നിന്നെയും കാത്ത്, ഭാഗം 42 – എഴുത്ത്: മിത്ര വിന്ദ

ലോഡ് എടുക്കുവാൻ വേണ്ടി ഭദ്രനും സെബാനുo കൂടി ആണ് പാലക്കാട്‌ പോയത്..

“എന്റെ പൊന്ന് ഭദ്രേട്ടാ, ഇങ്ങനെ നൂറേല് പോയാലെ ഇങ്ങൾക്ക് കുഴപ്പം ഇല്ലാരിക്കും, പക്ഷെ എനിക്ക് അങ്ങനെ അല്ല, വീട്ടിലെ ഒരു പാവം അപ്പനും അമ്മേം ഉള്ളതാ, രണ്ടു പേർക്കും കൂടി ആകെ കൂടി ഈ ഞാൻ മാത്രം ഒള്ളു, ദയവ് ചെയ്തു അവരെ വഴിയാധാരമാക്കല്ലേ… അപേക്ഷ ആണ്..

തിരു നാക്കെടുത്തു വളയ്ക്കാതെടാ കോപ്പേ…. അവന്റെ ഒരു ഓഞ്ഞ വർത്താനം… നീയ് കൂടുതൽ ഒന്നും മിണ്ടാതെ കൊണ്ട് കണ്ണും പൂട്ടി ഇരുന്നോണം കേട്ടോ… പറഞ്ഞില്ലെന്നു വേണ്ട….

കണ്ണുരുട്ടി പറയുന്ന ഭദ്രനെ കണ്ടതും സെബാൻ വാ പൂട്ടി ഇരുന്നു.

ഞാൻ ചെല്ലുന്നതും കാത്ത് കൊണ്ട് പെണ്ണൊരുത്തി മിഴികളിൽ ഏറെ കനവുകൾ നെയ്തു കൊണ്ട് കാത്തിരിക്കുന്നുണ്ട് ചെക്കാ….

മനസാലേ പറഞ്ഞു കൊണ്ട് അവൻ ഊറി ചിരിച്ചു..അഞ്ചു മണി കഴിഞ്ഞ നേരത്ത് ആണ് ഭദ്രന്റെ ഫോൺ റിങ് ചെയ്തേ…നോക്കിയപ്പോൾ അമ്മയുടെ നമ്പർ.

ഹെലോ..

ഹലോ വല്യേട്ടാ…

എന്താടാ അമ്മുട്ടാ…

ഒന്നുല്ല ഏട്ടാ, എവിടെ വരെ എത്തി.

ഞാന് ദേ പാലക്കാട്‌ ആയി …. നിങ്ങള് വന്നേ ഒള്ളോ..

ഉവ്വ്….. അമ്മയാ പറഞ്ഞേ ഏട്ടൻ രണ്ടു ദിവസം കഴിഞ്ഞേ വരൂന്ന് .

ഹ്മ്മ്… അതെ, മിന്നു എവിടെ..

അവള്, നന്ദേച്ചിയുടെ അടുത്ത് ഉണ്ട്..

ഹ്മ്മ്.. അമ്മയോ..

ഞാൻ ഇവിടെ ഉണ്ട് മോനേ…. നി ചായ വല്ലതും കുടിച്ചോ..

ആഹ് കുടിച്ചു.. അമ്മേ വെച്ചേക്കുവാ,,,

ചെക്കിങ് ഒക്കെ കാണും… അതാണ് ഏട്ടൻ കട്ട്‌ ചെയ്തേ.. അമ്മു പറഞ്ഞു.

എല്ലാം കേട്ട് കൊണ്ട് അപ്പുറത്ത് മാറി നന്ദ നിൽപ്പുണ്ട്.. മിന്നു എന്തൊക്കെയോ പറയുന്നുണ്ട് എങ്കിൽ പോലും ശ്രെദ്ധ മുഴുവൻ ഭദ്രനെ വിളിക്കുന്ന അമ്മുവിൽ മാത്രം ആയിരുന്നു. അന്ന് ആണെകിൽ നന്ദയ്ക്ക് ഒന്നിനും ഒരു ഉഷാറ് ഇല്ലായിരുന്നു. ആകെ കൂടി അവൾ അങ്ങനെ മുറിയിൽ ചടഞ്ഞു കൂടി ഇരുന്നു.

