എഴുത്ത്: മിനു അനിൽകുമാർ
========================
അപ്രതീക്ഷിതമായിട്ടാണ് കതക് തുറന്നപ്പോൾ അവൾ അമ്മയെ തള്ളിയിട്ടത്. കയ്യിലിരുന്ന ചോറും പാത്രം തറയിൽ വീണു അമ്മ മറിഞ്ഞു വീഴുകയും ചെയ്തു. പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചവൾ മറിഞ്ഞു വീണു
എഴുന്നേറ്റോടാൻ ശ്രമിച്ചെങ്കിലും കാലിലെ ചങ്ങലകൾ അവളെ ഓടാൻ അനുവദിച്ചില്ല.
അമ്മ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് മുറിയിൽ ഇരുത്തി കരയുകയും ബഹളം വെക്കുകയും ചെയ്തെങ്കിലും പിന്നെ അവൾ ശാന്തയായി
തറയിൽ കിടന്ന ചോറുകൾ വാരിയെടുക്കുമ്പോൾ അമ്മയുടെ കണ്ണുനീർ തുള്ളികൾ നിലത്ത് പതിക്കുന്നുണ്ടായിരുന്നു
പെട്ടെന്നാണ് അവൾ അമ്മ എന്തിനാണ് കരയുന്നത് എന്ന് അന്വേഷിച്ചത്
ഒന്നുമില്ല മോളെ അമ്മ ചോറ് എടുത്തിട്ട് വരാം എന്ന് പറഞ്ഞവർ പുറത്തേക്ക് പോയി
അടുക്കളയിൽ നിന്ന് ചോറ് ഇടുമ്പോഴും അവർ ദൈവങ്ങളെ ശപിച്ചുകൊണ്ടിരുന്നു എന്തിനാണ് എന്റെ കുഞ്ഞിനിഗതി കൊടുത്തതെന്ന്
കോളിംഗ് ബെൽ കേട്ടാണ് അവർ കതക്ക് തുറന്നത്
ഇത് ശാന്തിനിയുടെ വീടല്ലേ
അതെ
എന്റെ പേര് അരുൺ. ശാന്തിനിയുടെ സീനിയർ ആയി പഠിച്ചതാണ്
എനിക്ക് ഓർമ്മയുണ്ട് മോന്റെ മുഖം ഹോസ്പിറ്റലിൽ വെച്ച് കണ്ടിരുന്നല്ലോ
വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മ ഓർക്കുന്നോ
അങ്ങനെ മറക്കാൻ പറ്റില്ലല്ലോ
അതെന്താണ് അമ്മ അങ്ങനെ പറഞ്ഞതെന്ന് അവൻ ആലോചിച്ചു
മോന്റെ പഠിത്തമെല്ലാം കഴിഞ്ഞോ
മ്മ്..
