കാരയ്ക്കൽ ഗ്രാമം
ഇതൊരു ചെറിയ ഗ്രാമമാണ്..ടാറിടാത്ത റോഡുകൾ ഉള്ള…നിറയെ പുഴകൾ ഉള്ള..കാവുകളും ക്ഷേത്രങ്ങളും ഉള്ള…നിഷ്കളങ്കരായ ഒരു കൂട്ടമാളുകൾ താമസിക്കുന്നിടം
മിക്കവാറും ആൾക്കാർക്ക് കൃഷിയും കന്ന്കാലി വളർത്തലുമാണ് ഉപജീവനമാർഗം
ഗ്രാമത്തിൽ എടുത്തു പറയേണ്ടത് ഒരു ഗവണ്മെന്റ് സ്കൂൾ ആണ്
അത് മാത്രമേയുള്ളു അവിടെ
അവിടെ ആണ് ഗ്രാമത്തിലെ കുട്ടികൾ പഠിക്കുന്നത്
ശ്രീഹരിയും അവിടെയാണ് പ്ലസ് ടൂ വരെ പഠിച്ചത്
പിന്നെ പഠനം നിർത്തി
അവന് അഞ്ചു പശുക്കളുണ്ട്. കുറച്ചു കോഴികളും രണ്ട് ആടുകളും ഉണ്ട്
സാമാന്യം നല്ല കൃഷിയും
ആകെയുള്ള പത്തു സെന്റിലാണ് ആള് ഇത്രയും ഒപ്പിച്ചു വെച്ചിരിക്കുന്നത്.
“ഹരിയെ… രാവിലെ പാല് കുറവായിരുന്നോ?” ഹരിയുടെ വണ്ടി കണ്ട ഉടനെ കല്യാണി ചേച്ചി ചോദിച്ചു
അത് വെറുതെ ചോദിക്കുന്നതാണ്. ഹരി കൃത്യമായി കൊടുക്കുന്നതാണ്
എങ്കിലും സംശയം..വെറുതെ ചോദിക്കും
“കൃത്യം ഇരുനാഴി പാല് ഉണ്ടാര്ന്നു കല്യാണി ചേച്ചിയെ ” ഉറക്കെ വിളിച്ചു പറഞ്ഞിട്ട് ഹരി പദ്മനാഭൻ ചേട്ടന്റെ ചായക്കടയിലേക്ക് പോയി
“ഇന്ന് കൂടുതൽ തരാനുണ്ടോ ഹരി?”
“ഇന്നലെ പറയാഞ്ഞതെന്താ ചേട്ടാ?.ഞാൻ ബാക്കി കിടാവിനെ കൊണ്ട് കുടിപ്പിച്ചെന്നെ “
“ശെടാ.. ഞാൻ മറന്നു പോയി “
“ഇന്നെന്താ കൂടുതൽ വേണംന്നു പറഞ്ഞത്?”
“നമ്മുടെ നകുലൻ സാറിന്റെ ഒരു കൂട്ടുകാരൻ വന്നിട്ടുണ്ട്. കുറച്ചു ദിവസം ഇവിടെ കാണും. നമ്മുടെ ഉത്സവം കഴിഞ്ഞിട്ടേ പോകത്തുള്ളു. അപ്പൊ സാറിന്റെ വീട്ടിലേക്ക് ചോദിച്ചിരുന്നു. നിന്നോട് ചോദിക്കാം എന്ന് ഞാൻ പറഞ്ഞു.”
“ഓ അതിനെന്താ? ഞാൻ നാളെ മുതൽ കൊണ്ട് കൊടുത്തേക്കാമല്ലോ എത്ര വേണം?”
“ഒരു ലിറ്റർ എന്നാ പറഞ്ഞത് “
“ശരി കൊടുത്തേക്കാം “
അവൻ തല കുലുക്കി
ആ പ്രദേശത്തെ ഒരേയൊരു ഗവണ്മെന്റ് ജോലിക്കാരനാണ് ഈ മുകളിൽ പറഞ്ഞ നകുലൻ സാർ. നഗരത്തിലെ കോളേജിൽ പഠിപ്പിക്കുന്നു. ഒറ്റത്തടി. സ്വസ്ഥം സുഖം
ഹരിയുടെ കയ്യിൽ നിന്ന് പാല് വാങ്ങാറില്ലങ്കിലും കാണുമ്പോൾ സ്നേഹത്തോടെ ചിരിക്കുകയും ഇടക്ക് കുശലം പറയുകയും ചെയ്യും അയാൾ..വീട്ടിൽ അത്യാവശ്യം പണി എന്തെങ്കിലും ഉണ്ടെങ്കിലും ഹരിയെ തന്നെ ആണ് വിളിക്കുക.
