ശ്രീഹരി ~ അധ്യായം 20, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഒരാള് പത്തിരുപതു ദിവസത്തെ വിദേശവസം കഴിഞ്ഞെത്തിയെന്ന് ഒരു കരക്കമ്പിയുണ്ടായിരുന്നല്ലോ ” ശ്രീഹരി ഉച്ചക്കത്തെ ചോറും കറിയുമുണ്ടാക്കുകയായിരുന്നു. ശബ്ദം കേട്ട് അവനൊന്നു തിരിഞ്ഞു നോക്കി

ജെന്നി

“എത്തിയൊ?റെയിൽവേ സ്റ്റേഷനിൽ പോയി കൂട്ടികൊണ്ട് വരണം തോമസ് ചേട്ടൻ പറഞ്ഞിരുന്നല്ലോ. ഒറ്റയ്ക്ക് പോരുന്നോ?”

“ഫ്രണ്ട്സ് ഉണ്ടാരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. അവരെന്നെ ഇവിടെ വിട്ടിട്ട് പോയി.. പിന്നെ ബാലചന്ദ്രൻ സാറിന് ഇപ്പൊ എങ്ങനെയുണ്ട്?”.

“ആള് മിടുക്കൻ ആയി. ഓഫീസിൽ പോയി തുടങ്ങി “

അവൻ തേങ്ങ അരച്ച് വെച്ചത് കറിയിലേക്ക് ചേർത്ത് കടുക് താളിച്ചു

“ഹൗ എന്തൊരു മണം ഹരിയേട്ടൻ കെട്ടുന്ന പെണ്ണാണ് ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവൾ. ഒരടുക്കള ജോലിയും ചെയ്യണ്ട. വീട് നോക്കണ്ട…സുഖമായിട്ടിരിക്കാം നല്ല ഫുഡ് അടിച്ച്.”

അവൻ ചിരിച്ചു

“അമ്മയ്ക്കും അച്ഛനും ഏതാണ്ടൊക്കെ മേടിച്ചു കൊടുത്തല്ലോ എനിക്ക് ഒന്നുമില്ലേ?”

അവൾ ഷെൽഫ് തുറന്നു. അവൻ ചിരിച്ചു കൊണ്ട് ഒരു പാക്കറ്റ് എടുത്തു കൊടുത്തു

ഒരു ടോപ്

“അടിപൊളി.. ശൊ ഇതെങ്ങനെ? ബാംഗ്ലൂർ പോലും കിട്ടില്ലല്ലോ ഇത്രയും സ്റ്റൈലുള്ള ഒന്ന്. കിടു.. സെലെക്ഷൻ കിടിലൻ “

സെലക്ട്‌ ചെയ്തത് അഞ്ജലിയായിരുന്നു…അവനത് പറഞ്ഞില്ല

“നല്ല കളർ.. എനിക്ക് ഇഷ്ടായി താങ്ക്യൂ “

ഹരി വരവ് വെച്ചിരിക്കുന്നു എന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടി

“ഹരിയേട്ടൻ കുറച്ചു കൂടി ഗ്ലാമർ വെച്ചോ ഒന്നുടെ വെളുത്തു തുടുത്തു സായിപ്പിനെ പോലെയായല്ലോ “

“പോടീ പോടീ… സോപ് ഇടാതെ കിട്ടിയതും കൊണ്ട് പൊ “

“ശെടാ ഒരു കോംപ്ലിമെന്റ് പറഞ്ഞതാ. പിന്നെ എന്റെ എന്തെങ്കിലും സഹായം വേണോ? കുക്കിംഗ്‌?”

“ഒന്നും വേണ്ട. കഴിഞ്ഞു. വേണേൽ എന്തെങ്കിലും കഴിച്ചിട്ട് പോകാൻ നോക്ക് “

അവൻ പ്ലേറ്റിൽ ചോറു വിളമ്പി.

