ശ്രീഹരി ~ അധ്യായം 18, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ബാലചന്ദ്രൻ സാറിനോട് യാത്ര ചോദിക്കുമ്പോഴായിരുന്നു ഹരി തളർന്നു പോയത്. സത്യത്തിൽ ഈ ഒരു മാസം കൊണ്ട് അദ്ദേഹം തന്റെ സ്വന്തം ആയത് പോലെ അവന് തോന്നി.  ചിലപ്പോൾ ചില സ്നേഹബന്ധങ്ങൾ ജീവിതത്തിൽ കടന്നു വരുന്നത് അത്ര മേൽ തീഷ്ണതയോടെയാണ്.

അഞ്ജലി കുറെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. കുറെയൊക്കെ അവൾ അവന് കൊടുത്ത ഫോണിൽ സേവ് ചെയ്തു വെച്ചു

“ഈ ഭ്രാന്ത് ഒന്നും ഈ കുട്ടിക്ക് നേരത്തെ ഉണ്ടായിരുന്നില്ല കേട്ടോ ഹരി “

ബാലചന്ദ്രൻ പറഞ്ഞു ഹരി ലേശം ചമ്മലോടെ നോട്ടം മാറ്റി

“ഹരിയെ വീട്ടിൽ കൊണ്ട് വിടാൻ ഞാൻ ഡ്രൈവറോട് പറഞ്ഞിട്ടുണ്ട് “

ഞാൻ ബസിൽ പൊക്കോളാം സാർ. അത് മതി. അതാണ് സൗകര്യം “

“അതൊന്നും പറ്റില്ല ഹരി “

“സാർ പ്ലീസ് അത്രേ നിർബന്ധം ആണെങ്കിൽ ബസ്റ്റാന്റിൽ കൊണ്ട് വിട്ടോ.”
അവൻ ചിരിച്ചു

“നിന്റെ ഒരു കാര്യം ” അയാളും ചിരിച്ചു

ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും മൗനത്തിലായിരുന്നു. ആർക്കും ഒന്നും സംസാരിക്കാൻ ഇല്ല. വെയിൽ താഴ്ന്നപ്പോൾ അവൻ ഇറങ്ങി

“പോട്ടെ “

ബാലചന്ദ്രൻ നിറകണ്ണുകളോടെ അവന്റെ മുഖം പിടിച്ചു താഴ്ത്തി നിറുകയിലോരുമ്മ കൊടുത്തു

“ഇടക്ക് വരണം..”

“വരാം ” അവൻ പണിപ്പെട്ടു ചിരിച്ചു

അഞ്ജലിയുടെ മുഖത്ത് നോക്കാതെ അവൻ യാത്ര പറഞ്ഞു. അവൾ പൂമുഖത്തെ തൂണിൽ പിടിച്ചു കൊണ്ട് അവൻ കാറിൽ കയറുന്നത് നോക്കി നിന്നു

തന്റെ ശ്രീ….

ഈ കഴ്ഞ്ഞ ദിവസങ്ങളിൽ അവനെ കാണാം എന്നുള്ള സന്തോഷത്തിലാണ് ഉറക്കം ഉണരുന്ന തന്നെ. നാളെ അവനുണ്ടല്ലോ എന്നോർത്ത് ആണ് ഉറങ്ങുന്നതും

പ്രണയത്തിലായി കഴിഞ്ഞ് ഓരോ ദിനവും രാവിലെ ഒരു ഉമ്മയിലാണ് തുടങ്ങുക

ഉറക്കവും അങ്ങനെ തന്നെ…

ഉറങ്ങാൻ പോകുമ്പോ അവിടെ എവിടെ എങ്കിലും ഉണ്ടാകും. കള്ളച്ചിരിയോടെ ചേർത്ത് പിടിച്ചു കൊണ്ട് ഒരുമ്മ…അവൻ ഒന്ന് തിരിഞ്ഞു നോക്കി

ചിലപ്പോൾ ഇപ്പൊ ആ കണ്ണുകൾ നിറഞ്ഞു കാണും…അവൾ ഓർത്തു

ഒന്ന് കൈവീശി അവൻ കാറിൽ കയറി..കാർ ഗേറ്റ് കടന്നു മറഞ്ഞു

അവൾ സ്വയം നഷ്ടപ്പെട്ട പോലെ അങ്ങനെ നിന്നു

ബാലചന്ദ്രൻ കുറച്ചു നേരമവളെ നോക്കിയിരുന്നു പിന്നെ ഒന്നും ചോദിക്കാതെ മുറിയിലേക്ക് പോയി. താൻ അവനൊന്നും കൊടുത്തില്ല.. എന്തെങ്കിലും കൊടുത്താൽ അവൻ സ്വീകരിക്കുകയുമില്ല.പക്ഷെ തന്റെ എല്ലാം അവനാണ്. എല്ലാം. അയാൾ അത് തീരുമാനിച്ചു കഴിഞ്ഞിരുന്നു

