എഴുത്ത്: ശിവ
===========
“ഏട്ടാ…നമ്മുടെ മോള്…മോള് ഗർഭിണി ആണെന്ന്.”
ഓഫീസിലെ ലഞ്ച് ബ്രേക്കിനിടയിൽ ഭാര്യ ശ്യാമ വിളിച്ചു പറഞ്ഞത് കേട്ട് മുകുന്ദൻ ഞെട്ടിപ്പോയി.
“ശ്യാമേ…നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ നീയിപ്പോ എന്താ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ?”
“സ്കൂളിൽ വച്ച് മോള് തല ചുറ്റി വീണു. ടീച്ചർമാർ അപ്പൊത്തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അവിടുന്ന് പരിശോധിച്ച ഡോക്ടർ ആണ് ഇക്കാര്യം പറഞ്ഞത്. ഞാനിപ്പോൾ ഹോസ്പിറ്റലിൽ ഉണ്ട്. നിങ്ങള് എത്രേം പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരണം.” അത്രയും പറഞ്ഞു ശ്യാമ ഫോൺ വച്ചു.
പ്ലസ് ടുവിന് പഠിക്കുന്ന തന്റെ മോളാണ് ഗർഭിണി ആയിരിക്കുന്നത്. ഇപ്പോഴും താൻ താഴത്തും തറയിലും വയ്ക്കാതെ കൊഞ്ചിച്ചും ലാളിച്ചും കൊണ്ട് നടക്കുന്ന മകൾ. അവൾ എങ്ങനെ ഇത്ര ചെറിയ പ്രായത്തിൽ തന്നെ…പലപ്പോഴും ശ്യാമ പറഞ്ഞതാണ് മോൾടെ ഇപ്പോഴത്തെ പോക്ക് ശരിയല്ല…അവൾക്ക് കമ്പ്യൂട്ടറോ ഫോണോ ഒന്നും വാങ്ങി കൊടുക്കരുതെന്ന്.
മകൾക്കും അമ്മയുടെ സംശയങ്ങളും പുറത്ത് പോയിട്ട് വന്നാലുള്ള അനാവശ്യ ചോദ്യം ചെയ്യലും മൊബൈൽ ചെക്ക് ചെയ്യുന്നതൊന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അതിനെല്ലാം അവൾ അച്ഛനോട് പരാതി പറയും. വീട്ടിൽ അതേ ചൊല്ലി എന്നും വഴക്കായിരുന്നു.
മോൾക്ക് വേണ്ടി അച്ഛൻ അമ്മയോട് വഴക്ക് കൂടുകയും ഒന്ന് രണ്ട് തവണ തല്ലുകയും ചെയ്തു.
എന്നെ എപ്പഴും സംശയ കണ്ണോടെ കാണുന്ന ഇങ്ങനെ ഒരമ്മയെ വേണ്ടെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ ഇത്തിരി സ്വസ്ഥത കിട്ടുമെന്നും പറഞ്ഞ് മോൾ ദേഷ്യപ്പെട്ടു. അയാളും മകൾക്കൊപ്പം ചേർന്ന് ഏതോ ദേഷ്യത്തിൽ ഭാര്യയോട് ഇറങ്ങി പോവാൻ പറഞ്ഞു.
ശ്യാമ ഇറങ്ങി പോയി. താനും മോളും അവളെ തിരിച്ചു വിളിച്ചില്ല. അയാൾക്ക് വിളിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും മോള് വിളിക്കണ്ട എന്ന് പറഞ്ഞോണ്ട് വിളിച്ചില്ല
ബാങ്കിൽ ക്ലാർക്ക് ആണ് മുകുന്ദൻ. ഭാര്യ ശ്യാമ വീട്ടമ്മ..അവരുടെ ഒരേയൊരു മകൾ മിഥുന.
പത്താം ക്ലാസ്സ് വരെ അച്ഛനും അമ്മയും പറയുന്നത് കേട്ട് അടക്കത്തോടെ ജീവിച്ച മകൾ പ്ലസ് വണ്ണിൽ പുതിയ സ്കൂളിൽ ചേർന്ന് പുതിയ കൂട്ടുകാരെ കിട്ടുകയും കൈയ്യിൽ മൊബൈലും ലാപ്പുമൊക്കെ കിട്ടിയപ്പോൾ കൈവിട്ട് പോവുകയായിരുന്നു. പഠിത്തത്തിൽ പുറകോട്ട് പോയില്ലെങ്കിലും മകളുടെ ശ്രദ്ധ മറ്റ് പല കാര്യത്തിലേക്കുമാണ് നീങ്ങുന്നതെന്ന് ശ്യാമയ്ക്ക് മനസ്സിലായി. അവർ നിരന്തരം മിഥുനയ്ക്ക് പിന്നാലെ നടക്കുന്നത് അവൾക്ക് അരോചകമായി തുടങ്ങി.
ആൺ കുട്ടികളോട് മിണ്ടുന്നതിലും ഫോൺ ഉപയോഗിക്കുന്നതിലും എപ്പോഴും കരുതൽ വേണമെന്ന് പറയുമ്പോൾ മിഥുനയ്ക്ക് ദേഷ്യം വരും.