“ഹരി കുട്ടാ മോനെ ചീര ഉണ്ടോടാ?”
സുപ്രിയ ചേച്ചി
“കുഞ്ഞതാ. കുറച്ചു കൂടെ ആകട്ടെ അപ്പൊ തരാം ” ഹരി പറഞ്ഞു
“ഇന്ന് കൊച്ചുങ്ങൾക്ക് ചോറിന് പച്ചക്കറി വല്ലോം ഉണ്ടോന്ന് നോക്കിയപ്പോ ഒന്നുമില്ല അതാണ് ചോദിച്ചേ?”
“അതിപ്പോ എന്നാത്തിനാ ചോറു കൊടുക്കുന്നെ? സ്കൂളിൽ കിട്ടുമല്ലോ?”
“ഇല്ല മോനെ. ഇപ്പൊ ഒമ്പതാം ക്ലാസ്സിൽ എത്തിയ ഇല്ല. എട്ടു വരെയേ ഉള്ളു “
“അതെന്ത് പരിഷ്കാരമാ. ഒമ്പതാം ക്ലാസ്സിൽ എത്തുമ്പോൾ പിള്ളേർ ചോറ് ഉണ്ണണ്ടായോ? അപ്പോഴല്ലേ നല്ലോണം കൊടുക്കേണ്ടത്?”
“ആരോടു പറയാൻ?”
ഹരി ഇത്തിരി നേരം ആലോചിച്ചു
“ഇച്ചിരി വെണ്ടയ്ക്ക മൂത്തു നിൽപ്പുണ്ട്. ഞാൻ ഇപ്പൊ പറിച്ചു കൊണ്ട് തരാം “
ഹരി പോകുന്നതും നോക്കി അവർ ആശ്വാസത്തോടെ നിന്നു
ഹരിയോട് പറഞ്ഞാൽ നടക്കും
അതിനി എന്ത് വിഷമം പിടിച്ച കാര്യമാണെങ്കിലും
“ഹരിക്കുട്ടാ “വെണ്ടയ്ക്ക പറിച്ചു കൊണ്ട് നിൽക്കുമ്പോൾ മതിലിന്റെ മുകളിൽ ഒരു തല
തോമസ് ചേട്ടൻ
“പറഞ്ഞോ പറഞ്ഞോ “
“നി വല്ലോം കഴിച്ചാരുന്നോ?”അയാൾ ചോദിച്ചു
“അതിന് നേരമായോ?”ഹരി ഒന്ന് പുഞ്ചിരിച്ചു
“ദേ മേരി എന്നെ ഇരുത്തി പൊറുപ്പിക്കുന്നില്ല. നി വന്നു വല്ലോം കഴിച്ചേച് പോടാ “
അത് വർഷങ്ങളയുള്ള പതിവാണ്
ഇരുപത് വർഷം മുന്നേ അച്ഛന്റെ കൈയും പിടിച്ച് ഈ നാട്ടിലേക്ക് വരുമ്പോൾ ഹരി തീരെ ചെറുതാണ്
അന്ന് ആദ്യം ഒരു കപ്പ് പാലും ബിസ്കറ്റും തന്ന് വിശപ്പ് മാറ്റിയത് ഈ തോമസ് ചേട്ടനാണ്. അന്ന് മുതൽ ഇന്ന് വരെ വിശന്നിരിക്കാൻ സമ്മതിക്കുകേല. അതെങ്ങനെ അറിയുന്നെന്ന് ഓർത്തു ഹരിക്ക് അത്ഭുതം തോന്നാറുണ്ട്
അവൻ വെണ്ടയ്ക്ക കൊണ്ട് കൊടുത്തിട്ട് കയ്യും കഴുകി അവിടേക്ക് ചെന്നു
“എന്നതാടാ ചെറുക്കാ നേരത്തിനു ഭക്ഷണം കഴിക്കാത്തത്?. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ തടിയാ നിന്റെ പറഞ്ഞേക്കാം…”
അപ്പവും കടലക്കറിയും വിളമ്പുന്നിതിനിടയിൽ മേരി ചേട്ടത്തിയുടെ ശാസന വന്നു
“നി ഇപ്പൊ നോക്കിയാൽ ഈ ശരീരം കുറച്ചു കൂടെ മിനുക്കി എടുക്കാം. ഞാൻ ഇവിടെ ഇല്ലെങ്കിലും നിനക്ക് വന്നെടുത്ത് വിളമ്പി കഴിച്ചൂടെ?” അവർ പറഞ്ഞു കൊണ്ട് ഇരുന്നു
“എടി നി അവന് സ്വസ്ഥത കൊടുക്ക്. കൊച്ച് അത് കഴിക്കട്ടെ ” തോമസ് ചേട്ടൻ അസഹ്യതയോടെ പറഞ്ഞു
ഹരി ചിരിച്ചു
“ചേട്ടത്തി പറഞ്ഞോട്ടെ. ഒരപ്പം കൂടി തന്നെ.. ഇച്ചിരി കാപ്പിയും കൂടി “
“ആ അങ്ങനെ എന്റെ മക്കള് കഴിക്ക്.നല്ലോണം കഴിക്ക് “
അവർക്ക് സന്തോഷം ആയി
“ജെസ്സി ചേച്ചി വിളിച്ചാരുന്നോ? എന്ന് വരും?”
