ധ്വനി, അധ്യായം 57 – എഴുത്ത്: അമ്മു സന്തോഷ്

ശ്രീ ആത്മാർത്ഥമായി പഠിക്കുന്നത് ചന്തു കാണുന്നുണ്ടായിരുന്നു. അവനെ കൊണ്ട് കഴിയുന്നത് പോലെ അവൻ അവൾക്കൊപ്പമിരുന്നു. ആരോടും പറയണ്ടാട്ടോ കിട്ടിയില്ലെങ്കിൽ കളിയാക്കും എന്ന് പറഞ്ഞത് കൊണ്ട് വീട്ടിൽ പോലും പറഞ്ഞില്ല.വീണ്ടും പ്രിലിമിനറി പരീക്ഷ

ചന്തു ലീവ് എടുത്തു. അവൾക്കൊപ്പം ഇരുന്നു. മുഴുവൻ സമയവും ചർച്ചകൾ, പഠിത്തം

അങ്ങനെ പരീക്ഷ കഴിഞ്ഞു

നന്ദന ഡൽഹിയിൽ തന്നെ മെയിൻ പരീക്ഷക്ക് വേണ്ടി തയ്യാറെടുത്തു കൊണ്ട് തുടർന്നു. അവൾ നാട്ടിലേക്ക് വന്നില്ല

അത്ഭുതം ഉണ്ടായത് ആ ഒരു ദിവസം ആണ്. അച്ഛൻ വിളിച്ചു

“വിവേക് ഇന്ന് ആലിയ ആഷികിനെ കാണണം എന്ന് പറഞ്ഞു “

വിവേകിന്റെ കണ്ണ് നിറഞ്ഞു പോയി. അവൻ ആഷികിനെ വിളിച്ചു പറഞ്ഞു. എത്രയും വേഗം അവളെ പോയി കാണാൻ പറഞ്ഞു

ആഷിക് ചെന്നു. രാജഗോപാൽ അവളെ കൊണ്ട് വന്നു മുന്നിൽ നിർത്തി. പഴയ പേക്കോലം അല്ല. പുതിയ ആലിയ. അതിസുന്ദരിയായ ആ പഴയ പെണ്ണ്. അവൾ പൂർണമായും രോഗ വിമുക്ത അല്ല. ഇടക്ക് കൃഷ്ണമണികൾ ഉറയ്ക്കുന്നില്ല.

പക്ഷെ ആഷികിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. അവരെ ഒറ്റയ്ക്ക് വിട്ടു അവരും മാറി പോയി

ആഷിക് അവളെ തന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു

“ആഷി “

ഒരു മർമ്മരം പോലെ

ആഷിക് കരഞ്ഞു പോയി

“ഇവിടെ സന്തോഷം ആണോ?”

അവൻ ചോദിച്ചു. അവൾ തലയാട്ടി

“ഉമ്മ?”

“നാട്ടിൽ ഉണ്ട്. നി വരുമ്പോൾ കാണാം “

ഉമ്മ മരിച്ചു പോയിന്ന് പറയരുത് എന്ന് അവനോട് പറഞ്ഞിരുന്നു

“കുറച്ചു മാസം കൂടെ മതി. പൂർണമായും പഴയ ആലിയ ആകും ഡോണ്ട് വറി “

രാജഗോപാൽ അവന്റെ തോളിൽ ചേർത്ത് പിടിച്ചു

“പോകാൻ തിരക്കില്ലെങ്കിൽ കുറച്ചു ദിവസം ഒപ്പം നിൽക്ക് ഒത്തിരി മാറ്റം വരും.. ഇടയ്ക്ക് ഒക്കെ വന്നോളൂ. ട്രീറ്റ്മെന്റ് ന് ഹെല്പ് ചെയ്യും “

“തീർച്ചയായും വരും “

അവന് സന്തോഷം മാത്രേയുണ്ടായിരുന്നുള്ളു. അവളെ കിട്ടുന്നതിന് എന്ത് ചെയ്യാനും അവൻ ഒരുക്കമായിരുന്നു. അവൻ തിരിച്ചു വന്നു വിവേകിനെ കണ്ടു

