Story written by Saji Thaiparambu
=====================
എന്നിട്ട് എന്ത് കൊണ്ട് നീയിത് നേരത്തെ പറഞ്ഞില്ല. ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നില്ലെ?
ആദ്യരാത്രിയിലാണ് അവളാ രഹസ്യം ഭർത്താവിനോട് പറയുന്നത്. അവൾക്കൊരാളെ ഇഷ്ടമായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് താൻ മനസ്സില്ലാ മനസ്സോടെയാണ് ഈ ബന്ധത്തിന് സമ്മതിച്ചതെന്നും പറഞ്ഞപ്പോൾ അയാൾ അസ്വസ്ഥനായി
എനിക്കത് പറയാനുള്ള അവസരം എൻ്റെ വീട്ടുകാര് തന്നില്ലല്ലോ ?
അന്ന് തനിച്ച് സംസാരിക്കാൻ ഒരുങ്ങിയപ്പോൾ എന്നെ പേടിച്ചിട്ട്, അവരത് നിരസിച്ചു. പിന്നീടിന്ന് വരെ എനിക്കൊന്ന് ഫോൺ ചെയ്യാൻ പോലും അവര് സമ്മതിച്ചില്ല, പിന്നെ എങ്ങനാണ് ഞാൻ പറയുന്നത്?
അവൾ നിസ്സഹായതയോടെ ചോദിച്ചു
ഉം ശരി, എന്തായാലും ഇപ്പോഴെങ്കിലും നീ പറഞ്ഞല്ലോ? ഇനി നീ ചെന്നാൽ, അവൻ നിന്നെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടോ?
അയാൾ ജിജ്ഞാസയോടെ ചോദിച്ചു
ഉവ്വ്. ഞങ്ങൾ തമ്മിൽ അത്രയ്ക്ക് ഇഷ്ടത്തിലായിരുന്നു…
അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു
എങ്കിൽ നീയവനെ വിളിക്ക്, എന്നിട്ട് ഇറങ്ങി ചെല്ലാമെന്നും എവിടെ വരണമെന്നും ചോദിക്ക്…
അയാൾ അവൾക്ക് നേരെ ഫോൺ നീട്ടി.
അവൾ ആവേശത്തോടെ അയാളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കാമുകനെ വിളിച്ചു. മൂന്നാമത്തെ റിങ്ങിന് ശേഷം അപ്പുറത്ത് ഫോൺ കണക്ടായി.
ഹലോ, എടാ ഇത് ഞാനാണ്. അദ്ദേഹത്തോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞു. നിൻ്റെ കൂടെ പൊയ്ക്കൊള്ളാൻ അദ്ദേഹം സമ്മതിച്ചു. നീ ഇപ്പോൾ എവിടെയാണുള്ളത്? ഞാനങ്ങോട്ട് വരാം…
അതിനുള്ള മറുപടി ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു. ഇത് വരെ നീയവിടെ എന്തെടുക്കുവായിരുന്നു? നിന്നെ അവൻ താലികെട്ടി, അവൻ്റെ വീട്ടിലേക്ക് കൊണ്ട് പോയിട്ട് മണിക്കൂറ് പത്തായി, ഇപ്പോൾ സമയം പന്ത്രണ്ട് മണി, ഇതിനുള്ളിൽ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞാനെങ്ങനെ ഉറപ്പിക്കും? മറ്റൊരുത്തൻ കൈവച്ച പെണ്ണിനെ കെട്ടേണ്ട ഗതികേടൊന്നും എനിക്കിപ്പോഴില്ല. അത് കൊണ്ട് നീ അവൻ്റെ കൂടെ തന്നെ പൊറുത്താൽ മതി…
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അവൾ ഞെട്ടി പോയി
എന്താ അവൻ പറഞ്ഞത്?നീയെന്താ ഇങ്ങനെ മിഴിച്ച് നില്ക്കുന്നത് ?
ഭർത്താവ് അവളോട് ആകാംക്ഷയോടെ ചോദിച്ചു.
അവനിനി എന്നെ വേണ്ടെന്ന്. ഇത്രയും സമയത്തിനുള്ളിൽ നമ്മൾ ആദ്യരാത്രി ആഘോഷിച്ച് കാണുമോയെന്ന് അവനൊരു സംശയം…
അവൾ തളർച്ചയോടെ പറഞ്ഞു.
അവനത് തെറ്റിദ്ധരിച്ചതാണ്. ഞാനവനെ വിളിച്ച് സംസാരിക്കാം, നീ ഫോണിങ്ങ് താ…
വേണ്ട, ഇനി എനിക്കവനെ വേണ്ട, ദാമ്പത്യ ജീവിതത്തിൽ വിശ്വാസമാണ് ആദ്യം വേണ്ടത്, എന്നെ വിശ്വാസമില്ലാത്ത അവനെ എനിക്കിനി വേണ്ട, നിങ്ങളെനിക്കൊരു ഉപകാരം ചെയ്യണം, ഈ രാത്രിയിൽ ഇവിടെ കഴിയാൻ എനിക്ക് അനുവാദം തരണം, നാളെ രാവിലെ ഞാനെൻ്റെ വീട്ടിലേയ്ക്ക് തിരികെ പൊയ്ക്കോളാം…
അവൾ അപേക്ഷിച്ചു
ഉം ശരി, താനീ കട്ടിലിൽ കിടന്നോളു. ഞാനാസോഫയിൽ കിടന്നോളാം..
