നിന്നെയും കാത്ത്, ഭാഗം 19 – എഴുത്ത്: മിത്ര വിന്ദ

നിന്നു പൂങ്കണ്ണീര് ഒഴുക്കിട്ട് ഒരു കാര്യോം ഇല്ല, ഇറങ്ങി തിരിക്കുമ്പോൾ ഓർക്കണമായിരുന്നു. മുറിയിലേക്ക് വന്നു നോക്കിയപ്പോൾ വിങ്ങി പൊട്ടി കരയുന്ന നന്ദനയേ കണ്ടതും ഭദ്രനു വിറഞ്ഞു കയറി.

കണ്ണീരു അമർത്തി തുടച്ചു കൊണ്ട് അവൾ തിരിഞ്ഞു നിന്നു.

നാട്ടുകാരെല്ലാം കാണുമ്പോൾ അടക്കി ചിരിക്കുവാ, വെറുതെ
നടന്ന ഞാനാ… രണ്ടു ദിവസം കൊണ്ട് ഫ്രീ ആയിട്ട് ഒരുത്തി തലേൽ ആയിപോയി…

ദേഷ്യം കൊണ്ട് വിറയ്ക്കുന്നവനെ പേടിയോടെ ആയിരുന്നു നന്ദു നോക്കിയത്..

എന്റെ അനിയത്തിമാര്, അവരുടെ ഭാവി ഓർക്കുമ്പോൾ ചങ്ക് പൊട്ടുവാ…എവിടെയോ കിടന്ന ഒരുത്തിയെ വിളിച്ചു ഇറക്കി കൊണ്ട് വന്നതല്ലേ അവരുടെ ആങ്ങള…. ഹോ.. എന്റെ ഓരോ ഗതികേട്…. ഇതിൽ ഭേദം നിന്നേ…. വേണ്ട എന്നേ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…..

പല്ല് ഞെരിച്ചു കൊണ്ട് അവൻ ബെഡിലേക്ക് വന്നു അമർന്നു.

ഇവിടെ ഇങ്ങനെ കുറ്റി അടിച്ചു നിൽക്കാതെ ആ പിള്ളേരുടെ അടുത്തേക്ക് എങ്ങാനും ഇറങ്ങി പോടീ….

തന്റെ അരികിൽ മുഖം കുനിച്ചു നിൽക്കുന്നവളെ നോക്കി അവൻ മുരണ്ടു.

പെട്ടന്ന് തന്നെ നന്ദന അവിടെ നിന്നും പോകുകയും ചെയ്തു.

ആ സമയത്ത് ഒക്കെ അവന്റെ മനസ്സിൽ കൂട്ടുകാർ പറഞ്ഞു കളിയാക്കിയ വാചകങ്ങൾ മാത്രം ആയിരുന്നു ഉള്ളത്..

എന്തൊക്കെ അപവാദങ്ങൾ ആണ് തന്നെ കുറിച്ച് പറഞ്ഞു പരത്തിയിരിക്കുന്നത്. ഓർക്കും തോറും അവന്റെ നെഞ്ച് വേദന കൊണ്ട് പുളഞ്ഞു പോയി.

വല്യേട്ടാ.. ഊണ് കഴിക്കാൻ വായൊ.

അമ്മു വന്നു വിളിച്ചപ്പോൾ അവൻ എഴുനേറ്റു.

“അമ്മ എവിടെ….”

ഊണ് മേശയ്ക്ക് അരികിൽ വന്നു ഇരുന്ന് കൊണ്ട് അവൻ മുഖം തിരിച്ചു നോക്കി.

അമ്മ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ഏട്ടനും ചേച്ചിയും കൂടി ഇരിയ്ക്ക്…. മിന്നു, നീയും കൂടി ഇരുന്നോ ട്ടൊ…അമ്മു ആയിരുന്നു അവനുള്ള ചോറ് എടുത്തു കൊണ്ട് വന്നു കൊടുത്തത്.

“ചേച്ചി… വന്നേ..  വിശക്കുന്നില്ലേ, വന്നിരുന്നു ചോറ് കഴിയ്ക്ക്…

നന്ദനയേ നോക്കി അമ്മു വിളിച്ചു.

നമ്മൾക്ക് എല്ലാവർക്കും ഒരുമിച്ചു ഇരിക്കാം.. അമ്മയും ഭദ്രേട്ടനും കൂടി കഴിക്കട്ടെടാ…

നന്ദു ശബ്ദം താഴ്ത്തി പറഞ്ഞു.