“സത്യം എനിക്ക് ആ കാലിൽ ഒന്ന് തൊടണം വിവേക് സർ.. നിങ്ങൾ ദൈവം പോലെയാണ് എനിക്ക് ഇപ്പൊ “

“ഹേയ് അങ്ങനെ ഒന്നും പറയരുത്.. സന്തോഷം ആയിട്ടിരിക്ക്. എപ്പോഴും ആലിയ വന്നു കഴിഞ്ഞു കല്യാണം. പിന്നെ ഹാപ്പി ആയി ജീവിക്കുക. നന്ദനയ്ക്ക് ഉള്ളത് ദൈവം കൊടുക്കും. ഒരു തെളിവു പോലും ബാക്കി വെയ്ക്കാതെയാണ് അവളിത് ചെയ്തത്..ആ വീഡിയോ പോലും തെളിവല്ല. മനോനില തെറ്റിയ ഒരാളുടെ മൊഴി കോടതിയിൽ നിൽക്കില്ല “

“എനിക്ക് ഇപ്പൊ ആലിയ മാത്രം മതി.. സർ പറഞ്ഞത് പോലെ ദൈവം ഉണ്ടെങ്കിൽ അവൾക്ക് ശിക്ഷ കിട്ടിയിരിക്കും “

കുറച്ചു നേരം കൂടെ ഒപ്പം ഇരുന്നിട്ട് അവൻ പോയി. മെയിൻ പരീക്ഷ യുടെ റിസൾട്ട്‌ വന്നപ്പോൾ ശ്രീയുടെ നമ്പർ ഉണ്ട്. അവന് അതിൽ ഒരു അതിശയവും തോന്നിയില്ല. അവൾക്ക് കിട്ടും എന്ന് അറിയാമായിരുന്നു

നന്ദനയും പാസ്സ് ആയി. ഇനി മെയിൻ പരീക്ഷ ആണ്

ശ്രീ മുഴുവൻ സമയം പഠനത്തിൽ മുഴുകി

ചന്തുവിന് പലപ്പോഴും അത് കാണുമ്പോൾ അതിശയം തോന്നും. ഇത്രയധികം വേണ്ട മോളെ കുറച്ചു റസ്റ്റ്‌ എടുക്ക് എന്ന് പറഞ്ഞാലൊന്നും അവള് കേൾക്കില്ല

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു

അങ്ങനെ മെയിൻ എക്സാം വന്നു…

അത് എഴുതി വീട്ടിലേക്ക് വന്ന ശ്രീ തളർന്നു പോയിരുന്നു

“ഇനി എന്റെ കൊച്ച് ബൂസ്റ്റ്‌ ഒക്കെ കുടിച്ച് ആരോഗ്യമൊക്കെ വെയ്ക്കു. മെലിഞ്ഞു പോയി “

അവൾ ക്ഷീണത്തോടെ ബെഡിലേക്ക് വീണു. അവളെ അങ്ങനെ തന്നെ ഒറ്റയ്ക്ക് വിട്ട് അവൻ അടുക്കളയിലേക്ക് പോയി. ഭക്ഷണം ഉണ്ടാക്കി വന്നു നോക്കിയപ്പോൾ നല്ല ഉറക്കം. ഉറങ്ങിക്കോട്ടെ എന്ന് കരുതിയവൻ

റിസൾട്ട്‌ വരും വരെ അവൾ relax ചെയ്തോട്ടെ

രണ്ടു മാസങ്ങൾ ഉണ്ട് റിസൾട്ട്‌ വരാൻ. പക്ഷെ ഇന്റർവ്യൂവിനു prepare ചെയ്യേണ്ടതുണ്ട്. എന്തായാലും രണ്ട് ആഴ്ച ഉറങ്ങികോട്ടെ പാവം. വീട്ടിൽ ഇത് വരെ പറഞ്ഞിട്ടില്ല. എല്ലാ റിസൾട്ടും വന്നിട്ട് മതി എന്ന് ശ്രീ