“എന്നാ കുറച്ചു കഴിച്ചേക്കാം അവിടേ മൂന്ന് മണിയാകും. ബീഫ് ഉണ്ട് അതിൽ പണിയുവാ പപ്പാ “

“നിനക്ക് സഹായിച്ചാലെന്താ? ആണും പെണ്ണും എല്ലാം പഠിക്കണം. നീ ഒട്ടും ജോലി ചെയ്യില്ല ട്ടോ..പാവം മേരി ചേച്ചി. ഇനിയെങ്കിലും വല്ലോം ചെയ്തു കൊടുക്ക്. ഫുൾ ടൈം വീട്ടിൽ നിൽക്കാൻ പോവല്ലേ “

“ജോലിക്ക് ശ്രമിക്കണം. ഹരിയേട്ടൻ recommend ചെയ്താൽ ആ ബാലചന്ദ്രൻ സാർ എവിടെ എങ്കിലും എനിക്ക് ഒരു ജോലി മേടിച്ചു തരില്ലേ?”

അവൻ അവളെയൊന്ന് രൂക്ഷമായി നോക്കി

“വേണ്ട വേണ്ട വെറുതെ പറഞ്ഞതാ. ഞാൻ തനിച്ചു കണ്ട് പിടിച്ചോളാം ” അവൻ പ്ലേറ്റ് നീട്ടി

അവൾ അത് വാങ്ങി കസേരയിൽ ഇരുന്നു

“എന്റെ പൊന്നോ ദഹിച്ചു പോയി. എന്തൊരു നോട്ടം..” ഹരി തന്റെ പ്ലേറ്റിൽ ചോറിട്ട് കറി ഒഴിച്ച് പ്ലേറ്റുമായി മറ്റൊരു കസേരയിൽ ഇരുന്നു

“അവിടെ വേറെ ആരൊക്കെയുണ്ടായിരുന്നു ” അവൻ ചോദ്യത്തിന് മറുപടി പറയണോ വേണ്ടയോ എന്നൊന്ന് ആലോചിച്ചു

എങ്ങനെ പറഞ്ഞാലും അതിൽ നിന്ന് അവൾ ചുഴിഞ്ഞെടുക്കും പെണ്ണല്ലേ വർഗം?

“സ്റ്റാഫ്‌ ഉണ്ടായിരുന്നു. പിന്നെ മക്കൾ..”

“എത്ര മക്കൾ ആണ്?”അടുത്ത ചോദ്യം ഉടനെ വന്നു

“മൂന്ന് പേര്”

“പെൺകുട്ടികൾ ആണോ?”

“നിനക്ക് എന്തൊക്ക അറിയണം കഴിച്ചിട്ട് എഴുന്നേറ്റു പൊ പെണ്ണെ..എനിക്ക് ആ നകുലൻ സാറിന്റെ വീട്ടിൽ ഒന്ന് പോകണം സാർ വിളിച്ചിരുന്നു “

ജെന്നി പോയിക്കഴിഞ്ഞ് അവൻ നകുലന്റെ വീട്ടിലേക്ക് പോയി. ഞായറാഴ്ച ആയത് കൊണ്ട് നകുലൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു

“വാ വാ താൻ വന്നിട്ട് കണ്ടില്ലല്ലോ അതാണ് ഒന്ന് വിളിച്ചത് “

“വന്നിട്ട് കുറെ ജോലികൾ ഉണ്ടായിരുന്നു. ഞാൻ ഇന്ന് സാറിനെ വന്നു കണ്ടേനെ “

ഹരി വിനയത്തോടെ പറഞ്ഞു

“നമുക്ക് മുറ്റത്തോട്ട് ഇരിക്കാം.. താൻ കഴിക്കുമോ?” നകുലന്റെ കയ്യിൽ വി-സ്കി നിറച്ച ഗ്ലാസ്‌ ഉണ്ടായിരുന്നു

“ഇല്ല.”

“ഒക്കെ ഈ കസേര അങ്ങോട്ട് ഇട്ടേരെ “

ഹരി രണ്ടു കസേര എടുത്തു മുറ്റത്തിട്ടു

“ബാലു ഓഫീസിൽ പോയി തുടങ്ങി അല്ലെ?”

“ഉവ്വ് ഇന്നലെ വിളിച്ചപ്പം അങ്ങനെയാ പറഞ്ഞത് “

“ഹരിക്ക് അവിടെ നിന്നിട്ട് ബുദ്ധിമുട്ട് ഒന്നുമുണ്ടായില്ലല്ലോ അല്ലെ?”

