ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ…

എഴുത്ത്: ശിവ
===========

“ഇത്ര പെട്ടെന്ന് ഇത്രേം പൈസ ചോദിച്ച ഞാൻ എവിടുന്ന് എടുത്തു തരാനാ പ്രിയേ.” വിനു ചോദിച്ചു

“ഭാര്യക്ക് സ്ത്രീധനം കിട്ടിയ സ്വർണ്ണവും പണവുമൊക്കെ അങ്ങനെ തന്നെ ഇരിപ്പില്ലേ. അതിൽ നിന്ന് കുറച്ചെടുക്ക്.”

“കല്യാണം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞു. ഇതുവരെ ഞാനവളോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല. എന്റെ മനസ്സും ശരീരവും നിനക്കല്ലായിരുന്നോ. പലപ്രാവശ്യം ഓരോ കാര്യത്തിന് അവളോട് സ്വർണം ചോദിക്കാമെന്ന് വിചാരിച്ചിട്ട് മടി കാരണം വേണ്ടെന്ന് വച്ചതാ. ഒരു കുറ്റബോധം പോലെ.”

“അവളുടെ സ്വർണം നിനക്ക് കൂടെ ഉള്ളതാ വിനു, നീ അവളോട് അനുവാദം ചോദിക്കാൻ നിൽക്കാതെ കുറച്ചു ഇങ്ങ് എടുക്ക്. നമ്മൾ വർഷാ വർഷം പുറത്തേക്ക് കറങ്ങാൻ പോകുമ്പോ എന്റെ ഭർത്താവിന്റെ പൈസ നമുക്കായി എത്രയോ ഞാൻ ചിലവാക്കിയിട്ടുണ്ട്. ഇതിപ്പോ വീടിന്റെ വാർപ്പിന് തികയാതെ വന്നിട്ടല്ലേ നിന്നോട് ചോദിക്കണേ.”

“അതെനിക്കറിയാം പ്രിയാ. അവളെങ്ങാനും ഞാൻ സ്വർണം എടുത്തത് അറിഞ്ഞിട്ട് എന്തിനാണെന്ന് ചോദിച്ചാൽ ഞാനെന്താ പറയാ.”

“എന്തെങ്കിലും കള്ളത്തരം പറയണം. വിനുവിന് ഇനി കള്ളം പറയാൻ ഞാൻ പഠിപ്പിച്ചിട്ട് വേണോ?”

“എന്നാലും അത് വേണോ പ്രിയ. ഒരു രണ്ട് മാസം വെയിറ്റ് ചെയ്യാമെങ്കിൽ എനിക്ക് കെ എസ് എഫ് ഈയിൽ നിന്ന് ഒരു ചിട്ടി കിട്ടും. അപ്പൊ മതിയോ.”

“വാർപ്പ് രണ്ട് മാസത്തേക്ക് നീട്ടാൻ പറ്റില്ല. ഞാൻ നിന്നോട് മുഴുവനും ചോദിച്ചില്ലല്ലോ. നൂറു പവൻ സ്വർണം അല്ലെ അനുശ്രീക്ക് കിട്ടിയത്..ഇപ്പോഴത്തെ വില വച്ച് ഒരു പത്ത് പവൻ സ്വർണം വിറ്റാൽ തന്നെ എനിക്ക് ആവശ്യമായ പണം കിട്ടും. അവളെ സ്വർണമൊക്കെ ആരുടെ കയ്യിലാ.”

“സ്വർണം മുഴുവനും അവളുടെ ബാങ്ക് ലോക്കറിൽ തന്നെയുണ്ട്. ഞാനാ കൊണ്ട് വച്ചത്. എന്നെങ്കിലും അവളറിഞ്ഞാൽ എന്ത് പറയുമെന്നാണ് സംശയം. അനുവിനോട് ചോദിക്കാതെ എടുത്തതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കുമോന്നാ പേടി.”

“നിന്നെ ഭരിക്കാൻ വന്നാൽ അടിച്ചു കരണം പുകയ്ക്കണം. പിന്നെ പേടിച്ചിട്ട് ഒന്നും ചോദിക്കാൻ വരില്ല.”

“സത്യം പറഞ്ഞാൽ അവളെ കെട്ടിയത് എനിക്ക് ലോട്ടറി അടിച്ച പോലെയാ. വീട്ടിലെ ജോലിയൊക്കെ വേലക്കാരിക്ക് പകരമായി ചെയ്തോളും. സ്ത്രീധനം കിട്ടിയ പത്ത് ലക്ഷം അങ്ങനെ തന്നെ അവളുടെ അക്കൗണ്ട് ൽ ഫിക്സഡ് ഇട്ടിട്ടുണ്ട് ഞാൻ. അതിന്റെ പലിശ കൊണ്ടാ വീട്ട് ചിലവ് നടത്തണേ. അവളുടെ ബാങ്ക് പാസ്സ് ബുക്ക് ലോക്കറിന്റെ കീ ഒക്കെ എന്റെ കയ്യിലാ. അതുകൊണ്ട് എന്റെ സാലറി നമുക്ക് വേണ്ടി അടിച്ചു പൊളിക്കാൻ എടുക്കലാണ് ഞാൻ.”