അമ്മയ്ക്ക് എപ്പോഴും തന്നെ സംശയമാണെന്ന് അവൾ അച്ഛനോട് പരാതി പറയുമ്പോൾ മുകുന്ദൻ മകളുടെ രക്ഷയ്ക്ക് എത്തും. മകൾ നന്നായി പഠിക്കുന്നുണ്ടല്ലോ അതുകൊണ്ട് അവളെ അവളുടെ ഇഷ്ടത്തിന് വിട്ടേക്ക് എന്നും അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് ആണ് അയാളുടെ വാദം.
അതിന്റെ പേരിൽ വലിയൊരു വഴക്ക് നടന്നിട്ടാണ് ശ്യാമ അവസാനം സ്വന്തം വീട്ടിലേക്ക് പോയത്. അമ്മ വീട്ടിൽ നിന്ന് പോയതോടെ മകൾക്ക് സ്വാതന്ത്ര്യം കിട്ടിയ പോലെയായിരുന്നു.
ബാങ്ക് ജീവനക്കാരനായ അച്ഛൻ വരാൻ വൈകുമെന്നതിനാൽ ചില വൈകുന്നേരങ്ങളിൽ ട്യൂഷന് പോകാതെ മിഥുന തന്റെ ലവറിനെ വീട്ടിലേക്ക് ക്ഷണിക്കുന്നത് പതിവായി. ആരും ഒന്നും അറിഞ്ഞിരുന്നില്ല. കൗമാരത്തിന്റെ ചോര തിളപ്പിൽ കുട്ടികൾ പലതും മറന്ന് തങ്ങൾക്ക് വീണു കിട്ടിയ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു. അതിന്റെ അവസാനം മിഥുന ഗർഭിണിയുമായി.
ഭാര്യ സ്വന്തം വീട്ടിൽ പോയതോടെ മകൾക്ക് ഒരു കുറവും വരരുതെന്ന് ചിന്തിച്ചു അതിരാവിലെ എണീറ്റ് മോൾക്ക് വേണ്ടി ബ്രേക്ക് ഫാസ്റ്റും ലഞ്ചും തയ്യാറാക്കി അവളെ സ്കൂളിൽ അയച്ച ശേഷമാണ് മുകുന്ദൻ ജോലിക്ക് പോയിരുന്നത്. വൈകുന്നേരം വരുമ്പോൾ പുറത്ത് നിന്നും മോൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും വാങ്ങി വരികയും ചെയ്യും. മകളെ അത്ര കണ്ട് വിശ്വസിച്ചിരുന്ന അയാൾക്ക് ഈ വാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
സ്കൂൾ അധികൃതരുടെയും ആശുപത്രികാരുടെയും കൈയ്യും കാലും പിടിച്ചിട്ടാണ് അക്കാര്യം ആരും അറിയാതെ ഒതുക്കി തീർക്കാൻ അവര് സമ്മതിച്ചത്. ഒന്നര മാസം വളർച്ച എത്തിയ ഗർഭം ആശുപത്രിയിൽ വച്ചു തന്നെ അലസിപ്പിച്ച ശേഷം ഇരുവരും മിഥുനയെയും കൊണ്ട് വീട്ടിൽ തിരിച്ചെത്തി.
“ഈ ഇത്രയ്ക്ക് വളർന്നു പോയെന്ന് അമ്മ അറിഞ്ഞില്ല മോളെ. തെറ്റ് ചെയ്യുന്നതിന് മുൻപ് എന്നെ വിചാരിച്ചില്ലെങ്കിലും നീ അച്ഛനെ പറ്റി ഒന്ന് ഓർത്തോ. നിന്നെ അദ്ദേഹം എത്ര മാത്രം വിശ്വസിച്ചിരുന്നു.
നിനക്ക് എന്തൊക്കെയോ ചുറ്റിക്കളി ഉണ്ടായിരുന്നുവെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ അത് ഇത്രത്തോളം കൊണ്ടെത്തിക്കുമെന്ന് ഞാനും വിചാരിച്ചില്ല. പ്രായമായ പെൺകുട്ടിയെ ഇങ്ങനെ ഇട്ടിട്ട് പോയ എന്റെ ഭാഗത്തും തെറ്റുണ്ട്. അന്ന് ഞാനിവിടെ നിന്ന് ഇറങ്ങി പോകാൻ പാടില്ലായിരുന്നു. അത് തെറ്റ് ചെയ്യാൻ നിനക്ക് കൂടുതൽ സൗകര്യം ഒരുക്കി.”
ബെഡിൽ തളർന്ന് കിടക്കുന്ന മകൾ അരികിൽ ഇരുന്ന് സ്വയം കുറ്റപ്പെടുത്തുകയാണ് ശ്യാമ.