അങ്ങനെ ആയിക്കോട്ടെ എന്ന് താനും

അച്ഛന്റെ ഫോൺ വരുന്നത് കണ്ട് അവൻ എടുത്തു

“വിവേക് ആലിയ… പൂർണമായും ഭേദം ആയി. തിരിച്ചു കൊണ്ട് പോകാം എന്ന് പറയു. ഇനി കുറച്ചു നാൾ മെഡിസിൻ മാത്രം.ഒരു കാര്യം ഓർമ്മയിൽ വെയ്ക്കാൻ മറക്കരുത്. കഴിയുന്നതും പാസ്ററ് ഓർമ്മിപ്പിക്കരുത്. അവൾ ചിന്തിക്കുന്നത് ഈ വർഷം മെഡിസിന് പഠിക്കുകയാണെന്നാണ്. അത് അങ്ങനെ തന്നെ നിൽക്കട്ടെ. എന്തെങ്കിലും അറേഞ്ച്മെന്റ് ചെയ്യാൻ ആഷികിനോട് പറയണം. നി വരുന്നോ ഇങ്ങോട്ട് “

“ഞാൻ ഇവിടെ ഭയങ്കര ബിസിയാ അച്ഛാ. ആഷിക് വരും. ഞാൻ വിളിച്ചു നോക്കട്ടെ.”

അവൻ ആഷികിനെ വിളിച്ചു വിവരം പറഞ്ഞു. ആഷിക് വിങ്ങിക്കരഞ്ഞു പോയി

“എനിക്ക് തിരക്കായത് കൊണ്ടാണ്. അല്ലെങ്കിൽ ഞാൻ കൂടെ വന്നേനെ “

വിവേക് അവനോട് പറഞ്ഞു

“ഇത് തന്നെ.. എനിക്ക് വാക്കുകൾ ഇല്ല സർ.എന്റെ ജീവിതം സാറിനോട് കടപ്പെട്ടിരിക്കുന്നു എന്റെ മാത്രം അല്ല. എന്റെ ആലിയ ഞങ്ങളുടെ ജീവിതം “

അവനൊന്നും പറഞ്ഞില്ല. ജീവിതം അങ്ങനെ ആണ്. ആരോടെങ്കിലും കടപ്പാട് ഇല്ലാതെ ഏതെങ്കിലും മനുഷ്യന് ജീവിക്കാൻ കഴിയുമോ?

ഇല്ല

ശ്രീ ഉണർന്നു വന്നു പിന്നിലൂടെ അവനെ പുണർന്നു

“എന്റെ കുഞ്ഞിന് നല്ല ഒന്നാന്തരം ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട് “

“ങ്ങേ?”

“ആണെന്ന്. യു ട്യൂബ് നോക്കി ഉണ്ടാക്കിയതാ. പക്ഷെ കൊള്ളാം. നി വാ “

സത്യത്തിൽ ഞെട്ടി ശ്രീ. കിടുക്കൻ ബിരിയാണി

“എന്റെ പോന്നോ ഇതെങ്ങനെ.. ഈ റോസ് ഷർട്ടിനുള്ളിൽ ഒരു നളൻ ഉണ്ടായിരുന്നോ?”

“ഇതിനുള്ളിൽ എന്തൊക്കെയുണ്ടെന്ന് നിനക്ക് നന്നായി അറിയാല്ലോ “

“വന്ന് വന്ന് മൊത്തം adults only ആണ് “

അവൾ ഒരിടി വെച്ച് കൊടുത്തു

“എന്റെ മോള് കഴിച്ചു നോക്ക് “

അവൾ ഒരു ഉരുള അവന് കൊടുത്തിട്ട് കഴിച്ചു തുടങ്ങി

“ശെടാ എന്നാലും എന്റെ സാറെ നി ഇത് എങ്ങനെ ഒപ്പിച്ചു?”

