നിന്നെയും കാത്ത്, ഭാഗം 17 – എഴുത്ത്: മിത്ര വിന്ദ

കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി ഗീതമ്മ മകനെ നോക്കി.

നെഞ്ചിൽ ആരോ മുള്ളു കൊണ്ട് തറച്ചത് പോലെ ഒരു നൊമ്പരം വന്നു പുൽകും പോലെ അവനു തോന്നി.

“ദെ…ഗീത ചേച്ചിയേ ഇങ്ങോട്ട് ഒന്ന് വന്നേ, മധുരം കൊടുക്കണ്ടേ പിള്ളേർക്ക് “

അടുത്ത വീട്ടിലെ സരസമ്മ ആയിരുന്നു അത്..

കരഞ്ഞു പിഴിഞ്ഞ് കൊണ്ട് തന്റെ ആങ്ങള യോട് വിഷമം പറയുന്ന ഗീതയെ വിളിച്ചു കൊണ്ട് സരസമ്മ അടുക്കള വശത്തു കൂടി അകത്തേക്ക് കയറി തിടുക്കത്തിൽ വന്നു നിന്നു.

“ചേച്ചി, നടക്കാൻ ഉള്ളത് ഒക്കെ നടന്നു കഴിഞ്ഞു.. ഇനി ചേച്ചി ഇങ്ങനെ കരഞ്ഞു നിലവിളിച്ചത് കൊണ്ട് എന്താ പ്രയോജനം,ഇതൊക്കെ മേലേ കാവിലമ്മയുടെ തീരുമാനം ആണെന്നെ… എന്നതായാലും തങ്കം പോലെ ഒരു കൊച്ചിനെ അല്ലേ കിട്ടിയേക്കുന്നത്..”

ഒരു പ്രകാരത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് സരസമ്മ അവരെ അശ്വസിപ്പിച്ചു..

“ചെല്ല് അങ്ങോട്ട്, ചെന്നു പിള്ളേർക്ക് പാലും പഴോ കൊടുക്ക്… നേരം പോകുന്നു ഗീതേച്ചി “

സരസമ്മയുടെ മരുമകൾ മഞ്ജു ആയിരുന്നു അത്.

അമ്മുവും മിന്നുവും ഒക്കെ കൂടി ചേട്ടനും ചേച്ചിയുമായിട്ട് നിന്നു  ഫോണിൽ ഫോട്ടോ എടുക്കുകയാണ്…

“മധുരം വെയ്പ്പ് ചടങ്ങ് അല്ലേ ഇനി ഉള്ളത്…ഗീതേ വാടി ഇങ്ങോട്ട് “

ഗീതയുടെ മൂത്ത സഹോദരി ഓമന വന്നു വിളിച്ചു. ഒരു കുപ്പി ഗ്ലാസിൽ പാലും പഞ്ചസാര യും കുറുക്കി ഞാലി പൂവൻ പഴം ചെറുതായി നുറുക്കി ഇട്ടു കൊണ്ട് ഗീത വന്നു ഭദ്രന്റെ അരികിൽ നിന്നു.

രണ്ടു പേർക്കും മാറി മാറി ചെറിയ സ്പൂണ് കൊണ്ട് കോരി കൊടുത്ത ശേഷം ഗീത അവിടെ നിന്നും ഉൾ വലിഞ്ഞു. പിന്നീട് ഓരോരുത്തർ ആയി മാറി മാറി വന്നു മധുരം കൊടുത്തു.

തൊടിയിലെ വേലിയ്ക്കൽ നിന്നും സരസമ്മയും മരുമകളും കൂടി കുറച്ചു കപ്പ പറിച്ചു വെച്ചിട്ടുണ്ട്..

“ഓമന ചേച്ചിയേ…ഞാൻ കുറച്ചു കപ്പ എടുത്തു കൊത്തി ഞ്ഞുറുക്കി പുഴുങ്ങട്ടെ, ഭദ്രനെ വിട്ട് കുറച്ചു മീനോ, ഇറച്ചിയൊ മറ്റൊ മേടിപ്പിക്കാം “

“ഞങ്ങൾ ഒക്കെ പോകുവാ സരസമ്മേ…..പെട്ടന്ന് എടുത്തു ചാടി പോന്നത് കൊണ്ട്, ഒരു പണി യും നടന്നില്ല…. തൊഴുത്തിൽ കറവ പശു മൂന്നെണ്ണം ആണ് നിൽക്കുന്നെ….”

“അയ്യോ ചേച്ചി ഇപ്പഴേ പോകുവാന്നോ, ഇനി ഇപ്പൊ ഇവിടെ ആരാണ് ഉള്ളത് “

അത് കേട്ട് കൊണ്ട് വന്ന ഗീത ചോദിച്ചു.

