ശ്രീഹരി ~ അധ്യായം 8, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അഞ്ജലി മുറിയിലെ ഷെൽഫിൽ നിറഞ്ഞ പുസ്തകങ്ങൾ ഓരോന്നായി അടുക്കി വെയ്ക്കുകയായിരുന്നു. അവളുടെ മുറിയിൽ ജോലിക്കാർ കയറാറില്ല. കയറ്റാറില്ല എന്നതാണ് ശരി.

പുസ്തകങ്ങൾ ഒക്കെ അടുക്കി വെച്ചവൾ മുറി തൂത്തു വാരി വൃത്തിയാക്കി മൊബൈൽ ശബ്ദിച്ചപ്പോൾ അവൾ ഫോൺ എടുത്തു

“മോളെ ജേക്കബ് അങ്കിൾ ആണ്. മോള് kims ഹോസ്പിറ്റലിലേക്ക് വേഗം വന്നേ “

അവൾക്ക് ഒന്നും മനസിലായില്ല

“എന്താ അങ്കിൾ?”

“അച്ഛൻ ഒന്ന് വീണു. വേഗം വാ ” അയാൾ ഫോൺ കട്ട്‌ ചെയ്തു

അച്ഛൻ വീണെന്നോ? എങ്ങനെ? എവിടെ?
അച്ഛന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ജേക്കബ് അങ്കിൾ. അദ്ദേഹം നുണ പറയില്ല

അവൾ വേഗം വേഷം മാറ്റി കാറിന്റെ കീ എടുത്തു

അച്ഛൻ പൂർണ ആരോഗ്യവാനാണ്. അറുപതു തികഞ്ഞിട്ടില്ല. അച്ഛന് ഒന്നുമില്ല
അവൾ തന്നെത്താൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു

കിംസ് ഹോസ്പിറ്റലിൽ സ്റ്റാഫ്‌ മിക്കവാറും പേരും എത്തിയിരിക്കുന്നു

അവളത് കണ്ടു പേടിയോടെ ഓടി ചെന്നു

“എന്താ അങ്കിളേ? സത്യത്തിൽ എന്താ ഉണ്ടായത്?”

“അഞ്ജലി…”

ഡോക്ടർ ദേവരാജ്..അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ

“എന്താ അങ്കിളേ? അച്ഛൻ കുറച്ചു മുന്നെയാ ഓഫീസിൽ പോയെ. ഒരു കുഴപ്പവുമില്ലായിരുന്നു. എവിടെ അച്ഛൻ?”

“മോള് വാ ” അയാൾ അവളെ ചേർത്ത് പിടിച്ചകത്തേക്ക് കൊണ്ട് പോയി

ഒരു പാട് വയറുകൾ ഘടിപ്പിച്ച നിലയിൽ അച്ഛൻ..അവൾ അലറി കരഞ്ഞു പോയി

“മോളെ പ്ലീസ് കണ്ട്രോൾ.ഉറക്കെ കരയുകയോ ബഹളം വെയ്ക്കുകയോ ചെയ്യരുത്. അച്ഛന് സ്ട്രോക് ഉണ്ടായി. കുറച്ചു സീരിയസ് ആണ്. തലച്ചോറിൽ രക്തം കട്ട പിടിച്ചത് അലിയാൻ മരുന്ന് കൊടുത്തിട്ടുണ്ട്. ഇരുപത്തി നാല് മണിക്കൂർ നിർണായകമാണ്. മോള് ഇവിടെ വേണം. സ്വയം നിയന്ത്രിക്കണം. മോള് മാത്രമേ ഇവിടെ ഉള്ളു എന്നൊരു ഓർമ വേണം “

അവൾ കണ്ണീരടക്കി തലയാട്ടി

പുറത്ത് നിന്ന ഓഫീസിൽ നിന്നുള്ള സ്റ്റാഫുകളോട് ഓഫീസിൽ തിരിച്ചു പൊയ്ക്കോളാൻ അവൾ പറഞ്ഞു

ജേക്കബ് അവിടെ നിന്നു

“ചേച്ചിമാരെ അറിയിക്കണ്ടേ? ഏറ്റവും വേണ്ടപ്പെട്ട മറ്റു റിലേറ്റീവ്സ്.. അവരെയും “

അവൾ ചത്ത മിഴികളോടെ ഒന്ന് നോക്കി. അച്ഛൻ പോകുകയാണോ?

