ശ്രീഹരി ~ അധ്യായം 15, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മാളിൽ നല്ല തിരക്കായിരുന്നു

“ഏതെങ്കിലും ചെറിയ കടയിൽ മതിയാരുന്നു. ടൗണിൽ വന്നിട്ട് പോകുമ്പോൾ തോമസ് ചേട്ടനും മേരി ചേച്ചിക്കും എന്തെങ്കിലും കൊണ്ട് കൊടുക്കുന്ന പതിവുണ്ട്. പിന്നെ ജെന്നി. അവൾ ഉറപ്പായും ചോദിക്കും എന്താ കൊണ്ട് വന്നെയെന്ന്. പിന്നെ കുറച്ചു കുട്ടികൾ ഉണ്ട്. എല്ലാരും പാവങ്ങൾ ആണ് ട്ടോ..അവർക്ക് കുറച്ചു മുട്ടായി… അത്രേ ഒക്കെ മതി “

അവൾ ചിരിച്ചു

“അതേയ് ഇവിടെ ഡിസ്‌കൗണ്ട് ഓഫർ ഉള്ള ദിവസമാണ് ഇന്ന്. ചെറിയ കടകളിൽ കിട്ടുന്നതിലും ലാഭത്തിനു കിട്ടും ഇവിടെ.”

“ഉവ്വോ?”

“ഉവ്വെന്നേ “

അവൾ അവന്റെ കൈ പിടിച്ചു നടന്നു

“അഞ്ജു…”ഒരു വിളിയൊച്ച

“ഈശ്വര ലത ചെറിയമ്മയുടെ മോള്..”

“ഇത് നിത. അച്ഛന്റെ അനിയത്തിയുടെ മോളാ ” അവൾ ഹരിയോട് പറഞ്ഞു

നിത ഹരിയെ ഒന്ന് അടിമുടി നോക്കി

“ഇതാരാ അഞ്ജു?”

ഹരി അഞ്ജലി എന്താ പറയുക എന്ന് കൗതുകത്തോടെ നോക്കി നിന്നു

“അച്ഛന്റെ ഫ്രണ്ട് ന്റെ മോനാ. ശ്രീഹരി.”

“എന്താ ചെയ്യുന്നേ? ജോലി എവിടെ ആണ്?”

“ശ്രീഹരി കൃഷിക്കാരനാണ് ” ഹരിക്ക് ആ മറുപടി ഇഷ്ടപ്പെട്ടു

അവൾ സത്യം പറഞ്ഞു

“ഓ..”നിതയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞു

“വല്യച്ഛൻ ഇപ്പൊ ഓകെ യല്ലേ? അമ്മ അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞിരുന്നു “

“ആ അച്ഛൻ ഓകെ ആയി.. ശരി ഞങ്ങൾക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്… പോട്ടെ “

അവൾ യാത്ര പറഞ്ഞു നീങ്ങി

“ഭയങ്കര സാധനമാ ആ പെണ്ണ്. ഇപ്പൊ തന്നെ എല്ലാവർക്കും മെസ്സേജ് പോയിട്ടുണ്ടാകും നമ്മിടെ ഫോട്ടോയും എടുത്തിട്ടുണ്ടാകും. നോക്കിക്കോ “

ഹരി ഒന്നും അറിയാത്ത പോലെ ഒന്നു തിരിഞ്ഞ് നോക്കി

അഞ്ജലി പറഞ്ഞത് കറക്റ്റ് ആയിരുന്നു. അവൾ ഫോട്ടോ എടുക്കുന്നത് അവൻ കണ്ടു.

“ഇതൊക്കെ എന്ത് തരം ജീവികളാ?” അവൻ ചിരിച്ചു പോയി

“rare species.. അപൂർവ ഇനങ്ങളാ “

“വേറെ ഉണ്ടോ ഈ സൈസ്?”

