എനിക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് എന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യണമെങ്കിൽ നമ്മള് ഇവിടുന്ന് മാറിയേ പറ്റു…

Tamil Actress Sandra Amy Stills in Sivappu Enakku Pidikkum Movie

എഴുത്ത്: ശിവ
==========

“ദീപു…നമുക്ക് താമസിക്കാൻ വേറൊരു വീട് നോക്കാം. ഇവിടെ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.”

“നിനക്കെന്താ മീനു ഇവിടെ ബുദ്ധിമുട്ട്? എന്റെ അമ്മയോ അച്ഛനോ നിന്നോട് വല്ലോം പറഞ്ഞോ?”

“ഒരു വഴക്ക് ആദ്യമേ ഉണ്ടായി പിണക്കമുണ്ടാവുന്നതിനേക്കാൾ നല്ലതാണ് നേരത്തെ മാറുന്നതെന്ന് എനിക്ക് തോന്നുന്നു.”

“അതിന് മാത്രം ഇവിടിപ്പോ എന്താ നിന്റെ പ്രശ്നം.” ദീപു മനസ്സിലാകാത്ത ഭാവത്തിൽ ഭാര്യയെ നോക്കി.

ദീപുവിന്റെയും മീനുവിന്റെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞു ഒരു മാസമായപ്പോഴേക്കും മീനുവിന്റെ വീട് മാറണമെന്നുള്ള ആവശ്യം കേട്ട് ദീപു ഒന്ന് ഞെട്ടാതിരുന്നില്ല.

ദീപുവും മീനും വർക്ക്‌ ചെയ്യുന്നത് ഒരേ കമ്പനിയിലാണ്. അവിടെ വച്ച് കണ്ടുള്ള ഇഷ്ടമാണ് ഇരുവരുടെയും വിവാഹത്തിൽ കലാശിച്ചത്.

“ദീപൂന്റെ അമ്മയ്ക്ക് തീരെ വൃത്തിയില്ല. ഒന്നിലും ഒരു അടുക്കും ചിട്ടയുമില്ല. എന്റേതായ രീതിയിൽ ഒരു കാര്യവും എനിക്കിവിടെ ചെയ്യാൻ കഴിയുന്നില്ല.

അടുക്കളയാണെങ്കിൽ ഒരു വൃത്തിയുമില്ല. സിങ്ക് വൃത്തിക്ക് കഴുകില്ല. പാത്രങ്ങൾ കഴുകിയ അഴുക്ക് അതുപോലെ കാണും. ചോറും കറികളും ആക്കുന്നത് പോലും ഒട്ടും വൃത്തിയിലും ശ്രദ്ധയിലുമല്ല. ഞാൻ എന്തെങ്കിലും ഉണ്ടാക്കാൻ പോയാൽ സഹായിച്ചാൽ മാത്രം മതി ബാക്കി അമ്മ ചെയ്തോളാന്ന് പറയും. പിന്നെ ഞാനെന്ത് ചെയ്യാനാ. അമ്മയോട് വഴക്കിന് നിക്കാൻ പറ്റില്ലല്ലോ.”

“എന്റെ അമ്മ നല്ല വൃത്തിയുള്ള ആള് തന്നെയാ. എന്നും രാവിലെ ഈ വീട്ടിൽ ആദ്യം കുളിക്കുന്നത് അമ്മയാ. അല്ലാതെ നിന്നെപ്പോലെ പോ-ത്ത് പോലെ കിടന്നുറങ്ങി മേലും കഴുകി ലിപ്സ്റ്റിക് ഇട്ട് ഓഫീസിൽ പോകുന്ന പോലെയൊന്നുമല്ല അമ്മ നടക്കണേ.”  ദീപുവിന്റെ ആ ഉപമ അവളെ ശരിക്കും ദേഷ്യം പിടിപ്പിച്ചു.

