ധ്വനി, അധ്യായം 52 – എഴുത്ത്: അമ്മു സന്തോഷ്

പവിത്രയ്ക്ക് എന്തോ പറയാനുണ്ടെന്ന് വീണയ്ക്ക് തോന്നി. വളരെ നേരമായി അവർ വീണയുടെ കൈ പിടിച്ചു കൊണ്ട് ഇരിക്കുന്നു

“ഞാൻ ഒരു കഥ പറയട്ടെ വീണ?”

വീണ തലയാട്ടി

“ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒരു പാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെൺകുട്ടി.അച്ഛനും അമ്മയും ഇല്ലാത്ത ആ പെൺകുട്ടിക്ക് ഒരു മൂത്ത സഹോദരൻ മാത്രേയുണ്ടായിരുന്നുള്ളു. പിന്നെ മഹി.അവൾക്ക് ആ സ്വപ്‌നങ്ങൾ മുഴുവൻ കൊടുത്തത് ആ ഒരാളായിരുന്നു. അവളുടെ മഹിയേട്ടൻ. ഒന്നിച്ചു വളർന്നു. പ്രണയിച്ചു. പക്ഷെ ഒരു ദിവസമെല്ലാം മാറി. മൂത്ത സഹോദരന്റെ കൂട്ടുകാരൻ വീട്ടിൽ വന്നു. രണ്ടു ദിവസം നാട് കാണാൻ വന്നതാണ്. മിലിറ്ററിക്കാരൻ. ആ  ദിവസം.. ആ പെൺകുട്ടിക്ക് എല്ലാം നഷ്ടം ആയി. കുടിച്ച് ബോധം കെട്ട് അയാള്. ഏട്ടൻ ബോധം കെട്ട് വേറെ ഒരു മുറിയിൽ ഇതൊന്നും അറിയാതെ. ബോധം വന്നപ്പോൾ അയാൾ കുറേ മാപ്പ് പറഞ്ഞു തിരിച്ചു പോയി. ഏട്ടൻ കുറേ കരഞ്ഞു. സ്വയം ശപിച്ചു. പിന്നെ സ്നേഹിച്ചവന്റെ മുഖത്ത് നോക്കാനാവാതെ ആ പെണ്ണ്. ശാപം അത് കൊണ്ടും തീർന്നില്ല. അവൾ ഗർഭിണി ആയി. വേറെ വഴിയില്ല. കല്യാണം കഴിച്ചോളാം എന്ന് അയാൾ. അങ്ങനെ അത് കഴിഞ്ഞു. ഓരോ തവണയും അയാൾ റേ-പ്പ് പോലെ…. ഉള്ളിൽ മറ്റൊരാളെയും പേറി അയാൾക്ക് മുന്നിൽ ആ പെണ്ണ് .. കുഞ്ഞ് ജനിച്ചു. ഒന്നും മാറിയില്ല. ഒരു ദിവസം മഹി വന്ന് വിളിച്ചു. കൂടെ പോകാനാണ് തോന്നിയത്. കുഞ്ഞിനെ അയാൾ കൊടുത്തില്ല. സത്യത്തിൽ ആ പെൺകുട്ടിയും അന്നേരം കുഞ്ഞിനെ ആഗ്രഹിച്ചില്ല. പോയി വേറെ ഒരു ജീവിതത്തിലേക്ക്. സ്വപ്നം കണ്ട ജീവിതം. പഠിത്തം ജോലി ഒരു മകൻ.. പക്ഷെ കാലം കഴിയും തോറും കുറ്റബോധം. അന്വേഷിച്ചു. അറിഞ്ഞു വേറെ ഒരു ഫാമിലിക്കൊപ്പം അവനുണ്ട്. മിടുക്കൻ ആയി തന്നെ.ഇപ്പൊ കണ്മുന്നിൽ അവൻ.. സഹിക്കാൻ വയ്യ. ഉറക്കം ഇല്ല. “

വീണ നടുങ്ങി ഇരിക്കുകയാണ്

“ആരോടും പറയരുത് എന്ന് മഹിയേട്ടൻ പറഞ്ഞു. പക്ഷെ എന്റെ ഹൃദയം പൊട്ടിപ്പോകും. ഞാനാണ് ആ പെണ്ണ്. ശാപം പിടിച്ച ജന്മമുള്ള പെണ്ണ്.”