അവരുടെ മൂത്ത മകളാണ് ജെസ്സി. ഇളയവൾ ജെന്നി ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്നു. ജെസ്സിയുടെ കല്യാണം കഴിഞ്ഞു ഭർത്താവും മകളുമൊത്ത് ഡൽഹിയിലാണ് .
“ഉത്സവത്തിന്നു വരും.എല്ലാ കൊല്ലവും ഭഗവതിയെ കാണാൻ വരുന്നതല്ലിയോ.. ഇത്തവണ പിന്നെ കുഞ്ഞ് മോൾക്ക നിർബന്ധം. ഹരി അങ്കിളിന്റെ അടുത്ത് വരാമല്ലോ എന്ന സന്തോഷത്തിലാ അവള് “
“വരട്ടെ.. അവൾക്ക് ഈ നാട് മുഴുവൻ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ “
ഹരി എഴുന്നേറ്റു കൈ കഴുകി
“ഉണ്ണാൻ ഉച്ചക്ക് വരുമോ?”
“ഇല്ല.ഉച്ചക്ക് ടൗണിൽ പോണം. പുതിയ വിത്ത് വന്നിട്ടുണ്ട് ബ്ലോക്ക് ഓഫീസിൽ പോണം. ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാം “
“എടാ ഞാൻ പൊതിച്ചോറ് കെട്ടി തരാന്ന് “
“വേണ്ട ന്നേ.. ഞാൻ പോവാണേ “
അവൻ തോമസ് ചേട്ടനോട് പറഞ്ഞു ഇറങ്ങി സ്കൂട്ടറിൽ കേറി
“ആ കുന്തത്തിൽ ടൗണിൽ പോകണ്ട കേട്ടോ ബസിൽ പോയ മതി ” മേരി ചേട്ടത്തി ഉറക്കെ പറഞ്ഞു
ഹരി ചിരിച്ചു കൊണ്ട് കൈ വീശി
“ഇനി ഈ ചെറുക്കൻ എപ്പോ വരുമോ ആവോ?” അവർ പാത്രം കഴുകി വെയ്ക്കുന്നിതിനിടെ പറഞ്ഞു
തോമസ് ചേട്ടന് ഹരി മകനെ പോലെയല്ല മകൻ തന്നെ ആണ്
ഒരു വിളിയൊച്ചക്ക് അപ്പുറത്ത് അവൻ ഉള്ളത് അയാൾക്ക് വലിയ ഒരാശ്വാസമാണ്
ബ്ലോക്ക് ഓഫീസിൽ ഹരി എത്തുമ്പോൾ അവിടേ തിരക്കുണ്ട്
അവൻ അതിനിടയിൽ കൂടി ഹാഫ് ഡോറിന്റ മുകളിൽ കൂടി തല കാണിച്ചു
ഓഫിസർ മൈഥിലി അവനെ കണ്ടു
“സജി ഹരിയെ ഇങ്ങോട്ട് കയറ്റി വിട്ടേക്ക് ” അവൾ ക്ലാർക്ക് സജിയോട് പറഞ്ഞു
സജിയുടെ മുഖത്ത് ഒരു കള്ളച്ചിരി വന്നത് അവൾ കണ്ടില്ലന്നു നടിച്ചു
“ഹരി എന്താ അവിടെ നിന്ന് കളഞ്ഞത്? ഇങ്ങ് കേറി പോരാരുന്നല്ലോ ” മൈഥിലി ചോദിച്ചു
“പുറത്ത് അത്രേം ആള് നിക്കുമ്പോ ഞാൻ ഇടക്ക് കേറി എന്ന് പറഞ്ഞു ഉടക്കാകും അതാണ്.” ഹരി വിനയത്തോടെ പറഞ്ഞു
മൈഥിലി ഒരു ഫോം കൊടുത്തു
“അതിൽ എല്ലാം ഫിൽ ചെയ്തു തരു ” ഹരി തലയാട്ടി
“ഇവിടെ ഇരുന്ന് എഴുതിക്കോ. ഇന്നാ പേന “
