ധ്വനി, അധ്യായം 38 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ കൃഷ്ണകുമാറിന് ഹസ്തദാനം നൽകി. വീണ വിമലയെ അടുത്ത് ചേർത്ത് ഇരുത്തി

ചന്തു ശ്രീയോട് ധ്വനിയിലേക്ക് വരാൻ കണ്ണ് കാണിച്ച് അങ്ങോട്ടേക്ക് നടന്ന് പോയി. നന്ദന മുറിയിൽ ഇരുന്നത് കാണുന്നുണ്ടായിരുന്നു

ചന്തു അവളെ വലിച്ചടുപ്പിച്ച് ചുംബിക്കുന്നത് കാണെ അവൾ ജനാല വലിച്ചടച്ചു

“സന്തോഷമായോ?” ശ്രീ അവന്റെ മുഖത്തേക്ക് നോക്കി അവനെ വട്ടം പുണർന്ന് ചോദിച്ചു

“ഉം. പക്ഷെ ഒരു മാസമുണ്ട്. അത് എങ്ങനെ.. അതാണ് ഞാൻ ഇപ്പൊ ചിന്തിച്ചു കൊണ്ടിരിക്കുന്നത് “

ശ്രീ പൊട്ടിച്ചിരിച്ചു

“മോളോട് ഒരു കാര്യം പറയട്ടെ?”

അവൻ അവളെ മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു. അവൾ തലയാട്ടി

ആ മുഖത്ത് നോക്കി എങ്ങനെയാണത് പറയുക എന്നവൻ ഒരു നിമിഷം ചിന്തിച്ചു

“പറ “

“എല്ലാ കാര്യത്തിലും നല്ല ശ്രദ്ധ വേണം. എല്ലാത്തിലും “

“എന്ന് വെച്ചാ?”

“എന്ന് വെച്ചാൽ… ഏത് കാര്യത്തിലും കെയർ ഫുൾ ആവണം ന്ന്..  കല്യാണം നിശ്ചയം കഴിഞ്ഞാൽ സൂക്ഷിച്ചു കൊള്ളണം എന്ന്. അമ്മ പറഞ്ഞതാ രാവിലെ..”

“ആ “

“വണ്ടി ഉപയോഗിക്കേണ്ട കുറച്ചു ദിവസം “

“ഉം.”

“പിന്നെ… പിന്നെ.. ഭക്ഷണം ഒക്കെ അമ്മ ഉണ്ടാക്കി കഴിഞ്ഞ ഉടനെ കഴിക്കണം ട്ടോ..”

അവൾ സംശയത്തോടെ അവനെ നോക്കി

“ഒരു പാട് തണുത്തു കഴിഞ്ഞു ഫുഡ് പോയ്സൺ വല്ലോം വന്നാലോ അത് കൊണ്ടാ “

അവൾ അവനെ നോക്കിയിരുന്നു

“പിന്നെ…പറയാൻ പാടുണ്ടോ എന്ന് അറിയില്ല.. പക്ഷെ നീ എന്റെ ഒപ്പം വരുന്ന വരെ എനിക്ക് ടെൻഷൻ ഉണ്ട് ശ്രീ…. എന്റെ ഇന്റുഷൻസ് തെറ്റില്ല. പഠിക്കുന്ന കാലം മുതൽ ഞാൻ ഇങ്ങനെ എന്ത് പറഞ്ഞാലും നടക്കാറുണ്ട്. കൂട്ടുകാർ പറയും എനിക്ക് എന്തോ sixth sense ഉണ്ടെന്ന്. അതൊന്നുമല്ല തോന്നലുകൾ ആണ്. മോള് ഞാൻ പറയുന്നത് സീരിയസ് ആയിട്ട് എടുക്കണം.”

“ഉം “

“നന്ദനയുടെ കൂടെ ഇനി വണ്ടിയിൽ പോകണ്ട.. അവള് തരുന്നതൊന്നും കഴിക്കരുത്.. അവളിൽ നിന്ന് അകലം പാലിക്കണം “

ശ്രീ ഞെട്ടിപ്പോയി

“എന്റെ ചേച്ചി എന്നെ കൊ- ല്ലുമെന്നാണോ ചന്തുവേട്ടാ?” അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു

“ശ്രീ പൊന്ന് കരയല്ലേ.. പ്ലീസ് കരയല്ലേ… എനിക്ക്.. ഇത് കാണാൻ മാത്രം വയ്യ “

അവൻ ആ കണ്ണുകൾ തുടച്ചു. മുഖം തുടച്ചു ഉമ്മ കൊടുത്തു

“ശ്രീ.. മനുഷ്യന്റെ മനസ്സ് ആർക്കും പിടികിട്ടാത്ത ഒന്നാണ്. ഞാൻ നിന്നേ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ നന്ദന നിന്നെ വേദനിപ്പിച്ചിട്ടേയുള്ളു നീ അത് എന്നോട് പറഞ്ഞു തുടങ്ങിയപ്പോ ഞാൻ അവളെ ശ്രദ്ധിച്ചു തുടങ്ങി. നിന്നോട് അവൾക്കുള്ളത് ഒരു തരം പക, തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടുന്നതിന്റെ അസൂയ, വെറുപ്പ്…. അത് നല്ലതല്ല. നന്ദന ബുദ്ധിമതിയാണ്. ഒരു കാര്യം ആഗ്രഹിച്ചാൽ നടത്തിയെടുക്കാൻ ഏത് അറ്റം വരെ പോകുന്ന സ്വഭാവം ഉള്ളവൾ. അവളുടെ ടാർജറ്റ് ഞാനാണ്. എന്നും ഞാനാണ്. നീ ഇല്ലാതായാൽ അവളിലേക്ക് ഞാൻ എത്തുമെന്ന് അവൾ കരുതുന്നുണ്ട്. പക്ഷെ അവൾക്ക് എന്നെ അറിയില്ല. ഞാൻ എത്ര മോശമാണെന്നു അവൾക്ക് അറിയില്ല “

അവന്റെ മുഖം ഇരുണ്ടു

“ഞാൻ സാധു പാവം എന്നൊക്കെ തോന്നുമായിരിക്കും. ശരിക്കും ഞാൻ അതല്ല ശ്രീ.. അത് പോട്ടെ.. കല്യാണം കഴിഞ്ഞാൽ.. പിന്നെ ഉള്ള കളികൾ നേരേ നേരെയാ. ഇപ്പൊ എനിക്ക് അത് പറ്റില്ല. ഞാൻ ആരുമല്ല. പക്ഷെ പിന്നെ അവൾ എന്റെ റിയൽ മുഖം കാണും. റിയൽ വിവേക് എന്താ എന്ന് “

“ചന്തുവേട്ടൻ എന്തൊക്കെയാ പറയുന്നത്?”

“ശ്രീ പഠിച്ചു കൊണ്ട് ഇരുന്ന സമയത്തു നന്ദനയ്ക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. പേര് ആലിയ. ആലിയ മുഹമ്മദ്‌. നിനക്ക് അറിയാമോ.?”

“അറിയാം വീട്ടിൽ വരാറുണ്ടായിരുന്നു “

“ഇപ്പൊ എവിടെയാണ്?”

“ആ ചേച്ചിക്ക് എന്തോ സുഖമില്ലാതായി ഫൈനൽ ഇയർ പഠിക്കുമ്പോൾ. മെന്റലി എന്തോ പ്രശ്നം. ഇപ്പൊ എവിടെ ആണെന്ന് അറിയില്ല “

“അപ്പോൾ അസൈലത്തിലാണ്. കോയമ്പത്തൂർ.”

ശ്രീക്ക് ഒന്നും മനസിലായില്ല

“നന്ദനയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു?”

“അതേ.”

“ഒന്നിച്ചു സ്കൂൾ കാലം മുതൽ പഠിച്ചവർ “

“അതെ “

“നന്ദന ഫസ്റ്റ് റാങ്ക് ആ കുട്ടി സെക്കന്റ്‌ റാങ്ക് “

“ഇതൊക്കെ എങ്ങനെ അറിയാം?”