അവർ പൊട്ടിക്കരഞ്ഞു

“എന്റെ മോൻ എന്റെ കണ്മുന്നിൽ ഉണ്ട്. പക്ഷെ അവനോട് ഞാൻ അമ്മ ആണെന്ന് പറയാൻ എനിക്ക് അനുവാദം ഇല്ല. എന്റെ ആദിക്ക് അറിയില്ല. അറിഞ്ഞാൽ അവൻ എന്നെ വെറുത്തേക്കും “

“വിവേക് എന്റെ മോൻ “

വീണ ഊഹിച്ചിരുന്നു. കൃഷ്ണകുമാർ അവളോടെല്ലാം പറഞ്ഞിരുന്നു

“വിവേകിനോട് ഞാനാണ് നിന്റെ അമ്മ എന്ന് പറഞ്ഞാൽ അവനും വെറുക്കും ഉപേക്ഷിച്ചു പോയ അമ്മയെ ആരു സ്നേഹിക്കും? പക്ഷെ വീണ എങ്കിലും അറിയണം. ഒരാളെ സ്നേഹിച്ചു പോയി. അയാൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു പോയി. അപ്പൊ ഒരാൾ സമ്മതം ഇല്ലാതെ നമ്മളെ… ബലാ- ത്സം-ഗം ചെയ്യുന്ന ആണിനെ സ്നേഹിക്കാൻ പറ്റുമോ സ്ത്രീക്ക്? എനിക്ക് പറ്റില്ല. വെറുപ്പ് ആണ് ഇന്നും.. പക്ഷെ എന്റെ മോനെ ഓരോ തവണ കാണുമ്പോഴും…”

അവർ മുഖം തുടച്ചു

“രാജഗോപാൽ , വിമല…രണ്ടു പേർക്കും എന്നെ അറിയാം. ഇപ്പൊ വലിയ മാറ്റമൊന്നുമില്ലാത്ത കൊണ്ട് മനസിലാകും. അത് കൊണ്ട് കല്യാണത്തിന് വന്നെങ്കിലും ഞാൻ കഴിയുന്നതും ഒളിച്ചു നിന്നു. എന്റെ മോന്റെ കല്യാണം “

അവരുടെ ശബ്ദം ഇടറി

“ദൈവം അത് കാണിച്ചു തന്നു. അവന് നല്ല ജീവിതം കിട്ടി മതി.. ഇത്രയും പറഞ്ഞപ്പോൾ ഒരു സമാധാനം.”

അവർ ദീർഘമായി ശ്വസിച്ചു

ഗേറ്റ് കടന്നു ഒരു കാർ വന്നു മുറ്റത്തു നിന്നു

ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശ്രീ ഇറങ്ങി

“ഇതേതു കാർ?”

വീണ അമ്പരന്നു ചോദിച്ചു

“ഞാൻ ഇങ്ങോട്ട് വരുന്ന വഴി വിൽക്കാൻ വെച്ചിരുന്നത് കണ്ട് വാങ്ങിച്ചതാ എങ്ങനെ ഉണ്ട്?”

“പോടീ കൊച്ചേ പുതിയ കാർ ആണല്ലോ. വിവേകിന്റെതാണ് അല്ലെ?”

“അല്ല എന്റെയ. ചന്തുവേട്ടൻ വാങ്ങി തന്നതാ “

പവിത്ര വാത്സല്യത്തോടെ അവളെ നോക്കി നിന്നു

“എന്റെ ദൈവമേ ആ ചെക്കന് ഭ്രാന്ത് ആയ.. ഈ പെണ്ണ് ഇനി ഇത് കൊണ്ട് കറങ്ങും “

“ആ എക്സാം കഴിഞ്ഞു കറങ്ങി കൊള്ളാൻ പറഞ്ഞു. പവിത്ര ആന്റി സുഖമാണോ?”

