ശ്രീഹരി ~ അധ്യായം 11, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഇത് വീടോ അതോ കൊട്ടാരമോ? ഹരി അന്തം വിട്ട് നോക്കികൊണ്ട് നടന്നു. ഇത് നടന്നാലും നടന്നാലും തീരില്ലേ ദൈവമേ? ഇതെങ്ങനെ ആവും വൃത്തി ആയി വെയ്ക്കുക എന്നതായിരുന്നു അവന്റെ അടുത്ത ചിന്ത

പത്ത് പന്ത്രണ്ട് വേലക്കാരെ കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി. അവര് ചെയ്തോളും. ബാലചന്ദ്രന്റെ മുറി അവന്റെ വീടിനെക്കാൾ വലുതായിരുന്നു

“ഇതാണ് സാറിന്റെ മുറി “ജോലിക്കാരിലൊരാൾ ഹരിയെ മുറി കൊണ്ട് കാണിച്ചു

എസിയുടെ തണുപ്പ് ഓഫ്‌ ചെയ്യുകയായിരുന്നു അവൻ ആദ്യമായി ചെയ്തത്
പിന്നെ ജനാലകൾ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി

വലിയ ഒരു വളപ്പിലാണ് വീട്.മുൻവശത്ത് പൂന്തോട്ടമൊക്കെ ഉണ്ടെങ്കിലും ആ വശത്ത് ഭൂമി വെറുതെ കിടക്കുകയായിരുന്നു.

“മുറി ഇഷ്ടായോ?” അഞ്ജലി

“എന്റെ കൊച്ചേ ഈ മുറി എന്റെ വീടിനെക്കാളും വലുതാണെന്നെ… ഇവിടെ തന്നെ അഞ്ചാറ് പേർക്ക് താമസിക്കാല്ലോ?”

അഞ്ജലി പൊട്ടിചിരിച്ചു പോയി

“ചെറിയ മുറികൾക്ക് ഒരു സൗകര്യം എന്താ ന്ന് വെച്ചാൽ ക്ലീനിങ് ഈസിയാക്കും. ഇവിടെ പിന്നെ ആൾക്കാർ ഉള്ളത് കൊണ്ട് കുഴപ്പമില്ല..”ഹരി വീണ്ടും പറഞ്ഞു

“എന്റെ മുറി ഞാൻ തന്നെ ആണ് ക്‌ളീൻ ചെയ്യാറ് ” അവൾ പറഞ്ഞു

“ശരിക്കും?”

“ഉം “

“അത് നന്നായി അങ്ങനെ എങ്കിലും ദേഹം ഒന്ന് അനങ്ങുമല്ലോ “

“പോടാ..”അവൾ ഒറ്റയടി കൊടുത്തു

“ജോലി ചെയ്യണം കൊച്ചേ ഇല്ലെങ്കിൽ പിത്തം പിടിക്കും “

“ങ്ങേ പിത്തം? അതെന്താ?”

“വാതം, പിത്തം, കഫം.. അങ്ങനെ പല തരത്തിൽ ഉള്ള ശരീരം ആണ് മനുഷ്യന്റെ.. ഇത് മൂന്നും മാറും നന്നായി അധ്വാനിച്ചാൽ . എന്റെ കാര്യം ഏകദേശം തീരുമാനം ആയി ഇരിക്കുകയാ . പത്തു പന്ത്രണ്ട് ദിവസമായി തിന്നുക, ഉറങ്ങുക, പാടുക. ഇതല്ലാതെ ആക്ടിവിറ്റി ഒന്നുമില്ല..”

“ഇനിപ്പോ എന്താ ചെയ്ക?ജിമ്മിൽ പൊ. ഇവിടെ അടുത്ത് ഒരു ജിം ഉണ്ട് “

അവനൊന്നു ചിരിച്ചു

“അതെന്താ ഒരു പുച്ഛം?”

“ഹേയ്.. ദേ ഈ പറമ്പിൽ കുറച്ചു വാഴ വെച്ചാലോന്നാ.”

അവൻ ജനലിൽ. കൂടി നോക്കി

“ഏത് പറമ്പിൽ?’

“ഇങ്ങോട്ട് വാ  “

അവൻ കൈ എത്തിച്ചവളെ തന്നോട്  ചേർത്ത് നിർത്തി

“ശരിക്കും നോക്ക്.. ഇഷ്ടം പോലെ സ്ഥലം ഉണ്ട്. വാഴയോ പച്ചക്കറികളോ ഒക്കെ  ചെയ്യാം “

“കൊള്ളാല്ലോ ഐഡിയ. പക്ഷെ അത് കുലച്ചു പഴം ആകുമ്പോൾ തിന്നാൻ ഞാൻ മാത്രേ കാണു ഇങ്ങേര് പോവില്ലേ?”