“മെഡിസിന് പഠിക്കുമ്പോൾ ആ കുട്ടി ഫസ്റ്റ് റാങ്ക് നന്ദന സെക്കന്റ്‌ റാങ്ക് “

“അറിയില്ല “

“എങ്കിൽ എനിക്ക് അറിയാം. അങ്ങനെ ആയിരുന്നു. ഫൈനൽ എക്സമിനു മുന്നേ അവർ ഒരു ദിവസം ഇവിടെ ഉണ്ടായിരുന്നു. ഒരു പകൽ. അന്ന് രാത്രി ആണ് മനോനില തകരാറിലായി ആലിയ ഹോസ്പിറ്റലിൽ ആയത്. ആദ്യം വീട്ടുകാർ കരുതിയത് രാത്രി എന്തോ കണ്ട് പേടിച്ചു എന്നാണ്. അങ്ങനെ തന്നെ ചികിത്സ തുടങ്ങി..ഇടയ്ക്ക് ഒരു തവണ നോർമൽ ആയ ഒരു ദിവസം അവൾ അവളുടെ ലവറിനോട് പറഞ്ഞു അവളും നന്ദനയും ഡ്ര- ഗ്ഗ്സ് യൂസ് ചെയ്തു എന്ന്. ഇവിടെ വന്നപ്പോൾ ഈ വീട്ടിൽ വെച്ച്. വളരെ ചെറിയ ഒരിടവേളയിൽ പറഞ്ഞതായിരുന്നു അത്. പിന്നെ ബ്ലഡ്‌ സാമ്പിളിൽ ഐസൊട്രറ്റിനോയിൻ പ്രേസന്റ്ആയിരുന്നു.മോൾക്ക് അത് പറഞ്ഞാൽ അറിയില്ല അത് ഒരു മെഡിസിൻ ആണ്. നമ്മുടെ ചിന്തകളെയൊക്ക ബാധിക്കുന്ന മൈൻഡ് മുഴുവൻ കുഴപ്പത്തിൽ ആക്കുന്ന ഒരു മെഡിസിൻ.അത് ഇൻജെക്ട് ചെയ്തത് തീർച്ചയായും ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് മാത്രം കഴിയുന്ന കാര്യമാണ്. പിന്നെ പൂർണമായും ബോധം മറഞ്ഞു ആ കുട്ടിയുടെ. ഒരു മുഴു ഭ്രാന്തി സത്യത്തിൽ അങ്ങനെ പറയാൻ പാടില്ല. പക്ഷെ ഇപ്പൊ അതാണ് അവസ്ഥ. എന്ത് കൊണ്ട് ഇത് പോലീസ് അന്വേഷിച്ചില്ല എന്ന് ചോദിക്കാം. തെളിവില്ല. ആലിയ ഈ വീട്ടിൽ വന്നതിനു തെളിവില്ല. ഉണ്ടെങ്കിൽ തന്നെ സാക്ഷികൾ ഇല്ല. അവൾക്ക് ബോധം ഇല്ല. മനോനില തകരാറിലയവരുടെ മൊഴികൾ കോടതിയിൽ നിൽക്കില്ല. സർവോപരി അവർ സാമ്പത്തികമായി ഒരു പാട് പിന്നിലാണ്. ഒരു നിർധനയായ ഉമ്മ. പിന്നെ രണ്ടു പെൺകുട്ടികൾ. അവർ ഒന്നിനും പോയില്ല. “

ശ്രീ മരവിച്ചു വിറങ്ങലിച്ചിരിക്കുകയാണ്

“ഞാൻ എങ്ങനെ അറിഞ്ഞു എന്ന് കരുതുന്നുണ്ടാവും. നിന്നേ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് ഞാൻ ഒരാളോട് മാത്രമേ പറഞ്ഞുള്ളു. കാർത്തിയോട് . എന്റെ അനിയത്തിയുടെ വുഡ് ബി. അവൻ ഡോക്ടർ ആണ്. ഇപ്പൊ യുഎസിൽ എം എസ് ചെയ്യുന്നു. അവൻ പഠിച്ചത് ഇവിടെ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. അവൻ നന്ദനയുടെ ക്ലാസ്സ്‌ മേറ്റ്‌  ആണ്. അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആലിയയുടെ ലവർ ആഷിക്. അവനോടാണ് അവ്യക്തമായി ഒരു ദിവസം ആ കുട്ടി അത് പറഞ്ഞത്  . പക്ഷെ പറഞ്ഞില്ലേ തെളിവ് ഇല്ല.. ആ ക്ലാസ്സിൽ എല്ലാവർക്കും അവളെ സംശയം ഉണ്ടായിരുന്നു ശ്രീ. പക്ഷെ ആർക്കും ഇതിന്റെ പിന്നാലെ നടക്കാൻ വയ്യ.ബട്ട്‌ കാർത്തിക്കിന് ഉറപ്പാണ് അത് നന്ദനയാണ് എന്ന്. പക്ഷെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ..”

ശ്രീയുടെ നെഞ്ചിടപ്പ് അവൻ അറിഞ്ഞു

“നിന്റെ ചേച്ചി വളരെ dangerous ആണ് ശ്രീ.. എന്റെ കുഞ്ഞ് സൂക്ഷിക്കണം. ഒരു മാസം. എനിക്ക് ടെൻഷൻ ആണ്. മിക്കവാറും ദിവസം ഞാൻ കൊണ്ട് പോകും നിന്നേ. ഇവിടെ ഉള്ളപ്പോൾ ഇതൊക്കെ മനസ്സിൽ ഉണ്ടാകണം. കല്യാണം കഴിഞ്ഞാൽ അവൾ ഉദ്ദേശിക്കുന്നത് ഒന്നും നടക്കില്ല ശ്രീ. പിന്നെയാണ് റിയൽ ഗെയിം..”