“എങ്കിൽ വേഗം ഒരു പത്ത് പവൻ എടുത്ത് വിറ്റിട്ട് കാശ് കൊണ്ട് താടാ.”

“നീ ഇത്രേം പറഞ്ഞത് കൊണ്ട് വരാം. ഇത്രേം നാളും അതിൽ കൈ വയ്ക്കാത്തത് ഞാനവളെ ചീറ്റ് ചെയ്യുവല്ലേ എന്നോർത്ത. നിനക്ക് ഇത്രയും പണം ഒരുമിച്ച് വേണമെന്ന് പറയുമ്പോ ആ ഗോൾഡ് കുറച്ചു വിൽക്കാതെ തരമില്ല.”

“ഇതെല്ലാം അവളുടെ അക്കൗണ്ട് ൽ തന്നെ എന്തിനാ ഇട്ടത്. നിന്റെ പേരിൽ വച്ചാൽ പോരാരുന്നോ?”

“ടാക്സ് വരുമല്ലോന്ന് ഓർത്താ എന്റെ പേരിലേക്ക് മാറ്റാത്തത്.”

“അത് ശരിയാണല്ലോ. ഞാനത് ഓർത്തില്ല.”

“എന്നത്തേക്കാ നിനക്ക് പൈസ വേണ്ടത്.”

“എത്രേം പെട്ടെന്ന് കിട്ടിയാൽ അത്രേം നല്ലത്.”

“പണം റെഡിയായിട്ട് നിന്നെ ഞാൻ വിളിക്കാം.”

“താങ്ക്യൂ വിനയ.”

“നമ്മൾ ഇനിയെന്നാ കാണുക?”  വിനു കൊതിയോടെ ചോദിച്ചു.

“അടുത്ത ആഴ്ച ഹസ്ബൻഡ് ചെന്നൈക്ക് പോകും. അപ്പോ പിന്നെ എന്ന് വേണോ നീ വീട്ടിൽ വന്നോ.”

“ഓക്കേ ഡിയർ.”

“ലവ് യൂ വിനു…ഉമ്മാ…”

“ലവ് യൂ ടു…ഉമ്മാ…”

ചുണ്ടിലൂറിയ പുഞ്ചിരിയോടെ വിനു കാൾ കട്ട്‌ ചെയ്ത് ആട്ട് കട്ടിലിലേക്ക് ചാഞ്ഞു. അയാൾക്കുള്ള പായസവുമായി പടി കയറി വന്ന വിനുവിന്റെ ഭാര്യ അനു അയാളുടെ ഫോൺ സംഭാഷണമെല്ലാം കേട്ട് ഞെട്ടി നിൽക്കുകയാണ്.

രണ്ട് വർഷമായി വിനുവിന്റേം അനു ശ്രീയുടേം കല്യാണം കഴിഞ്ഞിട്ട്. കേന്ദ്ര സർക്കാർ ജീവനക്കാരനാണ് വിനു. ഭാര്യ അനുശ്രീ. പത്താം ക്ലാസ്സ്‌ തോറ്റ കാണാൻ കറുത്ത് തടിച്ച് ഉരുണ്ട് പൊക്കം കുറഞ്ഞ അനുവിനോട് ഭർത്താവിന് സ്നേഹമുണ്ടായിരുന്നില്ല. ജാതകം ചേരുമെന്ന ഒറ്റക്കാരണം കൊണ്ട് വിനുവിന്റെ വീട്ടുകാരുടെ നിർബന്ധം കാരണമാണ് അയാൾക്കവളെ വിവാഹം കഴിക്കേണ്ടി വന്നത്. മകളുടെ വൈരൂപ്യത്തിന് പകരമായി ഇട്ട് മൂടാൻ സ്ത്രീധനം കൊടുത്താണ് അനുവിന്റെ അച്ഛൻ അവളെ കെട്ടിച്ചു വിട്ടത്. കാണാൻ ഭംഗി ഇല്ലാത്തതിനാൽ എത്ര സ്ത്രീധനം കൊടുക്കാമെന്ന് പറഞ്ഞിട്ടും ആർക്കും അവളെ വേണ്ടായിരുന്നു.

