ശ്രീഹരി ~ അധ്യായം 21, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ബാലചന്ദ്രന് ഒരേയൊരു അനിയത്തിയെ ഉള്ളു. സുഭദ്ര. അവർക്ക് രണ്ടാണ്മക്കൾ. മൂത്തയാൾ ഗോവിന്ദ് വിവാഹം കഴിഞ്ഞു യുഎസിൽ . ഇളയത് ഗോകുൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ആർമിയിൽ ജോലി ചെയ്യുന്നു. സുഭദ്രയുടെ ഭർത്താവ് മരിച്ചു പോയി. അവർ മൂത്ത മകനൊപ്പം യുഎസിൽ താമസിക്കുന്നു. അവർക്ക് ഗോകുലിനെ കൊണ്ട് അഞ്ജലിയെ വിവാഹം കഴിപ്പിക്കാൻ ഒരു പ്ലാൻ ഉണ്ട്. അതിന് തുടക്കം മുതൽ തന്നെ അഞ്ജലി എതിരായിരുന്നു. അതിന്റെ കാരണമൊന്നും ബാലചന്ദ്രന് അറിയില്ലായിരുന്നു. ഒരു പക്ഷെ ആദ്യ വിവാഹത്തിന്റെ ഷോക്കിലാവും എന്നെ അദ്ദേഹം അനുമാനിച്ചുള്ളൂ. ഗോകുലിന് അവധി കിട്ടിയപ്പോ സുഭദ്രയും നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. ബാലചന്ദ്രന് അസുഖം ആയതിനു ശേഷം അവർ ഇപ്പോഴാണ് വരുന്നത്. നാട്ടിൽ വന്നാൽ മിക്കവാറും ബാലചന്ദ്രന്റെ ഒപ്പമാണ് താമസിക്കുന്നത്.

അഞ്ജലി അമ്പലത്തിൽ പോയി വന്നപ്പോൾ ഗോകുൽ മുറ്റത്തുണ്ടായിരുന്നു

“നീ പുതിയ ശീലങ്ങൾ ഒക്കെ തുടങ്ങിയൊ?”

“എപ്പോഴും പഴയ പോലെയിരിക്കാൻ മനുഷ്യന് സാധിക്കില്ലല്ലോ “

അവൾ മറുപടി പറഞ്ഞുനടന്നു പോയി. ഗോകുൽ അവൾ പോയ വഴി ഒന്ന് നോക്കി നിന്നു

പണ്ടത്തെ അഞ്ജലിയല്ല. നല്ല തുടുത്തു മിനുത്ത ഉടലും അതീവ ചാരുതയാർന്ന മുഖവും

അവളൊരുപാട് മാറി എപ്പോഴും മുറിയിൽ അടച്ചിരിക്കുന്ന പെണ്ണിൽ നിന്ന്   ബിസിനസ് കാര്യങ്ങളിൽ പ്രഗത്ഭയായ ഒരു മിടുക്കിയായി

അവൾക്ക് തന്നെ പണ്ടേ ഇഷ്ടമല്ലെന്ന് ഗോകുലിന് അറിയാം

അതിന് ഒരു കാരണം ഉണ്ട് അവളുടെ വിവാഹം കഴിയും മുൻപേയുള്ള ഒരു അവധിക്കാലം

രണ്ടെണ്ണം അടിച്ചു കഴിഞ്ഞ അന്നൊക്കെ ഗോകുലിന്റെ നില തെറ്റി പോകും. അന്നും അഞ്ജലിയോട് ഒരു ആവേശം ആയിരുന്നു. അങ്ങനെ ആരുമില്ലാത്ത ഒരു പകൽ അവളുടെ മുറിയിൽ ചെന്നു. അവൾക്കും ഇഷ്ടം ആകുമെന്ന് കരുതി പക്ഷെ പെണ്ണ് തലയടിച്ചു പൊട്ടിച്ച് കളഞ്ഞു. പിന്നെ കാൽ തെറ്റി വീണതാണെന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നെ അത്തരമൊരു ശ്രമത്തിന് അവൻ മുതിർന്നിട്ടില്ല.

