മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“ആരാരോ ആരിരാരോ അച്ഛന്റെമോൾ ആരാരോ അമ്മക്ക് നീ തേനല്ലേ ആയിരവല്ലി പൂവല്ലേ “
“മുത്തശ്ശി, അവളച്ചന്റെ മോളല്ലട്ടോ. അമ്മേടെ മോളാ അമ്മേടെ മാത്രം “
കുഞ്ഞിനെ തൊട്ടിലിൽ കിടത്തി താരാട്ട് പാടുന്ന മുത്തശ്ശിക്കരികിലേക്ക് ചെന്നു കൊണ്ട് വേണി പറഞ്ഞു.
അവൾ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പ്രസവാവധി കഴിഞ്ഞിട്ട് രണ്ടു ദിവസമായിട്ടേയുള്ളു.
“ഉറക്കല്ലേ ഇത്തിരി പാല് കൊടുക്കട്ടെ. ഇനിയിപ്പോ വൈകിട്ട് ഞാൻ വരണ്ടേ എന്റെ മുത്തിന് ഇച്ചിരി പാല് കുടിക്കാൻ.
“ഹോസ്പിറ്റലിലിരിക്കുമ്പോ മു-ല*യിൽ പാല് നിറഞ്ഞു വിങ്ങും. ഇടക്ക് ബാത്‌റൂമിൽ പോയി പിഴിഞ്ഞ് കളയുവാ മുത്തശ്ശി.”
മു-ല*ക്കണ്ണുകൾ കുഞ്ഞിന്റെ വായിലേക്ക് വെച്ചു കൊടുത്ത് വേണി സങ്കടപ്പെട്ടു.
“എന്താപ്പോ ചെയ്യാ.. ജോലിക്ക് പോകാതെ പറ്റോ. അവനെക്കൊണ്ട് വല്യ ഗുണമൊന്നുമുണ്ടാകാൻ പോണില്ല്യ നിനക്കും കുഞ്ഞിനും. ഞാനെത്രനാള് കൂടെയുണ്ടാകും. തനിച്ചായാലും ജീവിക്കണ്ടേ.?
“ഉം.. കുറച്ചു കൂടി സാലറികിട്ടുന്ന ഒരിടം നോക്കണം. ഇതിപ്പോ അലച്ചിൽ മാത്രം മിച്ചം. നൈറ്റ് ഡ്യൂട്ടി ഇല്ലാത്തത് ഭാഗ്യം. അതോർത്താ ഇവിടെ തന്നെ പിടിച്ചു നിക്കുന്നെ ഞാൻ.
“ഒക്കെ ശരിയാകും. നീ അവളെയിങ്ങ്തന്ന് പോകാൻ നോക്ക്.
മോൾക്ക് ഉമ്മ കൊടുത്തിറങ്ങുമ്പോൾ വേണിയുടെ നെഞ്ച് പിടഞ്ഞു. പാവം മുത്തശ്ശി വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. മോള് കരയുമ്പോൾ എന്ത് ചെയ്യുന്നോ ആവോ. എന്റെ കൃഷ്ണാ.. എന്തൊരു വിധിയായിപ്പോയി എന്റേത്.
ബസിലേക്ക് കയറിയപ്പോഴേ കണ്ടു കക്ഷത്തിൽ ഇറുക്കിപ്പിടിച്ച ബാഗുമായി പ്രസാദ്.
ഈയിടെയായി ഏത് ബസിലാണ് ഡ്യൂട്ടി എന്നുപോലും അവൾ തിരക്കാറില്ല. രാത്രി എപ്പോഴോ വരുന്നു. പുലർച്ചെ എഴുന്നേറ്റ് പോകുന്നു. മുത്തശ്ശിയാണ് രാത്രി ഭക്ഷണം എടുത്തു കൊടുക്കുന്നതും രാവിലെ ചായയുണ്ടാക്കി കൊടുക്കുന്നതും.
ഇതുവരെയും മോളെയൊന്നു എടുക്കുന്നതോ കൊഞ്ചിക്കുന്നതോ അവൾ കണ്ടിട്ടില്ല.
തൊട്ടടുത്തിരുന്ന സ്ത്രീയിൽ നിന്നും പൈസ വാങ്ങി ടിക്കറ്റ് മുറിച്ചു കൊടുത്ത് തിരിയുമ്പോൾ അവൾ കയ്യിലിരുന്ന പൈസ അവന് നേരെ നീട്ടി.