“ദിവസവും രാവിലെ എഴുന്നേറ്റ് ആദ്യം കുളിക്കുന്നതാണോ ദീപുവിന്റെ കണ്ണിൽ വൃത്തി. കഷ്ടം…നിന്റെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. ആഹാരത്തിന് മുൻപ്പിലിരിക്കുമ്പോ തന്നെ ഓക്കാനം വരും. സ്വയം വല്ലതും ഉണ്ടാക്കി കഴിക്കാന്ന് വച്ചാൽ അമ്മയുണ്ടാക്കിയത് മോൾക്ക് ഇഷ്ടായില്ലെങ്കി മോൾക്ക് ഇഷ്ടമുള്ളത് പറഞ്ഞാൽ അമ്മ ഉണ്ടാക്കി തന്നോളം എന്ന് പറഞ്ഞ് പുറകേ വരും. അമ്മേടെ മുഖത്തു നോക്കി അമ്മയ്ക്ക് വൃത്തി കുറവ് ഉള്ളത് കൊണ്ടാ ഞാൻ ഭക്ഷണം കഴിക്കാൻ മടിക്കുന്നതെന്ന് എങ്ങനെ പറയും?”

“മീനു നീ വെറുതെ നിന്റെ ഭാഗം ജയിക്കാൻ വായിൽ തോന്നിയത് വിളിച്ചു പറയരുത്. വീട് മാറാൻ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ അത് അങ്ങനെ തന്നെ പറയ്യ്. അല്ലാതെ അമ്മയുടെ മേൽ ഇല്ലാത്ത ആരോപണം ഉന്നയിച്ച് അതിന്റെ പേരിലാ വീട് മരണമെന്ന് പറഞ്ഞതെന്ന് വരുത്തി തീർക്കേണ്ട.”

“എനിക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് എന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യണമെങ്കിൽ നമ്മള് ഇവിടുന്ന് മാറിയേ പറ്റു. അമ്മയുടെ രീതികളുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിയില്ല. വെറുതെ നിന്റെ അമ്മയെ കുറ്റം പറയാൻ എനിക്ക് വട്ടൊന്നുമില്ല.”

“എന്റെ അമ്മയെ കുറ്റപ്പെടുത്തിയുള്ള നിന്റെ സംസാരം ഇതോടെ നിർത്തിക്കോ. എന്റെ അമ്മയെ കുറിച്ച് ഇങ്ങനെയൊന്നും പറയുന്നത് കേൾക്കാൻ എനിക്ക് താല്പര്യമില്ല.”

“ദീപൂ.. പ്ലീസ്…വെറുതെ വീട് മാറാൻ വേണ്ടി ഇല്ലാത്ത കാരണമൊന്നും ഉണ്ടാക്കി പറഞ്ഞതല്ല ഞാൻ. സത്യമായും എനിക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല.”

“നീ നിന്റെ സ്വന്തം അമ്മയെ പോലെ എന്റെ അമ്മയെ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളു.”

“എന്റെ അമ്മയാണ് ഇങ്ങനെ കാണിച്ചതെങ്കിൽ പറഞ്ഞു തിരുത്തിക്കും ഞാൻ. അല്ലാതെ എന്തെങ്കിലും കാണിക്കട്ടെ എന്ന് കരുതി മൈൻഡ് ചെയ്യാതെ നിൽക്കില്ല. ദീപുന്റെ അമ്മയെ ഞാൻ എന്റെ അമ്മയെ പോലെ തന്നെയാ കണ്ടിരുന്നത്. പക്ഷേ ദീപൂന്റെ അമ്മയ്ക്ക് ഞാൻ മരുമകൾ തന്നെയാ.

കഴിച്ച പാത്രം അമ്മയ്‌ക്കൊന്ന് വൃത്തിയിൽ കഴുകി വച്ചൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാനെന്തോ അപരാധം പറഞ്ഞ പോലെ അനിഷ്ടത്തോടെ എന്നെയൊരു നോട്ടം. എന്നിട്ട് പറയാ ഞാൻ ഇന്നും ഇന്നലെയൊന്നുമല്ല ഇത് തുടങ്ങിയിട്ട്… ഒരു വീട് എങ്ങനെ കൊണ്ട് പോണോന്ന് എനിക്കറിയാം. നീയിനി എന്റെ കുറ്റവും കുറവും ചികയാൻ നടക്കേണ്ടെന്ന്.”