ഹരി അവളെ നോക്കി

“അങ്ങനെ ചിന്തിച്ചാൽ ആരും ഒന്നും നടില്ലല്ലോ അഞ്ജലി.. നമ്മൾ ചെയ്യുന്നു. ഫലം മറ്റുള്ളവരെടുത്തോട്ടെ.”

അഞ്ജലി അവനെ നിർന്നിമേഷയായി നോക്കി നിന്നു

“ഞാൻ എന്തായാലും ഇവിടെ എന്തെങ്കിലും ചെയ്യും “അവൻ പറഞ്ഞു

“അച്ഛന് ആകുമായിരുന്നെങ്കിൽ അച്ഛനും കൂടിയേനെ. അച്ഛൻ കൃഷിയിൽ ഇഷ്ടം ഉള്ള ആളാ.”

“അങ്ങനെ ആ അച്ഛൻ വെച്ച വാഴയാണ് ഇപ്പൊ എന്റെ അടുത്ത് നിൽക്കുന്നെ “

ഹരി പെട്ടെന്ന് പറഞ്ഞു

അഞ്ജലി അവന്റെ നെഞ്ചിൽ ഒരിടി കൊടുത്തു

“ദുഷ്ട “

ഹരി ചിരിച്ചു കൊണ്ട് ആ കൈ പിടിച്ചു മാറ്റി

അഞ്ജലിയുടെ ചിരി..അവളുടെ നോട്ടം..അവളുടെ ഗന്ധം..ഹരി തെല്ല് മാറി നിന്നു

“ആ ഡോക്ടർക്ക് പാട്ട് പാടി കൊടുത്തായിരുന്നോ?”

അഞ്ജലി തലയിണ ശരിയാക്കി വെയ്ക്കുന്നതിനിടയിൽ ചോദിച്ചു

“ഏത് പാട്ട്?” അവൻ ഭിത്തിയിൽ ചാരി നിന്നു

“അവരെതോ പാട്ട് പറഞ്ഞല്ലോ?’ ഹരിക്ക് ചിരി വന്നു

അവളുടെ മുഖത്ത് കുഞ്ഞ് അസൂയ

“നിനക്ക് അറിയില്ലേ ആ പാട്ട്?”

“ഞാൻ എങ്ങനെ അറിയും?”

“നുണ. ആ പാട്ട് പോപ്പുലർ അല്ലെ?”

ഹരി കൈ നെഞ്ചിൽ പിണച്ചു കെട്ടി

ആ പാട്ട് എനിക്ക് വലിയ ഇഷ്ടമാണെന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക്..അത് ഒന്ന് പാടി തരുമോ എന്ന് ചോദിക്കാൻ തോന്നിയിരുന്നു. പക്ഷെ വേറെ ഒരാൾ ചോദിച്ചപ്പോൾ എന്തോ പിന്നെ തോന്നിയില്ല

“അഞ്ജലിക്കിഷ്ടമാണോ ആ പാട്ട്?”അവന്റെ ശബ്ദം ഒന്ന് മാറി

അഞ്ജലി തലയാട്ടി

ഹരി ഒന്ന് മൂളി

പിന്നെ പാടി തുടങ്ങി

“കാണാക്കിനാവിൻ കണിയാകുമോ നീ
കാണും നിലാവിൽ  മായാതേ മാഞ്ഞോ
മായാകിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറു..”

അവനൊന്നു നിർത്തി

അഞ്ജലി അനങ്ങാതെ ശ്വാസം പോലും എടുക്കാൻ മറന്നു നിൽക്കുകയായിരുന്നു

“ആത്മാവിലെ ആനന്ദമേ ആരോരും അറിയാതെ കാക്കുന്നു ഞാൻ…” അഞ്ജലിയുടെ കണ്ണ് നിറഞ്ഞു

അവൾ കണ്ണടച്ചു ഭിത്തിയിൽ ചാരി അത് കേട്ട് നിന്നു. ഹരിയുടെ മാന്ത്രിക സ്വരം. പാട്ട് തീർന്നപ്പോൾ അവൾ അവനെ നോക്കി

“മതിയൊ?” അവന്റെ സ്വരം ദീപ്തമായിരുന്നു

അവൾ മെല്ലെ തലയാട്ടി.

“എങ്കിൽ ഇനി അഞ്ജലി പാട്.. കേൾക്കട്ടെ “

“എല്ലാം മറന്നു പോയി ശ്രീ.. പാടിട്ട്,ചിലങ്ക കെട്ടിയിട്ട് ഒക്കെ കുറെ വർഷങ്ങൾ ആയി..”