“ആഹാ ഇതെന്ന വർത്താനം ആടി പറയുന്നേ, എനിക്ക് പിന്നെ പോകണ്ടായോ, ചെല്ലാൻ താമസിച്ചാൽ അവിടെ ഉള്ളവളുടെ മോന്ത വീർക്കും, വല്ലോ കഞ്ഞിയോ വെള്ളമോ തരണേല് ആ പെണ്ണ് അല്ലേ ഒള്ളു.. എന്ന് പറഞ്ഞു കൊണ്ട് ഏതോ തുണിക്കടയിൽ നിന്ന് കിട്ടിയ ഒരു കൂട് എടുത്തു അവർ വെളിയിലേക്ക് ഇറങ്ങി.

മുറ്റത്തെ അഴയിൽ വിരിച്ചു ഇട്ടിരുന്ന ഒരു സാരീ യും ബ്ലോസും എടുത്തു മടക്കി ആ കവറിലേക്ക് ഇട്ടു.

“ഇന്നലെ ഉടുത്തോണ്ട് വന്ന സാരീയാണ് സരസമ്മേ…. ഞാൻ അത് കാലത്തെ തിരുമ്മി പിഴിഞ്ഞ് ഇട്ടിട്ടാ പോയത്….”

പൈപ്പിന്റെ ചോട്ടിൽ നിന്നും കാലും മുഖവും കഴുകി കൊണ്ട് ഓമന വല്യമ്മ മുൻ വശത്തേയ്ക്ക് നടന്നു. ആ സമയത്ത് ഭദ്രനും ജോസച്ചായനും കൂടി എന്തൊക്കെയോ സംസാരിച്ചു കൊണ്ട്  വേലിയ്ക്ക് അരികിൽ നിൽപ്പുണ്ട്.

“മോനേ ഭദ്രാ, ഞങ്ങള് ഇറങ്ങുവാടാ, നാലിന്റെ ബസിൽ പോകുവാണേൽ പിന്നെ ഇറങ്ങി കേറണ്ട… “

ഓമന വല്യമ്മയും ചിറ്റപ്പനും കൂടി ഭദ്രന്റെ അടുത്തേക്ക് വന്നു.

“ആഹ് എന്നാൽ പിന്നെ ഞാനും ഇറങ്ങുവാടാ ഭദ്ര… ആ കൊച്ചിനോട് കൂടി ഒന്ന് പറഞ്ഞേച്ചു വരാം “

അയാൾ ഇളം തിണ്ണയിലേക്ക് കയറി.

“വല്യമ്മേ, നില്ക്കു, അച്ചായൻ നിങ്ങളെ ബസ് സ്റ്റോപ്പിലേക്ക് വിടും, വെറുതെ നടക്കേണ്ട “

“ഹ്മ്മ്… അത് ശരിയാ കേട്ടോ.. നമ്മൾക്ക് എങ്കിലു ആ സാറിന്റെ കൂടെ പോകാം അല്ലേ…”

അവർ ഭർത്താവിനെ നോക്കി..

“മോളെ…. ഞാൻ എന്നാൽ അങ്ങോട്ട് ചെല്ലട്ടെ കേട്ടോ, കുറെ കാര്യങ്ങൾ ഉള്ളതാണ്…. തിരക്ക് ഒക്കെ കഴിഞ്ഞു ഒരു ദിവസം രണ്ടാളും കൂടി അങ്ങോട്ട് വാ കെട്ടോ “

അച്ചായൻ പറഞ്ഞത് കേട്ടപ്പോൾ നന്ദു തലയാട്ടി കാണിച്ചു.

വൈകാതെ തന്നെ ഓരോരുത്തർ ആയിട്ട് യാത്ര പറഞ്ഞു പോയി.

“ചേച്ചി എന്നാൽ വായോ, നമ്മൾക്ക് ഈ സാരീ ഒക്കെ ഒന്ന് മാറ്റം…”

മിന്നുവും അമ്മുവും ചേർന്നു അവളെ അകത്തേക്ക് കൊണ്ട് പോയി.

“ഇതാണ് കേട്ടോ ഏട്ടന്റെ മുറി, അധികം സൗകര്യങ്ങൾ ഒന്നും ഇല്ലാ… ചേച്ചി ഒന്നു അഡ്ജസ്റ്റ് ചെയ്യണേ…” മിന്നു പറഞ്ഞു.