എനിക്ക് ശാന്തിനിയെ ഒന്നു കാണണം
കാണാൻ വരണമെന്ന് എപ്പോഴും വിചാരിക്കും പക്ഷേ അതിനുള്ള ധൈര്യം വന്നില്ല
അവൾ മോനെ തിരിച്ചറിയുമോ എന്നെനിക്കറിയില്ല. ചിലപ്പോൾ ഉപദ്രവിക്കുകയും ചെയ്യും. അവളുടെ അവസ്ഥ അങ്ങനെയാണ്. ചില സമയങ്ങളിൽ ഒരു അസുഖവും ഉള്ളതായി തോന്നില്ല. അവളുടെയും ഞങ്ങളുടെ വിധി ഇങ്ങനെയായിപ്പോയി. ആ മുറിയിലാണ് അവൾ ഉള്ളത്
മുറിയിലേക്ക് പോകുമ്പോൾ അവന്റെ കാലുകൾ വിറച്ചിരുന്നു. മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. അവൾ എന്നെ ഓർക്കുന്നുണ്ടാ. ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും
കതക് തുറന്ന് അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. അവൾ ആകെ മാറിയിരിക്കുന്നു. കണ്ണുകളിലെ തിളക്കവും മുഖത്തെ പ്രസന്നതയും നഷ്ടമായിരിക്കുന്നു. അവളുടെ രൂപം തന്നെ മാറിയിരിക്കുന്നു. അവന്റെ മനസ്സിലൂടെ അവളെ ആദ്യമായി കണ്ട ഓർമ്മകൾ കടന്നു വന്നു…
ആദ്യമായി കോളജിലേക്ക് വന്ന കുട്ടികളുടെ കൂട്ടത്തിൽ ആണ് അവളെ കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് എന്തോ പ്രത്യേകത ഉള്ളതായി തോന്നി. നിഷ്കളങ്ക ഭാവം ആയിരുന്നു, നല്ല തിളക്കമുള്ള കണ്ണുകൾ, കുസൃതി നിറഞ്ഞ ചിരി…
എന്തോ അത്ഭുതം കാണുന്നതുപോലെയാണ് കോളജ് കണ്ടിരുന്നത്. പിന്നെ ദിവസവും അവളെ കാത്തുനിൽപ്പായി. ദൂരെനിന്ന് കണ്ടാൽ മാത്രം മതിയായിരുന്നു.
അടുത്ത് പോകാനോ സംസാരിക്കാനോ ഒരിക്കൽപോലും ശ്രമിച്ചിട്ടില്ല. അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എങ്കിലും അവളെന്റെതാണ് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. മറ്റൊരാളും അവളെ നോക്കാതെ കാവലായി ഞാൻ പുറകിൽ ഉണ്ടായിരുന്നു അവൾ അറിയാതെ…
നശിച്ച ആ ഒരു ദിവസമാണ് ജീവിതം മാറ്റിമറിച്ചത്
ഞാൻ ഇല്ലാതിരുന്ന ദിവസമാണ് സീനിയേഴ്സ് റാഗിംഗ് നടത്തിയത്. പേടിച്ച് ഓടി ഇറങ്ങുന്നതിന് ഇടയിലാണ് കാൽവഴുതി താഴേക്ക് വീണത്. ഞാനറിഞ്ഞു ഹോസ്പിറ്റലിൽ ചെന്നപ്പോഴേക്കും അവൾ ICU ആയിരുന്നു. പുറത്ത് കരഞ്ഞു തളർന്നു നിൽക്കുന്ന അവളുടെ അച്ഛനെയും അമ്മയും കണ്ടു. കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരുന്നു. ഞാനും കൂട്ടുകാരും അവരുടെ സഹായത്തിനു ഉണ്ടായിരുന്നു. പിന്നീട് അവർ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് പോയി. പോകുമ്പോഴും അവൾ പാതി മയക്കത്തിലായിരുന്നു
പിന്നീട് അവൾ കോളേജിലേക്ക് വന്നില്ല. കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവൾക്ക് ചെറിയ ഓർമ്മക്കുറവുണ്ട് അതിനാൽ ഇനി പഠിക്കാൻ വരുന്നില്ല എന്നാണ് പറഞ്ഞത്
