മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ഹരി കണ്ണ് തുറന്നു
അഞ്ജലി..ചന്ദനത്തിന്റ മണം..നേരിയതും മുണ്ടും ധരിച്ച്.. മുടി ഒക്കെ വിതർത്തിട്ട് നെറ്റിയിൽ ചന്ദനം തൊട്ട്..
ഹരി കണ്ണിമയ്ക്കാതെ അവളെ നോക്കിക്കിടന്നു
“കുറച്ചു മുല്ലപ്പൂ കൂടി ഉണ്ടാരുന്നെങ്കിൽ..”അവൻ പറഞ്ഞു
അവൾ ഒന്ന് തിരിഞ്ഞു…മുടിയിൽ മുല്ല മാല
“ക്ഷേത്രത്തിൽ നിന്ന് പൂജാരി തന്നതാ ” അവൾ ഇലച്ചീന്തിലെ വെണ്ണ അവന്റെ നാവിൽ തേച്ചു കൊടുത്തു
“തൃക്കൈ വെണ്ണ ഭഗവാന് വലിയ ഇഷ്ടമാണത്രെ. തിരുമേനി പറഞ്ഞതാട്ടോ. അസുഖം ഒക്കെ മാറാൻ ഇത് മതി ന്ന്. നാൾ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഭഗവാന്റെ നാളിൽ ചെയ്യാൻ പറഞ്ഞു “
“ഭഗവാന്റെ നാൾ തന്നെയാ എന്റെയും ” ഹരി ഒന്ന് നേരേ ഇരുന്നു
“രോഹിണി ആണോ?”
“ഉം “
“ചുമ്മാതെയല്ല പെൺപിള്ളേർ പുറകിന്ന് മാറാത്തത് “
ഹരി ഒന്ന് ചിരിച്ചു
“കൃഷ്ണന്റെ ജീവിതം എന്റെ പോലെ തന്നെയാ. അച്ഛനും അമ്മയും ഇല്ലായിരുന്നുല്ലോ കൂടെ. വളർത്തിയ അമ്മയും അച്ഛനും ഉണ്ടെങ്കിലും. കക്ഷിക്കും എന്റെ ജോലി തന്നെയാ പശുനെ മേയ്ക്കൽ. പിന്നേ പാട്ട്..ഏകദേശം എന്റെ സ്വഭാവം ഒക്കെ തന്നെ..”
“അപ്പൊ കൃഷ്ണന്റെ സ്വഭാവം ഉണ്ടെന്ന് സമ്മതിച്ചു ” അവൾ കളിയാക്കി
“കൃഷ്ണന്റെ വിധി വരാതിരുന്നാൽ മതി ” അവൻ മെല്ലെ പറഞ്ഞു
“അതെന്തേ?”
“കൃഷ്ണന് രാധയെ കിട്ടിയില്ല… അത് കിട്ടാതെ സകലതും കിട്ടിയിട്ട് എന്ത് കാര്യം..ഭഗവാൻ ആണെങ്കിലും ആ സങ്കടം ഉണ്ടാവില്ലേ?”
അഞ്ജലി പെട്ടെന്ന് നിശബ്ദയായി
“എന്റെ രാധയെ ഭഗവാൻ എനിക്ക് തരട്ടെ “അവൻ അവളുടെ കണ്ണുകളിൽ നോക്കി
അഞ്ജലിയുടെ മുഖം രക്തനിറമായി
“ഇപ്പൊ എങ്ങനെയുണ്ട്?”അവൾ അവന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി
“ചെറിയ ചൂട്. സാരമില്ല ഇന്ന് കൂടി റസ്റ്റ് എടുക്ക് ട്ടോ..” അവൾ തിരിഞ്ഞു
“ഞാൻ ഭക്ഷണം എടുത്തു വരാം “
“അഞ്ജലി…?”
“ഉം?”