അവർ തലയാട്ടി

“മോനെവിടെ?”വീണ ചോദിച്ചു

“ഏട്ടൻ ഓഫീസിൽ പോയി. എന്തോ മീറ്റിംഗ്. ഞാൻ നേരേ ഇങ്ങോട്ട് വന്നു. ഏട്ടൻ വൈകുന്നേരമേ വരൂ.. കഴിക്കാൻ എന്തോ ഉണ്ട് അമ്മേ?”

പവിത്ര എഴുന്നേറ്റു

“ഞാൻ ഇറങ്ങട്ടെ വീണ?” വീണ ആ കൈ ഒന്ന് പിടിച്ചു പിന്നെ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു

അവള് ചോറ് കഴിക്കുന്നത് നോക്കി അവർ ഇരുന്നു. അവള് വാ തോരാതെ സംസാരിക്കുന്നുണ്ട് അത് കേൾക്കുന്നെങ്കിലും മനസ്സ് മുഴുവൻ പവിത്രയിലാണ്

ആ സിറ്റുവേഷൻ വെറുതെ അവർ സങ്കല്പിച്ചു നോക്കി. ഓർക്കാൻ കൂടെ വയ്യ

“പവിത്രാന്റി എന്താ പറഞ്ഞത് അമ്മ ഇത്രയും ഡിസ്റ്റർബ് ആകാൻ?”

ശ്രീയുടെ മുഖത്ത് ഗൗരവം. ഇവളത് എങ്ങനെ മനസിലാക്കി എന്ന് ചിന്തിച്ചു പോയി വീണ

“എന്റെ അമ്മയുടെ കൺപീലികൾ മാറി ചലിച്ചാൽ പോലും ഞാൻ അറിയും എനിക്ക് മനസിലാകും.ഒരു നനവുണ്ട് കണ്ണിൽ.എന്താ കാര്യം.പറ “

അവൾ എഴുന്നേറ്റു കൈ കഴുകി തിരിഞ്ഞു. വീണ ഒന്ന് പുഞ്ചിരിച്ചു

“പറയാം “

അവർ പൂമുഖത്തെ തിണ്ണയിൽ ഇരുന്നു

വീണ എല്ലാം പറഞ്ഞു. ശ്രീ തലകുലുക്കി കേട്ടു

“ഓക്കേ ഇതിനു ഇപ്പൊ എന്താ?”

“വിവേക് അറിയണം മോളെ ഇത്. അവനെ അവന്റെയമ്മ ചതിച്ചിട്ടില്ല എന്ന്. ഇത്രയും വലിയ ഒരു sadstory ഇതിനു പിന്നിലുണ്ടെന്ന് അറിയണം “

“എന്നിട്ട്?”

“ആ മനസിലുള്ള ദേഷ്യം മാറുമല്ലോ?”

“മാറീട്ട്? എന്റെ അമ്മേ ഇതെന്താ ഹിന്ദി സിനിമയോ? അവര് വേറെ ഒരു ഫാമിലി ലൈഫ് കൊണ്ട് പോകുന്നവരാണ്. ചന്തു വേട്ടന് സ്നേഹിക്കാൻ മറ്റൊരു കുടുംബം ഉണ്ട്. അമ്മ ഇതാണ് എന്ന് അറിഞ്ഞിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. വെറുതെ ഡിസ്റ്റർബ്ആകുമെന്ന് അല്ലാതെ..”

“ഒരിക്കൽ എങ്കിലും ചന്തു സ്നേഹത്തോടെ ഒന്ന് സംസാരിച്ചാൽ അമ്മേ എന്നൊന്ന് വിളിച്ചാൽ.. അവർക്ക് സന്തോഷം ആവില്ലേ മോളെ?”

