ധ്വനി, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ മേശപ്പുറത്ത് വെച്ചിരിക്കുന്ന ആ പൊതിയിലേക്ക് നോക്കി

“ശ്രീക്കുട്ടി തന്നു വിട്ടതാ കുത്തരി ചോറും പുഴ മീൻ കറിയും. ഇഷ്ടാവില്ല എന്ന് അവൾ പറഞ്ഞു. എന്നാലും കൊടുക്കണം അവള് തന്നു വിട്ടതാണെന്ന് പറയണം എന്നും പറഞ്ഞു ” വിമല പറഞ്ഞിട്ട് പോയി

ഇഷ്ടമാവില്ല എന്ന് ഡിസൈഡ് ചെയ്യാൻ അവളാരാ? എന്റെ തീരുമാനം എന്റെ അല്ലെ? ഞാൻ എന്താ ചോറ് കഴിച്ചാൽ? ഇഷ്ടം ആവില്ല പോലും..

അയാൾ എഴുന്നേറ്റു കസേര നീക്കി ഇരുന്നു

വാഴയിലയുടെ മണം. ഒരു സ്കൂൾ കാലത്തിന്റെ ഓർമ്മ ഉള്ളിൽ നിറഞ്ഞു

“രാജാ മോനെ ഒരു ഇല വെട്ടിക്കൊണ്ട് വാ ” അമ്മ

ഉള്ളിൽ ആർദ്രമായ എന്തോ ഒന്ന് നിറഞ്ഞു തൂവുന്നു. അമ്മയുടെ കൂടെ അടുക്കളയിൽ നിൽക്കുകയാണ് താൻ

“ഇതെന്തിനാ അമ്മേ തീയിൽ വെയ്ക്കുന്നെ?”

“നല്ലോണം വാട്ടിയാൽ നല്ല മണം വരും. ഉച്ചക്ക് മോൻ ഇത് തുറക്കുമ്പോൾ കൂട്ടുകാര് മുഴുവൻ വരും. കൂടുതൽ വെച്ചിട്ടുണ്ട്. അവർക്കും കൂടി കൊടുക്കണേ “

“ഇന്ന് എന്താ അമ്മേ കറി?”

“കുത്തരി ചോറ്, പുഴ മീൻ വറുത്തത് കുറച്ചു പുഴുക്ക് പിന്നെ മാമ്പഴ പുളിശ്ശേരി “

അയാൾ ഇലയിൽ നോക്കിയതും നിശ്ചലനായി. ഇതെങ്ങനെ?

ഇത്….

അമ്മ പൊതിയും പോലെ…ഓരോ കറികളും ചെറിയ ഇലപൊതികൾ ആയി. ചോറിൽ കുഴയാതെ..ഒരു കുപ്പിയിൽ പുളിശേരി..

അയാളുടെ കണ്ണുകൾ നനഞ്ഞു. ഒരു പിടി വാരി തിന്നു. മീൻ കറി അമ്മ വെയ്ക്കും പോലെ തന്നെ. അയാൾ ആർത്തിയോടെ അത് മുഴുവൻ വാരി തിന്നു

രുചി… ഗംഭീരം..

മതിയാകാത്ത പോലെ അയാൾ ഇലയിലെ ഓരോ വറ്റും കഴിച്ചു. പിന്നെ അത് കൊണ്ട് കളഞ്ഞു കൈ കഴുകി

വിമല ഒക്കെ അറിയുന്നുണ്ടായിരുന്നു. പക്ഷെ അവർ കണ്ണടച്ച് കിടന്നു. ഒന്നും ചോദിച്ചില്ല

“താൻ ഉറങ്ങിയോ?”

“ഇല്ല എന്തെ?”

“ആ കുട്ടി ഇനിയെന്നു വരും?”

“എന്തിനാ? രാജേട്ടന് അവളെ ഇഷ്ടമല്ലല്ലോ പിന്നെ എന്തിനാ വരുന്നത്?’

