വീണ
Story written by Vaisakh Baiju
=================
“ഇവൾക്ക് വട്ടൊന്നുമല്ല…വേറെയാണ് അസുഖം “
ഇരുളിന്റെ നാമ്പുകൾ വന്നു തുടങ്ങുന്നതേയുള്ളു…അതിലുമേറെ മൂർച്ചയോടെ ആ മുറ്റത്തൊരു തീകുണ്ഡം ആളികത്തുകയാണ്…അതിന്റെ ചൂടേറ്റ് മുറ്റത്തിന്റെ ഓരത്തായി നിന്ന ചെമ്പകപ്പൂമരം വാടിയിരിക്കുന്നു…അതിലുമേറെ വാടി തളർന്ന് പടിക്കെട്ടിലിരിക്കുകയാണ് വീണ…
കുറെയേറെ പുസ്തകങ്ങൾ കൂടി എടുത്ത് കൊണ്ടു വന്ന് തീയിലേക്ക് വാരിയെറിഞ്ഞു കൊണ്ട്..അശോകൻ ആക്രോശിക്കുകയാണ്…
വീണയുടെ മുഖത്ത് മാറ്റങ്ങൾ ഒന്നുമില്ല…ചലനങ്ങളും…
മരവിച്ച മുഖത്തോടെ തന്റെ മുന്നിൽ ആളികത്തുന്ന തീയിലേക്ക് നോക്കി അവളിരുന്നു….കണ്ണീർ ഒരു ചാലായി ഒഴുകി ഉണങ്ങിയിരിക്കുന്നു.. വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ പാറി വീണുകിടക്കുന്ന മുടിയിഴകൾ…
അവളുടെ നിർവികാരത അശോകന്റെ കോപം ആളികത്തിക്കുന്നുണ്ട്…അയാൾ വാക്കുകൾ കിട്ടാതെ എന്തൊക്കെയോ പുലമ്പുകയാണ്…അയാളിന്ന് ഏറെ അപമാനിക്കപ്പെട്ടു…ക്ലബ്ബിൽ സുഹൃത്തുക്കളിൽ ചിലരുടെ അർഥം വച്ച വർത്തമാനം അയാളെ ഏറെ പൊള്ളിച്ചിരുന്നു…ഒറ്റ പുസ്തകമേ അവളെഴുതിയിട്ടുള്ളു…
ഒരു വേ* ശ്യ യുടെ കഥ…
അതിലെ വാക്കുകളിൽ കടിച്ചു തൂങ്ങി അവളെ നോക്കിയും രുചിച്ചും ചേർത്തും പറയുന്ന കഥകൾ അശോകനിൽ ഭ്രാന്ത് കയറ്റി തുടങ്ങിയിട്ട് നാളുകളായി…അതിന്റെ ഒരു പൊട്ടിത്തെറിയാണിത്….
അയാൾ അവളെയും അവളുടെ ആ പുസ്തകത്തെയും വെറുക്കുന്നുണ്ട്…അവളിങ്ങനെയെഴുതാൻ തനിക്കെന്താണ് കുറവ്….അയാൾക്ക് പിടികിട്ടുന്നില്ല….വേ*:ശ്യയുടെ ജല്പനങ്ങളും മോഹങ്ങളുമെഴുതാൻ വെറും സങ്കല്പത്തിലൂടെ എങ്ങനെ കഴിയും…അനവധി ആളുകളെ പ്രാപിക്കുന്നതിന്റെ അനുഭൂതിയുടെ വിവരങ്ങൾ വെറും ഭാവനയിലൂടെ മാത്രം ആർക്കും എഴുതാൻ കഴിയില്ല….അതെ…അതിൽ എവിടെയൊക്കെയോ…എന്തൊക്കെയോ…അയാൾക്ക് ഭ്രാന്ത് പിടിക്കുകയാണ്….
അവളപ്പോഴും എരിഞ്ഞു കത്തുന്ന ആ പുസ്തകകൂട്ടത്തിലേക്ക് തന്നെ കണ്ണ് നട്ട് ഇരിക്കുകയാണ്…അവൾക്ക് മുന്നിൽ എരിയുന്നത് വെറും കടലാസ്സ് കൂടല്ല…സ്വപ്‌നങ്ങൾ….ആത്മാവ് കൊടുത്ത് വളർത്തിയ അക്ഷരതുണ്ടുകൾ…പറന്നുയർന്നു തുടങ്ങിയ അവളുടെ അതേ ഗന്ധമുള്ള അവളുടെ പുസ്തകം…ഇവർക്കിടയിൽ അവൾ ചിരിച്ചിരുന്നു…കരഞ്ഞിരുന്നു…കാ മിച്ചിരുന്നു.
“രൂപാ..പതിനയ്യായിരമാണ്…നീ പുസ്തകം ഉണ്ടാക്കിയത്….നിന്റെ ത ന്തയുണ്ടാക്കിയതല്ല….ഹാ…അങ്ങനെ ആരേലും വേണ്ടേ…??? “
അവളിപ്പോൾ അയാൾക്ക് പി ഴച്ചവളാണ്…ആയിരം കാമുകന്മാരുടെ കാമുകിയാണ്…അവരോടൊപ്പം ശയിക്കുന്നവളാണ്….അയാളുടെ മുന്നിൽ കത്തിവെണ്ണീറാകുന്നത് അയാളുടെ പുസ്തകങ്ങളല്ല…മറിച്ച് കൂട്ടുകാർ അയാൾക്ക് ഒതുക്കത്തിൽ ചാർത്തിയ…കോമാളി വേഷമാണ്…
“സഹൃദയരേ……..”