അയാൾ ബെഡ്ഷീറ്റും തലയിണയുമെടുത്ത് ആ വലിയ കിടപ്പ് മുറിയുടെ ഒരു വശത്തായി ഇട്ടിരുന്ന സോഫയിൽ ചെന്ന് കിടന്നു.
കണ്ണീർ വാർത്ത് കൊണ്ട് എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവൾ കട്ടിലിൽ ഉറക്കം വരാതെ ചരിഞ്ഞ് കിടന്നു
ഈ സമയം അവളുടെ കാമുകനോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ അവനെ കുറ്റപ്പെടുത്തി
നീയെന്ത് തെ- ണ്ടിത്തരമാണെടാ അവളോട് സംസാരിച്ചത് ? അവളെ നിനക്ക് വിശ്വാസമില്ലേ?
ഉണ്ടെടാ, ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസം അവളെയാണ്. പക്ഷേ, ഞാനിപ്പോൾ അവളോട് ഇറങ്ങി വരാൻ പറഞ്ഞാൽ അപമാനിതനായി തീരുന്ന ഒരാളവിടെയുണ്ട്. ആദ്യരാത്രിയിൽ ഭാര്യ കാമുകനുമായി ഒളിച്ചോടിയെന്ന വാർത്ത നാളെ നാടാകെ പരക്കുമ്പോൾ നിരപരാധിയായ ആ മനുഷ്യൻ, സമൂഹത്തിന് മുന്നിൽ തല ഉയർത്താനാവാതെ അപഹാസ്യനായി ജീവിക്കേണ്ടി വരും. അത് മാത്രമല്ല ഇപ്പോൾ അവൾക്ക് കിട്ടിയിരിക്കുന്നത് നല്ലൊരു ബന്ധമാണ്. അത് നഷ്ടപ്പെടുത്തിയിട്ട് ഒരാവേശത്തിൻ്റെ പുറത്ത് ഞാനവളെ എൻ്റെ കൂടെ കൂട്ടിയാൽ നിനക്കറിയാമല്ലോ സ്ഥിരവരുമാനമില്ലാത്ത എനിക്ക് എങ്ങനെ അവൾക്കൊരു നല്ല ജീവിതം കൊടുക്കാൻ പറ്റും? ഒടുവിൽ ഞാനുമായിട്ടുള്ള ജീവിതം അവൾക്ക് നരകതുല്യമായി തോന്നുകയും ഞങ്ങളുടെ ദാമ്പത്യത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങുകയും ചെയ്യും. നിനക്കറിയാമോ? ഒരു കുടുംബ ജീവിതത്തിന് വിശ്വാസവും സ്നേഹവും മാത്രം പോരാ, രണ്ടിലൊരാൾക്ക് നല്ലൊരു ജോലിയും കൂടെ വേണം…
കടുത്ത നിരാശയോടെ അയാൾ കൂട്ടുകാരൻ്റെ ചുമലിൽ സങ്കടത്തോടെ മുഖം പൂഴ്ത്തിവച്ചു.
കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയ അവൾ പിറ്റേന്ന് ഒരു പാട് വൈകിയാണ് ഉണർന്നത്
അയ്യോ, എന്താ എന്നെ പുലർച്ചെ വിളിക്കാതിരുന്നത്?
കണ്ണ് തുറന്നപ്പോൾ സോഫയിൽ ഇരുന്ന് പത്രം നോക്കുന്ന ഭർത്താവിനോടവൾ പകപ്പോടെ ചോദിച്ചു
സാരമില്ല, ഇന്നലെ നീ ഒരു പാട് വൈകിയല്ലേ ഉറങ്ങിയത് ? അത് കൊണ്ട് കുറച്ച് കൂടെ ഉറങ്ങിക്കോട്ടേ എന്ന് ഞാൻ കരുതി. പേടിക്കേണ്ട നീ എഴുന്നേറ്റ് ഫ്രഷായിട്ട് വാ, നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. തല്ക്കാലം ഇവിടെ ഉള്ളവർ ഒന്നുമറിയണ്ടാ, ഉച്ചയൂണ് കഴിഞ്ഞ് ഞാൻ നിന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കാം, ഇവിടുള്ളവരോട് നമ്മൾ ഒരു ഔട്ടിങ്ങിന് പോകുവാണെന്ന് പറഞ്ഞാൽ മതി…
അയാളുടെ അഭിപ്രായത്തോട് അവൾ യോജിച്ചു.