ഹരിയെ സ്റ്റാൻഡിൽ വിട്ട് കാർ പോയി. അവൻ തന്റെ നാട്ടിലേക്കുള്ള ബസ് കണ്ടു പിടിച്ചു. ബസിൽ കയറി. ബസ് വിടാൻ അര മണിക്കൂർ സമയം ഉണ്ട്. അവൻ അഞ്ജലിയുടെ നമ്പർ ഡയൽ ചെയ്തു. കുറച്ചു നേരം ബെൽ അടിച്ചാണ് എടുത്തത്

അടഞ്ഞ സ്വരം

“അഞ്ജലീ…”

അവൾ പെട്ടെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു കളഞ്ഞു

അവന്റെ നെഞ്ചിൽ ഒരു വേദന വന്നു. അവനും സങ്കടം വരുന്നുണ്ടായിരുന്നു

അവളെന്തിനാണ് ഇങ്ങനെ തന്നെ സ്നേഹിക്കുന്നതെന്ന് അവൻ ആലോചിച്ചു നോക്കി

ബാലചന്ദ്രൻ സാറിന്റെ മകൾക്ക് തന്നെക്കാൾ മികച്ച ഏതൊരാളെയും കിട്ടാൻ ഒരു പ്രയാസവുമില്ല

ഒരു വിവാഹം കഴിച്ചത് ഒരു പോരായ്മയെയല്ല. അങ്ങനെ ആരും കാണുകയുമില്ല

അഞ്ജലി മിടുക്കിയാണ്..ബുദ്ധിമതിയും സുന്ദരിയും സർവോപരി സമ്പന്നയും ആണ്. താൻ ഇഷ്ടമാണെന്ന് പറയും മുന്നേ തന്നെ അവൾക്ക് തന്നോട് ഇഷ്ടം ഉണ്ടായിരുന്നു

അവൾ തന്നെ നോക്കുന്നത് ചിരിക്കുന്നത്

മറ്റുള്ളവരോട് പ്രത്യേകിച്ച് പെൺകുട്ടികളോട് സംസാരിക്കുമ്പോൾ ചെറിയ കുശുമ്പോടെ മിണ്ടാതിരിക്കുന്നത് ഒക്കെ ശ്രദ്ധിച്ചിട്ടുണ്ട്

യൂട്യൂബിൽ പാട്ട് കണ്ടവർ മിക്കവാറും പേര് ഡോക്ടർമാരും നേഴ്സ്മാരും ഉൾപ്പെടെ പലരും വന്നു സംസാരിക്കുമായിരുന്നു ഹോസ്പിറ്റലിൽ വെച്ച്. ചിലർ രണ്ടു വരി പാടിക്കും

അഞ്ജലി ഉള്ള നേരത്ത് ആണെങ്കിൽ അപ്പൊ അവൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടാകും

“ശ്രീ അച്ഛന് ഈ മെഡിസിൻ വേണം “

“ശ്രീ എനിക്ക് ദാഹിക്കുന്നു ഒന്ന് കോഫീ ഷോപ്പിൽ കൂട്ട് വരുമോ?’

“ശ്രീ എന്നെ ഒന്ന് വീട്ടിൽ വിടാമോ ഡ്രൈവ് ചെയ്യാൻ വയ്യ തലവേദന “

വെറുതെ ഓരോന്ന് പറഞ്ഞു തന്നെ അവിടെ നിന്ന് മാറ്റിക്കളയും

കുശുമ്പത്തിയാണ്..അവൻ കണ്ണടച്ച് അവളെയോർത്തു

കടും പച്ച സാരീ ഉടുത്ത് വലിയ ജിമിക്കി കമ്മൽ അണിഞ്ഞു കൊണ്ട്… മുഖം നിറഞ്ഞ ചിരിയോടെ അവൾ. വീട്ടിൽ ആണെങ്കിൽ നേരോം കാലോം ഒന്നുമില്ല പെണ്ണിന്

“ശ്രീ എനിക്ക് കണ്ണെഴുതി താ,”

“ശ്രീ ഈ പൊട്ട് കൊള്ളാമോ?”

