നിങ്ങൾക്ക് മറ്റൊരാളെ പങ്കാളി ആയി സ്വീകരിച്ചു കൂടെ? ഞാൻ തനിച്ചുള്ള ജീവിതവുമായി പൊരുത്തപ്പെട്ടിരിക്കുന്നു…

Story written by Sivadasan Vadama
=======================

മായേ എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. സിദ്ധാർഥ് മായയോട് പറഞ്ഞു.

മായ മുഖമുയർത്തി നോക്കി. വളരെ ശാന്തമായിരുന്നു അയാളുടെ മുഖം. തങ്ങൾ ഇത്രയും കാലത്തിനിടെ മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടുണ്ടോ എന്നു പോലും മായക്ക് സംശയമായിരുന്നു. അതുപോലെ തന്നെ തന്റെ പേര് മായ എന്നാണെന്നു അയാൾക്ക് ഓർമ്മയുണ്ടോ എന്നു പോലും തോന്നിയിട്ടുണ്ട്. താനും അയാളെ എന്താണ് എന്നു വിളിച്ചിരുന്നത് എന്ന് അവൾക്കും ഓർമയില്ലാതായി. ഒരേ വീട്ടിൽ രണ്ടു ധ്രുവങ്ങളിൽ ജീവിച്ച രണ്ടു വ്യക്തികൾ.
സിദ്ധാർഥ് ജോലിക്ക് പോകുന്നു വരുന്നു. താൻ അടുക്കളയിലും കുട്ടികളുടെ കാര്യങ്ങൾ നോക്കിയും വീടിനെ പരിചരിച്ചും അങ്ങനെ മുമ്പോട്ട് പോയി. ആദ്യമൊക്കെ വല്ലാത്ത നിരാശ ആയിരുന്നു. പിന്നെ അതുമായി പൊരുത്തപ്പെട്ടു. ഇതൊക്കെ തന്നെ ആണ് ജീവിതം എന്നു കരുതി. അവിടെ നിന്നു ഇറങ്ങി പോന്നപ്പോളും വലിയ നിരാശയൊന്നും ഉണ്ടായില്ല. എന്തോ ഒരു ആശ്വാസം ആണ് തോന്നിയത്.

പക്ഷേ തനിക്കു സംഭവിച്ച അപകടം അതു തന്നെ വല്ലാതെ ഉലച്ചു. ആ സമയത്തു സിദ്ധാർഥ് കാണിച്ച സഹാനുഭൂതി മറക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അയാളിൽ നിന്നു ഒഴിഞ്ഞു മാറാൻ സാധിക്കുന്നില്ല.

എന്റെ ഭാഗത്തു നിന്നു ഒരുപാടു വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്? സിദ്ധാർഥ് പറഞ്ഞു.

ഉം! മായ വെറുതെ മൂളി.

നിനക്ക് എന്നോട് വെറുപ്പ് മാത്രമാണ് എന്ന് എനിക്ക് നല്ലത് പോലെ അറിയാം. അതു എളുപ്പം മായുകയുമില്ലെന്നു എനിക്ക് അറിയാം. അല്ലെങ്കിലും സ്നേഹം തോന്നാൻ മാത്രം ഞാൻ നിനക്ക് ഒന്നും ഓർത്തു വെക്കാൻ സമ്മാനിച്ചിട്ടില്ല.

മായ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

എനിക്ക് ഒരു അവസരം കൂടി തരുമോ? സിദ്ധാർഥ് അവളോട്‌ ചോദിച്ചു.

അയാളെ എന്തു വിളിച്ചു സംബോധന ചെയ്യണമെന്ന് മായക്ക് നിശ്ചയം ഇല്ലായിരുന്നു.