“എന്റെ നാട്ടിൽ വരുമോ?” അഞ്ജലി അവനരികിൽ വന്നു
“എന്റെ വീട്ടിൽ ഒരു ദിവസം വരാമോ? ചെറുത് ആണ്. സൗകര്യം ഒന്നുല്ല. എങ്കിലും ഒരു ദിവസം.. ഒരു ദിവസം മതി “
“ശ്രീ എന്നെ കൊണ്ട് പോകുമെങ്കിൽ… ഞാൻ തീർച്ചയായും വരും ” ഹരി ഒന്ന് ചിരിച്ചു
“ഞാൻ കൊണ്ട് പോയാലെ വരൂ?”
“ഉം “
“എന്നാ ഞാൻ പറയുന്നു അഞ്ജലി ഒരു ദിവസം വരും… എന്നെ കാണാൻ.. നോക്കിക്കോ ” അഞ്ജലി ചിരിച്ചു പോയി
“അങ്ങനെ തന്നെ “
അവൾ അടുത്ത് വരുമ്പോൾ ഹൃദയത്തിൽ ഒരു കടൽ ഇളകും..തന്റെ ഹൃദയത്തിലും ഒരു കടൽ…ഹരിക്ക് അതിശയം ആയിരുന്നു. അവൾ വന്നു പോകുമ്പോഴൊക്കെ തിരയിളക്കങ്ങൾ ഉണ്ടായി കൊണ്ട് ഇരുന്നു
അവൾ ഭക്ഷണം കൊണ്ട് വന്നു
“ഇന്ന് ഇഡലിയാണ്.. ഞാൻ പറഞ്ഞിട്ടാ. ആവിയിൽ പുഴുങ്ങിയത് മതി ന്ന്.. അപ്പൊ അനന്തു ചോദിക്കുവാ കോഴിമുട്ട തരട്ടെ എന്ന് ചെക്കന്റെ തലയ്ക്കു ഒരു കൊട്ട് കൊടുത്തു ഞാൻ. പനി പിടിച്ചു കിടക്കുന്ന ആളിന്
കോഴി മുട്ട “
അവൾ ഇഡലിക്ക് മുകളിൽ ചൂട് ചട്ണി ഒഴിച്ച് മടിയിൽ വെച്ച് കൊടുത്തു
“അഞ്ജലി പോയി കഴിക്ക് ഓഫീസിൽ പോകണ്ടേ?”
“ഇന്ന് പോണില്ല “
അവൾ അവന്റെ അരികിൽ ഇരുന്നു അവന്റെ പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം ഇഡലി ചട്ണിയിൽ മുക്കി കഴിച്ചു
“പനി പകരും ” അവൻ മുന്നറിയിപ്പ് നൽകി
“പകരാൻ ആണെങ്കിൽ അന്ന് രാത്രി പകരണമല്ലോ “അവൾ പറഞ്ഞു
“ഏത് രാത്രി? എടി മഹാപാപി തോന്ന്യാസം പറയരുത് ഞാൻ അത്തരക്കാരൻ നഹി ഹേ.. വല്ലോരും കേട്ടോണ്ട് വന്ന എന്റെ മാനം “അവൻ നെഞ്ചിൽ കൈ വെച്ചു
അവൾ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു അവളുടെ ശിരസ്സിൽ കയറി ചുമയ്ക്കാൻ തുടങ്ങി
“ഇന്നാ വെള്ളം കുടി. ചുമച്ചു ചാവണ്ട “
അവൾ വെള്ളം കുടിച്ചു. ചുമ അടങ്ങിയപ്പോ അവൾ അവനിട്ടു ഒന്ന് കൊടുത്തു
“അയ്യടാ ആള് കൊള്ളാല്ലോ. അച്ഛൻ പറയും ഹരി പാവാ.. പാവം നല്ല പാവം ആണ്.. എന്റെ ഈശ്വര ഇങ്ങനെ ഒരു സാധനം…”
“എന്താ എനിക്ക് ഒരു കുഴപ്പം? പാവല്ലേ?”