അവനത് കാണാത്ത ഭാവത്തിൽ അടുത്തയാൾക്കരികിലേക്ക് നീങ്ങി
വേണിക്ക് എന്തിനെന്നറിയാതെ കണ്ണുകൾ നീറിത്തുടങ്ങി.
മൂന്നുരൂപക്ക് വേണ്ടി അടി കൂടിയയാള് പിന്നെപ്പിന്നെ മുഴുവൻ ചാർജ് കൊടുത്താലും വാങ്ങാതെയായി. ടിക്കറ്റിന് പകരം പലപ്പോളും കൈവെള്ളയിൽ വെച്ചു തരുന്നത് നാരങ്ങാ മിട്ടായിയോ, ചോക്ലേറ്റൊ ആയിരിക്കും.
ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകിട്ടും വെറുതെയൊരു യാത്രക്കാരനാകും അവൻ.
ഒരു ചിരിയിൽ, ആരും കാണാതെ കൈമാറുന്ന ഒരു നോട്ടത്തിൽ എന്തുമാത്രം പ്രണയമായിരുന്നു. എന്തുമാത്രം കരുതലായിരുന്നു.
എന്നിട്ടും….
ഏതൊരു തെറ്റിനാണ് താനിങ്ങനെ ശിക്ഷിക്കപ്പെടുന്നത്.അവൻ സ്വന്തമാക്കാൻ കൊതിച്ച വെറുമൊരു കളിപ്പാട്ടമായിരുന്നോ താൻ. കൗതുകം തീർന്നപ്പോൾ നിർദ്ദയം വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു.
“വേണൂ, നാളെ നമുക്കൊരു സിനിമക്ക് പോയാലോ.?
പ്രസാദ് അവളുടെ മടിയിൽ കിടന്നു ചോദിക്കുകയാണ്.
“അയ്യടാ… ആ പൂതി മനസ്സിലിരിക്കട്ടെ.. കല്യാണത്തിന് മുൻപ് ഞാൻ എങ്ങോട്ടുമില്ല നിന്റെ കൂടെ.
“അപ്പൊ ഇവിടെ വന്നതോ എന്റെയൊപ്പം”
“ഇതുപിന്നെ പാർക്കല്ലേ. പബ്ലിക് പ്ലേസ്. ഇവിടെയിപ്പോ എന്താ പേടിക്കാനുള്ളെ.”
“അത് കൊള്ളാം. സിനിമ തിയേറ്ററിൽ കയറിയാൽ അവിടുത്തെ ഇരുട്ടിൽ ഞാൻ നിന്നെയങ്ങു വിഴുങ്ങിക്കളയും എന്നാണോ പേടി.”
“അതൊന്നുമില്ല. ഇന്നാളൊരു ദിവസം ഞാനും കാർത്തികയും കൂടി ഒരു ഫിലിമിന് പോയി. ഞങ്ങളുടെ തൊട്ടുമുന്നിലെ സീറ്റിൽ ഒരു ചെക്കനും പെണ്ണും.. ലൈറ്റ് ഓഫായപ്പോ അതുങ്ങളുടെ വിചാരം രണ്ടുപേരും ബെഡ്‌റൂമിൽ ആണെന്നാ.. വൃത്തികെട്ട ജന്തുക്കൾ.”
“ഹഹഹ… നീ എന്തൊക്കെ കണ്ടു?
“ഞാനത് കാണാനല്ലല്ലോ പോയെ. സിനിമ കാണാനല്ലേ.”
“ഉവ്വുവ്വ…വിശ്വസിച്ച്..
“ഹഹഹ.. അതൊക്കെ ഒരു രസമാടി പെണ്ണേ. കല്യാണം കഴിഞ്ഞാലും ഓർത്തു രോമാഞ്ചം കൊള്ളാം.
“അങ്ങനത്തെ രോമാഞ്ചമൊന്നും നമുക്ക് വേണ്ട ട്ടാ. കല്യാണം കഴിഞ്ഞിട്ട് എന്ത് വേണേലും ആവാം.”
പിന്നീടെപ്പോഴേ അതേക്കുറിച്ച് പറഞ്ഞപ്പോൾ, ഞാനന്ന് വിളിച്ചപ്പോഴേ നീ ഇറങ്ങി പുറപ്പെട്ടിരുന്നെങ്കിൽ നിന്നോടുള്ള റെസ്‌പെക്ട് ഇത്തിരി കുറഞ്ഞേനെ. സത്യം പറഞ്ഞാൽ എനിക്കന്നു നിന്നെക്കുറിച്ചു അഭിമാനം തോന്നി. എന്റെ സെലെക്ഷൻ തെറ്റിയില്ലല്ലോന്ന്.