“ഇഷ്ടം പോലെ. അച്ഛന്റെ കുടുംബത്തിൽ ആണ് കൂടുതൽ. അമ്മയുടെ ഫാമിലി മുംബൈലാ അത് കൊണ്ട് ഇത്രയും ശല്യം ഇല്ല.”

“എനിക്ക് പിന്നെ ഫാമിലിയെ ഇല്ലാത്ത കൊണ്ട് ഇത്തരം ശല്യങ്ങൾ ഇല്ല “

അവൻ കൈകൾ വിടർത്തി

“അയ്യോ സത്യം. ഒരു തരത്തിൽ പറഞ്ഞാൽ ഇത് പോലെ ഉള്ള ഫാമിലി മെംബേർസ് ഇല്ലാതിരിക്കുന്നതാ മനസമാധാനം..”

അവൾ അവനോട് പറഞ്ഞു

ഒരു കൂട്ടം ചെറുപ്പക്കാർ അവരെ കടന്നു നടന്നു പോയി

കൂട്ടത്തിൽ ഒരുവന്റെ കൈ അവളുടെ മാറിൽ ഒന്നു തട്ടി “ശേ “എന്ന് പറഞ്ഞു അവൾ മാറിയതും അവൻ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.

അവൾ എന്താ സംഭവിച്ചത് എന്ന് ഒന്നുടെ നോക്കി

വീണവൻ എണീറ്റു വരുന്നു. ഹരി മുഖമടച്ച് ഒന്നുടെ കൊടുത്തു

അവന്റെ മുഖം നിറഞ്ഞ ചോര കണ്ട് കണ്ടു നിന്നവർ നിലവിളിച്ചു പോയി

“ശ്രീ വേണ്ട..”അവൾ അവന്റെ കൈ പിടിച്ചു

അവന്റെ ഒപ്പം വന്നവർ അവന് ചുറ്റും നിറഞ്ഞു. ആൾക്കാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നു

ശ്രീഹരി  അഞ്ജലിയോട് മാറി നിക്കാൻ കണ്ണ് കാണിച്ചു

അവൻ മുണ്ട് ഒന്നു മടക്കിക്കുത്തി

അവന്റെ അരികിലേക്ക് വന്നവരാരും വെറുതെ പോയില്ല.സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സംഘട്ടനമായിരുന്നു അവിടെ നടന്നത്.. പോലീസ് എത്തിയപ്പോൾ അത് അവസാനിച്ചു

“ഇവളോട് മോശമായി പെരുമാറിയത് കൊണ്ടാ “

അവൻ കാര്യം ചോദിച്ചു വന്ന പോലീസ്കാരനോട് പറഞ്ഞു

“അവർ പലരോടും മോശമായി പെരുമാറി സാർ “

വേറെ പെൺകുട്ടികളും അതേറ്റു പറഞ്ഞു

“ഇവർ ഇവിടെ സ്ഥിരമായി കറങ്ങുന്ന ഒരു ഗ്രൂപ്പ്‌ ആണ്.. വരുന്ന പെൺകുട്ടികളെ ശല്യം ചെയ്യലാണ് മെയിൽ പരിപാടി.. ഞങ്ങളു പറഞ്ഞാൽ ഞങ്ങളെ തല്ലും എല്ലാം ഡ്രഗ്ഗ്സ് ആണ് സാറെ “

ഒരു കടയുടമസ്ഥൻ പറഞ്ഞു

“പേരെന്താ?”പോലീസ് അവനോട് ചോദിച്ചു

“ശ്രീഹരി “

“ആ ശ്രീഹരി.. സ്റ്റേഷനിൽ വരെ ഒന്നു വരണം.. നിങ്ങൾ ചെയ്തതും തെറ്റാ. പോലീസ് പിന്നെ എന്തിനാ?”