ജാതകത്തിൽ അതീവ വിശ്വാസമുള്ള വിനുവിന്റെ വീട്ടുകാർക്ക് ചൊവ്വാദോഷം കാരണം മകന്റെ വിവാഹം നീണ്ടു പോകുന്നതിൽ സങ്കടം ഉണ്ടായിരുന്നു. കുറേ പൊരുത്തം നോക്കിയിട്ട് ഒടുവിൽ ഒത്തു ചേർന്നത് അനുവിന്റെ ജാതകമായിട്ടാണ്. കനത്ത സ്ത്രീധന തുക കൂടെ കണ്ടപ്പോൾ വീട്ടുകാർ അതങ്ങ് ഉറപ്പിച്ചു. അച്ഛനേം അമ്മേം അനുസരിച്ചു ശീലമുള്ള അമ്മ മകനായ വിനുവിന് അവരെ ധിക്കരിക്കാൻ കഴിഞ്ഞില്ല.

കല്യാണം കഴിഞ്ഞു വർഷം രണ്ട് കഴിഞ്ഞിട്ടും വിനുവിന് ഭാര്യയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു രാത്രി പോലും അവർ ഇരുവരും ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടില്ല. എന്നെങ്കിലും തന്റെ സ്നേഹം വിനു മനസ്സിലാക്കുമെന്ന് കരുതി ഒരു വേലക്കാരിയെ പോലെ ആ വീട്ടിലെ ജോലികൾ ചെയ്ത് അവന്റെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കി ഉത്തമ ഭാര്യയായി അവൾ കഴിഞ്ഞു കൂടി.

ഭാര്യയുമായി കിടക്ക പങ്കിടാനേ വിനുവിന് മടിയുണ്ടായിരുന്നുള്ളു. അന്യന്റെ ഭാര്യയായ പ്രിയയുമായി അവന് ഒരു മടിയും ഉണ്ടായിരുന്നില്ല. ഒരു യാത്രയിൽ അവിചാരിതമായി പരിചയപ്പെട്ട പ്രിയയുമായി അയാൾ അടുക്കുകയും എല്ലാ രീതിയിലും അവർ ഒരുമിക്കുകയും ചെയ്തു. ഒരു വർഷമായി പ്രിയയും വിനുവും അവിഹിത ബന്ധത്തിലാണ്. വിനുവിന്റെ അതേ അവസ്ഥയാണ് അവൾക്കും. ആ കാരണമാണ് അവർ അടുത്തതും.

അനുവിനെ ഉപേക്ഷിച്ചു പ്രിയയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണ് എന്ന് വിനു പ്രിയയോട് പറഞ്ഞപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.

“ഭർത്താവ് തനിക്കൊരിക്കലും ഡിവോഴ്സ് നൽകില്ലെന്നും ഒരു പ്രശ്നം സൃഷ്ടിച്ചു ഡിവോഴ്സ് മേടിച്ചെടുക്കാൻ കഴിയില്ലെന്നും അയാൾക്ക് തന്നെ അത്രയും ജീവനാണ് തനിക്ക് മാത്രമേ അയാളോട് സ്നേഹക്കുറവ് ഉള്ളൂ” എന്നും പ്രിയ പറഞ്ഞതോടെ വിനു നിരാശനായി.

പ്രിയയുമായി ചിലവഴിക്കാൻ പോകുന്ന സ്വകാര്യ നിമിഷങ്ങൾ ഓർത്ത് പുളകിതനായി കൊണ്ട് റൂമിലേക്ക് പോകാൻ എഴുന്നേറ്റ വിനു മുന്നിൽ കരഞ്ഞു വീർത്ത കണ്ണുകളുമായി നിൽക്കുന്ന അനുവിനെ കണ്ട് ഞെട്ടി.

“അനു..നീ ഇവിടെ.”

“വന്നിട്ട് കുറച്ചു നേരമായി…നിങ്ങളുടെ ശ്യങ്കാരം മുഴുവനും ഞാൻ കേട്ടു. എന്നെങ്കിലും നിങ്ങൾ എന്നെ  സ്നേഹിക്കുമെന്ന് പ്രതീക്ഷിച്ച് നിങ്ങളുടെ അവഗണനകൾ സഹിച്ചു ഒരു വേലക്കാരിയെ പോലെ ഇവിടെ കഴിഞ്ഞ എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നുന്നു. നിങ്ങളുടെ കണ്ണിൽ പഠിപ്പും സൗന്ദര്യവും കുറഞ്ഞ എനിക്ക് ഒരു വിലയുമില്ലെന്ന് മനസ്സിലായി. അന്യ സ്ത്രീകളുമായി ബന്ധമുള്ള നിങ്ങളെ എനിക്കിനി വേണ്ട. ഞാൻ പോവാ…നിങ്ങളുടെ രഹസ്യ കാരിയെ കെട്ടി സന്തോഷത്തോടെ ജീവിക്ക്. എന്റെ അച്ഛൻ തന്ന സ്വർണം കണ്ട പെണ്ണുങ്ങൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. ഈ നിമിഷം എന്റേതായ എല്ലാം എടുത്തു ഞാൻ ഇറങ്ങാ.”