സന്ധ്യക്ക്‌ നാമം ചെല്ലുമ്പോൾ ഒക്കെ മിഴികൾ വെറുതെ ചെമ്പരത്തി വേലിയും കഴിഞ്ഞു അപ്പുറത്തെ വഴിയിലേക്ക് അറിയാതെ നീണ്ടു പോയി…

വരില്ലെന്ന് അറിയാം എങ്കിലും വെറുതെ….അത്താഴം കഴിക്കാൻ വേണ്ടി നന്ദനയേ  മിന്നു വന്നു വിളിച്ചു എങ്കിലും അവൾ ഒഴിഞ് മാറി.

യ്യോ.. ഈ ചേച്ചിക്ക് എന്ത് പറ്റി, വാന്നേ, വന്നു ചോറ് കഴിക്ക്….

വേണ്ടടാ… വിശപ്പ് തീരെ ഇല്ല്യാ.. അതോണ്ടാ…..

ഹ്മ്മ്….വിശപ്പും ദാഹോം ഒക്കെ ഭദ്രന്റെ പോക്കറ്റിൽ ഇട്ട് വിട്ടോ കൊച്ചേ നീയ്.. വാ,വന്നു വല്ലതും കഴിച്ചിട്ട് കിടക്കാൻ നോക്ക്…

അവളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് രാധമ്മയ്ക്ക് മനസിലായിരുന്ന്.

ഒടുവിൽ അമ്മ കൂടി വന്നു വിളിച്ചപ്പോൾ മനസില്ല മനസോടെ അവള് ഇത്തിരി ചോറ് വാരി കഴിച്ചു.

ഏട്ടനോട് വിളിച്ചു സംസാരിക്കണോ ചേച്ചി…

വേണ്ട അമ്മുസേ.ഏട്ടൻ വണ്ടിയോ മറ്റൊ ഓടിക്കുവാണേൽ…. ഇനി നാളെ വിളിച്ചോളാം.കഴിച്ച പാത്രം കഴുകി കമഴ്ത്തി വെച്ചു കൊണ്ട് അവൾ പറഞ്ഞു.

ഞങ്ങൾ ആരെങ്കിലും കൂടെ കിടക്കാം ചേച്ചി.. ഒറ്റയ്ക്ക് കിടക്കണ്ടന്നേ….

അമ്മു വീണ്ടും പറഞ്ഞു.

ഇല്ലേടാ… കുഴപ്പമില്ല,,,,ഞാൻ കിടന്നോളാം…

കറങ്ങുന്ന ഫാനിലേയ്ക്ക് നോക്കി കൊണ്ട് നന്ദന അങ്ങനെ കിടന്നു.നേരം ആണെങ്കിൽ 12മണി കഴിഞ്ഞു.എന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു.

ഒന്ന് വിളിച്ചു മിണ്ടാൻ ഒരുപാട് ആഗ്രഹം ഒക്കെ തോന്നിയത് ആണ്, പക്ഷെ അമ്മയും, കുട്ട്യോളും ഒക്കെ സംസാരിച്ചപ്പോൾ തന്റെ കൈയിൽ ഒന്ന് കൊടുക്കാൻ പറയാൻ ഭദ്രേട്ടന് തോന്നി പോലും ഇല്ലാലോ.  എന്നോട് ഒരിറ്റു സ്നേഹം പോലും ആ മനസ്സിൽ ഇല്ലാ… ഉണ്ടായിരുന്നു എങ്കിൽ എന്തെങ്കിലും ഒന്ന് മിണ്ടിയേനെ… ഓഹ് ആൾക്കിപ്പോ ഞാൻ ഒരു ബാധ്യത അല്ലേ… അതാവും….. സങ്കല്പത്തിൽ ഉള്ള പെണ്ണൊന്നും അല്ല താന്….. വഴിയേ പോയ വയ്യാ വേലി എടുത്തു തലേൽ കേറ്റി വെച്ചു എന്നല്ലേ പറഞ്ഞെ..

എന്തോ…..

എത്ര തടഞ്ഞിട്ടും മിഴികൾ വീണ്ടും അനുസരണ കാട്ടി തുടങ്ങി ഒഴുകി തുടങ്ങി.

മെല്ലെ എഴുന്നേറ്റു അലമാര തട്ടിൽ വെച്ചിരുന്ന കൃഷ്ണ വിഗ്രഹം പുറത്തേക്ക് എടുത്തു.

തന്റെ കവിളിലൂടെ ഒലിച്ചു ഇറങ്ങിയ കണ്ണീരു തുടച്ചു മാറ്റി..