ശ്രീ ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച് അവനെ കെട്ടിപിടിച്ചു

ഇതൊക്കെ സത്യം ആണെങ്കിൽ ചേച്ചി എത്ര പാപിയാണ്? കൊടും ക്രി- മിനൽ ആണ്. ഈശ്വര അച്ഛനും അമ്മയും ഇത്   വല്ലതും അറിയുന്നുണ്ടോ?അറിയുമ്പോൾ എന്തായിരിക്കും അവസ്ഥ?

ചന്തു ആ മുഖം കൈയിൽ എടുത്തു നോക്കി

“എന്താടാ?” അവൾ ഒന്നുമില്ല എന്ന് മുഖം ചലിപ്പിച്ചു. അവന്റെ മുഖം താഴ്ന്നു. ചുംബനങ്ങൾ. ഇളം ചൂടുള്ള മൃദുവായ ചുംബനങ്ങൾ. ആർദ്രമായ കരുതലിന്റെയും സ്നേഹത്തിന്റെയും തേനുമ്മകൾ

“ഞാൻ ഇല്ലേ?” അവൾ കണ്ണുകൾ പൂട്ടി അവനോട് ചേർന്ന് ഇരുന്നു

രാജഗോപാൽ കൃഷ്ണകുമാറിനോട് സംസാരിക്കുകയായിരുന്നു. അയാളുടെ സ്വതസിദ്ധമായ ഈഗോയേ അനായാസം കീഴടക്കുന്ന നർമ്മമുണ്ടായിരുന്നു കൃഷ്ണകുമാറിന്റെ ശൈലിയിൽ. അറിയാതെ പലപ്പോഴും പൊട്ടിച്ചിരിച്ചു പോയി രാജഗോപാൽ. ഏറെ നാളുകൾക്ക്ശേഷം മസിൽ പിടിത്തമൊന്നുമില്ലാതെ ഭർത്താവിന്റെ മുഖം കണ്ടതിന്റെ സന്തോഷം വിമലയുടെ മുഖത്ത് ഉണ്ടായിരുന്നു

“മോളെ നന്ദനെ “

ഇടയ്ക്ക് വീണ വിളിച്ചപ്പോ അവൾ പുറത്തേക്ക് വന്നു

“ഹായ് അങ്കിൾ.. ഹായ് ആന്റി “

അത്ര മാത്രം

അവളുടെ പുഞ്ചിരിയുടെ നിഴൽ വീണ മുഖം രാജഗോപാലിൽ സംശയം ആണ് ഉണ്ടാക്കിയത്. അവളുടെ കണ്ണുകളിൽ വിവേക് പറഞ്ഞ ആ കുടിലത ഒളിഞ്ഞിരിക്കുന്നത് സൈക്കാട്രിസ്റ് കൂടിയായ അദ്ദേഹത്തിന് വേഗം മനസ്സിലായി.അവൾ ക്ലിയർ അല്ല എന്നത് വിമലയ്ക്കും

കുറച്ചു നേരം നിന്നിട്ട് അവൾ അകത്തു പോകുകയും ചെയ്തു

“മോൾക്ക് വിഷമം ആകുമോ നേരെത്തെ ശ്രീക്കുട്ടി?”

വിമല വീണയോട് ചോദിച്ചു

“ഇല്ലില്ല അതൊക്കെ ചർച്ച നടന്നു കഴിഞ്ഞു “

“രണ്ടു പേരുടെയും ജാതകം ഒന്ന് നോക്കണം “

വീണ പറഞ്ഞു

“വിവേകിന് ജാതകം ഇല്ല . എനിക്ക് ഇത്തരം വിശ്വാസം ഇല്ല താനും “

രാജഗോപാൽ പറഞ്ഞു

“ഡേറ്റ് ഓഫ് ബർത്ത് വെച്ച് നമുക്ക് കമ്പ്യൂട്ടർ ജാതകം എടുക്കാം അതിനെന്താ. വീണ നോക്കി പറഞ്ഞാൽ മതി. നല്ല ദിവസം വേഗം ഒന്ന് കുറിച്ചാൽ അതും സന്തോഷം വേഗം ക്ഷണം തുടങ്ങണം അതാണ് “

“നാളെ തന്നെ ചെയ്യാം “

വീണ വിനയത്തോടെ പറഞ്ഞു

ഊണ് തയ്യാറാക്കിയത് കഴിച്ചിട്ടാണ് അവർ ഇറങ്ങിയത്

“ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ ശ്രീ എന്റെ കൂടെ പോന്നോട്ടെ. ഞാൻ വൈകുന്നേരം കൊണ്ട് വിടാം “

ചന്തു അനുവാദം ചോദിച്ചു. അവരത് സമ്മതിച്ചു

ജനലിൽ കൂടി അവർ പോകുന്നത് നോക്കി നിന്ന നന്ദനയുടെ മുഖം ഇരുണ്ടു

തുടരും…