അവൾ ദയനീയമായി പറഞ്ഞു

“സത്യത്തിൽ ഇപ്പോഴാ ഞാൻ ചിരിക്കണത്.. ഇങ്ങനെ തമാശ ഒക്കെ പറയണത്.. താങ്ക്യൂ ശ്രീ “

“അതെന്തിനാ താങ്ക്യൂ? എന്നെങ്കിലും പാട്ട് പാടാൻ തോന്നുന്നെങ്കി അപ്പൊ എന്നെ പാടി കേൾപ്പിക്കണം.. അതിപ്പോ ഞാൻ പോയി കഴിഞ്ഞാണെങ്കിൽ ഫോണിൽ കൂടി മതി.. പക്ഷെ പാടണം.”

അവൾ സമ്മതിച്ചു

“വീട് ഒന്ന് ചുറ്റിക്കാണിക്കാം വാ ” അവൾ പറഞ്ഞു

“ആയിക്കോട്ടെ. പണ്ട് സ്കൂളിൽ നിന്ന് മ്യൂസിയം കാണാൻ പോയ ഒരോർമ്മ ” അവൻ പറഞ്ഞപ്പോൾ അവൾ വാ പൊത്തി ചിരിച്ചു

“സ്കൂൾ എന്ന് പറയുമ്പോൾ എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ ” അവൾ പറഞ്ഞു

“അതെന്താ അത്ര ദുരന്തം ആയിരുന്നോ?”

“അതൊരു ലോങ്ങ്‌ സ്റ്റോറി ആണ്… സമയം കിട്ടുമോ?”

“സാറിന് ഫിസിയോ നടക്കുന്നത് കൊണ്ട് ഞാൻ ഫ്രീയാ പറഞ്ഞോ “

അവർ ഓരോ മുറികളിലും കയറി ഇറങ്ങി കൊണ്ടിരുന്നു

“സ്കൂളിൽ എന്റെ ഡിവിഷനിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് മുംതാസ് ആയിരുന്നു ട്ടോ. അവളുടെ ലൈൻ ഡിഗ്രിക്ക് പഠിക്കുന്ന ഒരു എബി. ഞങ്ങൾ അന്ന് മുംബൈയിൽ ആണ്. അറിയാലോ ഒരു ക്രിസ്ത്യൻ ഒരു മുസ്ലിം പ്രണയം.പോരെ പുകിൽ? ഇവരുടെ ഇടയ്ക്ക് ഞാൻ. ഞാൻ ആണ് മീഡിയേറ്റർ. എന്നെ ഇവളുടെ വീട്ടിൽ സംശയം ഇല്ല. എപ്പോ വേണേൽ ചെല്ലാം. അങ്ങനെ ഇരിക്കെ ഇവളുടെ കല്യാണം ഉറപ്പിച്ചു. മുസ്ലിം കുട്ടികൾ പെട്ടെന്ന് കല്യാണം കഴിക്കും അന്നൊക്കെ. ഇവർ ഒളിച്ചോടാൻ തീരുമാനിച്ചു. റെയിൽവേ സ്റ്റേഷനിൽ ഇവളെ എത്തിക്കേണ്ട ജോലി എനിക്ക്. എന്റെ വീട്ടിൽ അന്ന് അച്ഛൻ മാത്രം ഉള്ളു. അച്ഛൻ ഫുൾ ടൈം ബിസി. എനിക്ക് എപ്പോ വേണേൽ വരാം പോകാം ആരും ശ്രദ്ധിക്കില്ല. രാത്രി പത്തരക്കാണ് ട്രെയിൻ. ഞാൻ ഇവളെ കൂട്ടി കൊണ്ട് പോകാൻ ഇവളുടെ വീട്ടിൽ ചെന്നു. ദേ കിടക്കുന്നു “