നിങ്ങൾക്ക് മറ്റൊരാളെ പങ്കാളി ആയി സ്വീകരിച്ചു കൂടെ? ഞാൻ തനിച്ചുള്ള ജീവിതവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. മായ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

തനിച്ചു ജീവിക്കാൻ എനിക്കും സാധിക്കും. പക്ഷേ നിന്നോട് ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ഒരു അവസരം നീ എനിക്ക് തരണം. ഇല്ലെങ്കിൽ കുറ്റബോധം കൊണ്ടു ഞാൻ വെന്തു മരിക്കും. ഞാൻ നിന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ഒരു പക്ഷേ ഇതുപോലെ ഒന്നുമല്ല നിന്റെ ജീവിതം മുമ്പോട്ട് പോകുമായിരുന്നത്. നിന്റെ സ്വപ്നങ്ങളെ പ്രതീക്ഷകളെ എല്ലാം ഞാൻ തല്ലിയൊടിച്ചു. അതെന്നെ വല്ലാതെ ആസ്വാസ്ഥനാക്കുന്നുണ്ട്. സിദ്ധാർഥ് തുറന്നു പറഞ്ഞു.

ഞാൻ എന്തു വേണമെന്നാണ് പറയുന്നത്? ഒടുവിൽ മായ ചോദിച്ചു.

എന്നെ ഒരു ഭർത്താവായി കാണേണ്ട?എന്നെ ഒരു സുഹൃത്തായി കാണുവാൻ എങ്കിലും നീ ശ്രമിക്കണം.

ഉം! ഞാൻ ശ്രമിക്കാം. മായ പറഞ്ഞു.

*******************

നമുക്ക് അടുത്ത ദിവസം കുട്ടികൾ ഒരുമിച്ചു യാത്ര പോയാലോ? സിദ്ധാർഥ് മായയോട് ചോദിച്ചു.

എവിടേക്ക്?

അങ്ങനെ പ്രത്യേകിച്ച് എങ്ങോട്ടുമല്ല. നാളെ രാവിലെ ഒരുങ്ങി ഇരുന്നോളൂ. ഞാൻ വണ്ടിയുമായി വരാം.

കാടുകളും മലകളും താണ്ടിയുള്ള യാത്ര കുട്ടികളെ ഉത്സാഹഭരിതരാക്കി. ഇതുപോലെ അവർ ഒരു യാത്ര എങ്ങോട്ടും പോയിട്ടില്ല. അവർ മാത്രമല്ല താനും. മായ മനസ്സിൽ ഓർത്തു.

ഉച്ചക്ക് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു. വൈകുന്നേരം കടപ്പുറത്തു കുറച്ചു സമയം ചിലവഴിച്ചു. കുട്ടികൾക്ക് കപ്പലണ്ടി വാങ്ങി കൊടുത്തപ്പോൾ ഒരെണ്ണം മായക്കും കൊടുത്തു. അവൾ അതിൽ നിന്നു പകുതി സിദ്ധാർഥ്വിനു പകുത്തു നൽകി. അത് സിദ്ധാർഥ് സന്തോഷത്തോടെ വാങ്ങി.

നമുക്ക് ഒരു സിനിമക്ക് പോയാലോ?സിദ്ധാർഥ് ചോദിച്ചു.

അവൾ അതിനു മറുപടി പറഞ്ഞില്ലെങ്കിലും കുട്ടികൾ സിനിമക്ക് പോകണം എന്നു പറഞ്ഞു തുള്ളി ചാടി. അവർ ഇതുവരെ തിയേറ്ററിൽ സിനിമ കണ്ടിട്ടില്ല. Ac റൂമിൽ സിനിമ കണ്ടു കൊണ്ടിരിക്കവേ സിദ്ധാർത്തിന്റെ കൈകൾ കസേരയിൽ വെച്ചപ്പോൾ മായയുടെ കൈകൾ അവിടെ ഉണ്ടായിരുന്നു.

അവൾ പെട്ടന്ന് കൈകൾ പിൻവലിച്ചു.

സോറി? സിദ്ധാർഥ് പറഞ്ഞു.

