നന്ദന മുറിയിൽ ഇരിക്കുകയായിരുന്നു. അവൾ ഇക്കുറി രക്ഷപെട്ടു അവൻ കൃത്യമായി ആ സമയം തന്നെ എങ്ങനെ വന്നു
മുറിയുടെ വാതിൽ തുറന്ന പോലെ തോന്നിയിട്ട് അവൾ എഴുന്നേറ്റു. മുന്നിൽ വിവേക്. അവന്റെ മുഖം കണ്ട് അവൾ ഭയന്നു പോയി
ഒറ്റ അടി മുഖമടച്ച്. നന്ദന ഒന്ന് വേച്ചു. ഒന്നുടെ
അവളുടെ കാത് പൊട്ടിയ പോലെ തോന്നി. അവൾ രണ്ടു കവിളും അമർത്തി പിടിച്ചു
“നീ… ഒരു മനുഷ്യസ്ത്രീ ആണോടി? സ്വന്തം അനിയത്തിയേ…കൊ- ല്ലാൻ ശ്രമിച്ച നീ? നിനക്ക് വേണ്ടത് എന്നെയല്ലേ? ഒരിക്കലും കിട്ടില്ലാടി നിനക്ക് എന്നെ. എന്റെ കൊച്ചിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇന്ന് നീ…ഇല്ലാ.. bloody bitch..നിന്നേ ഞാൻ “
അവനവളെ കഴുത്തിൽ കുത്തിപ്പിടിച്ചു ഭിത്തിയിൽ ചേർത്തു
അവൾ ശ്വാസം കിട്ടാതെ പിടഞ്ഞടിച്ചു
“വിവേക് ഈ ഭൂമിയിൽ ശ്രീയെ മാത്രേ സ്നേഹിച്ചിട്ടുള്ളു. അവളങ്ങ് മരിച്ചു പോയാലും അവൾക്കൊപ്പം ഞാൻ പോകുമെന്നല്ലാതെ നിന്റെ ഒപ്പം ജീവിക്കില്ല. വിവേകിന്റെ ഒരു മുഖമേ കണ്ടിട്ടുള്ളു നിയൊക്കെ.. ഇനിയൊന്നു കൂടിയുണ്ട്.. അത് കാണാതിരിക്കാൻ നീ സൂക്ഷിച്ചു ജീവിക്ക്. സൂക്ഷിച്..” അവൻ പിടി വിട്ടപ്പോൾ അവൾ നിലത്തു വീണു
കാലുയർത്തിയതാണ് വിവേക്. അവൾ ആ കാലിൽ പിടിച്ചു
“പ്ലീസ്.. സോറി.. സോറി..”
അവൾ കൈ കൂപ്പി
“ഈ നാടകം വിശ്വസിക്കാൻ വേറെ ആളെ നോക്കണം.. ഞാൻ വിശ്വസിക്കുമോ നിന്നെ? അത് കൊണ്ട് നാടകം വേണ്ട. ശ്രീ… എന്റെയാ.. എന്റെ മാത്രം. ഞാൻ അവളുടേതും.stay away from her..”
അവൻ മുറി വിട്ടു ഇറങ്ങി പോയി
ഇരുളിൽ ഒരാൾ വിറങ്ങലിച്ചു നിന്നു.
കൃഷ്ണകുമാർ
അയാൾ എല്ലാം കേട്ടു കണ്ടു
ശ്രീക്ക് ഇത്രയും വലിയ ഒരപകടം നടന്നിട്ടും നന്ദനയെ കാണാഞ്ഞത് കൊണ്ട് നോക്കിയിരുന്നു അയാൾ. അപ്പോഴാണ് വിവേക് വീട്ടിലേക്ക് പോകുന്നത് കണ്ടത്
ഇത്രയും വലിയ കാര്യങ്ങൾ ഒക്കെ ഇവിടെ നടക്കുന്നുണ്ടായിരുന്നോ. ശ്രീക്കുട്ടി വീഴാൻ കാരണം നന്ദന ആണോ..അവളുടെ കയറിൽ അപകടം ഉണ്ടാക്കിയത് ഇവൾ ആയിരുന്നോ?