പിന്നെയെപ്പോഴാണ് ആ മനസ്സിൽ അനിഷ്ടത്തിന്റെ വിത്ത് മുളച്ചു തുടങ്ങിയത്. ഏതൊരു തെറ്റിന്റെ ശിക്ഷയാണ് തനിക്ക് നേരെ വെച്ചു നീട്ടുന്നത്. ഏതൊരു പെണ്ണിനേയും പോലെ പ്രണയം പറഞ്ഞു വന്നവനോട് മനസ്സിൽ തോന്നിയ പോലെ പ്രതികരിച്ചതിനോ.
ചിന്തകളിൽ പെട്ട് ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയത് അവളറിഞ്ഞില്ല.
ഇറങ്ങുന്നില്ലേ?
പ്രസാദ് തൊട്ടരികിൽ.
അവൾ അവന് മുഖം കൊടുക്കാതെ സീറ്റിൽ നിന്നെണീറ്റു സ്റ്റെപ്പുകളിറങ്ങി.
********************
“കുട്ടീ, മുത്തശ്ശി ഒരു കാര്യം പറയട്ടെ.
ഡ്യൂട്ടിയില്ലാത്തതു കൊണ്ട് കുഞ്ഞിനെയും കളിപ്പിച്ചു വരാന്തയിലിരിക്കുകയായിരുന്നു വേണി.
എന്താ മുത്തശ്ശി.?
ഈയിടെയായി അവന്റെ സ്വഭാവത്തിൽ ഇത്തിരി മാറ്റമൊക്കെ വന്നിട്ടുണ്ട്. പകൽ ഇവിടെയിരിക്കുന്ന ദിവസം കുഞ്ഞിനെയെടുത്തു കളിപ്പിക്കലൊക്കെയുണ്ട്. ജോലി കഴിഞ്ഞു വരുമ്പോൾ വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിച്ചു കൊണ്ടു വരുന്നുമുണ്ട്. മോൾക്ക് അവനോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ ക്ഷമിക്ക്. കഴിഞ്ഞതൊക്കെ കഴിഞ്ഞുന്ന് വിചാരിക്ക്. വാശികൊണ്ട് ഒന്നും നേടാൻ പോണില്ല ആരും. കുറച്ചൊക്കെ മറക്കാനും പൊറുക്കാനും കഴിയണം. എന്നാലല്ലേ നമ്മളൊക്കെ മനുഷ്യരാവൂ.
“എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല മുത്തശ്ശി. എന്നോട് ചെയ്തത് പെട്ടന്ന് പൊറുക്കാൻ കഴിയുന്ന തെറ്റാണോ. ചെയ്യാത്ത തെറ്റിന് സ്വന്തം കുഞ്ഞിനെപ്പോലും ശിക്ഷിക്കുകയല്ലേ അവൻ ചെയ്തത്.
“ഒക്കെ ശരി തന്നെ. പക്ഷേ അവൻ പ്രായ്ച്ചിത്തം ചെയ്യാനൊരുങ്ങി വന്നാൽ എന്റെ മോള് വാശി കളയണം. ഈ കുഞ്ഞിന് വേണ്ടിയെങ്കിലും. മുത്തശി ജീവിതം കുറെ കണ്ടതാ. അതോണ്ട് പറഞ്ഞു തരുന്നതാ. ഇനിയൊക്കെ മോൾടെ ഇഷ്ടം.”
അന്ന് രാത്രി പ്രസാദ് വന്നപ്പോൾ അവൾ ചോറ് വിളമ്പി മേശമേൽ കൊണ്ടു വെച്ചു.
അവന്റെ നോട്ടം തന്നിലേക്ക് പാറി വീഴുന്നതറിഞ്ഞിട്ടും അവൾ മുഖമുയർത്തി അവനെ നോക്കിയതേയില്ല.
“നീ കഴിച്ചോ ?
വിളമ്പി വെച്ച് തിരിയുമ്പോൾ,പ്രസാദിന്റെ ചോദ്യം കേട്ട് വേണി ഒന്നമ്പരന്നു.
പിന്നെയവൾ കനത്ത ശബ്ദത്തിൽ ഒന്ന് മൂളി.
ഉം…
പാത്രങ്ങൾ കഴുകി വെച്ച് അടുക്കളയൊതുക്കി വന്നു കിടക്കുമ്പോൾ മുത്തശ്ശി വേണിയെ നോക്കി വിടർന്നു ചിരിച്ചു.