അന്വേഷിച്ച് ചെല്ലാമെന്ന് വെച്ചാൽ എന്നെ അവൾക്ക് അറിയുകപോലുമില്ല. ഒരിക്കൽപോലും സംസാരിച്ചിട്ടുമില്ല. കുറെനാൾ പിന്നെ ഞാനും കോളേജിൽ പോയില്ല. അവളില്ലാത്ത കോളത്തിലേക്ക് പോകാൻ ഒട്ടും മനസ്സ് വന്നില്ല. വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ് വീണ്ടും പോയി തുടങ്ങിയത്. മനസ്സിൽ എന്നും അവൾ ഉണ്ടായിരുന്നു അവളുടെ ചിരിയും നിഷ്കളങ്ക ഭാവവും ഉണ്ടായിരുന്നു
ഒരു ജോലിയൊക്കെ ആയി കഴിഞ്ഞപ്പോഴാണ് അവളെ കാണാനുള്ള ധൈര്യം വന്നത് അതിപ്പോൾ ഇങ്ങനെയുമായി
അവളുടെ അടുത്ത് ചെന്നിരുന്ന എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചു
അവൾ എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. ആ നോട്ടം ഹൃദയത്തെ കീറിമുറിച്ചു അറിയാതെ ഞാൻ പൊട്ടിക്കരഞ്ഞു പോയി
ഈ അവസ്ഥയിൽ കാണാൻ വേണ്ടിയാണോ ഇത്രയും വർഷം കാത്തിരുന്നത്
മോനെ ചായ കുടിക്ക്
വേണ്ടമ്മേ ഞാൻ പോകുന്നു. അവൾക്കെന്നെ ഓർമ്മയില്ല. അമ്മയ്ക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കണം ഞാൻ ഉണ്ടാകും എന്തിനു…
കണ്ണീർതുടച്ചുകൊണ്ട് പുറത്തേക്ക് പോകാൻ ഒരുങ്ങി അവൻ പെട്ടെന്നാണ് ചങ്ങലയുടെ കിലുക്കം കേട്ടത്. കിലുങ്ങുന്ന പാദസരമിട്ട് ഭംഗിയാർന്ന കാലുകൾ ചങ്ങല കൊണ്ട് മുറിഞ്ഞ വ്രണങ്ങൾ ആയിരിക്കുന്നു. ആരൊക്കെയോ കാണിച്ചു കൂട്ടിയ ഒരു നേരം പോക്ക് ഒരാളുടെ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിച്ചിരിക്കുന്നു
പെട്ടെന്നാണ് അവന്റെ കണ്ണുകൾ ആ ചുമരിലേക്ക് പതിച്ചത്
അവന് അമ്മയെ തിരിഞ്ഞുനോക്കി…
അവളുടെ മനസ്സൊന്നു ശാന്തമാകുമ്പോൾ വരയ്ക്കുന്നതാണ്. ഈ മുഖം ദിവസവും കാണുന്ന ഞാൻ എങ്ങനെയാണ് നിന്നെ മറക്കുക. അവളുടെ മനസ്സിൽ അത്രയ്ക്ക് ആഴത്തിൽ പതിച്ചത് കൊണ്ടാകണം അവൾ നിന്നെ വരയ്ക്കുന്നത്…
അത് കേട്ടപ്പോൾ അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു
അമ്മ പെട്ടെന്ന് പുറത്തേക്ക് പോയി
അവനവളുടെ അടുത്ത് ചെന്നു. അപ്പോഴും പേടിച്ചു വിറച്ചിരിക്കുകയായിരുന്നു അവൾ. ഒരിക്കൽപോലും ഞാൻ പറഞ്ഞിട്ടില്ല എന്റെ സ്നേഹം എന്നിട്ടും നീ അത് അറിഞ്ഞോ
നിന്റെ മനസ്സിൽ ഞാൻ ഉണ്ടായിരുന്നോ…
അമ്മ അവന്റെ കൈയിൽ ഒരു ഡയറി കൊണ്ടുകൊടുത്തു
അവനത് തുറന്നു വായിച്ചു
കുറച്ചു ദിവസങ്ങളായി ഞാൻ അവനെ ശ്രദ്ധിക്കുന്നു. ഞാൻ പോകുന്നിടത്ത് എല്ലാം അവനുണ്ടായിരുന്നു. ക്ലാസ് റൂമിന്റെ പുറത്തുകൂടെ പോകുമ്പോൾ അവന്റെ കണ്ണുകൾ തിരയുന്നത് എന്നെയായിരുന്നോ…കോളേജിന്റെ പുറത്ത് കാത്തു നിന്നിരുന്നത് എന്നെയായിരുന്നോ….അവന്റെ കണ്ണുകളിൽ കണ്ടിരുന്നത് എന്നോടുള്ള സ്നേഹം ആയിരുന്നോ….