ഒരു പിൻവിളിയും മാപ്പ് പറച്ചിലും പ്രതീക്ഷിച്ച് അത്രയും പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു. മാരണം ഒഴിഞ്ഞു പോയല്ലോ എന്നോർത്ത് വിനു അത് കാര്യമാക്കിയില്ല. തന്റെ കള്ളത്തരം അവൾ അറിഞ്ഞു പോയല്ലോ എന്ന ചളിപ്പ് മാത്രേ അയാളിൽ അവശേഷിച്ചിരുന്നുള്ളു. ഇന്നല്ലെങ്കിൽ നാളെ ഒരിക്കൽ അയാൾ തന്റെ വില മനസ്സിലാക്കുമെന്ന് അനുവിന് ഉറപ്പായിരുന്നു. ഒരുപക്ഷേ അപ്പൊ ഒരു മാപ്പ് പറച്ചിൽ നടത്തിയെങ്കി അവളുടെ മനസ്സ് മാറിയേനെ. ഇനി അയാൾ വന്നാൽ സ്വീകരിക്കില്ല എന്നുറച്ചു തന്റെ ബാഗും എടുത്ത് അവൾ പോയി.

അനു ഒഴിഞ്ഞു പോയ സ്ഥിതിക്ക് പ്രിയയുടെ ഭർത്താവിനെ തങ്ങളുടെ രഹസ്യ ബന്ധം അറിയിച്ച് അവളെ അയാളിൽ നിന്ന് മോചിപ്പിക്കണം എന്നുള്ള ചിന്തയിൽ വിനു തന്ത്രങ്ങൾ മെനഞ്ഞു.

അപ്പോഴാണ് അയാളുടെ ഫോണിലൊരു വാട്സാപ്പ് മെസ്സേജ് വന്നത്.

“നിങ്ങളുടെ കാമുകി പ്രിയയുടെ അനേകം കാമുകന്മാരിൽ ഒരുവനായിരുന്നു ഞാൻ. പണം ലക്ഷ്യമിട്ട് ഭാര്യയും ഭർത്താവും കൂടി നടത്തുന്ന ഒരു ചതിയിലാണ് നിങ്ങൾ. നിങ്ങളിൽ നിന്നും അവൾക്ക് ആവശ്യമുള്ള അത്രയും പണം കിട്ടി കഴിഞ്ഞാൽ നിങ്ങളെ കളഞ്ഞിട്ട് അവൾ അടുത്ത പുരുഷനെ വളയ്ക്കാൻ ഇറങ്ങും. അങ്ങനെ പണം പോയ ആളാണ് ഞാൻ. അവളുടെ ഭർത്താവും അവൾക്ക് സപ്പോർട്ട് ആണ്. ഉള്ള നല്ലൊരു കുടുംബ ജീവിതം കളയാതെ നന്നായി ജീവിക്കാൻ നോക്ക്. എനിക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് വരാതിരിക്കട്ടെ. ഞാൻ പറയുന്നതിൽ സംശയം ഉണ്ടെങ്കി നിങ്ങൾ തന്നെ രഹസ്യമായി അന്വേഷിച്ചു നോക്ക്.”

അത് കണ്ട് വിനു ഞെട്ടി നിൽക്കുമ്പോ വിനുവിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ അവനേ ഭീഷണി പെടുത്തി തങ്ങൾക്ക് ആവശ്യമായ പണവുമായി നാട് വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രിയ. താനും വിനുവും കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി സൂക്ഷിച്ചു വച്ചവൾ അടുത്ത ഇരയെ അന്വേഷിക്കാനുള്ള പുറപ്പാടിലായിരുന്നു.

ജീവിതം കൈമോശം വന്നതറിയാതെ ഉറക്കം നഷ്ടപ്പെട്ട വിനു എന്ത് ചെയ്യണമെന്നറിയാതെ ടെൻഷൻ അടിച്ചു ഭ്രാന്ത് പിടിക്കവേ ഉത്തമ ഭാര്യ എന്ന കുപ്പായം വലിച്ചു കീറി എറിഞ്ഞു അനുശ്രീ സ്വന്തം സ്വത്തം തിരിച്ചറിഞ്ഞു സ്വതന്ത്രയായി.

-ശിവ