“നിങ്ങളെ വിളിച്ചു വരുമ്പോഴേക്കും അവന്മാർ പോകും. അങ്ങനെ ഇപ്പൊ ഒരു പെണ്ണിന്റെ ദേഹത്ത് പിടിച്ചിട്ട് വെറുതെ പോകാൻ പാടില്ലല്ലോ. സ്റ്റേഷനിൽ ഞാൻ വന്നോളാം. ഇവളെ വീട്ടിൽ വിട്ടിട്ട് “

പോലീസ് അത് സമ്മതിച്ചു

അവന്റെ ചുറ്റും ആള് കൂടി

“നന്നായി ട്ടോ “എല്ലാരും പറഞ്ഞു. കുറച്ചു പേര് സെൽഫി എടുത്തു

“ചേട്ടാ ചേട്ടൻ ഈ പാട്ട് പാടുന്ന ശ്രീഹരി തന്നെ അല്ലെ?”

ഒരു പെൺകുട്ടി ചോദിച്ചു

“അതേ “

“എന്റെ ചേട്ടൻ നിങ്ങൾടെ നാട്ടിൽ ഉത്സവത്തിന് വന്നിട്ടുണ്ട്. അപ്പൊ മൊബൈലിൽ ചേട്ടന്റെ പാട്ട് റെക്കോർഡ് ചെയ്തു ഞാൻ കണ്ടിട്ടുണ്ട്. ദൂരെന്ന് ആയത് കൊണ്ട് ക്ലിയർ അല്ല അതാ ചോദിച്ചേ “

ശ്രീഹരി ചെറുതായി ചിരിച്ചു. അഞ്ജലിക്ക് ആ നടുക്കം വിട്ട് മാറിയില്ലായിരുന്നു

“എന്റെ ഈശ്വര എന്തൊരു തല്ല് ആയിരുന്നു. അവന്മാർ ച-ത്തു പോയേനെ..”

അവൾ പറഞ്ഞത് കേട്ട് അവൻ വെറുതെ ചിരിച്ചതേയുള്ളു

“പ്രൊഫെഷണൽ തല്ലുകാരനെ പോലെ ഉണ്ട്. പെർഫെക്ട് കട്ട്സ് “

“നീ വന്നേ. നിന്നേ വീട്ടിൽ വിട്ടിട്ട് സ്റ്റേഷനിൽ ചെല്ലാൻ ഉള്ളതാ “

“ഓ അതൊന്നും വേണ്ട അച്ഛൻ വിളിച്ചു പറഞ്ഞു “

“അതെപ്പോ?”

“ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു..അച്ഛന് സർപ്രൈസ് ആയി കാണും “

“ഹേയ് സാർ ഒരു തവണ കണ്ടിട്ടുണ്ട്. ഇതിലും വലുത് “

“എപ്പോ?”അവൾ കണ്ണ് മിഴിച്ചു

“അമ്പലത്തിൽ ഉത്സവത്തിന്..സാർ ഉണ്ടായിരുന്നല്ലോ അവിടെ. പുള്ളിക്ക് പെർഫോമൻസ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്നു “

“ആഹാ ബെസ്റ്റ്.. അപ്പൊ ഗു-ണ്ടയും കൂടെയാ” അവൻ പൊട്ടിച്ചിരിച്ചു

കുറച്ചു വസ്ത്രങ്ങൾ കുറച്ചു മധുരം.. തീർന്നു ഷോപ്പിംഗ്

എനിക്കൊന്നുന്നില്ലേ എന്നവൾ ചോദിച്ചില്ല ഹരി ആ ചോദ്യം പ്രതീക്ഷിച്ചെങ്കിലും

ഇടക്ക് അവൾ പോയി വേറെ എന്തൊക്കെയോ വാങ്ങി വന്നു

സ്ത്രീകളുടെ പേർസണൽ ആണ് മിസ്റ്റർ എന്നൊരു ഡയലോഗും പറഞ്ഞു

“വിശക്കുന്നു കഴിക്കാം നമുക്ക് “

ഹരി തലയാട്ടി. സത്യത്തിൽ അവളെ വിട്ട് പോകണമല്ലോ എന്ന് ചിന്തിക്കുമ്പോൾ തന്നെ അവന്റെ മനസ്സ് വാടി പോകുന്നുണ്ടായിരുന്നു

ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് കാർ അവൾ ഡ്രൈവ് ചെയ്തു കയറ്റുമ്പോൾ അവൻ ആ കയ്യിൽ ഒന്നു പിടിച്ചു

“കൊച്ചേ എന്റെ കയ്യിൽ കാശ് ഇല്ലാട്ടോ “

“എന്റെ കയ്യിൽ ഉണ്ടല്ലോ..”