“ഇല്ല. സാർ എനിക്ക് എന്റെ അച്ഛനെ പോലെയാണിപ്പോ.. ശ്രീഹരി ഒന്ന് നിശബ്ദനായി. ആ സ്നേഹം കരുതൽ.. ഒക്കെ അച്ഛനെ ഓർമിപ്പിച്ചു “

“തന്നെ വലിയ ഇഷ്ടാണ് ആളിന് ” നകുലൻ അവന്റെ മുഖം ഒന്ന് പഠിക്കാൻ ശ്രമിച്ചു

ഹരിക്ക് ഭാവമാറ്റം ഒന്നുമില്ലായിരുന്നു

“തന്നെ ആദ്യം കണ്ടപ്പോൾ തന്നെ പറയും എനിക്ക് ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നു എങ്കിൽ എന്നൊക്കെ ‘ ശ്രീഹരി പുഞ്ചിരിച്ചു

“ചില ബന്ധങ്ങൾ അങ്ങനെയാണ് നകുലൻ സാർ. അത് നമ്മെ തേടി വരും. നമ്മളിലേക്ക് വരും. കടലിൽ പതിക്കുന്ന പുഴകൾ പോലെ ” നകുലൻ വിസ്മയത്തോടെ അത് കേട്ടിരുന്നു

“അഞ്ജലി എങ്ങനെ ആള് പാവമല്ലേ?”

ആ പേര് വന്നതും ഒറ്റ നിമിഷം കൊണ്ട് ഹരിയുടെ മുഖം ചുവപ്പ് നിറമായി
നകുലൻ ഗൂഢമായ ഒരു ചിരിയോടെ ചോദ്യം ആവർത്തിച്ചു

“പാവമാണ് “

അവൻ ഒന്ന് വിക്കി”നിങ്ങൾ വലിയ കൂട്ടാണെന്ന് പറഞ്ഞു ബാലു.. അവൾക്ക് എപ്പോഴും ഹരിയുടെ കാര്യമേ പറയാനുള്ളത്രെ “

ഹരി ഒന്ന് വിളറി

“അത് പിന്നെ…ഞങ്ങൾ ഏകദേശം ഒരു പ്രായമാണ്.. അതിന്റെ ഒരു വൈബ് ഉണ്ടായിരുന്നു. അഞ്ജലിയും സാറിനെ പോലെ തന്നെ ആണ്. സിമ്പിൾ ആണ്. സ്നേഹമുള്ളവളാണ്..”

ഹരി ഒന്ന് നിർത്തി വെറുതെ ദൂരേയ്ക്ക് നോക്കിയിരുന്നു

“ഞാൻ വഴക്കിട്ടിട്ട് ഒക്കെയുണ്ട്.. പക്ഷെ ആള് പാവമായത് കൊണ്ട് ഇങ്ങോട്ട് വന്നു മിണ്ടും ഈഗോ ഇല്ല “

“ഹരിക്ക് ഇഷ്ടമാണോ അഞ്ജലിയെ?” ഹരി ഞെട്ടി ഒന്ന് നോക്കി

“എനിക്ക് ആൾക്കാരുടെ മനസ്സ് വായിക്കാൻ ഉള്ള സിദ്ധി ഉണ്ട് ഹരി ‘ നകുലൻ ചിരിച്ചു

“അഞ്ജലിയെ എനിക്കിഷ്ടമാണ് നകുലൻ സാർ. അഞ്ജലിക്ക് എന്നെയും “

അവൻ ഉറപ്പോടെ പറഞ്ഞു

“പക്ഷെ ആ ഇഷ്ടം വെറുമൊരു ഇഷ്ടം മാത്രം ആണോന്ന്, ജീവിക്കാൻ ഏത് പ്രയാസത്തെയും നേരിടാൻ മാത്രം ഉള്ള ഇഷ്ടം ഉണ്ടോന്ന് ഒക്കെ അറിയണ്ടേ? ഇവിടെ എന്റെ കൂടെ ജീവിക്കാൻ അഞ്‌ജലിക്ക് പറ്റുമോ.? എനിക്ക് അങ്ങോട്ട് പോകാൻ പറ്റുമോ? എന്റെ കാര്യം നോ ആണ് ഞാൻ പോവില്ല. അഞ്ജലി ഒരു രാജകുമാരിയാണ്. എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്നവൾ. എനിക്ക് അവൾക്ക് അത്രയും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം കൊടുക്കണം എന്നാ ആഗ്രഹം. അതിന് എനിക്ക് കുറച്ചു സമയം വേണം. “

“ബാലു എങ്ങനെ പ്രതികരിക്കും എന്ന് വല്ല ഊഹവുമുണ്ടോ?”