അവളുടെ വിവാഹജീവിതം വൻ പരാജയം ആണെന്നറിഞ്ഞപ്പോ സന്തോഷം തോന്നി

നന്നായി അഹങ്കാരം കുറച്ചു കുറയും

ഇനി ഇപ്പൊ തനിക്ക് തന്നെ ഉള്ളതാണ് അവൾ. പക്ഷെ ഇന്നും അവൾക്ക് തന്നെ ഇഷ്ടം അല്ല

പിന്നെ അറിഞ്ഞു

ഒരാൾ വന്നിരുന്നു ഇവിടെ

അങ്കിൾ അസുഖം ആയി കിടന്നപ്പോൾ കൂടെ ഉണ്ടായിരുന്നു. പിന്നെ പത്തിരുപതു ദിവസം വീട്ടിൽ ഉണ്ടായിരുന്നു അവനോട് നല്ല സൗഹൃദം ആയിരുന്നു. ഒന്നിച്ചു മാളിൽ പോയതും പെർഫോമൻസ് മൊക്കെ ഒന്ന് രണ്ടു സുഹൃത്തുക്കൾ വാട്സാപ്പ് ചെയ്തു തന്നു. അവന്റെ കൈ പിടിച്ച് അവളെ കണ്ടപ്പോ രക്തം തിളച്ചു. എവിടെയോ കിടക്കുന്ന ദാരിദ്രവാസിയൊരുത്തൻ. ശ്രീഹരി എന്നാണ് പേര്. അവളും ഇവനും തമ്മിൽ എന്ത്? സുഭദ്രയും അതറിഞ്ഞിരുന്നു. സമയം പോലെ ചോദിക്കാൻ ഉറച്ചു അവർ.

രാവിലെ ഭക്ഷണസമയമായിരുന്നു സുഭദ്ര ബാലചന്ദ്രന് ഇഡലി വിളമ്പി കൊടുത്തു

“ചേട്ടന് ഇപ്പോഴും ഈ ഇഡലിയിൽ നിന്ന് ഒരു മോചനം കിട്ടിയിട്ടില്ലല്ലേ?”

ബാലചന്ദ്രൻ ചിരിച്ചു

“എന്റെ പൊന്ന് ചേട്ടാ ഇനിയെങ്കിലും ചപ്പാത്തി, അപ്പം,പുട്ട് ഒക്കെ മാറ്റി പിടിക്ക് “

“നീ പറഞ്ഞ മതി കിച്ചണിൽ ആളുണ്ട്.നിനക്ക് ഇഷ്ടം ഉള്ളത് ചെയ്തു തരും.” ബാലചന്ദ്രൻ മറുപടി പറഞ്ഞു

അഞ്ജലി അവിടേക്ക് വന്നു

“അച്ഛാ ആ കിങ്സിന്റെ ആൾക്കാർ ഇന്നലെ വൈകുന്നേരം വിളിച്ചിരുന്നു ട്ടോ എഗ്രിമെന്റ് continue ചെയ്യാൻ പ്ലാൻ ഉണ്ടോന്ന് ചോദിച്ചു. ഞാൻ നോക്കിട്ട് അവരുടെ പ്ലാൻ worth ആണ്. നമുക്ക് അത് നോക്കിയാലോ?”

അഞ്ജലി ഫോൺ ടേബിളിൽ വെച്ച് പ്ലേറ്റിൽ ഇഡലി എടുത്തു വെച്ചു

“അത് പക്ഷെ മോളെ നമ്മുടെ പഴയ ആൾക്കാർ അവരെന്താ കരുതുക.? അവർക്കല്ലേ വര്ഷങ്ങളോളം നമ്മൾ ഈ ഓർഡർ കൊടുത്തത്?”

“രണ്ടു പേരും ചെയ്യട്ടെ അച്ഛാ. നമുക്ക് ആ വർക്ക്‌ രണ്ടായി divide ചെയ്യാം. പഴയ ആൾക്കാർ പോവണ്ട. പുതിയ ആൾക്കാർക്ക് ചാൻസ് കിട്ടുകയും ചെയ്യും പുതിയ ടെക്നോളജിയൊക്കെ നമുക്ക് അറിയാമല്ലോ “

ബാലചന്ദ്രൻ തെല്ല് അത്ഭുതത്തോടെ അവളെ ഒന്ന് നോക്കി

“good one “

അയാൾ മെല്ലെ പറഞ്ഞു

“അപ്പച്ചി കഴിക്കുന്നില്ലേ?”