ഉച്ചത്തിൽ മുഴങ്ങിയ ആ ശബ്ദത്തിന്റെ ഒച്ചയിൽ അശോകൻ ഓർമ്മയിൽ നിന്നുണർന്നു…അയാൾ ഒരു സദസ്സിലാണ് ഇപ്പോൾ…നിറഞ്ഞ ഒരു സദസ്സ്…
വേദിയിലെ അവതാരകൻ സംസാരിക്കുകയാണ്….
“തൂലികയുടെ ഈ ഇരുപത്തഞ്ചാം വാർഷിക ചടങ്ങിൽ അടുത്തതായി നമ്മൾ കടക്കാൻ പോകുന്നത് വലിയൊരു മുഹൂർത്തത്തിലേക്കാണ്…ദേശീയ അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട, ഇന്നും ചർച്ചചെയ്യപ്പെടുന്ന…വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മഹത്തായ ഒരു കൃതി…അഭിമാനത്തോടെ നമുക്ക് പറയാം നമ്മുടെ കൂട്ടായ്മയുടെ ഭാഗമായിരുന്ന ശ്രീമതി വീണാ അശോകൻ എഴുതിയ “കൽക്കട്ടയുടെ മടിതട്ട് “…
“വീണ ഇന്ന് നമ്മോടൊപ്പമില്ല…” അയാൾ പറഞ്ഞു നിർത്തി….അശോകന്റെ മുഖം താഴ്ന്നു…
“ഒരു എഴുത്തിന്റെ ജനയിതാവ് അത് അംഗീകരിക്കപ്പെടുന്ന കാലത്തോളം പലപ്പോഴും അവശേഷിക്കാറില്ല…അയാളില്ലാതായശേഷം അയാൾ ആഘോഷിക്കപ്പെടുന്നത് ഒരു പുതിയ രീതിയുമല്ല…വീണ തന്റെ എഴുത്ത് ഇവിടെ അവശേഷിപ്പിച്ച് മടങ്ങിയിട്ട് ഏഴ് വർഷം പിന്നിട്ടിരിക്കുന്നു….വീണയുടെ ഓർമ്മകൾക്ക് തൂലികയുടെ സമർപ്പണം ഏറ്റുവാങ്ങാൻ വീണയുടെ ഭർത്താവും കോളേജ് അദ്ധ്യാപകനുമായ ശ്രീ അശോകൻ സാറിനെ സാദരം വേദിയിലേക്ക് ക്ഷണിക്കുന്നു”
അശോകൻ പതിയെ എഴുന്നേറ്റു വേദിയിലേക്ക് നടക്കുന്നു…ചുറ്റും ഉയരുന്ന കയ്യടികൾ…അതൊരു കാതടപ്പിക്കുന്ന ഒച്ചയായി അയാൾക്ക് തോന്നി..സഹിക്കാനാവാത്ത…വേദനിപ്പിക്കുന്ന ഒരു തരം ഒച്ച….
ഓർമ്മഫലകം…അതിൽ അവളുടെ ചിരിക്കുന്ന മുഖം…കണ്ണുകൾക്ക് വല്ലാത്ത ഒരു ജീവൻ… വിറയ്ക്കുന്ന കൈകളോടെ അയാൾ അത് ഏറ്റുവാങ്ങി…
ട്രെയിൻ ചലിച്ചു തുടങ്ങിയിരിക്കുന്നു….കമ്പാർട്ടുമെന്റിൽ അധികം ആളില്ല…ജനാലയോട് ചേർന്നുള്ള സീറ്റിൽ അയാളിരിക്കുന്നു…
മടിയിലിരിക്കുന്ന ബാഗിൽ നിന്നും ഫലകത്തോടൊപ്പം കിട്ടിയ വീണയുടെ പുസ്തകം….
“കൽക്കട്ടയുടെ മടിതട്ട് “
ആദ്യമായി അയാൾ അതിൽ സ്നേഹത്തോടെ തൊട്ടു…പതിയെ അതിന്റെ താളുകൾ വകഞ്ഞു മാറ്റി…
സമർപ്പണം: ആയിരം ബീജാണുക്കൾ ഏറ്റുവാങ്ങി അതിൽ ഞാനെത്രാമത്തേതെന്ന് എന്നെ എന്നെ പറഞ്ഞു ബോധ്യപ്പെടുത്താതെ എന്നെ വിട്ടുപോയ ഞാൻ കാണാത്ത ആ സുന്ദരിയായ അ ഭി സാ രി കയ്ക്ക്…
സൈറൺ നീട്ടി മുഴക്കികൊണ്ട് കിതപ്പോടെ എന്തോ നേടിയെടുക്കാനെന്നപോലെ തീവണ്ടി അതിവേഗം പായുകയാണ്…നിറഞ്ഞ കണ്ണുകളോടെ അയാൾ വായന തുടരുന്നു….
അദ്ധ്യായം ഒന്ന്,
കൽക്കട്ടയിൽ അന്നൊരു മഴയുള്ള ദിവസമായിരുന്നു…..