“സാറിന്… എന്നെ ഇഷ്ടമാണെന്നല്ലേ പറഞ്ഞത്? ഞാൻ കൂടെ ഉള്ളത് ഇഷ്ടമാണെന്ന്… എന്നെ കാണുന്നത് എന്റെ പാട്ട് ഒക്കെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം.. പിന്നെ എങ്ങനെ ഇത് ഇഷ്ടമില്ലാതെ വരും?”

നകുലൻ ചിരിച്ചു പോയി

“എന്ന് കരുതി സാർ ദയവ് ചെയ്തു ഇത് പറയരുത്. ഷോക്ക് ആവണ്ട ആളിന്. പിന്നെ സമയം പോലെ ഞാൻ പറഞ്ഞോളാം. സാർ ചോദിച്ചപ്പോ ഞാൻ പറഞ്ഞത് എനിക്ക് നുണ പറയുന്നത് ശീലമില്ലാത്ത കൊണ്ടാണ്.’

നകുലൻ തലയാട്ടി..അയാൾ ഹരിയെ തന്നെ നോക്കിയിരുന്നു

ശ്രീഹരി…ബാലചന്ദ്രൻ ആഗ്രഹിച്ചത് പോലെ ചിന്തിച്ചു തുടങ്ങി. അയാൾ ആഗ്രഹിച്ചത് പോലെ അയാളുടെ മകളുടെ മനസ്സിൽ സ്ഥാനം നേടി. അയാൾ മോഹിച്ചത് പോലെ ശ്രീഹരി അവളെയും സ്നേഹിച്ചു തുടങ്ങി

ചില മനുഷ്യൻമാർക്ക് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ലഭിക്കുന്നതെങ്ങനെ എന്നയാൾ ഓർത്തു പോയി. അത്ര മേൽ ബാലചന്ദ്രൻ ശ്രീഹരിയെ ആഗ്രഹിച്ചു കാണും. ദേവി അത് കണ്ടു കാണും ആ പ്രാർത്ഥന സ്വീകരിച്ചു കാണും…ബാലചന്ദ്രൻ രോഗിയായതും ഒരു കാരണം അല്ലെങ്കിൽ ശ്രീഹരി അഞ്‌ജലിയിലേക്ക് അടുക്കാൻ അതുമൊരു നിമിത്തം ആയിരിക്കും.

എല്ലാം ദൈവനിശ്ചയം തന്നെ

ഹരി നകുലനെയൊന്ന് നോക്കി

“സാറെന്താ ആലോചിക്കുന്നത്?”

“ഒന്നുമില്ല ഹരി. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ബാലു ഇവിടെ വന്നത്… ഹരിയെ പരിചയപ്പെട്ടത്. അടുപ്പം ആയത്. ബാലു അങ്ങനെ പെട്ടെന്ന് ഒരാളുമായി അടുക്കുന്ന ആളല്ല. ഹരിയെ മനസിലായിട്ടുണ്ട് ആളിന് “

ഹരി പുഞ്ചിരിച്ചു

“പക്ഷെ ഹരി. ബാലുവിന്റ റിലേറ്റീവ്സ് ഒന്നും അത്ര നല്ലവരല്ല. ഇന്നലെ തന്നെ അവന്റെ പെങ്ങൾ വീട്ടിൽ വന്നിട്ടിണ്ടത്രേ. എന്തൊക്കെയോ ആരൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അവരുടെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് അവരുടെ ഉദ്ദേശം. പിന്നെ രണ്ടു പെണ്മക്കൾ അവരുടെ ഭർത്താക്കന്മാർ എല്ലാം അസുരന്മാരാ. ഒരു യുദ്ധം വേണ്ടി വരും.”

ഹരി കൈകൾ മുകളിലേക്ക് വിടർത്തി

“എന്റെ പെണ്ണ് എന്റെ ഒപ്പമുണ്ടെങ്കിൽ പിന്നെ ഏത് യുദ്ധവും ശ്രീഹരി ജയിക്കും പൂ പോലെ…”

നകുലൻ പുഞ്ചിരിച്ചു

“നന്നായി വരും “

“പോട്ടെ സാർ “

അവൻ എഴുന്നേറ്റു

നകുലൻ തലയാട്ടി

തുടരും…