അവൾ പുഞ്ചിരിച്ചു

ഭക്ഷണം കാത്തിരിക്കുമ്പോൾ അവൻ മൗനമായി ഇരിക്കുന്ന കണ്ട് അവളാ കയ്യിൽ ഒന്നു തൊട്ട് വിളിച്ചു

“ഇപ്പൊ ഞാൻ ചിലവാക്കുന്ന കാശ് എല്ലാം എനിക്ക് പിന്നെ തിരിച്ചു തന്നോളൂ.അതോർത്തു ചിന്തിച്ചു വിഷമിക്കണ്ട “

അവൻ അത്ഭുതപ്പെട്ടു പോയി

സത്യത്തിൽ അത് തന്നെ ആയിരുന്നു അവൻ ചിന്തിച്ചു കൊണ്ട് ഇരുന്നതും. ആരുടെയും ഔദാര്യത്തിൽ ഇത് വരെ അവൻ ഒരു നാരങ്ങ വെള്ളം പോലും കുടിച്ചിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ ഒരു വല്ലായ്മ ഉണ്ടായിരുന്നു താനും.

“നിനക്ക് മൈൻഡ് റീഡിങ് അറിയാമോ?”

“എന്റെ ചെക്കന്റെ മൈൻഡ് ഞാൻ അറിഞ്ഞില്ലെങ്കിൽ പിന്നെ ആര് അറിയും?”

അവന്റെ കണ്ണ് നിറഞ്ഞു

“അഞ്ജലീ… ഞാൻ എങ്ങനെ നിന്നേ കാണാതെ ജീവിക്കും എന്ന് ഇപ്പൊ അറിയില്ലാടി. ഒരു പേടി പോലെ “

അഞ്ജലി മെല്ലെ ആ കയ്യിൽ ഒന്നു കൈ കോർത്തു

“ശ്രീഹരി right?” ഒരു ചെറുപ്പക്കാരൻ വന്നു ചോദിച്ചു

“അതേ…..”

“ഞാൻ ഒരിക്കൽ ശ്രീഹരിയേ വിളിച്ചിട്ടുണ്ട് ഓർമ്മയുണ്ടോ?”

“ഇല്ല ആരാണ്?”

“ഞാൻ മാധവ്.എ ആർ റഹ്മാൻ സാറിന്റെ സ്റ്റാഫ്‌ ആണ്.. വയലിനിസ്റ്റ് ആണ്. ഒരിക്കൽ ഒരു പാട്ട് പാടാൻ വിളിച്ചിരുന്നു. സാർ നിങ്ങളുടെ പാട്ട് കേട്ടിട്ട് വിളിപ്പിച്ചതാണ് “

ഹരിക്ക് ഓർമ വന്നു

“പക്ഷെ ഞാൻ കരുതിയത് എന്നെ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ്”

ഹരി ചിരിയോടെ പറഞ്ഞു

“അന്നെന്നെ നല്ല ചീത്ത പറഞ്ഞു കട്ട്‌ ചെയ്തു.” ഹരി തലയാട്ടി

“സോറി ട്ടോ സത്യം ആയിട്ടും അത് പ്രാങ്ക് ആണെന്നാ ഞാൻ വിചാരിച്ചത്..”

“എനിക്ക് തോന്നി. വാട്സാപ്പ് ഒന്നുമില്ല അല്ലെ?”