“അമ്മ പറഞ്ഞതിൽ എന്താ തെറ്റ്.”

“ഒരു തെറ്റുമില്ല…വല്ലപ്പോഴാണ് ഇങ്ങനെയെങ്കിൽ പോട്ടെന്നു വയ്ക്കാം. പക്ഷേ ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാ അമ്മേടെ വൃത്തിയില്ലായ്‌മ. എന്തെങ്കിലും പറഞ്ഞ അതൊട്ട് ഇഷ്ടപ്പെടില്ല. “

“ഇക്കാര്യത്തിൽ എനിക്ക് നിന്നോട് കൂടുതൽ ഒന്നും സംസാരിക്കാനില്ല. വെറുതെ ഈയൊരു പേരിൽ നമ്മൾ തമ്മിൽ വഴക്ക് വേണ്ട.” ദേഷ്യത്തോടെ ദീപു റൂമിൽ നിന്ന് ഇറങ്ങിപ്പോയി.

ദീപുവിന്റെ പെരുമാറ്റത്തിൽ മീനുവിന് നല്ല സങ്കടം വന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ ബെഡിലേക്ക് വീണു. എന്തൊക്കെ സംഭവിച്ചാലും വിട്ട് കൊടുക്കില്ലെന്ന വാശി മീനുവിലും നിറഞ്ഞു.

സെപറേറ്റ് മാറി താമസിക്കാൻ വേണ്ടി ഭാര്യ തന്റെ അമ്മയെ കുറ്റപ്പെടുത്തി ഓരോന്ന് പറയുന്നതെന്ന ചിന്തയായിരുന്നു ദീപുവിന്. അച്ഛന്റേം അമ്മേടേം ഒറ്റ മോനായ അവന് അവരുടെ അടുത്ത് നിന്ന് മാറി താമസിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എങ്കിലും മീനു പറഞ്ഞതിൽ വല്ല വാസ്തവവുമുണ്ടോന്ന് അവനൊന്ന് ചിന്തിക്കാതിരുന്നില്ല.

രാത്രി എല്ലാവരും അത്താഴത്തിന് ഇരിക്കുമ്പോ മീനു കഴിക്കാൻ വന്നില്ല.

“മീനു കഴിക്കാൻ വരാത്തതെന്താ മോനേ?” അമ്മ ഭാമിനി ചോദിച്ചു.

“അവൾക്ക് നല്ല വയറ് വേദനയാണ്. ഒന്നും വേണ്ടെന്ന് പറഞ്ഞു.”

“രാത്രി അത്താഴ പട്ടിണി കിടക്കുന്നത് നല്ലതേയല്ല. ഈ കുട്ടിയോട് എത്ര പറഞ്ഞാലും മനസിലാകില്ല. അവളെ ഞാൻ ചെന്ന് വിളിച്ചോണ്ട് വരാം.” എന്ന് പറഞ്ഞ് മരുമകളെ വിളിക്കാൻ പോകുന്ന അമ്മയെ കണ്ട് അവന്റെ കണ്ണ് നിറഞ്ഞു.

ഇത്രയും സ്നേഹമുള്ള അമ്മയെ ആണല്ലോ അവൾ കുറ്റം പറഞ്ഞതെന്ന്.

ദീപുവിന്റെ അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വരുമെന്ന് ഊഹമുണ്ടായിരുന്നതിനാൽ ഉറക്കം നടിച്ചവൾ കിടന്നു. റൂമിൽ ചെന്ന് നോക്കിയപ്പോൾ ഉറങ്ങുന്ന മീനുവിനെ കണ്ട് ഉണർത്തെണ്ടെന്ന് കരുതി ഭാമിനി തിരിച്ച് വന്നു.

“എന്താ അമ്മേ? അവള് വന്നില്ലേ?”