“കുന്തം. ദുഷ്ടനാ കണ്ണിൽ ചോര ഇല്ലാത്തവൻ “
“ശേ എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ “
“പോടാ പ* ട്ടി “
“ഇപ്പൊ നിന്റെ സ്റ്റാൻഡേർഡ് കറക്റ്റ് ആയി അഞ്ജലി.. ഇത് ഇങ്ങനെ കീപ് ചെയ്തോ ” അവൾ അവനെ ഒരു ഇടി ഇടിച്ചു
“എടി എന്നെ ഇങ്ങനെ ഉപദ്രവിക്കല്ലെന്ന്.. അല്ല കൊച്ചേ സത്യത്തിൽ നീ അന്ന് രാത്രി നിയന്ത്രണം വിട്ട് പെരുമാറിയോ?എന്റെ ചാ രിത്ര്യം നീ കവർന്നെടുത്തോടി?”
“അയ്യേ… ശേ…. ദേ..” അവൾ മേശപ്പുറത്ത് ഇരുന്ന ഫ്ലവർവേസ് എടുത്തോങ്ങി
“അഞ്ജലി..” അച്ഛൻ
അവൾ അത് മേശപ്പുറത്ത് വെച്ചു
“എന്നെ കൊ* ല്ലാൻ നോക്കിയതാ ” അവൻ മുഖത്ത് നിഷ്കളങ്കത അഭിനയിച്ചു
“ഈശ്വര..! അച്ഛാ ശ്രീ എന്നോട് പറഞ്ഞത്…” അവൾ അത് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് നിർത്തി
“പറ പറ ഞാൻ എന്താ പറഞ്ഞെന്ന് പറ “
ഹരി
“എന്നെ കളിയാക്കി ” അത്രയും പറഞ്ഞു അവൾ മുറി വിട്ട്പോയി
“എങ്ങനെ ഉണ്ട് മോനെ?”
അയാൾ അവന്റെ ക്ഷീണിച്ചു പോയ മുഖത്ത് തലോടി
” ക്ഷീണിച്ചു.പാവം എന്റെ കുഞ്ഞ് ” ഹരി മന്ദഹസിച്ചു
അയാളുടെ സ്നേഹം അവന്റെ ഉള്ളിൽ തൊടുന്നുണ്ടായിരുന്നു
“നീ വേഗം സുഖം ആയി വാ. നിന്റെ ചുമലിൽ പിടിച്ചു വേണം എനിക്ക് ആദ്യത്തെ സ്റ്റെപ്പ് വെയ്ക്കാൻ “
ഹരി വിടർന്ന കണ്ണുകളോടെ അയാളെ നോക്കി. ബാലചന്ദ്രൻ അവന്റെ നിറുകയിൽ ഒരുമ്മ കൊടുത്തു
“എന്റെ മോൻ കിടന്നോ.ആ വഴക്കാളി പെണ്ണിന്റെ കയ്യിൽ നിന്ന് മേടിക്കാതെ നോക്കണം “
ഹരി ചിരിച്ചു കൊണ്ട് തലയാട്ടി
കുറെ നേരം കിടന്നപ്പോൾ അവന് മടുത്തു. ബാലചന്ദ്രൻ സാറിന് ഇന്ന് കുറെ സന്ദർശകർ ഉണ്ട്. അവൻ അഞ്ജലിയുടെ മുറിയിലേക്ക് ചെന്നു
അഞ്ജലി വസ്ത്രങ്ങൾ അടുക്കി വെയ്ക്കുകയായിരുന്നു
“ആഹാ മിടുക്കൻ ആയല്ലോ..സ്റ്റെപ് കയറാനുള്ള ആരോഗ്യമൊക്കെ വന്നല്ലോ “
“എന്താ പരിപാടി?ഹരി അലസമായി കണ്ണോടിച്ചു
“”വെറുതെ.. ” അലമാരയിൽ ചിലങ്ക ഇരിക്കുന്നതവൻ കണ്ടു
“ഇതാണല്ലേ വിശ്വ വിഖ്യാതമായ നാഗവല്ലിയുടെ ചിലങ്ക?”അവനത് കയ്യിൽ എടുത്തു
“അയ്യടാ ചളി “
“ഈ ചിലങ്ക ഒന്ന് കെട്ടിക്കേ “അവനത് കയ്യിൽ എടുത്തു
“ദേ ശ്രീ അതവിടെ വെച്ചേ.”