അവർ തിരിഞ്ഞു കിടന്നു

“ഞാൻ പറഞ്ഞോ എനിക്ക് ഇഷ്ടമല്ലെന്ന്. അവൾക്ക് ഇങ്ങോട്ട് വന്നാൽ എന്താ? അവള് കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കന്റെ വീടല്ലേആരുടെയെങ്കിലും അനുവാദം വേണോ അതിന്? കൊള്ളാമല്ലോ “

വിമലയ്ക്ക് ചിരി പൊട്ടി

“എങ്കിൽ പിന്നെ നമുക്ക് ഒന്നിച്ചു പോയി ഒരു തീയതി തീരുമാനിക്കാം ഉടനെ വേണ്ട. ഒരു മോതിരം മാറൽ എങ്കിലും നടത്തി വെയ്ക്കാം പ്ലീസ് “

“ഉടനെ പറ്റില്ല “

“ഉടനെ വേണ്ട. രണ്ടു ദിവസം കഴിഞ്ഞു മതി “

മറുപടി ഒന്നുമില്ല. എന്നാലും ആള് സമ്മതിച്ചു അത് തന്നെ ആശ്വാസം. അവർ ദീർഘമായി ശ്വസിച്ചു

കോൺഫറൻസ് കഴിഞ്ഞു നേരേ ചന്തു ധ്വനിയിലെത്തി. അവൾ ക്ലാസ്സിൽ ആയിരുന്നു. അഞ്ചു മിനിറ്റ് ഇപ്പൊ തീരും എന്ന് അവൾ ആംഗ്യം കാണിച്ചു

അവൻ കുഴപ്പമില്ല എന്നും

ആദിയും പവിത്രയും അങ്ങോട്ടേക്ക് വന്നത് ആ സമയത്തായിരുന്നു. പവിത്ര വീണയുടെ അരികിലേക്ക് പോയി. ആദി കാറിൽ തന്നെ ഇരുന്നതേയുള്ളു

പവിത്രയ്ക്ക് പെട്ടെന്ന് അവനെ മനസിലായില്ല. ചന്തു അവരെ ശ്രദ്ധിച്ചുമില്ല

ശ്രീ ഓടിയിറങ്ങി വന്നവന്റെ മുന്നിൽ നിന്നു

“എപ്പോ വന്നു?”

“നേരേ ഇങ്ങോട്ട് ആണ് വന്നത്.. സ്ട്രൈറ്റ് ഫ്രം കോഴിക്കോട്..”

ആദി അത് കാണുന്നുണ്ടായിരുന്നു. അതിസുന്ദരനായ ഒരു യുവാവ്. എവിടെയോ കണ്ട് മറന്ന പോലെ ഒരു മുഖം

ബ്രദർ അല്ല. ഇനി കസിൻ?

“അമ്മ വന്നിരുന്നു മീരേച്ചിയും.”അവളവനോട് പറഞ്ഞു

“ലൈറ്റ് ആയിട്ട് പറഞ്ഞു ഡീറ്റെയിൽസ് അറിഞ്ഞില്ല. ഞാൻ പോയി ഫ്രഷ് ആയി വരാം. റെഡി ആയി നിക്ക്.. പുറത്ത് പോയിട്ട് വരാം “

“ക്ഷീണം ഇല്ലേ നാളെ പോരെ?” അവൻ ചുറ്റും ഒന്ന് നോക്കി

“നിനക്ക് നല്ല ഒരുമ്മ ഇന്ന് വേണോ നാളെ മതിയൊ?”

ശ്രീ പൊട്ടിച്ചിരിച്ചു പോയി

“കൊറിയൻ?”

“അല്ല ഫ്രഞ്ച്.. പൊയ്ക്കോ ക്ലാസ്സ്‌ നടക്കട്ടെ. ഒരു അര മണിക്കൂർ കൊണ്ട് തീർത്തേക്കണേ “

പവിത്ര വീണയ്ക്ക് ഒപ്പം ഇറങ്ങിവന്നത് അവൾ അപ്പോഴാണ് കണ്ടത്

“ചന്തു മോനെപ്പോ വന്നു?”

“ജസ്റ്റ്‌ നൗ “

“പവിത്ര ഇതാണ് ചന്തു ഓർക്കുന്നുണ്ടോ  ആദിയെ ഹോസ്പിറ്റലിൽ എത്തിച്ചത് ചന്തുവാണ് “

“ഈശ്വര ഞാൻ മറന്നു. സൊ സോറി.. ആദി ഇങ്ങോട്ട് വരൂ..”