അവൾക്ക് നെഞ്ച് പൊട്ടിപ്പോകും പോലെ തോന്നി. താൻ അച്ഛനെ സ്നേഹിച്ചില്ലേ?അച്ഛൻ പറഞ്ഞതെല്ലാം അനുസരിച്ചിട്ടില്ലേ…അവൾ ഒരു ആത്മ പരിശോധന നടത്തി

അച്ഛൻ തന്നെ ഓർത്തു വിഷമിച്ചിരുന്നു. തന്റെ വിധി അച്ഛനെ ഒത്തിരി വിഷമിപ്പിച്ചിരുന്നു. അച്ഛനെ സന്തോഷിപ്പിക്കാൻ താൻ ഒന്നും ചെയ്തതുമില്ല

ഇനി….

അവൾ വെറുതെ ഇടനാഴിയിലൂടെ നടന്നു. താൻ ഒറ്റയ്ക്ക് ആകാൻ പോവാണോ?ജീവിതം തനിക്ക് എന്തൊക്കെ സങ്കടങ്ങൾ ആണ് തരുന്നത്? ഇനി മുന്നോട്ട് ഇരുട്ട് വീണത് പോലെ അവൾക്ക് തോന്നി. അച്ഛൻ ഇല്ലാത്ത ജീവിതം ഓർക്കാൻ തന്നെ ഭയം തോന്നി

“മോളെ അവരെ ഒന്ന് വിളിച്ചു പറ. അല്ലെങ്കിൽ നമ്പർ താ ഞാൻ വിളിക്കാം ” അവൾ നമ്പർ കൊടുത്തു

അവർ ഉടനെ വരാൻ പോകുന്നില്ല എന്നവൾക്ക് അറിയാം. ഒരു കൺഫർമേഷൻ കിട്ടാതെ അവർ വരില്ല. പാർട്ടീഷ്യൻ ചെയ്ത അന്ന് പോയപ്പോൾ പറഞ്ഞതാണത്ഇ. നി നിങ്ങളുടെ മരണത്തിന്റെ അന്ന് ഞങ്ങൾ വരും. അന്നേ വരൂ

മൂത്ത ചേച്ചിയുടെ ഭർത്താവ് വിനോദ് ആണ് അത് പറഞ്ഞത്

രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവ് പിന്നെ സ്വത്തിനോടൊന്നും ആർത്തി ഇല്ലാത്ത ആളാണ്. അയാൾക്ക് ആരോടും സ്നേഹവുമില്ല

അവർ എന്തായാലും വരാൻ പോകുന്നില്ല. ചേച്ചിമാർ വരുമോ?

അവരും ഇവർക്കൊപ്പം ചേർന്നു ഏതാണ്ട് അതേ സ്വഭാവം ആയിട്ടുണ്ട്

എന്നാലും അച്ഛനല്ലേ? ചിലപ്പോൾ വരും

അങ്കിൾ അടുത്ത് വന്ന് നിന്നു

“മരിച്ചിട്ട് അറിയിക്കാൻ പറഞ്ഞു കാണും വിനോദ് ഏട്ടൻ അല്ലെ?”

അവൾ തണുത്തു മരവിച്ച സ്വരത്തിൽ ചോദിച്ചു

അയാൾ ഒന്ന് മൂളി “മറ്റെയാൾ എന്ത് പറഞ്ഞു?”

“തിരക്ക്… വരാൻ സാധിക്കില്ലന്ന് പറഞ്ഞു “

“ചേച്ചിമാർ?”

“അവർ സംസാരിച്ചില്ല. ഇതൊക്കെ തന്നെ ആവും അവരുടെയും തീരുമാനം “

അവൾ കണ്ണ് നിറഞ്ഞു പോയത് തുടച്ചു

“എല്ലാം ഇളയ മകൾക്ക് ഉള്ളതല്ലേ? മോള് നോക്കിക്കൊള്ളും എന്ന് “

അങ്കിൾ അരിശത്തോടെ പറഞ്ഞു

“ഇതൊന്നും എനിക്ക് വേണ്ട ന്ന് ഞാൻ പലതവണ പറഞ്ഞതാ. എല്ലാം അവർ എടുത്തോട്ടെ.. അച്ഛൻ കേട്ടില്ല. ഇപ്പൊ കണ്ടില്ലേ “