ഹരി അത് വാങ്ങി ഫോം വായിച്ച് നോക്കുമ്പോൾ മൈഥിലി അവനെ നോക്കുകയായിരുന്നു
എന്ത് സുന്ദരനാണ്! വെളുത്തു ചുവന്ന മുഖം…കട്ടി മീശ…ഇടതൂർന്ന താടി രോമങ്ങൾ..നല്ല നിരയൊത്ത പല്ലുകൾ..ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന കണ്ണുകൾ..ബലിഷ്ഠമായ ശരീരം
തന്നെക്കാൾ ഇളയതാണ് . പക്ഷെ കാഴ്ചയിൽ തോന്നില്ല
“ഹരിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്? ഞാൻ ചോദിച്ചിട്ടില്ല ഇത് വരെ “
“അങ്ങനെ ആരൂല്ല. ഒറ്റയ്ക്കാ “
ഹരി ഫോം ഫിൽ ചെയ്തു കഴിഞ്ഞു
“ഫോൺ നമ്പർ വെച്ചിട്ടുണ്ടല്ലോ അല്ലെ?”
“ഉവ്വ് ഉണ്ട് “
“ഇന്ന് വന്നതെല്ലാം ഞാൻ തരാം. ഇനി വരുന്നത് ഞാൻ വിളിച്ചു പറയാം “
ഹരി തൊഴുതു
“വലിയ ഉപകാരം മാഡം.. എന്ന ഞാൻ അങ്ങോട്ട്” ഹരി കുറച്ചു നേരം കൂടി ഇരുന്നിരുന്നെങ്കിൽ എന്നവൾ ആശിച്ചു
അവന്റെ ചിരി..നോട്ടം…ആരെയും മോഹിപ്പിക്കുന്ന ശബ്ദം
ഹരി പോകുന്നത് നിരാശയോടെ അവൾ നോക്കിയിരുന്നു
“മൈഥിലി സാറെ ചെറുക്കനാ അത് കേട്ടോ ” ക്ലാർക്ക് സിന്ധു അർത്ഥം വെച്ചു ചിരിച്ചു
“അത് കൊണ്ടല്ലേ നോക്കുന്നത്?”
മൈഥിലി എടുത്തടിച്ച പോലെ പറഞ്ഞു
“അതല്ല..മീശയും താടിയുമൊക്കെയേ ഉള്ളു ആളിന് വലിയ പ്രായം ഒന്നുമില്ല. സ്ത്രീ വിഷയത്തിൽ തല്പര കക്ഷിയുമല്ല “
മൈഥിലി ചിരിച്ചു പോയി
“എന്റെ സിന്ധു ഞാൻ വെറുതെ ഒന്ന് നോക്കുന്നെന്നെ ഉള്ളു.”
സിന്ധുവും ചിരിച്ചു
“ഞാൻ പറഞ്ഞു ന്നേയുള്ളു സാറെ “
അത് അവിടെ അവസാനിച്ചു.
ഹരി മൈഥിലിയെ എന്നല്ല ഒരു പെണ്ണിനേയും ശ്രദ്ധിക്കാറില്ല അതിന് അവന് നേരവുമില്ല.
ഒരു പെണ്ണും ഈ കാലം വരെ അവന്റെയുള്ളിൽ കടന്നു വന്നിട്ടുമില്ല. ചിലപ്പോൾ വന്നേയ്ക്കാം
അതെങ്ങനെ ഉള്ള പെണ്ണായിരിക്കണം എന്ന് ആലോചിക്കുമ്പോൾ അവൾ സത്യം ഉള്ള പെണ്ണാകണം എന്നെ അവനുള്ളു.
സുന്ദരി അല്ലെങ്കിലും സമ്പന്നയല്ലെങ്കിലും പഠിച്ചവൾ അല്ലെങ്കിലും സത്യം ഉള്ളവൾ ആയിരിക്കണം.
സ്നേഹം ഉള്ളവൾ ആയിരിക്കണം
അങ്ങനെ ഒരു പെണ്ണ് വരുമോ ശ്രീഹരിയുടെ ജീവിതത്തിൽ?
ആർക്കറിയാം?
(തുടരും )