“മതി ശ്യാമേ. ഇനി അവളെ വിഷമിപ്പിക്കരുത്. നമ്മുടെ ഒരേയൊരു മോളല്ലേ. നീ ആയിരുന്നു ശരിയെന്ന് എനിക്കിപ്പോ ബോധ്യമായി. അവളുടെ തെറ്റുകൾക്ക് കൂട്ട് നിന്ന ഞാനും ചെയ്തത് വലിയ തെറ്റ് തന്നെയാ. ഇനി തമ്മിൽ തമ്മിൽ പഴിച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ യാതൊരു പ്രയോജനവുമില്ലല്ലോ. അതുകൊണ്ട് കഴിഞ്ഞതൊക്കെ മറക്കാൻ നമുക്ക് ശ്രമിക്കാം.” മുകുന്ദൻ അവരെ ആശ്വസിപ്പിച്ചു.
“നിന്നെ ഈ അവസ്ഥയിൽ ആക്കിയവനോട് നീ ഗർഭിണി ആണെന്ന വിവരം പറഞ്ഞപ്പോൾ ആ ചെക്കൻ എന്താ പറഞ്ഞതെന്ന് നിനക്കറിയോ. “ആന്റി…മിഥുനയ്ക്ക് ഞാൻ മാത്രമല്ല ബോയ് ഫ്രണ്ട്. വേറെയും പയ്യന്മാരുണ്ട്. അവരിൽ ആരെയൊക്കെ അവൾ വീട്ടിൽ വിളിച്ചു കയറ്റിയിട്ടില്ലെന്ന് എന്താ ഉറപ്പ്. അതുകൊണ്ട് അവളെ ഗർഭം എന്റെ മേൽ വയ്ക്കാൻ നോക്കണ്ട. ആ വീട്ടിൽ വന്ന് എന്നല്ലാതെ അവളെ ഞാൻ തൊട്ടിട്ടില്ല പോലും. എനിക്ക് അവൾ ജസ്റ്റ് ഫ്രണ്ട് മാത്രമാണ്. മോൾക്ക് ഇനിയും ഇങ്ങനെ സംഭവിക്കാതെ നോക്കിക്കോ ആന്റി.” ഇതാണ് നിന്റെ ലവർ എന്നോട് പറഞ്ഞത്. ഇനിയെങ്കിലും നിനക്ക് ചുറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി നീ മനസ്സിലാക്കണം മോളെ. ഒരു തെറ്റ് സംഭവിച്ചു കഴിഞ്ഞാൽ സമൂഹം ഉൾപ്പെടെ ആ പെണ്ണിനെ മാത്രം ആണ് കുറ്റപ്പെടുത്തുന്നത്. ഇനിയെങ്കിലും സൂക്ഷിച്ചു ജീവിച്ചാൽ നിനക്ക് കൊള്ളാം. “
“സോറി അമ്മേ….അച്ഛാ സോറി…ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല. ഇത്രേം വലിയൊരു നാണക്കേട് നിങ്ങൾക്ക് വരുത്തി വച്ചിട്ട് എന്നോട് ക്ഷമിക്കാൻ മനസ്സ് കാണിച്ചില്ലേ. എന്റൊപ്പം നിൽക്കാൻ തയ്യാറായില്ലേ. എനിക്കത് മതി. ഇനി നിങ്ങളെ നാണം കെടുത്തില്ല ഞാൻ. കൈയ്യിൽ ഇഷ്ടം പോലെ പൈസയും മൊബൈൽ ഫോണുമൊക്കെ കിട്ടിയപ്പോൾ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം എല്ലാം ഞാൻ മിസ്സ്‌യൂസ് ചെയ്തു. എന്നോട് ക്ഷമിക്കണേ അച്ഛാ. അമ്മയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. സോറി അമ്മേ..”
ഇരുവരേം കാൽക്കൽ വീണു മിഥുന പൊട്ടിക്കരഞ്ഞു.
“ഇനി നീ തെറ്റൊന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് വിശ്വാസമാണ്. എന്തുണ്ടെങ്കിലും നീയിനി ഞങ്ങളോട് പറയണം. അച്ഛനും അമ്മയിൽ നിന്നും ഒന്നും മറച്ചു വയ്ക്കരുത്.”
“ഇല്ല…ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.”
“കഴിഞ്ഞതൊക്കെ ഒരു ദുഃസ്വപ്നം പോലെ എന്റെ മോള് മറന്ന് കള. അച്ഛൻ ട്രാൻസ്ഫർ ചോദിച്ചിട്ടുണ്ട്. നമുക്ക് ഇവിടുന്ന് മറ്റ് എങ്ങോട്ടേലും മാറാം. അവിടുത്തെ സ്കൂളിൽ മോൾക്ക് തുടർന്ന് പഠിക്കാം. ഈ നാട് ഇനി വേണ്ട. മോളെ ഇനി ആ സ്കൂളിൽ പഠിക്കാൻ സമ്മതിക്കില്ലെന്നാ പ്രിൻസിപ്പൽ പറഞ്ഞത്തും.”
“സാരമില്ല അച്ഛാ…എന്റെ തെറ്റല്ലേ…അച്ഛനും അമ്മയും എന്ത് തീരുമാനിച്ചാലും എനിക്ക് കുഴപ്പമില്ല.”
അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു അവൾ ചേർന്ന് നിന്നു. അവരും അവളെ ഇറുക്കി ചേർത്തണച്ചു.
-ശിവ