അതൊന്നും വേണ്ട… നിങ്ങള് കെട്ടിയോനും കെട്ടിയോളും കൂടി ഒരുമിച്ചു ഇരുന്നു കഴിച്ചോണം, അതിന്റ ഇടയിലേക്ക് എന്നേ വലിച്ചിഴക്കേണ്ട……

ആരോടെന്നല്ലാതെ പറഞ്ഞു കൊണ്ട് ഗീതമ്മ ഉമ്മറത്തേയ്ക്ക് ഇറങ്ങി പോയി.

“ചേച്ചി ഇരുന്നോന്നേ…. ഏട്ടൻ ദേ കഴിച്ചു തുടങ്ങി, വാ, ഇവിടെ വന്നു ഇരിക്ക് നന്ദേച്ചി…”

അമ്മു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വന്നു ഒരു കസേരയിൽ ഇരുത്തി.

തക്കാളിയും കിഴങ്ങും കൂടി വറുത്തരച്ചൊര് കറിയും,പിന്നെ ക്യാരറ്റ്, ബീൻസും കൂട്ടി തോരൻ വെച്ചതും പപ്പടവും, നെല്ലിക്ക അച്ചാറും.. ഇതായിരുന്നു കറികൾ.

ഒരു തവി ചോറും, കുറച്ചു കറികളും എടുത്തു പാത്രത്തിലേക്ക് വെച്ച് കൊണ്ട് നന്ദു കുനിഞ്ഞു ഇരുന്നു ചോറ് ഉരുള ഉരുട്ടി കഴിച്ചു.

പാത്രത്തിൽ നിന്നും കണ്ണെടുക്കാതെകൊണ്ട് ആയിരുന്നു അവൾ അത് കഴിച്ചു തീർത്തത്.

ചേച്ചി… ഒരല്പം കൂടി എടുത്തു കഴിക്കന്നേ, വിശപ്പ് മാറിയിട്ടുണ്ടാവില്ലലോ…..

മിന്നു ഏറെ നിർബന്ധിച്ചു എങ്കിലും നന്ദന വീണ്ടും കഴിയ്ക്കാൻ കൂട്ടാക്കിയില്ല..

മതിടാ, ഞാൻ ഇതിൽ കൂടുതൽ ഒന്നും കഴിക്കില്ല, അതോണ്ടാ…

അവൾ സാവധാനം പറഞ്ഞു.

ഭദ്രൻ ആണെങ്കിൽ കഴിച്ചു എഴുന്നേറ്റപ്പോൾ നന്ദു അവന്റെ പ്ലേറ്റ് കൂടി എടുത്തു കൊണ്ട് അടുക്കളയിലേക്ക്പോയി.

പാത്രങ്ങൾ ഒക്കെ കഴുകി കമഴ്ത്തി വെച്ച ശേഷം, അവള് തിരികെ അകത്തളത്തിലേക്ക് നടന്നു.

“എടാ ഭദ്രാ,, നിന്റെ മുറിയില് കിടക്കുന്ന കട്ടിൽ എടുത്തു കൊണ്ട് വന്നു ഈ പിള്ളേർക്ക് കിടക്കാൻ ഇട്, എന്നിട്ട് ആ ഡബിൾ കോട്ട് എടുത്തു അങ്ങോട്ട് മാറ്റിയിട്..

ഉമ്മറത്തു ഒരു ചാര് കസേര കിടപ്പുണ്ട്, അതിലേക്ക് ഇരുന്ന് കൊണ്ട് അരഭിത്തിൽ കാല് രണ്ടും എടുത്തു വെച്ച് കൊണ്ട്, പുക വലിച്ചു കൊണ്ട് ഇരിക്കുകയാണ് ഭദ്രൻ..

ആ സമയത്ത് ആണ് ഗീതമ്മ അങ്ങനെ പറയുന്നത് നന്ദന യും കേട്ടത്

“അതൊന്നും വേണ്ട, കാശ് ഉണ്ടായി കഴിഞ്ഞു ഞാൻ പുതിയൊരു കട്ടില് മേടിച്ചോളാം,ഇപ്പൊ തത്കാലം അത് അവിടെ തന്നെ കിടന്നോട്ടെ”

“രണ്ടാൾക്കും കൂടെ കിടക്കാൻ ഉള്ള ഇട ഒന്നും ആ കട്ടിലിനു ഇല്ലാലോ വല്യേട്ടാ, അത് കൊണ്ട് അല്ലേ അമ്മ അങ്ങനെ ഒക്കെ പറഞ്ഞത് “മിന്നുവും അമ്മയെ പിന്തങ്ങി.

“പോയി കിടക്കാൻ നോക്ക് മിന്നു, കാലത്തെ എഴുന്നേറ്റു സ്കൂളിൽ പോകണ്ടേ നിങ്ങൾക്ക് “

ഭദ്രൻ ശബ്ദം ഉയർത്തിയതും അവൾ പെട്ടന്ന് അകത്തേക്ക് കയറി പോയി..