കണ്ണാ……. നി ഉറങ്ങിയോ,,,ഒന്നെഴുന്നേറ്റ് വന്നെടാ, എനിക്ക് ആണെകിൽ ഉറക്കം ഒന്നും വരുന്നില്ലെന്ന്….

മെല്ലെ ആ ഉണ്ണി കണ്ണന്റെ വിഗ്രഹത്തിന്റ കവിളിൽ ഒന്ന് തലോടി..

കണ്ണാ…….ഭദ്രേട്ടന് എന്നോട് ഒരിറ്റു സ്നേഹം പോലും ഇല്ലടാ…. വെറുതെ ഒരു പേരിന് വേണ്ടി ഈ താലി കെട്ടി തന്നു… അത്ര മാത്രം…

അത് പറഞ്ഞു കൊണ്ട് അവൾ വിതുമ്പി.

ഞാൻ അതിനു ചീത്ത പെണ്ണൊന്നും അല്ലടാ…. ഒക്കെ നല്ല വെടിപ്പിന് പറഞ്ഞു കൊടുത്തത് ആണ്.. എന്നിട്ടും ആൾക്ക് എന്നോട് ദേഷ്യം ആണ്… അമ്മയോടും അനുജത്തിമാരോടും ഒക്കെ എന്ത് കാര്യം ആണെന്നോ…..

നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ, അതോ ഉറങ്ങി പ്പോയോ വീണ്ടും…

അവൾ പതുക്കെ പുലമ്പി.

എന്നോട് അല്പം എങ്കിലും ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ ആളിന്ന് ഇവിടെ എന്റെ ഒപ്പം കണ്ടേനെ…ഞാൻ എത്ര വട്ടം പറഞ്ഞു നോക്കി ഇന്ന് തന്നെ മടങ്ങി വരണം എന്ന്.. കേട്ടോ.. ഇല്ലാലോ….. സ്നേഹം ഉണ്ടായിരുന്നു എങ്കിൽ വന്നേനെ…..ശരിയല്ലേ കണ്ണാ…

അവൾ പതം പെറുക്കു തുടർന്ന് കൊണ്ടേ ഇരുന്നു..

നന്ദേ…….

എന്തോ……

പുറത്തു നിന്നും ഭദ്രൻ വിളിച്ചത് പോലെ…..ഒറ്റ വിളിയ്ക്ക് അവളു വിളിയും കേട്ടു.

ഭദ്രേട്ടാ….

വിളിയ്ക്കുകകയും അവള് കരഞ്ഞുപോയിരുന്നു.വാതിലു തുറന്നെടി…ഓടി ചെന്നു അവൾ വാതിലു തുറന്നതും കണ്ടു തന്റെ പ്രാണൻ ആയവനെ..

ഭദ്രേട്ടാ….

വിളിച്ചു കൊണ്ട് അവള് കാറ്റു പോലെ അവനെ ഇറുക്കെ പുണർന്നതും ഭദ്രൻ ഞെട്ടി പോയിരിന്നു.

ആദ്യമായി ഒരു പെണ്ണിന്റെ സാമിപ്യം….അവളുടെ ശരീരം വീണ്ടും വീണ്ടും അവനിലേക്ക് അടുത്ത് കൊണ്ടേ ഇരുന്നു. ഒരിറ്റു കാറ്റ് പോലും കടക്കാത്തത്ര അടുത്തു..

തന്റെ നെഞ്ചിലേയ്ക്ക് വീണ് കിടന്നു കരയുന്നവളെ കാണും തോറും അവന്റെ ഉള്ളിലും ഒരു നൊമ്പരം പോലെ..

എടി…… നീ എന്തിനാ ഇങ്ങനെ കരയുന്നെ…..

അവളെ അടർത്തി മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കി എങ്കിലും പെണ്ണുണ്ടോ വിടുന്നു.. ഇത്തിൾ കണ്ണി പോലെ പറ്റി ചേർന്ന് കൊണ്ട് അവൾ അവന്റെ നെഞ്ചിൽ അങ്ങനെ കിടന്നു..

ആഹ് എന്നാൽ പിന്നെ നീ കരയു.. എന്നിട്ട് ആവാം ബാക്കി..

പറഞ്ഞു കൊണ്ട് അവനും അങ്ങനെ നിന്നു.