അവൾ ചോദിച്ചു

“എനിക്ക് ഇഡലി വേണ്ടപ്പാ..” അവൾ വേഗം കഴിച്ചു തീർത്തു

“അപ്പൊ ശരി.. ഞാൻ ഇറങ്ങുവാ. അച്ഛാ ഉച്ചക്ക് ഞാൻ പ്രാക്ടീസ് ന് പോകും ട്ടോ ഉച്ച വരെയേ ഇന്ന് ഉണ്ടാവു. സൈൻ ചെയ്യാനുള്ള പേപ്പേഴ്സ് അതിന് മുമ്പ് എത്തിക്കാൻ പറയണം “

“ഒക്കെ “

“ബൈ അപ്പച്ചി “

“ഇതെന്താ ഈ മാല?”

അവർ പെട്ടെന്ന് അവളുടെ മാലയിൽ പിടിച്ചു നോക്കി

“നൂല് പോലെയൊന്നു പോരെ? ഇപ്പൊ അതല്ലേ ഫാഷൻ?”

അവൾ മാല പെട്ടന്ന് പിടിച്ചു നേരെയിട്ടു

“ഇപ്പൊ ആരും ഇങ്ങനെ ഉള്ള മാല ഇടില്ല.ദേ എന്റെ നോക്ക് .ചെറുത് ആണ്. ഇത് മാറ്റി ഒരു ചെറിയത് ഇട് “

“എനിക്ക് ഇത് ഇഷ്ടാണ് ” അവളത് നെഞ്ചിൽ ചേർത്ത് പിടിച്ചു

“നീ സാധാരണ ഇങ്ങനെ ഒന്ന് ഇട്ട് കണ്ടിട്ടില്ല പുതിയതാണോ?”

“ഉം. അച്ഛാ ഞാൻ പോണ് ട്ടോ “

അവൾ കാറിന്റെ കീ എടുത്തു നടന്നു പോയി

“അഞ്ജലി നല്ല സ്മാർട്ട്‌ ആയി. ഡാൻസ് ഒക്കെ വീണ്ടും തുടങ്ങി അല്ലെ? നന്നായി.”

ബാലചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു

“ചേട്ടന് വയ്യാതെ വന്നപ്പോൾ എനിക്ക് വരണം ന്നുണ്ടായിരുന്നു. പിന്നെ വിചാരിച്ചു ഗോകുലും കൂടി വരട്ടെ അവനാണെങ്കി അങ്കിൾ വയ്യാതെയായ അന്ന് മുതൽ സങ്കടത്തിൽ ആയിരുന്നു. അവന് കാണണം എന്ന് പറഞ്ഞു അതാണ് ഞാൻ യാത്ര ഇത്രയും മാറ്റി വെച്ചത് “

അയാൾ ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു കൈ കഴുകി”ചേട്ടൻ ഇന്നു പോകുന്നോ?”

“പിന്നെ പോകണം. ഇപ്പൊ നല്ല ബിസി ടൈം ആണ് “

“ഇവിടെ ഏതോ ഒരു പയ്യൻ ഉണ്ടായിരുന്നു എന്ന് ലത പറഞ്ഞിരുന്നു. അവളുടെ മോള് മാളിൽ വെച്ച് അഞ്ജലിയെയും ആ പയ്യനെയും കൂടി കണ്ടു ന്ന് “

“അത് ശ്രീഹരി. എന്റെ സുഹൃത്തിന്റെ മോനാ “

“ഏത് സുഹൃത്ത്?”

“നീ അറിയില്ല “

“ഞാൻ അറിയാത്ത ഏത് സുഹൃത്ത്?”