“മീനു ഉറങ്ങിപ്പോയി…ഇനിയിപ്പോ ഉറങ്ങിക്കോട്ടെ. ജോലി കഴിഞ്ഞു വരുന്നതല്ലേ ക്ഷീണം കാണും.” തന്റെ പാത്രത്തിൽ ചോറ് വിളമ്പി അവരും അവർക്കൊപ്പം ഇരുന്നു.

കുറച്ചു സമയം കഴിഞ്ഞു അച്ഛൻ കഴിച്ച പാത്രവും അമ്മ കഴിച്ചതും എടുത്തുകൊണ്ട് ഭാമിനി അടുക്കളയിലേക്ക് പോകുന്നത് ദീപു നോക്കി ഇരുന്നു. അപ്പോഴും അവൻ കഴിച്ച് കഴിഞ്ഞിരുന്നില്ല.

മൊബൈൽ തോണ്ടിയിരുന്ന് വളരെ വൈകിയാണ് അവൻ എഴുന്നേറ്റത്. കഴിച്ച പാത്രം ടേബിളിൽ വച്ച് പോകേണ്ടെന്ന് കരുതി അതുമെടുത്തു അവൻ അടുക്കളയിൽ ചെന്നപ്പോ കണ്ടത് സിങ്കിൽ നിറഞ്ഞു കിടക്കുന്ന എച്ചിൽ പാത്രങ്ങളാണ്.

“അമ്മ പാത്രമൊന്നും കഴുകിയില്ലേ. ഇതൊക്കെ കഴിഞ്ഞു അമ്മ എപ്പോ കിടക്കാനാ. അമ്മയെ ഞാനെന്തെങ്കിലും ചെയ്യാൻ സഹായിക്കണോ?” താൻ കഴിച്ച പാത്രം കഴുകി വച്ചേക്കാമെന്ന ചിന്തയിൽ അവൻ പൈപ്പ് തുറന്നു.

“നീ പുതിയ ശീലങ്ങളൊന്നും തുടങ്ങണ്ട. ഇത്രയും നാൾ നിന്റെ പാത്രം കഴുകിയത് ഞാനല്ലേ…അതവിടെ ഇട്ടിട്ട് കൈ കഴുകി പോയി കിടന്ന് ഉറങ്ങാൻ നോക്ക്. ഇതൊക്കെ ഞാൻ രാവിലെ എഴുന്നേറ്റ് കഴുകി വയ്ക്കാറാ പതിവ്. നീ അടുക്കള കാര്യത്തിലൊന്നും തടയിടാൻ നിക്കണ്ട. എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.”

“അമ്മയ്ക്ക് എന്തെങ്കിലും സഹായത്തിന് എന്നെയോ മീനുനെയോ വിളിച്ചൂടെ.”

“എന്തിനു? ഇതൊക്കെ എനിക്ക് ചെയ്യാനുള്ളത് അല്ലേ ഉള്ളൂ. നീ പോയി കിടക്ക് മോനേ. രാവിലെ ജോലിക്ക് പോണ്ടേ.” ദീപുവിനെ അടുക്കളയിൽ നിന്ന് പറഞ്ഞു വിട്ട് അവർ അവിടുത്തെ വെളിച്ചം കെടുത്തി മുറിയിലേക്ക് കിടക്കാനായി പോയി.

തെല്ലൊന്ന് അസ്വസ്ഥമായ മനസ്സോടെ ദീപു മുറിയിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ മീനു ഉറക്കമായിരുന്നു. അവളെയൊന്ന് നോക്കി അവനും അവൾക്കരികിലായി കിടന്നു.

രാവിലെ പതിവില്ലാതെ ദീപു നേരത്തെ എണീറ്റ് അടുക്കളയിലേക്കാണ് ആദ്യം പോയത്. ഭാര്യ പറഞ്ഞതിൽ കഴമ്പൊന്നുമില്ലെങ്കിൽ ഇത്രേം സ്നേഹമുള്ള തന്റെ അമ്മയെ കുറ്റം പറഞ്ഞതിന് അവൾക്കിട്ട് രണ്ട് കൊടുക്കണം എന്ന ചിന്തയായിരുന്നു ദീപുവിന്.