ഇവൾ ഇത്രയും വലിയ ഒരു ക്രിമിനൽ ആണോ?
ശ്രീക്കുട്ടി മരിച്ചു പോയിരുന്നെങ്കിലോ…
അയാൾ നെഞ്ചിൽ കൈ വെച്ച് തളർന്നിരുന്നു
വിവേകിനെ ഇവൾ ആഗ്രഹിച്ചോ?
ഈശ്വര…എന്തൊക്കെയാണ് കേൾക്കുന്നത്?
പൊന്ന് പോലെ വളർത്തിയ രണ്ടു മക്കൾ. അയാൾ വാതിൽ തുറന്നു ലൈറ്റ് ഇട്ടു
നന്ദന പെട്ടെന്ന് എഴുന്നേറ്റു
ഒറ്റ അടി. അവളുടെ മുഖത്ത്
“ശ്രീകുട്ടിയെ… നീ നീ.. മഹാപാപി “
നന്ദന ഭയത്തോടെ പിന്നിലേക്ക് നീങ്ങി
“അവള് നിന്നോട് എന്ത് ദ്രോഹം ചെയ്തേടി?” നന്ദന കുനിഞ്ഞു നിന്നതേയുള്ളു
“നീ എന്റെ മകളാണോടി.. എങ്ങനെ നീ?”
അയാൾ ഇറങ്ങി പുറത്തേക്ക് പോയി
അവളാദ്യമായി ഭയന്നു. പതറി. അവൾ അനങ്ങാതെ കട്ടിലിലിരുന്നു. വേദിയിൽ ശ്രീയുടെ നൃത്തം. ദേവിയായി ശ്രീ
“ഐഖിരി നന്ദിനി…നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതെ…”
കടും ചുവപ്പ് സാരിയിൽ, മുടി അഴിച്ചിട്ട്, കണ്ണുകളിൽ അഗ്നി, ഭാവങ്ങൾ നിറഞ്ഞാടുന്ന മുഖം
സദസ്സ് നിശബ്ദമാണ്
രാജഗോപാൽ ശ്വാസം അടക്കിയിരുന്നു
ഇതെന്താണ് ഈ കാണുന്നത്?”
സാക്ഷാൽ ദേവി
മഹാലക്ഷ്മിയായും അന്ന പൂർണേശ്വരിയായും ദുർഗയായും അവൾ പകർന്നാട്ടം നടത്തുന്നത് സദസ്സ് കൂപ്പുകൈളോട് നിറകണ്ണുകളോടെ കണ്ടു കൊണ്ട് ഇരുന്നു
തൊട്ട് മുന്നേ ആ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച പെൺകുട്ടിയാണ് അതെന്ന് തോന്നില്ല. കാലിലെ മുറിവിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് വിങ്ങുന്ന ഹൃദയത്തോടെ ചന്തു കണ്ടു നിന്നു. രക്തം നിലത്ത് തളം കെട്ടുന്നുണ്ട്
അവൾ അതിൽ ചവിട്ടി വീഴരുത് എന്ന് അവൻ കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് നിന്നു
കൃഷ്ണകുമാർ നിറഞ്ഞ കണ്ണുകളോടെ ആ കാഴ്ച നോക്കി. അവന്റെ വേദന. അവന്റെ പ്രാർത്ഥന
നൃത്തം കഴിഞ്ഞതും വിവേക് ഓടി സ്റ്റേജിൽ കയറി
അവന്റെ കൈയിലേക്ക് അവൾ വീണു
“വെള്ളം..”
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. വീണയും കൃഷ്ണകുമാറും ഓടിയെത്തി. ആരോ വെള്ളം കൊണ്ട് കൊടുത്തു
“ശ്രീ.. മോളിത് കുടിക്ക് ” അവൻ അവളെ നെഞ്ചിൽ ചാരി ഇരുത്തി
ശ്രീ കുറച്ചു കുടിച്ചു
“മതി. ഓക്കേ ആണ് “
“നൊ ഒത്തിരി ബ്ലീഡ് ചെയ്തു. മതി. ഞാൻ കൊണ്ട് പോവാണ്..”