അവർ വീണ്ടും ആവർത്തിച്ചു

“നീ അറിയില്ല അത്ര തന്നെ “

അയാൾ ഡ്രൈവറെ വിളിച്ചു കാർ ഇറക്കിയിടാൻ നിർദേശിച്ചു

“അത് ഒരു ഗതിയില്ലാത്ത ഒരു ചെക്കൻ ആണെന്നാണല്ലോ അറിഞ്ഞത്? ചേട്ടന് അത്തരം സുഹൃത്തുക്കളൊന്നുമില്ല എന്ന് എനിക്ക് അറിയ”

അവർ മുറുമുറുത്തു

“എന്റെ കൊച്ചേ എന്റെ ഫ്രണ്ട്സ് സർക്കിളിൽ എല്ലാരും ഉണ്ട് എല്ലാരും “

അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു

പിന്നെകാറിൽ കയറി

“ഇതെന്തോ ഒരു കള്ളത്തരം പോലെ തോന്നുന്നില്ലേ അമ്മേ? “ഗോകുലതു കേട്ട് അങ്ങോട്ട് വന്നു

“ഉം “

അവർ ഒന്ന് മൂളി

“നോക്കട്ടെ എവിടെ വരെ പോകുമെന്ന് ” അവർ പറഞ്ഞു നിർത്തി.

ഹരി ബൈക്കിൽ ആയിരുന്നു. ഫോൺ വന്നപ്പോൾ അവൻ വണ്ടി ഒതുക്കി

അഞ്ജലി

“എവിടാ ശ്രീ?”

“നടുറോഡിൽ ” അവൻ വിയർപ്പൊപ്പി

“ഒന്ന് തണലത്തോട്ട് മാറിക്കോ. ഒരു കാര്യം പറയാനാ “

അവൻ അടുത്ത കടയുടെ തിണ്ണയിൽ കയറി നിന്നു

“അപ്പച്ചിയും മോനും വന്നിട്ടുണ്ട് ട്ടോ. വീട്ടിൽ ഭയങ്കര spy work ആണ്. ഇടം വലം തിരിയാൻ വയ്യ. ദുഷ്ട കൂട്ടങ്ങളാ “

“അറിഞ്ഞു ഇന്നലെ നകുലൻ സാർ പറഞ്ഞു..”

“ഉവ്വോ.. എന്തൊക്കെ പറഞ്ഞു? “

“കുറെ കാര്യം പറഞ്ഞു.. പറയാം. ഞാൻ ഇപ്പൊ പൊതുവഴിയിലാ.രാത്രി നീ വിളിക്കുമോ?”

“എന്താ ശരിക്കും കേട്ടില്ല? “

അതവനെ കളിയാക്കിയതാ എന്ന് അവനു മനസിലായി പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ട് രാത്രി വിളി പ്രതീക്ഷിക്കല്ലേ എന്നൊക്കെ..

“വിളിക്കെടി… വിശദമായി പറയാം.. പിന്നെ…”

“എന്താ?”

“വീഡിയോ കാൾ വിളി ” അവൾ പൊട്ടിച്ചിരിച്ചു

“കണ്ടിട്ട് കുറച്ചു നാളായില്ലേ? കാണണ്ടേ?”

“പിന്നേ വേണം വേണം “

“അപ്പൊ രാത്രി… എന്റെ പൊന്ന് വിളി..ഐ ആം വെയ്റ്റിംഗ് “

അവൾ ചിരിച്ചു കൊണ്ട് ഫോൺ വെച്ചു

ആ നേരം നൃത്തവിദ്യാലയത്തിലായിരുന്നവൾ

“തുടങ്ങാം അഞ്ജലി ” സുധ മാം

“തുടങ്ങാം മാം “

സുധാ മൂർത്തി അഞ്ജലിയെ ഒന്ന് നോക്കി

എന്ത് ഗ്രേസ് ഉള്ള ഒരു നർത്തകി!

ഒരു പാട് പെൺകുട്ടികൾ അവിടെയുണ്ട്. പക്ഷെ നർത്തകി ലക്ഷണമുള്ള കുട്ടികൾ കുറവാണ്. അതും എല്ലാ ലക്ഷണങ്ങളുമുള്ള അഞ്ജലിയെ പോലെ ഉള്ളവർ തീരെയില്ല

“അഞ്ജലി നമ്മുടെ പ്രോഗ്രാം ഇത്തവണ യൂറോപ്യൻ രാജ്യങ്ങളിൽ മാർച്ച്‌ മാസത്തിൽ ഫിക്സ് ആയിട്ടുണ്ട്. അഞ്ജലി ഒരു ഐറ്റം ചെയ്യുന്നുണ്ട് ട്ടോ “

അഞ്ജലി വിടർന്ന കണ്ണുകളോടെയവരെ നോക്കി

“മാം എന്നോട് പറഞ്ഞില്ലല്ലോ “

“എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?”