അവൻ പൊട്ടിച്ചിരിച്ചു പോയി. ഭക്ഷണം കഴിഞ്ഞ് അവർ വീട്ടിലേക്ക് പോയി. വീണ മാത്രമേയുണ്ടായിരുന്നുള്ളു

“ഇതെന്താ കയ്യിൽ ഒരു പൊതി?”

“എന്റെ കെട്ടിയോൻ ഉണ്ടാക്കിയ ബിരിയാണി. കഴിച്ചു നോക്ക്. സൂപ്പർ ആണ് “

“ശരിക്കും?”

അവൻ ചിരിച്ചു. അവളെ അവിടെ വിട്ടിട്ട് അവൻ ഓഫീസിൽ പോയി

“മോളെ പവിത്ര ഇന്നലെ വന്നിരുന്നു. അവർക്ക് മോനോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട്. ഒന്ന് പറയാമോ?”

അവൾ തലയാട്ടി

“എന്തൊക്കെ പറഞ്ഞാലും അമ്മയല്ലേ മോളെ.. ഒന്ന് സംസാരിച്ചാൽ ഹൃദയം ഒന്ന് തണുക്കുമല്ലോ.,

“അവർ വീട്ടിൽ പറഞ്ഞു കാണുമോ?”

“ഇല്ല. എന്തിന്? ഒരു കുടുംബകലഹം ഉണ്ടായാലോ. വേണ്ട എന്ന് ഞാൻ ആണ് പറഞ്ഞത്. എന്തിന് അത്?”

അവൾ ഒന്ന് മൂളി

“നി ഇനി എന്താ പരിപാടി? പഠിത്തം നിർത്തിയോ ഡിഗ്രി കഴിഞ്ഞു ഒരു വർഷം ആകാൻ പോകുന്നു “

“ആലോചിച്ചു കൊണ്ട് ഇരിക്കുവാ “

അവൾ ചിരിച്ചു

“വേഗം ആലോചിച്ചു തീർക്കു”

അവൾ അലസമായി ഒന്ന് മൂളി

“ആ അമ്മേ ആലിയ ചേച്ചി cure ആയി. ഇനി മെഡിസിൻ മാത്രം മതി. ആ ചേട്ടൻ പോയിട്ടുണ്ട് കൂട്ടിക്കൊണ്ട് വരാൻ “

വീണ നെഞ്ചിൽ കൈ വേച്ചു കണ്ണടച്ച് ദൈവത്തിന് നന്ദി പറഞ്ഞു

“ആ മോളെ ഓർത്ത് ഞാൻ പ്രാർത്ഥിക്കാത്ത ദിവസം ഇല്ല. എന്റെ മകള് ചെയ്ത തെറ്റിന് ദൈവത്തിന്റെ മുന്നിൽ കണ്ണീർ കൊണ്ട് തുലാഭാരം നടത്തുകയല്ലാതെ ഞാൻ എന്ത് ചെയ്യാൻ? അച്ഛനും ഞാനും പിന്നെ സമാധാനം ആയി ഉറങ്ങിയിട്ടില്ല. വിളിച്ചു പറയട്ടെ “

അപ്പൊ തന്നെ വീണ കൃഷ്ണകുമാറിനെ വിളിച്ചു പറഞ്ഞു. ആളുടെയും ഉള്ളു തണുത്തു

എന്നാലും ആ കുഞ്ഞ് അനുഭവിച്ച, കടന്നു പോയ വേദനകൾ ഓർക്കുമ്പോൾ അയാളുടെ കണ്ണ് നനയുകയും ചെയ്തു

കാലം എത്ര വേഗമാണ് കടന്നു പോകുന്നത്

വിവേക് തങ്ങളുടെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇത് ഒന്നും നടക്കില്ലായിരുന്നു. അവളെ മനസ്സിലാവുല്ലായിരുന്നു. ഇപ്പൊ അറിയാം

മകള് ആണെങ്കിലും അവൾ ക്രിമിനൽ ആണെന്ന സത്യം. അതൊരു വേദനയാണ്. മരിച്ചു ചിതയിലേക്ക് എടുക്കും വരെയുള്ള വേദന

തുടരും