“ലാസ്റ്റ് ഒന്ന് കൂടി ഉണ്ട് ചന്തുവേട്ടാ “
“വേണ്ട മതി… ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് പോവാണ് പ്രോഗ്രാം നടക്കട്ടെ. സോറി “
അവൻ അവളെ കൈകളിൽ കോരിയെടുത്തു. മറ്റുള്ളവർ എന്ത് പറയുന്നോയെന്ന് അവൻ ശ്രദ്ധിച്ചില്ല. വീട്ടിൽ അവൻ എത്തുന്ന സമയം കൊണ്ട് തന്നെ അച്ഛനും അമ്മയും മീരയും എത്തി ചേർന്നു
“മുറിവ് ഒന്ന് നോക്കണം. മീര കോട്ടൺ. ഡെറ്റോൾ, പിന്നെ ointment,ഐസ് “
“ഈശ്വര എന്നെ ഓപ്പറേഷൻ ചെയ്യാൻ പോവണോ.?”
ആ പിരിമുറുക്കത്തിലും എല്ലാവരും ചിരിച്ചു പോയി
“നീ ഡ്രസ്സ് ഒന്ന് ചേഞ്ച് ചെയ്തു ദേഹം കഴുകി ഫ്രഷ് ആയിട്ട് വാ. മുറിവിന്റെ കെട്ട് നനഞ്ഞാലും കുഴപ്പമില്ല.”
അവൾ തലയാട്ടി. മീരയുടെ ഒരു ഉടുപ്പ് കൊടുത്തു അവൾ. അവൾ ഫ്രഷ് ആയി വന്നു
“മീരാ അവളെ ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ “
“എന്നെ എന്തോ ചെയ്യാൻ പോവാ? ഞാൻ വിളിച്ചു കൂവും കേട്ടോ “
“അടങ്ങിയിരിക്ക് “
അവൻ സൂക്ഷ്മതയോടെ ഡോക്ടർ കെട്ടിയ ബാൻഡ് എയ്ഡ് ഇളക്കി
രക്തം കുതിച്ചു ചാടുന്നു. ഐസ് പൊതിഞ്ഞ കോട്ടൺ കുറച്ചു നേരം അമർത്തി വെച്ചപ്പോൾ രക്തം ഒഴുക്ക് നിന്നു. പിന്നെ നന്നായി ഡ്രസ്സ് ചെയ്തു
“വെള്ളം വേണം അമ്മേ കുറച്ചു വെള്ളം “
ഒരു ബോട്ടിൽ വെള്ളം
“കുടിക്ക് “
“ഇത്രേമോ?”
“കുറേശ്ശേ മതി കുടിക്ക് “
അവൾ എല്ലാവരെയും നോക്കി
പിന്നെ കുടിച്ചു
“അമ്മേ ഫുഡ് വേണം. ഹെവി ആയിട്ട്. ഞാൻ ഓർഡർ ചെയ്യാം. ആർക്കൊക്കെ എന്തൊക്കെ വേണം ന്ന് പറ “
“എനിക്ക് ഒന്നും വേണ്ട “
അച്ഛൻ. അദേഹത്തിന്റെ മുഖം വേദന കൊണ്ട് തളർന്നിരുന്നു. അദ്ദേഹം അവളെ അരികിൽ വന്നിരുന്നു. ആ കാല് എടുത്തു മടിയിൽ വെച്ചു
“you did a fantastic performance.. excellent “
“thank you “
അവൾ പുഞ്ചിരിച്ചു
“മോൾക്ക് ക്ഷീണം ഇല്ലേ? കിടന്നോ. മീരാ..”വിമല വിളിച്ചു
“എന്റെ മുറിയിൽ മതി..”
രാജഗോപാൽ അവനെ ഒന്ന് നോക്കി
“മെഡിസിൻ ഉണ്ട്. ഞാൻ കൊടുത്തോളം. ചിലപ്പോൾ വോമിറ്റിംഗ് ഉണ്ടാകും. ഞാൻ…ഞാൻ നോക്കിക്കൊള്ളാം.”