ഞാൻ… ഞാൻ കരുതി, എന്നോട് സ്നേഹം ഇല്ലാരിക്കുംന്നു, ഫോൺ വിളിച്ചു അമ്മയോട് ഒക്കെ മിണ്ടിയപ്പോൾ, എന്റെ കൈയിൽ ഒന്ന് കൊടുക്കാൻ പോലും പറഞ്ഞില്ലാലോ…. എന്നോട് ദേഷ്യം ആരിക്കും എന്നോർത്ത് പോയി…. കുറച്ചു എങ്കിലും ഇഷ്ടം ഈ മനസ്സിൽ ഉണ്ടെങ്കിൽ ഇന്ന് തന്നെ ഭദ്രേട്ടൻ വരും എന്ന് ഞാൻ കണ്ണനോട് പറയുക ആയിരുന്നു..

അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ മേശമേൽ ഇരിക്കുന്ന കൃഷ്ണ വിഗ്രഹത്തിലേക്ക് അവൾ വിരൽ ചൂണ്ടി അവനെ കാണിച്ചു കൊണ്ട് പറഞ്ഞു.

ലോഡ് ഇല്ലാരുന്നു, അതാ വന്നേ…. നീ ഒന്ന് മാറിയ്‌ക്കെ, അപ്പിടി വിയർത്തു കുളിച്ചാ വന്നേ….

അവൻ പറഞ്ഞപ്പോൾ ആണ് നന്ദന അകന്നു മാറിയത്..

ഇതാ……

കൈയിൽ ഇരുന്ന കവർ അവൻ അവളുടെ നേർക്ക് നീട്ടി..

ഇതെന്താ….

അവൾ അത് തുറന്നപ്പോൾ… രണ്ടു മൂന്നു റെഡിമേയ്ഡ് ചുരിദാർ ഉണ്ട്, ഒപ്പം തന്നെ ഒരു സെറ്റ് മുണ്ടും, പിന്നെ പട്ടു പാവാടയ്ക്ക് ഉള്ള രണ്ടു ജോഡി മെറ്റീരിയൽ, ഒരു സെറ്റ് സാരീ, അങ്ങനെ കുറെ സാധനങ്ങൾ ആയിരുന്നു അതില്..

ഉത്സവം വരുവല്ലേ…. കോയമ്പത്തൂര് പോയപ്പോൾ മേടിച്ചത് ആണേ…. പാവടേം ബ്ലോസും സാരിയും ഒക്കെ അമ്മയ്ക്കും പിള്ളേർക്കും ആണ്..

കട്ടിലിൽ ഇരുന്ന് കൊണ്ട് അവൻ കൈകൾ രണ്ടും പിന്നിലേക്ക് വളച്ചു വെച്ച് കൊണ്ട് ഒന്ന് നിവർന്നു…

സെറ്റ് മുണ്ട് എടുത്തു നോക്കിയ ശേഷം അവൾ അതിന്റെ നേര്യത് എടുത്തു തോളിലേക്ക് ഇട്ട് കൊണ്ട് ഭദ്രന്റെ നേർക്ക് തിരിഞ്ഞു നിന്നു..

കൊള്ളാമോ ഏട്ടാ…

ആഹ്,,,കുഴപ്പമില്ല..

അയ്യോ ഭദ്രേട്ടന് ഒന്നും വാങ്ങിയില്ലേ…

പെട്ടന്ന് ആണ് അവള് ചോദിച്ചത്..

എനിക്ക് എല്ലാ വർഷോ അമ്മയാണ് എടുത്തു തരുന്നേ..ആഹ് ഇന്നാ, ഇതിന്റെ കാര്യം മറന്നു..

മടികുത്തിൽ നിന്നു ഒരു പൊതി എടുത്തു അവൻ അവളുടെ നേർക്ക് നീട്ടി…

അയ്യോ ഭദ്രേട്ടാ… ഞാൻ അമ്മുനെ കൊണ്ട് മേടിപ്പിച്ചോളാമായിരുന്നു.

അല്പം ജാള്യതയോട് കൂടി അവൾ അവന്റെ കൈയിൽ നിന്നും whisper ന്റെ പാക്കറ്റ് മേടിച്ചു.

ആഹ്… അതൊന്നും സാരമില്ല, എടുത്തു വെച്ചോ, ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…

ഷർട്ട്‌ ഊരി മാറ്റിയ ശേഷം അവൻ തോർത്ത്‌ എടുത്തു തോളിൽ ഇട്ട് കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി.

തുടരും.

ഇഷ്ടം ആകുന്നെങ്കിൽ രണ്ട് വരി.