“അമ്മേ ഒരു കാര്യം ഞാൻ പറയാം. ആ അമ്മ കാമുകന്റെയൊപ്പം പോകുമ്പോൾ ആ കുഞ്ഞിനെ എടുത്തു പോയിരുന്നെങ്കിൽ അതിന് ന്യായമുണ്ട്. പക്ഷെ അത് ചെയ്തില്ല. വർഷങ്ങൾ കഴിഞ്ഞു കുട്ടിയായി കുടുംബം ആയി. പിന്നെ അന്വേഷിച്ചു പോയിട്ടുമില്ല. ഇപ്പൊ യാദൃശ്ചികമായി അറിയുന്നു ഇത് മോനാണ് എന്ന്. അപ്പൊ പെട്ടെന്ന് സ്നേഹം വരുന്നു സെന്റിമെന്റൽ ആവുന്നു. ഒന്ന് പോയെ അമ്മേ. എനിക്കൊരു സഹതാപവുമില്ല. ചന്തുവേട്ടൻ ഇതൊന്നും ശ്രദ്ധിക്കുക കൂടിയില്ല. അവർ പറയുന്നത് ശരിയാണോന്ന് നമുക്ക് പോലും ഉറപ്പില്ല “

വീണ നിശബ്ദയായി

“വെറുതെ ഒരാളെ ഡിസ്റ്റർബ് ചെയ്യണ്ട എന്നാണ് എന്റെ ഒരിത്. ചന്തുവേട്ടന്റെ അമ്മ വിമലയാണ് അച്ഛൻ രാജഗോപാൽ അത് മതി “

“മതി പക്ഷെ എന്നെങ്കിലും അത് അറിയണ്ടെ മോളെ. മനുഷ്യൻ അല്ലെ എന്തെങ്കിലും സംഭവിച്ചു പോയാൽ അതറിയാതെ പോകണ്ട “

“എന്റെ അമ്മേ പോയി കഴിഞ്ഞു അറിഞ്ഞ എന്താ അറിഞ്ഞില്ലെങ്കിൽ എന്താ..അച്ചൻ മരിച്ചു പോയ സ്ഥിതിക്ക് ഇനി കക്ഷിയേ കുറച്ചു കുറ്റം പറഞ്ഞിട്ടെന്താ ആളില്ലല്ലോ “

“ശരിയാ “

“എല്ലാം കഴിഞ്ഞു. ഓരോരുത്തരും അവരുട ജീവിതം ആയി മുന്നോട്ട് പോകുന്നു അതിനിടയിൽ ഇത് വേണ്ട “

അവർ ഒന്ന് മൂളി

“സ്വന്തം അച്ഛൻ അമ്മയെ റേപ്പ് ചെയ്തു എന്നതൊക്കെ അറിയാതെ ഇരിക്കുന്നതാ നല്ലത്. അറിഞ്ഞിട്ടും പ്രയോജനം ഇല്ല. അത് മാത്രം അല്ല നിലവിലെ ഭർത്താവ് അന്നത്തെ കാമുകൻ വിവാഹം കഴിഞ്ഞു കൂട്ടിക്കൊണ്ട് പോയത് എന്തിനാ? അത്ര സ്നേഹം ഉണ്ടെങ്കിൽ അതിന് മുന്നേ കൂട്ടണ്ടേ.. ഓരോന്നിനും ഓരോ ന്യായമാണ്. എന്തായാലും ഏട്ടൻ ഇത് ഉടനെ അറിയണ്ട..”

വീണയ്ക്ക് മറുപടി ഇല്ല

“അവസരം വന്ന ഞാൻ പറയും. അത് ചിലപ്പോൾ പവിത്ര ആന്റിയുടെ അവസാന സമയം ആകും. അത് മതി. അമ്മ ഇതാരോടും പറയാൻ നിക്കണ്ട “

വീണ തലയാട്ടി

ഒരു തരത്തിൽ അവൾ പറയുന്നത് ശരിയാണ്. അല്ല, അതാണ് ശരി

തുടരും…