ശ്രീക്ക് ഒരു നാണം വന്നു. അവൾ ആരുടെയും മുഖത്ത് നോക്കാതെ അവന്റെ മുറിയിലേക്ക് നടന്നു
ചന്തു വാതിൽ ചാരി
“മോള് കിടന്നോ ഞാൻ ഫ്രഷ് ആയിട്ട് വരാം”
നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്. തളർച്ചയോടെ അവൾ കിടന്നു
അവൻ വന്നപ്പോൾ പാതി മയക്കത്തിലാണ്. നെറ്റിയിൽ ഒരുമ്മ കൊടുത്ത് അവൻ പുറത്തേക്ക് ചെന്നു. zomato boy വന്നപ്പോൾ അവൻ ഭക്ഷണം വാങ്ങി
അച്ഛന് ഒന്നും വേണ്ട എന്ന് പറഞ്ഞു കിടന്നു. അമ്മയും മീരയും കഴിച്ചു തുടങ്ങിയപ്പോ അവൻ അവർക്കുള്ള ഭക്ഷണം കൊണ്ട് മുറിയിലേക്ക് പോയി
“ശ്രീ..?” അവൻ ആ മുഖത്ത് മെല്ലെ തൊട്ടു വിളിച്ചു
അവൾ മെല്ലെ കണ്ണ് തുറന്നു
“കുറച്ചു കഴിക്കാം “
അവൾ മെല്ലെ ചാരിയിരുന്നു
“കുഞ്ഞിന് ഇഷ്ടം ഉള്ള സാധനം ആണ്. പൊറോട്ടയും ചിക്കൻ ഫ്രൈയും “
അവൻ അത് ചെറിയ കഷ്ണം ആക്കി വായിൽ വെച്ചു കൊടുത്തു. ശ്രീ തന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ട് അവൻ എന്താ എന്ന് ചോദിച്ചു
“ഒന്നുല്ല “
“കഴിച്ചിട്ട് tab കഴിച്ചിട്ട് കിടക്കാം “
അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞ പോലെ
“ഒന്നുമോർത്തു വിഷമിക്കണ്ട. ഒരാഴ്ച ഞാൻ ലീവ് ആണ്. നിന്റെ ഒപ്പം ഞാൻ ഉണ്ട്. അത് കഴിഞ്ഞു നീ എന്റെ ഭാര്യ ആണ് പിന്നേ ഒരാൾക്കും നിന്നേ തൊടാനുള്ള ധൈര്യം ഉണ്ടാവില്ല.”
അവൾ മെല്ലെ തലയാട്ടി. “കഴിക്ക്.. എത്രയോ തവണ നീ എന്നെ ഫീഡ് ചെയ്തിട്ടുണ്ട്.now its my turn..”
ശ്രീ ഭക്ഷണം നന്നായി കഴിച്ചു. അവൻ തന്നെ വായ് കഴുകിച്ചു. ടാബ്ലറ്റ് കഴിച്ച് അവൾ കിടന്നു
“നന്നായി ഉറങ്ങിക്കോ ഞാൻ ഇപ്പൊ വരാം “
അവൾ ആ കൈ പിടിച്ചു. പിന്നെ തന്നോട് ചേർന്ന് കിടക്കാൻ ആംഗ്യം കാണിച്ചു. അവൻ അവളോട് ചേർന്ന് കിടന്നു. അവളുടെ ഉടൽ അവന്റെ നെഞ്ചിൽ ചേർന്നു. മുഖം കഴുത്തിൽ അമർന്നു. കൈകൾ അവനെ ചുറ്റി
“ഞാൻ ഉറങ്ങിയിട്ട് പൊയ്ക്കോ ” അവൾ മന്ത്രിച്ചു
അവന്റെ കൈകളും അവളെ ചുറ്റി
ഇടതു കൈ കൊണ്ട് അവൻ ലൈറ്റ് അണച്ചു ചേർന്ന് കിടന്നു
തുടരും…