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ കോളേജിൽ ചെന്നാൽ ഞാൻ തിരിഞ്ഞിരുന്നത് അവനെയായിരുന്നു. അവന്റെ കണ്ണുകളിലെ എന്നോടുള്ള സ്നേഹം ഞാൻ അറിഞ്ഞിരുന്നു….
അരുൺ ഞാൻ നിന്നെ സ്നേഹിക്കുന്നു നീ എന്റേതു മാത്രമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
അവനോടുള്ള പ്രണയമായിരുന്നു ആ ഡയറിയിൽ എല്ലാം…
അത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അവന്റെ മനസ്സിൽ ഒരു മഴ പെയ്തു തോർന്നു
അവൻ അവളുടെ കാലിൽ കെട്ടിയിരുന്ന ചങ്ങല അഴിച്ചുമാറ്റി. പതിയെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
ആദ്യം ഒന്ന് പേടിച്ച് അവനിൽനിന്ന് അകന്നു നിന്നെങ്കിലും അവൻ പതിയെ അവളെ നെഞ്ചോട് ചേർത്തു. അവൾ ഒരു അനുസരണയുള്ള കുട്ടിയെ പോലെ അവന്റെ നെഞ്ചോട് ചേർന്നുനിന്നു
അവൻ പുറത്തേക്ക് വരുമ്പോൾ അച്ഛനും ഉണ്ടായിരുന്നു അവിടെ…
ഞാൻ ഇവളെ കൊണ്ടുപോവുകയാണ് എന്റേതായിട്ട്…അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം
മോനെ അവൾക്ക് സുഖമില്ല. അവൾ നിന്നെ ഉപദ്രവിക്കും. നിന്റെ ജീവിതത്തിൽ എന്നും അവൾ ഒരു ബാധ്യതയായിരിക്കും
ഞാനിവിടെ കളഞ്ഞിട്ട് പോയാൽ എന്റെ ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും ഉണ്ടാകില്ല. ഞാൻ അന്നും ഇന്നും സ്നേഹിച്ചത് ഇവളെ മാത്രമാണ്. ഭ്രാന്തൻ ചിന്തകൾ അവളുടെ മനസ്സിനെ അലട്ടിയപ്പോഴും ഓർമ്മയിൽ സൂക്ഷിച്ച ഒരു മുഖം എന്റേതാണ്. അവൾ അത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു…ഞാൻ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി….ആ സ്നേഹം ഞാൻ കണ്ടില്ലെന്നു വെച്ചാൽ മനുഷ്യൻ അല്ലാതായി പോകില്ലേ ഞാൻ
ഭ്രാന്തൻ ചിന്തകൾ കൂടി അവൾ അലമുറയിട്ട് കരയുമ്പോൾ കണ്ണുനീർ തുടയ്ക്കാൻ എന്റെ കൈകൾ ഉണ്ടാവും….ഇറങ്ങിയോടുമ്പോൾ നെഞ്ചോട് ചേർത്ത് ഞാൻ പിടിച്ചുനിർത്തി കൊള്ളാം
എതിർത്തൊന്നും പറയാൻ അവർക്ക് ആയില്ല…അവന്റെ കൈകളിൽ അവൾ സുരക്ഷിതയാണെന്ന് അവർക്ക് ഉറപ്പായിരുന്നു
അവളെയും കൊണ്ട് അവൻ പോകുന്നത് നിറകണ്ണുകളോടെ അവർ നോക്കി നിന്നു
സ്നേഹം പറയണമെന്നോ പ്രകടിപ്പിക്കണമെന്നോ ഇല്ല അതൊരു നോട്ടത്തിലൂടെയോ ചലനത്തിലൂടെയോ തിരിച്ചറിയാൻ കഴിയും. യഥാർത്ഥ സ്നേഹം ശരീരത്തിനോട് ആവില്ല മനസ്സിനോട് ആയിരിക്കും….
-മിനു അനിൽകുമാർ