അവൾ വിങ്ങി കരഞ്ഞു

“ഇനി മുന്നോട്ടു പോകുന്നതിനെ കുറിച്ച് മാത്രം ആലോചിക്കു. അച്ഛൻ തിരിച്ചു വരും. പക്ഷെ അത് വരെ ഓഫീസിൽ മുടക്കം വരരുത്. അത് മോളുടെ ഉത്തരവാദിത്തം ആണ്. നമുക്ക് കടമ എന്നൊന്നുണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കിൽ ദൈവത്തിന്റെ മുന്നിൽ നമ്മൾ കണക്ക് പറയേണ്ടി വരും “

അങ്കിൾ അത്രയും പറഞ്ഞിട്ട് പോയി

രാത്രി

അച്ഛന്റെ കൂട്ടുകാർ, ഓഫീസിലേ സ്റ്റാഫ്‌, അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ എല്ലാരും വന്ന് ചേർന്നു. അവൾ അവിടെ ഒരു കസേരയിൽ ഇരുന്ന് നേരം വെളുപ്പിച്ചു. കോടിക്കണക്കിനു രൂപയുടെ ആസ്തി ഉള്ള മനുഷ്യന്റെ മകൾ

ആശുപത്രി വരാന്തയിൽ അച്ഛന്റെ മരണവാർത്ത കാത്ത് ഇരിക്കുമ്പോൾ മനുഷ്യൻ എന്നതിന്റെ നിസാരത ഒന്നുടെ വെളിവാകുന്നുണ്ട്

ഇത്രേം ഉള്ളു മനുഷ്യൻ . രാത്രി പക്ഷെ അശുഭ വാർത്തകൾ ഒന്നും വന്നില്ല

രാവിലെ

ഡോക്ടർ അവൾക്ക് അരികിൽ വന്നു

“വേണമെങ്കിൽ ഇനി വീട്ടിൽ പൊയ്ക്കോളൂ ഒന്ന് ഉറങ്ങി കുളിച്ച് വല്ലോം കഴിച്ചിട്ട് വന്നോളൂ. അച്ഛൻ സ്റ്റേബിൾ ആയിരിക്കുന്നു “

അവൾ അറിയാതെ കൈ കൂപ്പി തൊഴുതു പോയി. പിന്നെ ഡോക്ടറൂടെ കൈകളിൽ മുഖം അമർത്തി വിങ്ങിപ്പൊട്ടി.. വീട്ടിൽ വന്നതേ അഞ്‌ജലിക്ക് ഓർമയുണ്ടായിരുന്നുള്ളു..കട്ടിലിലേക്ക് വീണു

ടെൻഷൻ അവളെ അത്രയേറെ തളർത്തി കളഞ്ഞു

ഒരു ഉറക്കത്തിലേക്ക് വീണു പോയി. വൈകുന്നേരം ആണ് ഉണർന്നത്

വേഗം കുളിച്ചു. കുറച്ചു ഭക്ഷണം കഴിച്ചു. ബാഗിൽ കുറച്ചു വസ്ത്രങ്ങൾ കുത്തി നിറച്ചു വീണ്ടും ആശുപത്രിയിലേക്ക്

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി..
ഒരു പകൽ

“അച്ഛൻ അന്വേഷിച്ചു “

ചെന്നപ്പോ തന്നെ അങ്കിൾ പറഞ്ഞു, അങ്കിളിന്റെ മുഖം ഇപ്പോഴാണ് ശാന്തമായി കാണുന്നത്. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് പോയി

“അങ്കിൾ മിണ്ടിയോ? എങ്ങനെ ഉണ്ട്?”

“സംസാരത്തിൽ കുഴപ്പമില്ല ” അയാൾ അത്രയേ പറഞ്ഞുള്ളു

അവൾ വേഗം അകത്തേക്ക് ചെന്നു

ബാലചന്ദ്രൻ അവളെ കണ്ടു ക്ഷീണിച്ച ഒരു ചിരി ചിരിച്ചു

“അച്ഛാ…” എന്നൊരു വിളിയൊച്ച പാതിയിൽ മുറിഞ്ഞു പോയി

അവൾ ആ വിരലുകൾ മുറുകെ പിടിച്ചു

“achan is back ” അയാൾ അവളുടെ പുറത്ത് തട്ടി

“നിന്നെ ഒറ്റയ്ക്ക് ആക്കി പോകുമോ അച്ഛൻ?” അയാൾ ചോദിച്ചു

അവൾ മറുപടി ഒന്നും പറയാതെ ആ കൈകൾ ചുണ്ടിൽ വെച്ചു

“മോള് നകുലനെ വിളിച്ചു പറയണം. ഫോണിൽ നമ്പർ ഉണ്ട്. പിന്നെ ഹരി… ഹരിയോട് എനിക്കൊന്നു കാണണം എന്ന് പറയണം. ഇതിനകത്ത് മൊബൈൽ പറ്റില്ലല്ലോ “

“മുറിയിലേക്ക് മാറ്റിയിട്ട് പോരെ അച്ഛാ?”