“അതെന്താ കെട്ടിയാല്?”
“എന്റെ ശ്രീ അതങ്ങനെ വെറുതെ കെട്ടാൻ പറ്റില്ല. ഞാൻ എല്ലാം മറന്നു ശ്രീ. വെറുതെ കെട്ടിയിട്ട് എന്തിനാ?”
“ഇത് കെട്ടുമ്പോൾ ഓർത്താലോ ചിലപ്പോൾ?”
അവനവളെ കട്ടിലിൽ പിടിച്ചിരുത്തി. പിന്നെ അവൻ നിലത്തിരുന്നു രണ്ടു കാലുകളും മടിയിൽ എടുത്തു വെച്ചു. അവൾ അവൻ ചെയ്യുന്നത് നോക്കി ചലിക്കാൻ കഴിയാതെ ഇരുന്നു പോയി. അവൻ അത് രണ്ടു കാലിലും കെട്ടി
“നോക്ക് എന്ത് ഭംഗിയാ ഈ കാലിൽ ഇത് കാണാൻ..” അവളുടെ ഉള്ളു വിറച്ചു
അവന്റെ കൈക്കുള്ളിൽ തന്റെ പാദങ്ങൾ. ഹരി കുനിഞ്ഞു അവളുടെ കാൽപാദങ്ങൾക്ക് മുകളിൽ അവന്റെ പനി ചൂടുള്ള മുഖം അമർന്നു
ഹരിയുടെ മീശ രോമങ്ങൾ അവളുടെ കാൽ വെള്ളയിൽ ഉരഞ്ഞു
ഹരി മുഖം മെല്ലെ ഒന്നുടെ ഉരസി. താടിയും മീശയും കാലുകളിൽ ഇക്കിളി ഉണ്ടാക്കി. അവൾ മെല്ലെ കാല് വലിക്കാൻ ശ്രമിച്ചു
“ശ്രീ..എന്താ ഈ ചെയ്യണേ?” അവൾ അടഞ്ഞ ഒച്ചയിൽ ചോദിച്ചു
ഹരിയുടെ മുഖം ചുട്ട് പഴുത്ത പോലെ ചുവന്നിരുന്നു
“എന്റെ പെണ്ണല്ലേ?’അവന്റെ ഒച്ച അടച്ചു
അവളത് ശരിക്കും കേട്ടില്ല
“ശ്രീ?”
ഹരി പാദങ്ങളിൽ അമർത്തി ചുംബിച്ചു. അവന്റെയാദ്യ ചുംബനം.. അഞ്ജലി കണ്ണുകൾ ഇറുക്കി അടച്ചു
“എന്റെ പെണ്ണല്ലേ?” വീണ്ടും ആ ശബ്ദം
അക്കുറി അതവൾ കേട്ടു. അഞ്ജലി നിറഞ്ഞ കണ്ണുകളോടെ നിലത്ത് ഇരുന്നാ മുഖം കയ്യിൽ എടുത്തു
“എന്താ പറഞ്ഞെ?”
“എന്റെ..എന്റെയല്ലേ?”ഹരിയുടെ ചുണ്ടുകൾ അവളുടെ കണ്ണുകളിൽ അമർന്നു
അവൾ വിങ്ങിപൊട്ടികരഞ്ഞു കൊണ്ട് അവനെ ഇറുകെ കെട്ടിപ്പുണർന്നു
ശ്രീഹരി ഒരു നിമിഷം സ്വയം നിയന്ത്രിച്ചു. അവളെ നെഞ്ചിൽ അടക്കിപ്പിടിച്ചു. പിന്നെ മെല്ലെ പറഞ്ഞു
“അഞ്ജലി.. എനിക്ക് നിന്റെ പാട്ട് കേൾക്കണം. നിന്റെ നൃത്തം കാണണം.ഹരിയുടെ പെണ്ണ് ഒന്നിൽ നിന്നും മാറി നിൽക്കരുത്..ഒന്നിൽ നിന്നും”
അവൾ അവിശ്വസനീയതയോടെ അവനെ നോക്കി
“ഇത് തമാശയാണോ ശ്രീ?”