ആദി കാറിൽ നിന്നിറങ്ങി

“അന്ന് മോനെ ഹോസ്പിറ്റലിൽ എത്തിച്ചത് ഈ മോനാണ് “

“ഹലോ ” ആദി കൈ നീട്ടി

“ഹായ് “ചന്തു പുഞ്ചിരിച്ചു

“മോനെന്തു ചെയ്യുന്നു?”

“ഞാൻ..”

“അസിസ്റ്റന്റ് കളക്ടർ ആണ്. ഈ ഡിസ്ട്രിക്ട്ന്റെ ” വീണ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

ആദിയുടെ കണ്ണുകൾ മിഴിഞ്ഞു

ജില്ലാ കളക്ടർ? കണ്ടാൽ കോളേജ് പയ്യനെ പോലെ..സ്റ്റൈലിഷ്..സ്മാർട്ട്‌..

പവിത്ര അവനെ തന്നെ നോക്കി നിന്നു പോയി. എത്ര വിനയം. എത്ര എളിമ

“ഞാൻ പോയി വരാം…” അവൻ യാത്ര പറഞ്ഞു പോയി

“വരൂ പവി.. ഇന്നത്തെ എന്റെ ക്ലാസ്സ്‌ കഴിഞ്ഞു. നമുക്ക് കുറേ സമയം ഉണ്ട്..ആദി മോനെ വാ വീട്ടിൽ ഇരിക്കാം “

ആദി ഒന്ന് പുഞ്ചിരിച്ചു

“ഞാൻ ഉടനെ വന്നോളാം “

അവൻ അവിടെ തന്നെ നിന്നു. ക്ലാസ്സ്‌ തീർത്തു ശ്രീ പെട്ടെന്ന് ഇറങ്ങി

“ആഹാ ആദി ചേട്ടൻ ഇവിടെ നിൽക്കുകയായിരുന്നോ വീട്ടിലേക്ക് വാ “

“എന്റെ പിള്ളേരുടെ ഡാൻസ് എവിടെ വരെയായി ശ്രീ ലക്ഷ്മി?”

അവൻ നടന്ന് കൊണ്ടിരുന്നപ്പോൾ ചോദിച്ചു

“almost  തീർന്നു ട്ടോ. ഇനി തനിയെ നോക്കിയാൽ മതി. ഇനിയിപ്പോ ഇവിടെ വാർഷികത്തിന്റെ പ്രാക്ടീസ് നടക്കുന്നത് കൊണ്ട് മറ്റൊന്നുമില്ല. ഈ ആഴ്ച കൂടി മതി “

“താങ്ക്യൂ ശ്രീ. പേയ്‌മെന്റ് അവരോട് പറഞ്ഞേക്കണേ “

“അത് ഞാൻ ആ നീന എന്നാ കുട്ടിയുടെ അടുത്ത് പറഞ്ഞു വീട്ടിരുന്നല്ലോ കഴിഞ്ഞ തവണ. പേയ്‌മെന്റ് വേണം ട്ടോ “

അവൾ ചിരിച്ചു

“അത് ഒക്കെ കൃത്യമായി അക്കൗണ്ടിൽ വരും “

അവൻ പറഞ്ഞു

“ശ്രീ കമ്മിറ്റഡ് ആണോ?” പെട്ടന്നായിരുന്നു ആ ചോദ്യം

“അതേ. എന്തെ?”

“ഒന്നുല്ല. അല്ലെങ്കിൽ എനിക്ക് interest ഉണ്ടായിരുന്നു. എനിക്ക് ശ്രീയെ ഇഷ്ടമാണ് ” അവൻ ചിരിച്ചു

“താങ്ക്യൂ പക്ഷെ ഞാൻ റിലേഷനിൽ ആണ്. നേരെത്തെ കണ്ടില്ലേ ചന്തുവേട്ടൻ.. അതാണ് ആള് “

അവൻ അത് ഊഹിച്ചു

“congrats.. ഉടനെ ഉണ്ടൊ കല്യാണം?”

“അറിയില്ല. ചന്തുവേട്ടന് ഉടനെ വേണംന്നുണ്ട്. വീട്ടുകാർ ഡിസൈഡ് ചെയ്യണം. വെയ്റ്റിംഗ് “

“വീട്ടിൽ അറിയുമോ?”

“രണ്ടു വീട്ടിലും അറിയാം..”