“ശ്രീ ദേ സാരീ ഞൊറിവ് ഒന്ന് പിടിച്ചു താ”

“ശ്രീ പിന്നെ….എനിക്കൊരുമ്മ താ..”

അവൻ തന്നെ ചിരിച്ചു..അവളൊരു ദേവതയാണ്

ഫോൺ ബെൽ അടിച്ചപ്പോൾ അവൻ ചിന്തകളിൽ നിന്ന് ഉണർന്നു

“ശ്രീ “

“ഉം “

“എനിക്കു വയ്യ ശ്രീ ” കണ്ണീരിൽ കുതിർന്ന സ്വരം

“എനിക്കും ” അവൻ മന്ത്രിച്ചു

ബസ് സ്റ്റാർട്ട്‌ ചെയ്തു

“ബസ് വിട്ടു ഞാൻ എത്തിയിട്ട് വിളിക്കാം ” അവൻ കട്ട്‌ ചെയ്തു

ബസ് ഓടിക്കൊണ്ടിടുന്നപ്പോൾ അവൻ വീണ്ടും ഓരോന്ന് ഓർത്തു കൊണ്ട് ഇരുന്നു. ഇതിനെവിടെയാണ് അവസാനം? സാർ സമ്മതിക്കുമോ? അഞ്ജലിയുടെ ബന്ധുക്കൾ അവളുടെ ചേച്ചിമാർ?

അറിയില്ല…ഒന്നേ അറിയൂ..അവൾ തന്നെ സ്നേഹിക്കുന്നു

എന്നായാലും അവൾ തന്നെ തേടി വരും. താൻ സ്വാർത്ഥനാണോ അവളുടെ കാര്യത്തിൽ?

അവൾ പറയും ശ്രീ ഒട്ടും പൊസ്സസ്സീവ് അല്ല അത് സ്നേഹം ഇല്ലാത്തത് കൊണ്ടാ

പൊസ്സസ്സീവ് ആണോ? അറിയില്ല

അങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല. അവൾ എപ്പോഴും കൂടെ ഉണ്ട്..ചിലപ്പോൾ അങ്ങനെ എന്തെങ്കിലും വന്നാൽ. പൊസ്സസ്സീവ് ആയേക്കും…

ബസ് ഓടിക്കൊണ്ടിരുന്നു

അഞ്ജലി അവന്റെ മുറിയിൽ ചെന്നു. ശ്രീയുടെ മുറി..ഇപ്പൊ ഇത് ശ്രീയുടെ മുറിയാണ്..ഇനി എന്നും ഇത് അവന്റെ തന്നെ മുറിയായിരിക്കും..അവൻ അടുക്കി വെച്ചിരിക്കുന്ന ഷർട്ടുകൾ മുണ്ടുകൾ ഒക്കെയിലും അവൾ വിരലോടിച്ചു

“ഒന്നും കൊണ്ട് പോകരുത് ട്ടോ ” താൻ പറഞ്ഞിരുന്നു

“നിനക്ക് എന്തിനാ ഇതൊക്കെ?” കളിയാക്കി

“എനിക്ക് കാണാൻ.. അതിലൊക്കെ ശ്രീയുടെ മണം ഉണ്ട്..” താൻ പറഞ്ഞു

ശ്രീ തന്നെ ചേർത്ത് പിടിച്ചു നിന്നു കുറെ നേരം..ഒന്നും പറയാതെ കുറെ നേരം..അവൾ ഓരോന്നും എടുത്തു നോക്കി..മൂക്കിൽ ചേർത്ത് പിടിച്ചു ശ്വാസം എടുത്തു..പിന്നെ അത് നെഞ്ചിൽ അടക്കി വിങ്ങി കരഞ്ഞു കൊണ്ട് കിടക്കയിൽ വീണു

അനന്തു സങ്കടത്തോടെ അത് നോക്കി കൊണ്ട് നിന്നു

അവന്റെ ചേച്ചി കരയുന്നത് അവൻ വർഷങ്ങൾക്ക് ശേഷം കാണുകയാണ്. ഹരിയേട്ടനും കരയുന്നുണ്ടാകുമോ?

അവനും കരച്ചിൽ വന്നു..ഇവർക്ക് കല്യാണം കഴിച്ചാലെന്താ? ഇങ്ങനെ കിടന്നു കരയണോ?