“ഹേയ് അത് എനിക്ക് ആവശ്യമില്ല. ഒരു ചെറിയ ഫോൺ വിളിക്കാൻ ഇത് മതി “ഹരി ഫോൺ കാണിച്ചു

“പക്ഷെ മിസ്സ് ചെയ്തത് വലിയ ഒരു അവസരമായിരുന്നു “

“നമുക്ക് ഉള്ളത് നമുക്ക് വരും മാധവ്. അത് എത്ര വൈകിയാണെങ്കിലും..എന്തായാലും പരിചയപ്പെട്ടതിൽ സന്തോഷം.”

“ഇനി കാൾ വിളിച്ചാൽ തെറി വിളിക്കരുത് പ്ലീസ് ” ഹരി പൊട്ടിച്ചിരിച്ചു പോയി

“ഇത്? are you married?” അയാൾ അഞ്ജലിയേ നോക്കി ചോദിച്ചു

“റിലേഷനിലാണ്… “

“അപ്പൊ ശരി. ആശംസകൾ. കല്യാണത്തിന് വിളിക്കാൻ മറക്കണ്ട. നമ്പർ ഇതാണ്.സേവ് ചെയ്തേരെ. ഒരു തെറി ഒഴിവാക്കാൻ ആണേ ” ഹരി ചിരിയോടെ ആ നമ്പർ സേവ് ആക്കി

അഞ്ജലി അമ്പരന്നിരിപ്പാണ്

ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ അവൾ ഓർത്തു

“അതേയ് എ ആർ റഹ്മാൻ സാർ എങ്ങനെ പാട്ട് കേട്ടു?”അഞ്ജലി ചോദിച്ചു

“എന്റെ ഗാനമേളയിൽ ഒരു പാട്ട് സാറിന്റെ ആയിരുന്നു. ദിൽ സേ എന്ന സിനിമയിലെ. ആരോ റെക്കോർഡ് ചെയ്തു യൂ ട്യൂബിൽ ഇട്ടു വൈറൽ ആയി എന്നൊക്കെ വിഷ്ണു,എന്റെ ഫ്രണ്ട് അവൻ പറയുന്നുണ്ടായിരുന്നു. അങ്ങനെ കണ്ടതാവും അറിയില്ല “

അവൾക്ക് അതിശയം തോന്നി. എത്ര നിസാരമായി അത് പറയുന്നു

വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ? ഇതു പോക്കി പിടിച്ചു നടന്നേനെ

“ശ്രീ… ശ്രീക്ക് ഒന്നിനോടും മോഹമില്ലേ?” അവൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു

“എങ്ങനെ?”

“അല്ല ഇങ്ങനെയൊക്കെ അവസരം കിട്ടുമ്പോൾ ആൾക്കാർ exited ആവില്ലേ? ശ്രീക്ക് പൊതുവെ ഒരു തണുപ്പ് മട്ടാ.ഒന്നിനോടും exitement ഇല്ലന്ന് തോന്നി. അത് കൊണ്ട് ചോദിച്ചതാ “

“ഉണ്ടല്ലോ..” അവൻ ആ ചുണ്ടിൽ ഒന്നു തൊട്ടു അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി

ഭാഗ്യം ആരുമില്ല

“എനിക്ക് ഇപ്പൊ ഒരു exitement ഉണ്ട്. ദേ ഇരിക്കുന്ന ഈ പെണ്ണിനോട്.. exitement എന്നൊന്നും പറഞ്ഞു ചെറുതാക്കാൻ പറ്റില്ല. അത് ഭ്രാന്ത് തന്നെ. ഭ്രാന്ത് എന്ന് വെച്ചാൽ മുഴു ഭ്രാന്ത് “ഹരിയുടെ ശബ്ദത്തിൽ പ്രണയം നിറഞ്ഞു

അവളുടെ മുഖം ചുവന്നു തുടുത്തു

“എനിക്കും “അവൾ മന്ത്രിച്ചു

(തുടരും )