സിനിമ കണ്ടു ഇറങ്ങിയപ്പോൾ സമയം വല്ലാതെ വൈകിയിരുന്നു. ഭക്ഷണം പുറത്തു നിന്നു കഴിച്ചു. വീട്ടിൽ ചെന്നപ്പോൾ രാത്രി വല്ലാതെ ഇരുട്ടിയിരുന്നു.

അവരെ വീട്ടിലാക്കി ഞാൻ ഇനി പോകട്ടെ? സിദ്ധാർഥ് മായയോട് ചോദിച്ചു.

അച്ഛൻ പോകേണ്ട? കുട്ടികൾ വാശി പിടിച്ചു.

ഇത്രയും സമയം ആയില്ലേ ഇനി രാവിലെ പോയാൽ പോരേ? മായയുടെ മറുപടി സിദ്ധാർഥ്വിനു സന്തോഷം നൽകി.

അമ്മ അവിടെ തനിച്ചാണ് എന്നു പറയണം എന്ന് തോന്നിയെങ്കിലും അപ്പോഴത്തെ സന്തോഷം നശിപ്പിക്കേണ്ട എന്നു കരുതി അയാൾ വീടിന്റെ അകത്തേക്ക് കയറി.

കുട്ടികൾക്ക് അച്ഛന്റെ അരികിൽ കിടന്നാൽ മതി. അവർ അച്ഛനോടൊപ്പം കിടന്നപ്പോൾ മായ അപ്പുറത്തെ മുറിയിൽ പോയി കിടന്നു.

രാവിലെ ചായ തിളപ്പിച്ചപ്പോൾ ഒരു ഗ്ലാസ്സിൽ പകർന്നു അവൾ സിദ്ധാർഥ്വിനു നൽകി.

താങ്ക്സ്…ചായ വാങ്ങി സിദ്ധാർഥ് പറഞ്ഞു.

അയാൾ നന്ദി പറഞ്ഞപ്പോൾ തങ്ങൾ ഇപ്പോളും എത്ര അപരിചിതർ ആണ് എന്നു മായ മനസ്സിൽ ഓർത്തു.

ഞാൻ ഇനി പോകട്ടെ? സിദ്ധാർഥ് മായയോട് പറഞ്ഞു.

ഇനി എപ്പോൾ വരും? അറിയാതെ മായയുടെ വായിൽ നിന്നു ചോദ്യം വന്നു.

ആ ചോദ്യം തന്നെ സിദ്ധാർത്തിന്റെ സിരകളെ ത്രസിപ്പിച്ചു. അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

അങ്ങനെ ചോദിക്കേണ്ടായിരുന്നു? മായക്ക് തോന്നി.

അല്ല കുട്ടികൾക്ക് ഇന്നലെ വല്ലാത്ത സന്തോഷം ആയി. അവർ ഇത്തരം യാത്രകൾ ആഗ്രഹിക്കുന്നു.

നിനക്ക് സന്തോഷം തോന്നിയില്ലേ?അൽപ്പം കുസൃതിയോടെ അവളോട്‌ ചോദിച്ചു.

അവൾ അതിനു മറുപടി പറയാതെ തല താഴ്ത്തി.

ഞാൻ വരാം? അയാൾ വണ്ടിയുമെടുത്തു പോയി.

*****************

തന്റെ മനസ്സ് എങ്ങോട്ടാണ് പോകുന്നത്?മായക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
സിദ്ധാർഥ് വിളിക്കുമ്പോൾ മായയുടെ ഉള്ളം പിടയും. എന്നാൽ ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. സിദ്ധാർഥ് ചോദിക്കുന്നതിനു മറുപടി നൽകും. താൻ ഒന്നുംതിരിച്ചു ചോദിക്കാതെ വരുമ്പോൾ ഫോൺ കുട്ടികളുടെ കയ്യിൽ കൊടുക്കാൻ പറയും. തനിക്കു സംസാരിച്ചു മതിയായില്ലല്ലോ എന്നു ഒരു നഷ്ടബോധം തോന്നും. സിദ്ധാർഥ് വരാൻ വൈകുമ്പോൾ മനസ്സ് ആശങ്കപ്പെടുന്നു. തിരിച്ചു പോകുമ്പോൾ ആവലാതി ആണ്. അപകടം കൂടാതെ തിരിച്ചു വീട്ടിൽ എത്തിയോ ആവോ?കുട്ടികളെ കൊണ്ടു വിളിപ്പിക്കും. അവിടെ എത്തി എന്നറിഞ്ഞാൽ മാത്രമേ മനസ്സിൽ സമാധാനം ഉണ്ടാവുകയുള്ളൂ.