“ഞാൻ എന്റെ ആദ്യത്തെ നൃത്തം ഒരു ക്ഷേത്രത്തിൽ ചെയ്യാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അത് കഴിഞ്ഞു മാത്രം ഏതെങ്കിലും സ്റ്റേജിൽ ചെയ്യൂ “

സുധ ചിരിച്ചു

“ആയിക്കോട്ടെ… അത് മതി “

അഞ്ജലി ചിലങ്ക കെട്ടി തയ്യാറായി

വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നു എങ്കിലോ എന്ന് സുധ വെറുതെ ഒന്ന് ചിന്തിച്ചു. പക്ഷെ ഇത് അഞ്ജലിയാണ് അഞ്ജലിയെ ചെറുത് ഒന്നും മോഹിപ്പിക്കില്ലല്ലോ

രാത്രി

മൊബൈലിൽ അവളുടെ സുന്ദര മുഖം തെളിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ. എപ്പോഴും എന്ന പോലെ ഒരു കടലിളകി

അവൻ ഒന്നും പറയാതെ അവളെ നോക്കിക്കൊണ്ടിരുന്നു

“എന്താ മിണ്ടാത്തെ?”

“കാണട്ടെ “അവൻ ലഹരിയിൽ മയങ്ങിയ പോലെ പറഞ്ഞു

അവളും കാണുകയായിരുന്നു അവളുടെ ജീവനെ…

“ഇനി പറ… നകുലൻ അങ്കിൾ എന്ത് പറഞ്ഞു?”

“അഞ്ജലിയോട് ഇഷ്ടമാണോ എന്ന് ചോദിച്ചു “

“ആഹാ എന്നിട്ട്?”

“ആണെന്ന് പറഞ്ഞു “

“റിയൽ മാൻ “

“അതേല്ലോ…..”അവൻ ചിരിച്ചു

“വീട്ടിൽ ആരാണ് വന്നതെന്നാ പറഞ്ഞത്?”

“അച്ഛന്റെ സിസ്റ്റർ സുഭദ്ര, മോൻ ഗോകുൽ..”

“ഗോകുൽ എന്താ ചെയ്യണേ?” പെട്ടെന്ന് അവൻ ചോദിച്ചു

അവൾ സൂക്ഷിച്ചു ഒന്ന് നോക്കി

“എഞ്ചിനീയർ ആണ് ആർമിയിൽ “

“നിന്നേ നോട്ടം ഉണ്ട് എന്ന് പണ്ട് പറഞ്ഞത് ഈ ഗോകുലിനെ കുറിച്ചല്ലേ?”

“അതേ “

ഒരിക്കൽ വീട്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞ കൂട്ടത്തിൽ അവളിതും പറഞ്ഞിട്ടുണ്ടായിരുന്നു

“അപ്പൊ നല്ലോണം സൂക്ഷിച്ചോ..”

“സൂക്ഷിക്കുന്നുണ്ട്. പക്ഷെ ഇക്കുറി അമ്മയും മോനും രണ്ടും കല്പിച്ചു തന്നെ ആണെന്ന് തോന്നി. അച്ഛൻ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കുവാ ഞാൻ “

“നീ എങ്ങനെ പ്രതികരിക്കാൻ പോകുന്നു?” അവൻ ചോദിച്ചു

“ശ്രീക്ക് എന്ത് തോന്നുന്നു?”

അവൻ നിശബ്ദമായ് കുറെ നേരം അവളെ നോക്കിയിരുന്നു

“അന്ന് ബാലചന്ദ്രൻ സാർ ഇത് അറിയും.എല്ലാവരും അറിയും. അഞ്ജലി ശ്രീഹരിയേ സ്നേഹിക്കുന്നുവെന്ന്. നിയത് പറയുമെന്ന് എനിക്ക് അറിയാം “

അവളുടെ കണ്ണ് നിറഞ്ഞു പോയി

“എങ്ങനെ അറിയാം ശ്രീ?”