അവൻ പോയി നോക്കുമ്പോ തലേന്നെത്തെ പാത്രമൊക്കെ കഴുകി സ്റ്റാൻഡിൽ വച്ചിട്ടുണ്ട്. അമ്മ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലും.

കഴുകി വച്ച തട്ടുകളിൽ ചിലയിടതൊക്കെ എച്ചിൽ ഉണങ്ങി ഇരിക്കുന്നത് അവൻ കണ്ടു.

“നീ നേരത്തെ എണീറ്റോ? അമ്മ ഇപ്പൊ ചായ തരാം.” അവനെ കണ്ടതും ചെയ്ത് കൊണ്ടിരുന്ന പണി നിർത്തി അവർ വേഗം മകന് ചായയിട്ട് നൽകി.

അമ്മയോ അച്ഛനോ കുടിച്ച് വച്ച ഗ്ലാസ്‌ ഒന്ന് വെള്ളം കൊണ്ട് കഴുകി ആ കപ്പിലേക്കാണ് അവര് ചായ പകർന്ന് അവനു നൽകിയത്. മീനു എഴുന്നേറ്റു വന്നപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകാതെ വെറും വെള്ളം കൊണ്ട് കഴുകിയ ഗ്ലാസിലാണ് അവൾക്കും ചായ കൊടുത്തത്. അമ്മ കാണാതെ മീനു അത് സിങ്കിൽ ഒഴിച്ചിട്ട് പോകുന്നതും ദീപു കണ്ടു.

അന്ന് ഓഫീസിൽ നിന്ന് ലീവാക്കി അവൻ അമ്മ അറിയാതെ അമ്മയെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്നു. അതോടെ മീനു പറഞ്ഞത് ശരിയാണെന്ന് അവന് ബോധ്യമായി. അമ്മയെ സഹായിക്കാനെന്ന വ്യാജേന അടുത്ത് കൂടിയപ്പോൾ ഭാമിനി മകനെ കണക്കിന് ശകാരിച്ചു വിട്ടു. ആരും അവരെ ഒരു കാര്യത്തിലും സഹായിക്കുന്നത് ഇഷ്ടമല്ല. എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന വാശിയാണ് അവർക്ക്. കയറി വന്ന മരുമകൾ ഇതൊക്കെ ഏറ്റെടുത്തു എല്ലാത്തിലും അധികാരം സ്ഥാപിക്കുമോ എന്ന പേടിയാണ് അവർക്ക്.

വൈകുന്നേരം ജോലി കഴിഞ്ഞു മീനു വന്നപ്പോൾ സോറി പറഞ്ഞ് ദീപു അവൾടെ അടുത്ത് ചെന്നു.

“നീ പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി. അമ്മയെ പറഞ്ഞ് തിരുത്തുന്നതിനേക്കാൾ നമ്മൾ മാറുന്നതാ നല്ലതെന്ന് എനിക്ക് മനസ്സിലായി. ഒറ്റ മോനായ ഞാൻ അടുത്തൂന്ന് മാറിയാൽ അവർക്കത് വിഷമാകും മീനു. അതുകൊണ്ട് ഇവിടുന്ന് വേറെ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങി നമുക്ക് മാറാം. അതാകുമ്പോ അവരുടെ സങ്കടം കാണണ്ടല്ലോ. നിനക്കും നിന്റെ ഇഷ്ടം പോലെ കാര്യങ്ങൾ ചെയ്യാം.” ദീപു പറഞ്ഞത് കേട്ട് പിണക്കം മറന്നവൾ അവനെ കെട്ടിപിടിച്ചു.

ചില മാറ്റങ്ങൾ നല്ലതാണ്…ബന്ധങ്ങൾ പിരിയാതിരിക്കാൻ ഇതാണ് നല്ല തീരുമാനമെന്ന് അവർക്ക് തോന്നി.

-ശിവ