“ഞാൻ പറഞ്ഞില്ലേ അവൻ മാറിയെന്ന്.”
മാറട്ടെ.. വേണി പെട്ടന്നൊന്നും മാറാൻ ഉദ്ദേശമില്ല മുത്തശി. അതിനും മാത്രം അനുഭവിച്ചില്ലേ ഞാൻ.
“ഉം.. എല്ലാം നിന്റെ ഇഷ്ടം. മുത്തശ്ശി കൂടെയുണ്ട് എന്തിനും. പോരെ.
“മതിയല്ലോ ..
മോളെയും കെട്ടിപിടിച്ചു കിടക്കുമ്പോൾ വേണിയുടെ മനസ്സ് ചിന്തകളിൽപ്പെട്ട് ആടിയുലഞ്ഞു.
ഈ നിമിഷം വരെ അനുഭവിച്ച വേദനകൾ, അപമാനങ്ങൾ, പ്രിയപ്പെട്ടവരുടെ നാവിൽ നിന്ന് കേൾക്കേണ്ടി വന്ന അസഭ്യങ്ങൾ, ഒഴുക്കി കളഞ്ഞ കണ്ണുനീര്, എല്ലാം മറക്കാൻ കഴിയോ വേണിക്ക്.പ്രസാദിനെ ഇനിയും ഹൃദയത്തിലേറ്റാൻ ആവുമോ വേണിക്ക്.
മുത്തശ്ശിയുള്ളകാലം വരെ ഇവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. അതിന് ശേഷമോ?
ഇവിടുന്നിറങ്ങിയാൽ എങ്ങോട്ട് പോകും…
ശാപവാക്കുകൾ ചൊരിയാനല്ലാതെ, നിനക്ക് സുഖമാണോ മോളെയെന്നൊന്നു ചേർത്തുനിർത്താൻ വാ തുറക്കാത്ത അമ്മ. ഭർത്താവുപേക്ഷിച്ച ചേച്ചി കാരണം തന്റെ ഭാവി അനിശ്ചിതത്തിലാകുമോ എന്ന് ഭയപ്പെട്ടു മിണ്ടാൻ പോലും മടിക്കുന്ന അനിയത്തി. അവളുടെ ജീവിതത്തിൽ കയറി ഇടപെടാൻ എനിക്കെന്തു കാര്യം എന്ന് ചിന്തിക്കുന്ന ചേച്ചി.
ആരുണ്ട് തനിക്കൊരു കൈത്താങ്ങ്. ഈ പിഞ്ചുകുഞ്ഞിനേയും കൊണ്ട് എങ്ങോട്ട് പോകും.
ഭ്രാന്ത് പിടിക്കുന്നു എന്ന് തോന്നിയപ്പോൾ വേണി എഴുന്നേറ്റു മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും രണ്ടു ചാൽ നടന്നു. അപ്പോഴാണ് മുത്തശി വല്ലാതെ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നതവൾ കണ്ടത്.
എന്തുപറ്റി മുത്തശ്ശി എന്ന് വെപ്രാളപ്പെട്ട് അവൾ വേഗം ലൈറ്റിട്ടു.
“ഇത്തിരി വെള്ളം
മുത്തശിയുടെ ചുണ്ടുകൾ വിറച്ചു.
അവൾ ജഗിൽ നിന്നും ഗ്ലാസിലേക്ക് വെള്ളം പകർന്ന് അവരുടെ വായിലേക്കൊഴിച്ചു കൊടുത്തു.
കുറച്ച് അവർ ഇറക്കിയെന്ന് തോന്നി. ബാക്കി ചുണ്ടിന്റെ കോണുകളിലൂടെ പുറത്തേക്കൊഴുകി.കണ്ണുനീർ നിറഞ്ഞ മിഴികൾ ഏറെനേരം അവളുടെ മുഖത്തു തന്നെ തറച്ചു നിന്നു. പിന്നെയത് കൂമ്പിയടഞ്ഞു.
“മുത്തശ്ശി… വേണി ഒരു പിടച്ചിലോടെ അലറിക്കരഞ്ഞു.
അവളുടെ നിലവിളി കേട്ട് ഓടി വന്ന പ്രസാദ് ചലനമറ്റു കിടക്കുന്ന മുത്തശിയെയും ബോധമറ്റു വീണ വേണിയെയും കണ്ട് കാര്യമറിയാതെ നിശ്ചലനായി നിന്നുപോയി.
തുടരും..