“സാറിന്റെ അടുത്ത് പോയി പറയാം അതാണ്‌ നല്ലത്

അവൻ ബാലചന്ദ്രൻ സാറിന്റെ മുറിയിൽ ചെന്ന് നോക്കി. സാർ വെറുതെ ഇരിക്കുകയാണ് വെളിയിലേക്കും നോക്കി

“സാറിന് ചായ വേണോ?” അയാൾ തിരിഞ്ഞു നോക്കി അനന്തു ആണെന്ന് കണ്ട് വാത്സല്യത്തോടെ ചിരിച്ചു

“വേണ്ട. അഞ്ജലി എവിടെ”

“ചേച്ചി കരയുവാ ” ബാലചന്ദ്രൻ നിശബ്ദനായി

“ഹരിയേട്ടന്റെ മുറിയിലാ ” അവൻ വീണ്ടും പറഞ്ഞു

“ഹരിയേട്ടൻ പാവമല്ലേ സാറെ?” അയാൾ ഒന്ന് മൂളി

“ചേച്ചിയെ വലിയ ഇഷ്ടാ ” അത് പറഞ്ഞിട്ടവൻ അയാളെ തെല്ല് പേടിയോടെ നോക്കി

ബാലചന്ദ്രൻ നേർത്ത അമ്പരപ്പോടെ അവനെയും

“ചേച്ചിക്കും ഇഷ്ടാ അതല്ലേ കരയുന്നെ?”

“നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം?”

“ഹരിയേട്ടൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്. ചേച്ചിയേ മാത്രമേ കല്യാണം കഴിക്കു എന്ന്”

ബാലചന്ദ്രന്റെ കണ്ണുകൾ വിടർന്നു

“സത്യം…. സാറിനോട് പറയണ്ട എന്നും പറഞ്ഞു ” ബാലചന്ദ്രൻ പൊട്ടിച്ചിരിച്ചു പോയി

“പിന്നെന്തിനാ ഇപ്പൊ പറഞ്ഞത്?”

“അത് പിന്നെ സാർ ഇനി ചേച്ചിക്ക് വേറെ കല്യാണം വല്ലോം ആലോചിച്ചാലോന്ന് വിചാരിച്ചാ”

ബാലചന്ദ്രന് വീണ്ടും ചിരി വന്നു

അമ്പട മിടുക്കാ…

“ഞാൻ കല്യാണം ആലോചിച്ചാൽ നിന്റെ ഹരിയേട്ടൻ എന്ത് ചെയ്യും?”

“ചേച്ചിയേ വിളിച്ചിറക്കി കൊണ്ട് പോകുന്നന്നാ തോന്നുന്നേ “

അവനത് ഉറപ്പായിരുന്നു

“നിന്റെ ചേച്ചി പോകുമോ?”നിനക്ക് എന്ത് തോന്നുന്നു?”

“പിന്നെ പോകാതെ? എപ്പോ പോയിന്ന് ചോദിച്ചാ മതി “

ബാലചന്ദ്രൻ ഉറക്കെ ഉറക്കെ ചിരിച്ചു

“ചിരിക്കാൻ ഞാൻ തമാശ ഒന്നുമല്ല പറഞ്ഞത്.. ചേച്ചി പോകും. ചേച്ചിക്ക് ജീവനാ ഹരിയേട്ടനെ. ഹരിയേട്ടന് അതിലും ഇഷ്ടമാ ചേച്ചിയേ സാർ എതിർക്കാൻ ഒന്നും പോകണ്ട നാണക്കേട് വരും “

ബാലചന്ദ്രന് ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു

“ശരി ശരി ഞാൻ എതിർക്കാൻ പോകുന്നില്ല. ഇതൊക്കെ ഞാൻ അറിഞ്ഞു എന്ന് അവർ അറിയണ്ട “

“ങ്ങേ?”അനന്തുവിന്റ കണ്ണ് മിഴിഞ്ഞു

“ഇത് നീ പറഞ്ഞിട്ടുമില്ല ഞാൻ അറിഞ്ഞിട്ടുമില്ല കള്ളനും കള്ളിയും വന്നു നേരിട്ട് പറയട്ടെ “

“ഓ അങ്ങനെ “

അനന്തു ചിരിച്ചു

“ഇനി നീ പോയി ഒരു ചായ കൊണ്ട് വാ. ഒരു വലിയ ടെൻഷൻ മാറി “

അയാൾ പുഞ്ചിരിച്ചു

(തുടരും)