ഓടിട്ട വീട് ആയത് കൊണ്ട് ആ മുറിയ്ക്ക് ഉള്ളിൽ ഒക്കെയും ചെറിയ കുളിരും തണുപ്പും ഉണ്ടായിരുന്നു. ഒരുപാട് വലുത് അല്ലെങ്കിലും തരക്കേടില്ലാത്ത ഒരു മുറി ആയിരുന്നു അത്.. ചെറിയൊരു തടി അലമാരയു ഒരു സിംഗിൾ കട്ടിലും മാത്രം കിടപ്പുണ്ട്. ഭിത്തി അലമാരയിൽ കുറച്ചു ന്യൂസ് പേപ്പർ മടക്കി വെച്ചിട്ടുണ്ട്… ജനാലയുടെ കമ്പിയിൽ നിന്നും ഒരു ചെറിയ വള്ളി വലിച്ചു കെട്ടി ഭിത്തിയിൽ ഒരു ആണി തറച്ചു വെച്ചിട്ടുണ്ട്.. അതിൽ ഒന്ന് രണ്ടു ഷർട്ട്‌ കിടപ്പുണ്ട്..അതായിരുന്നു ഭദ്രന്റെ മുറി.

മിന്നുവും അമ്മുവും കൂടി അകത്തേക്ക് കയറി വാതിൽ ചാരി ഇട്ടിട്ടു നന്ദനയേ കൊണ്ട് വന്നു കട്ടിലിൽ ഇരുത്തി.

ചേച്ചി….. നമ്മൾക്ക് ഈ മുല്ലപ്പൂവ് ഒക്കെ അഴിച്ചു മാറ്റം കേട്ടോ…..

എന്ന് പറഞ്ഞു കൊണ്ട് അവർ ഇരുവരും ചേർന്ന് സ്ലൈഡിൽ കുത്തി വെച്ചിരുന്ന പൂവ് ശ്രെദ്ധ പൂർവ്വം അഴിച്ചു മാറ്റി..

“സാരീ ചേച്ചി തനിയെ അഴിയ്ക്കുമോ, അതോ ഞങ്ങള് കൂടണോ “

“വേണ്ട മോളെ… ഞാൻ ചെയ്തോളാം…”

“അയ്യേ.. ഇവളെയാണോ ഈ ചേച്ചി,മോളെന്നു ഒക്കെ വിളിക്കുന്നെ… ചെ മോശം മോശം…”

അമ്മു മിന്നുവിനെ നോക്കി കളിയാക്കി.

“മിന്നു……” പുറത്ത് നിന്നും ഭദ്രൻ വിളിക്കുന്നത് കേട്ടു.

“എന്തോ… വരുന്നു വല്യേട്ടാ….”

അവർ രണ്ടു പേരും കൂടി പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി പോയി.

നന്ദന ആ സമയത്ത് വാതിൽ അടച്ചു കുറ്റിയിട്ടിട്ട് തന്റെ സാരീ ഒക്കെ മാറ്റുക ആയിരുന്നു. ബാഗിൽ നിന്നും ഒരു ചുരിദാർ എടുത്തു അവൾ പുറത്തേക്ക് വെച്ച്. അത് ഇട്ട് കഴിഞ്ഞപ്പോൾ ആയിരുന്നു അവൾക്ക് അല്പം ആശ്വാസം ആയത്. വാതിലിൽ ആരോ തട്ടുമ്പോലെ… തോന്നൽ ആണോ എന്ന് ആദ്യം കരുതി..

ഓടി ചെന്നു കുറ്റി എടുത്തു മാറ്റിയതും കണ്ടു അകത്തേക്ക് കയറി വരുന്ന ഭദ്രനെ..

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് അവൻ തന്റെ ഷർട്ടും മുണ്ടും മാറ്റി, ഒരു കാവി മുണ്ട് എടുത്തു ചുറ്റി.തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു

കട്ടിലിന്റെ ക്രസയിൽ പിടിച്ചു മുഖം താഴ്ത്തി കൊണ്ട്  നിൽക്കുന്ന നന്ദുവിനെ.

“ടി……”

അവന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി മുഖം ഉയർത്തി.

“കണ്ടവന്റെ പിന്നാലെ ഒളിച്ചോടി പോന്നത് ആണെന്നു ഉള്ളത് ദയവ് ചെയ്തു ഇവിടെ ആരോടും പറഞ്ഞേക്കരുത്, അത് താങ്ങാൻ ഉള്ള ശക്തി എന്റെ ഈ പാവം അമ്മയ്ക്കും അനിയത്തിമാർക്കും ഇല്ല.. അതുകൊണ്ടാ “

ശബ്ദം താഴ്ത്തി കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.

തുടരും…

വായിച്ചിട്ട് ഇഷ്ടം ആകുന്നുണ്ടോ..