കല്യാണ പിറ്റേന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ കയറി വന്ന മകളെയും മരുമകനെയും കണ്ട്, അവളുടെ മാതാപിതാക്കൾ അന്ധാളിച്ചു.
എന്താ മോളേ എന്ത് പറ്റി ? നിങ്ങളെന്താ പെട്ടെന്നിങ്ങനെ കയറി വന്നത്?
ഹേയ് ഒന്നുമില്ലച്ഛാ, നിങ്ങൾക്കൊരു സർപ്രൈസ് തരാൻ വേണ്ടി വന്നതാണ്…
അയാൾ ഒരു ചിരിയോടെ മറുപടി പറഞ്ഞപ്പോൾ അവൾ അമ്പരപ്പോടെ ഭർത്താവിൻ്റെ മുഖത്ത് നോക്കി.
അവളെ നോക്കി അയാൾ കണ്ണിറുക്കിയപ്പോൾ, ഒന്നും തുറന്ന് പറയാതെ അവളും സാധാരണ പോലെ പെരുമാറി.
വൈകുന്നരം ചായയോടൊപ്പം പലതരം പലഹാരങ്ങളും അയാൾക്ക് വേണ്ടി വീട്ടുകാർ ഒരുക്കിയിട്ടുണ്ടായിരുന്നു.
ഇനി ഞങ്ങൾക്ക് രണ്ട് പേർക്കും തനിച്ചൊന്ന് സംസാരിക്കാനുണ്ട്. നിങ്ങളൊക്കെ അപ്പുറത്തേയ്ക്കൊന്ന് പോകാമോ ?
അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ ആരും ആവശ്യപ്പെടാതിരുന്ന കാര്യം, ഇന്നയാൾ റീ ക്രിയേറ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.
അയാളുടെ സംസാരം കേട്ട് ഒരു പൊട്ടിച്ചിരിയോടെ എല്ലാവരും അകത്തയ്ക്ക് മറഞ്ഞപ്പോൾ അയാൾ അവളെ പിടിച്ച് തൻ്റെ അരികിലിരുത്തി.
ഇതിന് മുമ്പ് ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?
ആദ്യമായി കാണുന്നത് പോലെ അയാൾ അവൾ ചോദിച്ചു.
ഉണ്ടായിരുന്നു. ഇപ്പോഴില്ല…
അവൾ തല കുനിച്ച് കുറ്റബോധത്തോടെ പറഞ്ഞു
എങ്കിൽ ഇനി മുതൽ എന്നെ സ്നേഹിച്ചൂടെ?
ആ ചോദ്യം അവളുടെ ഉള്ളിൽ കൊളുത്തി വലിച്ചു
എനിക്കതിന് കഴിയുമോ എന്ന് ഉറപ്പില്ല. കാരണം എൻ്റെ ഹൃദയം ഞാൻ മറ്റൊരാൾക്ക് പണയം വച്ചതാണ്…
അതിനെന്താ? ഈ ഹൃദയമെന്ന് പറയുന്നത് സ്വർണ്ണം പോലെ അമൂല്യമായതും നമ്മുടെ ആവശ്യമനുസരിച്ച് പണയം വയ്ക്കാൻ കഴിയുന്നതുമായ ഒരു വികാരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സമയത്ത് നിനക്കൊരാവശ്യം വന്നപ്പോൾ നിൻ്റെ മനസ്സ് മറ്റൊരാൾക്ക് പണയം വച്ചിരുന്നു, ഇപ്പോൾ നിനക്ക് പ്രാപ്തിയുണ്ടായപ്പോൾ നീയത് തിരിച്ചെടുത്തെന്ന് കരുതിയാൽ മതി. ഇനി ആ മനസ്സ് എനിക്കൊന്ന് വേണം. പകരം 916 പവിത്രതയുള്ള സ്നേഹം ഞാൻ നിനക്ക് തരാം. എന്നെങ്കിലും എൻ്റെ സ്നേഹത്തിൻ്റെ പരിശുദ്ധി കുറയുന്നു എന്ന് നിനക്ക് തോന്നിയാൽ നിനക്കത് എന്നിൽ നിന്നും തിരിച്ചെടുക്കാം
ഒരു ചിരിയോടെ അയാൾ പറഞ്ഞത് അവിശ്വസനീയതയോടെയാണവൾ കേട്ടത്
ഇല്ല, നിങ്ങൾക്ക് എൻ്റെ മനസ്സ് ഞാൻ പണയം വച്ചാൽ, അതെനിക്ക് തിരിച്ചെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, നിങ്ങളുടെ ഈ സ്നേഹത്തിൻ്റെ മൂല്യം എൻ്റെ മനസ്സിനുണ്ടാവില്ല നിങ്ങളത് ജപ്തി ചെയ്യും എനിക്കുറപ്പാണ്…
സന്തോഷം അടക്കാനാവാതെ അവൾ അയാളുടെ താടിയിൽ
മെല്ലെ പിടിച്ചു.