“അല്ല.. ശ്രീഹരിയുടെ പെണ്ണാ നീ. ഇന്ന് മുതൽ…”
അവന്റെ മുഖം ഗൗരവത്തിൽ തന്നെ ആയിരുന്നു
“പക്ഷെ ഞാൻ…. എനിക്ക് “
“എന്നെ ഇഷ്ടല്ലേ നിനക്ക്?”
“ജീവനാണ് ” അവൾ തളർച്ചയോടെ ആ ചുമലിലേക്ക് മുഖം അണച്ചു
“പിന്നെന്താ?”
“അറിയില്ല എനിക്ക്… പേടിയാ.അച്ഛൻ, ചേച്ചിമാര് അവരുടെ ഭർത്താക്കന്മാർ ബന്ധുക്കൾ എല്ലാരുടെയും നോട്ടത്തിനെ…”
ഹരി ആ മുഖം കൈകളിൽ എടുത്തു
“ഞാൻ ഒത്തിരി ആലോചിച്ചു.. ഒരു പാട്.. എന്നിട്ട് ഉറപ്പിച്ചതാ… ഒന്നുറപ്പിച്ചാ എതിരിൽ നിൽക്കുന്നത് ആരാണെങ്കിലും അത് എനിക്ക് ആരുമല്ല. ഒന്നുമല്ല “
“അച്ഛൻ?”
“സമ്മതിക്കും.സമയം എടുക്കും.പക്ഷെ സമ്മതിക്കും.. ഞാൻ ഉടനെ പോകും.. പക്ഷെ എവിടെ ആണെങ്കിലും ശ്രീ നിന്റെയാ.. നിന്റെ മാത്രം. നീ എന്റെയും. അതോർമ്മ വേണം. ആ ധൈര്യം വേണം. ശ്രീഹരിയുടെ പെണ്ണ് ഒരു തൊട്ടാവാടി ആകരുത്..”
അവൾ അവന്റെ കണ്ണിലേക്കു നോക്കികൊണ്ട് ഇരുന്നു
“മനസ്സിലായോ?” അവൾ തല കുലുക്കി
“എന്നാ എനിക്ക് വേണ്ടി ഒരു പദം ആട്. ഞാൻ പാടാം “
“ഇപ്പോഴോ?”
“ഞാൻ ആകെ തളർന്നു ശ്രീ..”അവൾ ലജ്ജയോടെ പറഞ്ഞു അവനവളെ കൈകളിലുയർത്തി നേരേ നിർത്തി
“കുറച്ചു മതി. പക്ഷെ എനിക്ക് കാണണം അഞ്ജലി ” അവൻ അവളെ വിട്ട് പിന്നിലേക്ക് മാറി
അഞ്ജലി നേരിയത് മുണ്ട് ലേശം ഉയർത്തി മടിക്കുത്തിൽ ചേർത്തു. അഴിഞ്ഞുലഞ്ഞ മുടി കെട്ടി
“കരുണ ചെയ്‌വാനെന്ത് താമസം കൃഷ്ണ..” ഹരി പാടി
അഞ്ജലി മെല്ലെ ചുവടുകൾ വെച്ചു. പദം തീരും വരെ അവൾ നൃത്തം ചെയ്തു കൊണ്ട് ഇരുന്നു. പാടി തീർന്നപ്പോൾ വിയർത്തു തളർന്നവൾ അവന്റെ മാറിൽ വീണു. ഹരി ആ ഉടൽ തന്നോട് ചേർത്ത് പിടിച്ചു
“എന്റെ നാട്ടിലെ അടുത്ത ഉത്സവത്തിന് നീ നൃത്തം ചെയ്യും.”
“ശ്രീ പാടുമെങ്കിൽ മാത്രം ” അവൾ മന്ത്രിച്ചു
ഹരി കുനിഞ്ഞ് ആ നിറുകയിൽ ചുംബിച്ചു. അഞ്ജലി കണ്ണുകൾ അടച്ചങ്ങനെ ചേർന്നു നിന്നു
അവന്റെ ഹൃദയമിടിപ്പറിഞ്ഞങ്ങനെ…
(തുടരും )