എന്താണ് താൻ ഇങ്ങനെ.? എന്താണ് പെണ്ണെ നിന്റെ മനസ്സിൽ. കണ്ണാടിയിൽ നോക്കി അവൾ തന്നോട് തന്നെ ചോദിക്കും. ഇപ്പോൾ അയാളുടെ സാനിധ്യം വല്ലാതെ ആഗ്രഹിക്കുന്നു താൻ. തന്റെ മുമ്പിൽ വെച്ചു അയാളുടെ ഫോൺ റിങ് ചെയ്യുമ്പോൾ ഒരു അസ്വസ്ഥത. താൻ അയാളെ പ്രണയിക്കുന്നുണ്ടോ? പെണ്ണെ വേണ്ട നിന്നെ ഒരുപാട് വേദനിപ്പിച്ച ഒരാൾ ആണ് അയാൾ. അവനെ വിശ്വസിക്കരുത്? പക്ഷേ മനസ്സിനെ അടക്കി നിറുത്താൻ കഴിയുന്നില്ല. ഒരു ചെടി ആയിരുന്നപ്പോൾ തന്റെ ചില്ലകൾ ഒടിഞ്ഞു വീഴുമ്പോൾ അതിനു നല്ലത് പോലെ വേദനിക്കും. പക്ഷേ പുതിയ ചില്ലകൾ തളിർത്തു വരുമ്പോൾ ആ ചെടി വേദന എല്ലാം മറക്കും. എന്നു പറഞ്ഞത് പോലെ ആണ് തന്റെ അവസ്ഥ.

ജോലിക്ക് പോയാലും അയാളെ കുറിച്ചുള്ള ചിന്തകൾ മാത്രമാണ് മനസ്സിൽ. അയാൾ ചെയ്ത ക്രൂരതകൾ എല്ലാം മനസ്സിൽ നിന്നു മാഞ്ഞു പോയിരിക്കുന്നു. അയാൾ കാണിക്കുന്ന സ്നേഹത്തിൽ താൻ പ്രലോഭിത ആയിരിക്കുന്നു.

അയാളുടെ സ്നേഹം സ്വീകരിക്കണോ നിരാകരിക്കണോ എന്നറിയില്ല. എന്തു തന്നെ ആയാലും മനസ്സ് അയാളെകാണുമ്പോൾ തുടി കൊട്ടുന്നു.

ഇതാണോ പ്രണയം?

സ്നേഹം നിഷേധിക്കപ്പെട്ടവൾക്ക് അതു ലഭിച്ചപ്പോൾ അത് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ?

*********************

സിദ്ധാർഥ് അന്ന് വന്നപ്പോൾ മുഖം വല്ലാതെ വാടിയിരുന്നു. കുട്ടികളോടൊപ്പം അധികം സമയം ചിലവഴിച്ചില്ല. അതോടെ കുട്ടികൾ മുറിയിൽ പോയി കിടന്നു.

ഇത്തിരി കട്ടൻ ചായ വെക്കുമോ?അയാൾ അവളോട്‌ ചോദിച്ചപ്പോൾ അവൾക്ക് കുറ്റബോധം തോന്നി. താൻ അതു ഓർത്തില്ല.