അവളുടെ ഒച്ച അടച്ചു

“നീ പഴയ അഞ്ജലിയല്ല. ആ തൊട്ടാവാടി അഞ്ജലി മരിച്ചുപോയി. ഇന്ന് നീ ശ്രീഹരിയുടെ പെണ്ണാണ്. തന്റെടി. ആ നീ പറയും. വേണ്ടി വന്നാൽ ഒരു യുദ്ധം പോലും ചെയ്യും “

“എന്റെ ശ്രീ..” അവൾ കരഞ്ഞു പോയി

“അതേ ശ്രീഹരി നിന്റെയാണിപ്പോ. നിന്റെ സ്വന്തമായതെല്ലാം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തവും നിനക്കാ. ഏത് പ്രതിസന്ധിയും നേരിടാൻ ഇപ്പൊ നിനക്ക് പറ്റും. പക്ഷെ എപ്പോഴെങ്കിലും ഒറ്റയ്ക്ക് പറ്റുന്നില്ല എന്ന് തോന്നിയ വിളിച്ച മതി ശ്രീഹരി നിന്റെ അടുത്തുണ്ടാകും ” അവൾ തലയാട്ടി

“ഇനി കണ്ണ് തുടയ്ക്ക്. പിന്നെ അനന്തുവിനു സുഖമാണോ? ” അവൾ മുഖം തുടച്ചു ചിരിച്ചു

“അതേ ഹാപ്പി.”

“ഞാൻ അന്വേഷിച്ചു എന്ന് പറ “

അവൾ തലയാട്ടി. പിന്നെ കിടക്കയിൽ ഒന്ന് മലർന്ന് കിടന്ന് മൊബൈൽ മുഖത്തിന്‌ നേരേ പിടിച്ചു

അവൻ കൈ നീട്ടി വിരൽ കൊണ്ട് ആ ചുണ്ടിൽ ഒന്ന് തൊട്ടു

“മൽബറിയുടെ നിറമുള്ള ചുണ്ട് “

അവൾ ചുണ്ട് കടിച്ചു ചിരിച്ചു

“ഹോ ഇങ്ങനെ ചിരിക്കല്ലേ..” അവൾ മുടി മാറിലേക്കിട്ട് വശ്യമായി അവനെ കൊതിപ്പിക്കുന്ന ഒരു നോട്ടം നോക്കി

“ഉമ്മ്മ്മ്മ്മ്മ. എന്റെ മോള് ഫോൺ കട്ട്‌ ചെയ്തോ അതാണ്‌ നല്ലത് എന്റെ ഉറക്കം പോകും “

അവൾ ചിരിച്ചു. പിന്നെ മാല കാണിച്ചു

“നോക്ക് ഇന്നുണ്ടല്ലോ അപ്പച്ചി പറയുവാ ഇത് മാറ്റി ചെറുത് ഇട്ടൂടെ എന്ന് “

“ഇതെനിക്ക് ഇഷ്ടമാണെന്ന് നി പറഞ്ഞു കാണും “

അവൾ ഞെട്ടി”അതെങ്ങനെ അറിഞ്ഞു. ഇനി ഇവിടെ എങ്ങാനും വല്ല റെക്കോർഡർ വെച്ചിട്ടുണ്ടോ “

“ഉണ്ടല്ലോ. നിന്റെ നെഞ്ചിൽ…”

അവൾ നാണിച്ചു ചിരിച്ചു

അവനാ ചിരി നോക്കി കിടന്നു

“അഞ്ജലി…”

“ഉം?”

“എനിക്ക് എന്നും നിന്റെ മുഖത്ത് ഈ ചിരി കണ്ടാൽ മതി. അതിന് വേണ്ടി ഞാൻ എന്തും ചെയ്യും…. എന്തും “

അഞ്ജലി നിറക്കണ്ണുകളോടെ അവനെ നോക്കി കിടന്നു

തന്റെ പുണ്യം…തന്റെ എല്ലാം…എല്ലാം…എല്ലാം…

(തുടരും )