര എളുപ്പമല്ല. അതിനൊരുപാട് നൂലാമാലകളുണ്ട്. പക്ഷെ നമ്മൾ ഒരുമിച്ചു നിന്നാൽ അതിന് കഴിയും.”

“എങ്ങനെ….” സംശയത്തോടെ ഞാൻ ടീച്ചറിനെ നോക്കി.

“ഗർഭാപാത്രം ഇല്ലാതെയാണ് സർ ഞാൻ ജനിച്ചത്. അതുകൊണ്ടുതന്നെ അമ്മയാകാൻ എനിക്കൊരിക്കലും കഴിയില്ലല്ലൊ..കളിയാക്കലും സഹതാപവുമൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. അന്നൊക്കെ ഒരുപാട് കരഞ്ഞിട്ടുമുണ്ട്. ആ വിഷമം തീർക്കാനാ പഠിച്ചൊരു എൽ പി ടീച്ചറായത്. പക്ഷെ ഇപ്പോ എനിക്ക് തോന്നുന്നു ലക്ഷ്മി മോളുടെ അമ്മയാകാനാണ് ദൈവം എനിക്കങ്ങനെയൊരു കുറവ്‌ തന്നതെന്ന്. സാർ ആലോചിച്ചൊരു മറുപടി തരു…”

തിരിഞ്ഞു നടക്കുമ്പോൾ ഞാൻ പെട്ടെന്ന് ടീച്ചറുടെ കയ്യിൽ പിടിച്ചു നിർത്തി. ഒരു നിമിഷം തെറ്റിദ്ധരിച്ചു പോയതിൽ ആ കണ്ണുകളിൽ നോക്കി  മനസ്സുകൊണ്ട് മാപ്പു പറഞ്ഞു.

*******************

“ഹലോ ഡോക്ടർ സർ..എന്ത് ആലോചിച്ച് ഇരിക്കുവാ..മോളവിടെ നമ്മളെ വെയ്റ്റ് ചെയ്യുവാ..”

അവൾ വന്ന് വിളിച്ചപ്പോഴാണ് ചുമരിൽ തൂക്കിയിരുന്ന ഈ ഡോക്ടറിന്റെയും ടീച്ചറിന്റെയും ഞങ്ങളുടെ ലക്ഷ്മി മോളുടെയും വലിയ ഫോട്ടോയിൽ നോക്കിയിരിക്കുകയാണ് ഞാനെന്ന് എനിക്ക് മനസിലായത്..ഓർമകൾ കുറച്ചു നേരം പുറകിലേക്ക് സഞ്ചരിച്ചു.

എഴുന്നേറ്റ്  ടീച്ചറിനോടൊപ്പം പുറത്തേക്ക് ചെല്ലുമ്പോൾ മീഡിയകൾക്കൊപ്പം ലക്ഷ്മിമോളും ഞങ്ങളെ വെയ്റ്റ് ചെയ്യുകയാരുന്നു.

ഞങ്ങളിന്ന് എഴുത്തുകാരി ലക്ഷ്മിയുടെ മാതാപിതാക്കളാണ്.

അവളുടെ ‘മകൾ’ എന്ന നോവലിനാണ് ഇപ്രാവശ്യത്തെ കേന്ദ്ര സാഹിത്യ ആക്കഡമി അവാർഡ്.

അവളൊരു എഴുത്തുകാരി മാത്രമല്ല..ഒരു കോളേജ് അദ്ധ്യാപികയും
കുഞ്ഞുങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നൊരു സംഘടനയിലെ അംഗവും കൂടിയാണ്.