എന്തു പറ്റി? സുഖമില്ലേ. ചായ കൊടുത്തപ്പോൾ മായ ചോദിച്ചു.

ഒരു തലവേദന. അയാൾ പറഞ്ഞു.

മരുന്ന് ഒന്നും കഴിച്ചില്ലേ?

ഇല്ല ഇപ്പോൾ കുറവുണ്ട്. ഞാൻ പോട്ടെ?
ഇപ്പോൾ കുറവുണ്ട് പോയി കിടന്നാൽ ശരിയാകും.

ഈ അവസ്ഥയിൽ അയാളെ പറഞ്ഞു വിടാൻ അവൾക്കു ഭയം തോന്നി.

ഇന്നു ഇനി പോകേണ്ട.  മായ പറഞ്ഞു

പോണം! ഞാൻ എപ്പോഴും ഇവിടെ തങ്ങുന്നത് ശരിയല്ല?.

വേണ്ട ഈ അവസ്ഥയിൽ വണ്ടിയൊടിച്ചു പോകേണ്ട മായ അൽപ്പം അധികാര സ്വരത്തോടെ പറഞ്ഞു.

അതോടെ  അയാൾ ദുർബലനായി.

ഒന്നും കഴിച്ചില്ലല്ലോ?

എനിക്ക് വിശപ്പ് തോന്നുന്നില്ല. ഞാൻ പോയി കിടക്കട്ടെ?

അയാൾ എഴുന്നേറ്റു. അയാൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യണമെന്നുണ്ടായിരുന്നു അവൾക്ക്. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. മായക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അയാൾ ഉറങ്ങിയോ എന്നു അവൾ പോയി നോക്കി.

തല വേദന കൊണ്ടാണ് എന്നു തോന്നുന്നു അയാൾ തിരിയുകയും മറിയുകയും ചെയ്യുന്നു. അപ്പോളാണ് അവൾ ഓർത്തത് എപ്പോളോ വാങ്ങിയ വിക്സ് അവിടെ ഇരിപ്പുണ്ട്. അതു എടുത്തു കൊണ്ടു വന്നു അയാളുടെ നെറ്റിയിൽ പതുക്കെ തലോടി. അൽപ്പം സമയം കഴിഞ്ഞപ്പോൾ അയാൾ ശാന്തമായി.

അവൾ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അയാളുടെ കൈകൾ അവളുടെ കൈകളിൽ പിടി വീണു. അവൾക്ക് ആ  കൈകൾ കുടഞ്ഞു കളയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ അവൾക്ക് അതിനു സാധിച്ചില്ല. പകരം അവൾ അയാളോട് ചേർന്നു.

മായേ നീ ഇനിയും എന്നെ വെറുക്കരുത്?എനിക്കതു താങ്ങാൻ വയ്യ.

ഇല്ല സിദ്ധുവേട്ടാ എനിക്ക് ദേഷ്യമൊന്നുമില്ല.

നീ എന്താ വിളിച്ചത്?

ആ വിളി കേട്ടപ്പോൾ അയാൾക്ക് കോരിത്തരിപ്പ് തോന്നി. വിവാഹത്തിന്റെ ആദ്യ നാളുകളിൽ അവൾ അങ്ങനെ ആണ് വിളിച്ചത്. പിന്നെ ആ വിളി നിന്നു.

അന്നൊന്നും താൻ അത് ശ്രദ്ധിച്ചു പോലുമില്ല. ഇപ്പോൾ ആ വിളിക്ക് എത്ര മാധുര്യമെന്നു അയാൾ ഓർത്തു.

അയാൾ ആവേശത്തോടെ അവളെ തന്നിലേക്ക് അടുപ്പിച്ചു. അവൾ അതു ആഗ്രഹിച്ചത് പോലെ അയാളിലേക്ക് കൂടുതൽ അമർന്നു. അവിടെ വലിയൊരു മഞ്ഞു ഉരുകുകയായിരുന്നു.
പുതിയൊരു ബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.

ശുഭം