“പോരാ… ഉടനെ കാണണം.. ചിലപ്പോൾ ഇനി കാണാൻ പറ്റിയില്ലെങ്കിലോ “

“അച്ഛാ മതി… ഞാൻ വിളിച്ചു പറഞ്ഞോളാം ” അയാൾ അവളുടെ ശിരസിൽ മെല്ലെ തലോടി

അവൾ ഫോൺ എടുത്തു കൊണ്ട് മുറിയിലേക്ക് പോയി. നകുലനെ വിളിച്ചു കാര്യം പറഞ്ഞു. ഹരിയെ വിളിച്ചെങ്കിലും എടുത്തില്ല. പിന്നെ വിളിക്കാനും പോയില്ലവൾ.

ഹരി ടൗണിൽ പോയിരുന്നു. ജെസ്സിയും കുടുംബവും തിരിച്ചു പോകുകയായിരുന്നു
മോളുടെ ഫൈനൽ ചെക്ക് അപ്പ്‌ കഴിഞ്ഞു പോകുകയായിരുന്നു അവർ

അവൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചുമ്മ വെച്ചു

“എന്നെ മറന്നു പോകല്ലേ ട്ടോ ” കുഞ്ഞ് തിരിച്ചവനേ കെട്ടിപിടിച്ചുമ്മ വെച്ച് ചിരിച്ചു

“മറ്റാരെ മറന്നാലും നിന്നേ മറക്കുമോ ഹരി?” അരുൺ അവനെ ചേർത്ത് പിടിച്ചു

“പോട്ടെടാ “

ജെസ്സിയും കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചു. അവൾക്ക് നല്ല സങ്കടം ഉണ്ടായിരുന്നു. കുറെ നാൾ നിന്നതിന് ശേഷം തിരിച്ചു പോകുകയാണ്

ട്രെയിൻ നീങ്ങിയപ്പോ വേദനയോടെ അവൻ പിന്തിരിഞ്ഞു. വേർപാടുകൾ എന്നും ഇങ്ങനെ തന്നെ

ഒരു നേർത്ത സങ്കടം ശേഷിപ്പിച്ച്

പിന്നെ അടുത്ത വരവിനായി കാത്തിരിപ്പ്

അവൻ തിരിച്ചു വീട്ടിൽ വന്നു

ഒന്ന് കുളിച്ചു ഫ്രഷ് ആയി മൊബൈൽ എടുത്തു നോക്കി. ബാലചന്ദ്രൻ സാറും നകുലൻ സാറും വിളിച്ചിരിക്കുന്നു

“ഹരി ” പുറത്ത് നകുലൻ

“ആഹാ സാർ എന്താ ഈ വഴി?”

“നീ ഫോൺ എടുത്തില്ല.. ഞാൻ വിളിച്ചു “

“ഞാൻ ജെസ്സിയെയൊക്കെ യാത്ര ആക്കാൻ പോയി. മൊബൈൽ എടുത്തില്ല എന്താ സാറെ?”

“അപ്പൊ നീ ബാലുനെ വന്നിട്ട് വിളിച്ചില്ലേ?”

“ഇല്ല ഞാൻ മൊബൈൽ ഇപ്പൊ എടുത്തതേയുള്ളു “

“ബാലുന് ഒരു സ്ട്രോക് ഉണ്ടായി.  കുറച്ചു സീരിയസ് ആയിരുന്നു. മോള് വിളിച്ചു. ഇന്ന് കുറച്ചു കുറവുണ്ട് പക്ഷെ ഐ സി യുവിൽ തന്നെ ആണ്. നമുക്ക് ഒന്ന് പോകണം.”