“ഭാഗ്യവാൻ…”

“ങ്ങേ?”

“അല്ല ആ ചേട്ടൻ..ലക്കി ഗേ ” അവർ വീടെത്തി

“അമ്മേ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ചന്തുവേട്ടന്റെ കൂടെ പുറത്ത് പോകുന്നെ.. ചിലപ്പോൾ വീട്ടിൽ കയറിയിട്ട് വരും “

“ഒത്തിരി വൈകരുത് ശ്രീ “

“ഇല്ലന്ന് “

അവൾ പോയി. പവിത്ര അൽപനേരം അത് നോക്കിയിരുന്നു

“നല്ല കൂട്ടാണ് രണ്ട് പേരും?”

“റിലേഷൻ ആണ്. ഉടനെ എൻഗേജ്മെന്റ് എങ്കിലും നടത്തണം എന്നാണ് അവർക്ക് ഇവിടെ ആലോചിച്ചു കൊണ്ടിരിക്കുന്നേയുള്ളു. നന്ദന നിൽക്കുകയല്ലേ “

“ആണോ? “അവർ നിരാശ മറച്ചു കൊണ്ട് ചോദിച്ചു

“അതേ സ്നേഹത്തിലാണ്.ആറു മാസത്തിൽ കൂടുതലായി. അന്നത്തെ ആക്‌സിഡന്റ് ആണ് തുടക്കം “

വീണ ചിരിച്ചു

“ചന്തു എന്നാണോ പേര്?”

“അല്ല വിവേക് സുബ്രഹ്മണ്യം.”

“പേരെന്റ്സ് ഒക്കെ?”

“മിലിറ്ററിയിൽ ആണ്. അച്ഛനും അമ്മയും ഡോക്ടർസ് രാജാഗോപാലും വിമലയും.”

പവിത്രയുടെ മുഖം വിളറി വെളുത്തു

“എന്താ വല്ലാതെ?”

“ഒരു തല കറക്കം പോലെ…”

അവർ സെറ്റിയിലേക്ക് ചാരി. ആദി ഭയന്നു പോയി. അൽപനേരം കഴിഞ്ഞു അവർ നേരെയിരുന്നു

“അമ്മയ്ക്ക് ബിപി ഉണ്ട് ” ആദി പറഞ്ഞു

“ഹോ ഞാൻ പേടിച്ചു. ഇപ്പൊ ഓക്കേ ആയോ?”

അവർ തലയാട്ടി

ഗേറ്റിൽ കാർ വന്നു നിന്നു. ചന്തു ഇറങ്ങി. കടും നീല ഷർട്ടും ഇളം നീല ജീൻസുമാണ് വേഷം

“ശ്രീ?”വീണ അകത്തു നോക്കി വിളിച്ചു

“ദാ അമ്മേ നേരെത്തെ തരാൻ മറന്നു പോയി. കോഴിക്കോടൻ ഹൽവ. അച്ഛന് കുറച്ചു കൊടുത്താൽ മതി. പക്ഷെ കൊടുക്കണം ഞാൻ ചോദിക്കും “

“അയ്യോ കൊടുത്തേക്കാമെ..” വീണ ചിരിച്ചു

“അച്ഛനെ ഞാൻ വിളിച്ചോളാം ന്ന് പറയ് “

“ഓ ശരി “

ശ്രീ ഇറങ്ങി. ചെറിയൊരു ഉടുപ്പ്. കുളിച്ചു മുടി വിതർത്തിട്ട് ഒരു കുഞ്ഞ് പൊട്ട് മാത്രം വെച്ച്

“ലേറ്റ് ആകല്ലേ ചന്തു “

“ഒരു സിനിമ കണ്ടാൽ കൊള്ളാം ന്നുണ്ട്… ഇല്ലെ ശ്രീ? വേഗം വരാം.. അച്ഛനെ വിളിച്ചു ഞാൻ പറഞ്ഞോളാം പ്ലീസ് “

വീണ ചിരിച്ചു

“ശരി ശരി “

അവർ പോയി. ആദി അത് നോക്കിയിരുന്നു. പവിത്രയും

അവരുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു..

ഡോക്ടർ രാജഗോപാൽ..ഡോക്ടർ വിമല

ഈശ്വര!

തുടരും…