പിന്നീട് ആരും ആരും അതിനെ പറ്റി ഒരക്ഷരം പോലും സംസാരിച്ചതുമില്ല.

ഭദ്രൻ റൂമില് വന്നപ്പോൾ നന്ദു ബെഡിൽ ഇരിക്കുകയാണ്.അവൻ കയറി വന്നു വാതിൽ അടച്ചു കുറ്റി ഇടുന്നത് കണ്ടതും അവളുടെ മുട്ട് വിറച്ചു.

അല്പം മാറി ജനാലയുടെ അടുത്തേയ്ക്ക് അവൾ നീങ്ങി നിന്നു.

അലമാര തുറന്ന് അതിൽ നിന്നും ഒരു ബെഡ് ഷീറ്റ് വലിച്ചെടുത്തു അവൻ അവളുടെ നേർക്ക് എറിഞ്ഞു.

ഇതാ… ഇതെങ്ങാനും വിരിച്ചു ആ നിലത്തേക്ക് കിടന്നോ… എന്ന് പറഞ്ഞു കൊണ്ട് അവൻ കട്ടിലിൽ കിടന്ന ഒരു ഷീറ്റ് എടുത്തു കൊട്ടി വിരിച്ചു. തലയിണയും എടുത്തു വെച്ചിട്ട് തന്റെ ഷർട്ട്‌ ഊരി മാറ്റിയ ശേഷം ബെഡിലേക്ക് കയറി കിടന്നു.

നീ കിടക്കാൻ നേരം ആ ലൈറ്റ് ഓഫ്‌ ചെയ്തേക്കണം…

അവന്റ ശബ്ദം മുഴങ്ങിയതും നന്ദു പെട്ടന്ന് തന്നെ ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിച്ചു. വേഗം തന്നെ മുറിയിലെ പ്രകാശം അണഞ്ഞു.

അവൾ വെറും നിലത്തു അങ്ങനെ കിടന്നു.

*****************

രാവിലെ ഭദ്രൻ ഉണർന്നു നോക്കിയപ്പോൾ കണ്ടു തറയിൽ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുന്നവളെ.

അവൻ ക്ലോക്കിലേക്ക് നോക്കി. സമയം നാല് മണി ആയതേ ഒള്ളു..അവൻ പതിയെ എഴുന്നേറ്റു മുണ്ട് ഒക്കെ ഒന്ന് മുറുക്കി ഉടുത്തു.

എന്നിട്ട് അഴയിൽ കിടന്ന തോർത്തും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി പോയി..

പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു അവൻ മുറിയിലേക്ക് കയറി വന്നപ്പോൾ കണ്ടത് നിലത്തു നിന്നു എഴുന്നേറ്റു വരുന്ന നന്ദനയേ ആണ്..

അഴിഞ്ഞു കിടന്ന മുടി മുഴുവനും വാരി  ഉച്ചിയിൽ കെട്ടി വെച്ച ശേഷം, അവൾ ബെഡ്ഷീറ്റ് മടക്കി താൻ കിടന്ന കട്ടിലിലേക്ക് ഇടുന്നുണ്ട്..

ഭദ്രന്റെ മുറിയിൽ നിന്നു നേരെ പുറത്തേക്ക് ഇറങ്ങാം.. അങ്ങനെ ഒരു വാതിൽ വെച്ചിട്ടുണ്ട് അവിടെ. അതുകൊണ്ട് അവന്റെ വരവും പോക്കും ഒക്കെ പകുതി ദിവസോം ഗീതാമ്മ അറിയാറില്ല.

അഴയിൽ കിടന്ന ഒരു കാവി മുണ്ടും ഷർട്ടും എടുത്തു ഇട്ട ശേഷം, അവൻ അലമാര യുടെ മുന്നിൽ വന്നു നിന്നു മുടി ഒക്കെ ചീകി ഒതുക്കി.

പതിനൊന്നു മണി ആകുമ്പോൾ ഞാൻ വരും.. നീ റെഡി ആയി നിന്നോണം, നിന്റെ വീട് വരെ ഒന്ന് പോകാനാ..

അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ കതക് തുറന്ന് വെളിയിലേക്ക് ഇറങ്ങി.

ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടതും ഭദ്രൻ എവിടേയ്‌ക്കോ പോയത് ആണെന്ന് അവൾക്ക് തോന്നി.

തുടരും.

ഇഷ്ടം ആകുന്നുണ്ടോ സൂർത്തുക്കളെ ❤️❤️