ഹരി സ്തംഭിച്ചു നിൽക്കുകയായിരുന്നു

ഒരു ഷോക്കിൽ  നിന്ന് കര കയറിയിട്ട് മൂന്ന് മാസങ്ങൾ ആയതേയുള്ളു…അടുത്തത്ഈ…ശ്വര

ബാലചന്ദ്രൻ സാർ..ദൈവം പോലൊരു മനുഷ്യൻ…അദ്ദേഹത്തിന് ഒന്നും വരരുതേ അവൻ പ്രാർത്ഥിച്ചു പോയി.

ഹരിയും നകുലനും എത്തുമ്പോൾ ബാലചന്ദ്രൻ ഉണർന്നു കിടക്കുകയായിരുന്നു

അവരെ കണ്ട് അയാൾ ചിരിച്ചു

“ഇപ്പൊ എങ്ങനെ ഉണ്ട്?” ഹരി ചോദിച്ചു

“ഇപ്പൊ സന്തോഷം ആയി നിങ്ങൾ വന്നല്ലോ “

“അതല്ല.. സാറിന്”

“ഞാൻ മിടുക്കൻ ആയി കിടക്കുന്ന കണ്ടില്ലേ “

ഡോക്ടർ വന്നപ്പോൾ അവർ പുറത്ത് ഇറങ്ങി

“ഒരു ചായ കുടിച്ചിട്ട് വരാം.”നകുലൻ പറഞ്ഞു

“സാർ പോയിട്ട് വാ.. ഞാൻ ഇവിടെ നിൽക്കാം ” ഹരിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. നകുലൻ പോയി

“ശ്രീഹരി ” ഒരു വിളിയൊച്ച

ഹരി തിരിഞ്ഞു നോക്കി. ദേവത പോലെയൊരു പെണ്ണ്

അവൻ ഒരു മുഴുവൻ നിമിഷം അവളെ ഇമ വെട്ടാതെ നോക്കി നിന്ന് പോയി

“ഞാൻ അഞ്ജലി. അഞ്ജലി ബാലചന്ദ്രൻ.ഞാൻ വിളിച്ചിരുന്നു.”അവൾ സൗമ്യമായി പറഞ്ഞു

“ഞാൻ.. ഞാൻ അപ്പൊ വീട്ടിൽ ഉണ്ടായിരുന്നില്ല.സാർ ഇപ്പൊ ഓകെ അല്ലെ? എപ്പോ ഡിസ്ചാർജ് ചെയ്യും?”ഹരി ചോദിച്ചു

“അത്രേ ഓക്കെ അല്ല. ഫിസിയോ തെറാപ്പി വേണം. കൈക്കും കാലിനും കുറച്ചു പ്രശ്നം ഉണ്ട്. ഫിസിയോ കൊണ്ട് മാറും. “

അവൻ തല കുലുക്കി

“ഒന്ന് ചെല്ലാൻ പറഞ്ഞു അച്ഛൻ “അവൾ വീണ്ടും പറഞ്ഞു അവൻ ഐ സി യുവിലേക്ക് ചെന്നു

“നകുലൻ എവിടെ?”അദ്ദേഹം ചോദിച്ചു

“ഒരു ചായ കുടിക്കാൻ പോയി “

“ഹരിക്ക് കുറച്ചു ദിവസം എന്റെ ഒപ്പം നിൽക്കാമോ? ഇവിടെ ഹോസ്പിറ്റലിൽ.. സഹായത്തിനോ ജോലിക്കൊ അല്ല. അതിനൊക്കെ ആളുണ്ട്. എന്റെ ഒപ്പം ഒരു കൂട്ടിന്.. അഞ്ജലി ഓഫീസിൽ പോകും. പിന്നെ ഞാൻ ഒറ്റയ്ക്ക് ആവും.. എനിക്ക് അറിയാം ഹരിക്ക്…”

അവൻ പെട്ടന്ന് ആ  കൈ പിടിച്ചടുത്ത് ഇരുന്നു

“സാർ പറഞ്ഞ മതി. എത്ര ദിവസം വേണം ഞാൻ? സാർ പറയുന്ന അത്രയും ദിവസം ഞാൻ ഉണ്ടാകും “

ബാലചന്ദ്രൻ നിറഞ്ഞ കണ്ണുകളോടെ അവനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു

പുറത്ത് ഗ്ലാസ്സിലൂടെ അത് കണ്ടു നിന്ന അഞ്ജലിയുടെ കണ്ണും നിറഞ്ഞു.

(തുടരും )