“ആര്?” ഹരി കഥയിൽ രസം പിടിച്ചു ചോദിച്ചു

“അവളുടെ വാപ്പയുടെ ഉമ്മ മരിച്ചു. വീട് നിറയെ ആളുകൾ.. എന്റെ പൊന്നേ തീർന്നില്ലേ കഥ…അവൾ എന്നോട് പറഞ്ഞു എബിയോട് വിവരം ഒന്ന് അറിയിക്കണം അവൾക്ക് ഇറങ്ങി വരാൻ പറ്റില്ലാന്ന്. എന്റെ കഷ്ടകാലം.ഞാൻ പോയി. ഇതിനിടയിൽ അവന്റെ വീട്ടിൽ സംഭവം അറിഞ്ഞു അവരെല്ലാം കൂടി റെയിൽവേ സ്റ്റേഷനിൽ. അപ്പൊ ഒളിച്ചോട്ടം ആരൊക്കെ തമ്മിൽ ആയി. ഞാനും അവനും തമ്മിൽ. കാര്യം പറഞ്ഞാൽ അവർ കേൾക്കണ്ടേ?നേരേ പോലീസ് സ്റ്റേഷനിൽ.. അച്ഛൻ വന്നു എന്നെ അടിയോടടി. ഞാൻ പിന്നെ കഥ പറയാൻ പോയില്ല. അവളുടെ ജീവിതം കൂടി എന്തിനാ വെറുതെ?അങ്ങനെ ആ പ്രേമം എന്റെ ആണെന്ന് വിശ്വസിച്ച അച്ഛൻ അടുത്ത വർഷം തന്നെ എന്നെ കൊണ്ട് വേറെ കല്യാണം കഴിപ്പിച്ചു അങ്ങനെ എന്റേതല്ലാത്ത കാരണം കൊണ്ട് ഞാൻ കല്യാണം കഴിച്ചു. അച്ഛൻ ഇപ്പോഴും വിശ്വസിച്ചു വെച്ചേക്കുന്നേ അത് എന്റെ ഒളിച്ചോട്ടം തന്നെ ആയിരുന്നുന്നാ. ഞാൻ പിന്നെ തിരുത്തിയുമില്ല “

അവൾ ചിരിച്ചു

ഹരി ഒരു സിനിമ കഥ കേട്ട പോലെ അന്തം വിട്ട് നിന്നു

“എന്നിട്ട് അവർ ഇപ്പൊ എവിടെ ഉണ്ട്?”

“അവർ രണ്ടു പേരും വേറെ രണ്ടു പേരെ കല്യാണം കഴിച്ചു സുഖം ആയി ജീവിക്കുന്നു ഇടക്ക് വിളിക്കും “

“ശെടാ “

ഹരി താടിക്ക് കൈ കൊടുത്തു

അവർ ടെറസിൽ എത്തിയിരുന്നു

“അതൊക്കെ തമാശ പോലെയാ ഇപ്പൊ തോന്നുന്നേ.അത് കഴിഞ്ഞുള്ളതായിരുന്നു ഭീകരം “

അവൾ എന്തോ ആലോചിച്ചു നിന്നു

“കല്യാണം കഴിയുമ്പോൾ നമുക്ക് അറിയില്ലല്ലോ ഭർത്താവ് ഗേ ആണോ അല്ലയോ എന്ന്. ഹോമോസെക്ഷൽ ആണെന്ന് പുറത്ത് അറിയുന്നത് തന്നെ നാണക്കേട്. പെൺ ശരീരത്തോടവർക്ക് ഒരു മോഹവും തോന്നില്ല. പകരം ഇതൊക്കെ പുറത്ത് അറിയാതെയിരിക്കാൻ ഉപദ്രവം..”

അവളുടെ ശബ്ദം നേർത്തു

“ജീവിതം വെറുത്ത് പോയി. ആണിനെ തന്നെ വെറുത്തു.. ഒരു മുറിയിൽ ഒതുങ്ങി. ബന്ധുക്കളുടെ ചോദ്യങ്ങൾ, നാട്ടുകാർ… ആരും നമ്മെ മനസിലാക്കില്ല ശ്രീ… ശ്രീ പറഞ്ഞില്ലേ ഞാൻ സെൽഫിഷ് ആണെന്ന്… ഇപ്പൊ പറ ഞാൻ സെൽഫിഷ് ആണോ?”

ശ്രീഹരി നിറഞ്ഞ കണ്ണുകളോടെ അവളുടെ കവിളിൽ തൊട്ടു

“സോറി…”

“ആദ്യായിട്ടാ ഞാൻ ഒരാളോട് എല്ലാം…”

അവൾ ദൂരേയ്ക്ക് നോക്കി

“എന്നെങ്കിലും ഞാൻ ഇല്ലാതെയായാൽ ഭൂമിയിൽ ഒരാൾ എങ്കിലും അറിയണ്ടേ സത്യം?”

അവൾ പറഞ്ഞു

അവന്റെ ഉള്ളിൽ കനത്ത വേദന വന്നു നിറഞ്ഞു. അങ്ങനെ ചേർന്നു നിൽകുമ്പോൾ ഞാൻ ഉണ്ട് നിനക്ക് എന്ന് പറയാൻ അവന് തോന്നി. പക്ഷെ ഉള്ളിൽ ആരോ വിലക്കുന്നു

നീ ആരാണ് ഹരി?

ബാലചന്ദ്രൻ സാർ നിനക്ക് തന്നിരിക്കുന്ന സ്ഥാനം എത്ര വലുതാണ്?

ഇവൾ ആരാണ്?

രാജകുമാരി

രാജകുമാരിയേ മോഹിക്കരുത്

അവൻ കുറച്ചു മാറി നിന്നു

(തുടരും )