പ്രണയ പർവങ്ങൾ – ഭാഗം 09, എഴുത്ത്: അമ്മു സന്തോഷ്

വാതിൽ ചവിട്ടി തുറന്നു അകത്തു കയറി കയർ അറുത്തു മാറ്റിയത് തോമസിന്റെ ചേട്ടൻ രാജുവാണ്

“മുഖത്ത് ഇച്ചിരി വെള്ളം കുടഞ്ഞെ. ആൾക്കാർ കുറച്ചു ഒന്ന് അകന്ന് നിന്നെ കാറ്റ് കിട്ടട്ടെ “

അയാൾ പറഞ്ഞു

കുറെ വെള്ളം മുഖത്ത് വീണപ്പോ അവൾ കണ്ണ് തുറന്നു

കഴുത്തിൽ കയർ മുറുകിയ പാട് ഉണ്ട്

അധികം സംസാരിക്കാൻ വയ്യ

അന്ന കരച്ചിൽ തന്നെ, സാറ എന്ത് ചെയ്യണമെന്ന് അറിയാതെ മുറ്റത്തു പോയി നിന്നു

ചേച്ചി ഒന്നുമാലോചിക്കാതെ എങ്ങനെ ഇങ്ങനെ ഒക്കെ എടുത്തു ചാടി ചെയുന്നു എന്ന് അവൾക്ക്. എത്ര ആലോചിച്ചിട്ടും മനസിലായില്ല. സ്നേഹം ഉള്ളവൻ ആണെങ്കിൽ കല്യാണത്തിന് മുന്നേ ഇങ്ങനെ ഒക്കെ കൊണ്ട് പോകുമോ

കൊണ്ട് പോയ തന്നെ ദേഹത്ത് തൊടുമോ

അതൊക്ക വലിയ പാപമാണെന്ന് മമ്മി ദിവസവും പ്രാർത്ഥന കഴിഞ്ഞു രണ്ടു പേരെയും വിളിച്ചു ഇരുത്തി എത്ര ദിവസം ആണ് പറഞ്ഞു തന്നിട്ടുള്ളത്

കെട്ടിയോനെ കൊണ്ടേ ദേഹത്ത് തൊടിക്കാവു കേട്ടോ മക്കളെ. വഴി തെറ്റിപ്പോകാൻ ഒരു കുഞ്ഞു സമയം മതി. കർത്താവിനു നിരക്കാത്തത് ഒന്നും ചെയ്യരുത്

ഇതിപ്പോ അതും കഴിഞ്ഞു ഗർഭിണി ആയത് അ-ബോർഷൻ ചെയ്യുകയും ചെയ്തു

ആൽബിയെ സാറ കണ്ടിട്ടില്ല. അവളോട് അന്ന ഒന്നും പറഞ്ഞിട്ടുമില്ല

തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസം ഉള്ളത് കൊണ്ടാവും കൂട്ടുകാരിയെ പോലെ അല്ല അന്ന സാറയെ പരിഗണിച്ചത് ഒരു ചെറിയ കുട്ടിയായിട്ടാണ്. അത് കൊണ്ട് തന്നെ വലിയ കാര്യങ്ങൾ ഒന്നും പറയാറില്ല

സാറ കുറച്ചു നേരം അങ്ങനെ നിന്നിട്ട് പള്ളിൽ പോകുവാ എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി

ഇനി ദൈവത്തിനു മാത്രമെ കുടുംബത്തെ രക്ഷിക്കാൻ പറ്റു എന്നവൾക്ക് തോന്നി

അവരുടെ വീട്ടിൽ പോയിട്ട് എന്താവും. നടന്നു കാണുക?

കൊച്ചാണെന്ന് പറഞ്ഞു ആരും അവളോട് ഒന്നും പറയുകേല

അവൾ പള്ളിയിൽ ചെന്ന് മുട്ട് കുത്തി

സങ്കടം വന്നിട്ട് കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു

കുറെ നേരം സങ്കടങ്ങൾ ഒക്കെ പറഞ്ഞു കർത്താവിനെ കേൾപ്പിച്ചിട്ട് അവൾ ഇറങ്ങാൻ ഭാവിച്ചു

“ചേച്ചിക്ക് എന്താ അസുഖം മോളെ. കഴിഞ്ഞ ദിവസം ലിസി ആശുപത്രിയിൽ  വെച്ച് കണ്ടെന്നു മോൻ പറഞ്ഞാരുന്നു “

തെക്കേലെ ജെസ്സി ചേച്ചി

പരദൂഷണം കണ്ടു പിടിച്ച കക്ഷി ആണ്

“ചേച്ചിക്ക് എല്ലാ മാസവും പീരിയഡ് ആകുമ്പോൾ ബ്ലീഡിങ് വരും. ഈ മാസമത് കൂടുതൽ ആയിരുന്നു. അങ്ങനെ അഡ്മിറ്റ് ആക്കിയതാ “

“എന്റെ ഇളയ മോൾക്കും ഉണ്ട്. ആയുർവേദത്തിൽ നല്ല മരുന്നുണ്ട് കേട്ടോ. ഒന്ന് കൊണ്ട് കാണിക്കാൻ അമ്മയോട് പറ “

അവൾ തലയാട്ടി

പിന്നെ തിരിഞ്ഞു ക്രൂശിതരൂപത്തിൽ നോക്കി

“ദൈവമേ എന്നോട് ക്ഷമിക്കണം “

മനസ്സിൽ പറഞ്ഞു

പടികൾ ഇറങ്ങി വരവേ ഷേർലിയമ്മച്ചി. ചാർലിയുമുണ്ട്

“എന്നാ വിളിക്കുമ്പോ വരാം അമ്മച്ചി “
അങ്ങനെ പറഞ്ഞു കൊണ്ട്
ചാർലി ജീപ്പ് തിരിക്കാൻ പോവായിരുന്നു

അപ്പോഴാണ് അത് കണ്ടത്

ഇളം റോസ് നിറത്തിലുള്ള ഉടുപ്പണിഞ്ഞു തലയിൽ സ്‌കർഫ് കെട്ടി ഒരു മാലാഖ

അവൻ ഒന്നു കൂടി നോക്കി

സാറ

അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു പോയി

ഷേർലി അവളെ കണ്ട് ആ കൈ പിടിച്ചു

“ആഹാ മോള് ഇടക്ക് പള്ളിയിൽ വരുമോ?”

അവൾ തല കുലുക്കി

“നല്ല കാര്യം. പ്രാർത്ഥനയും പള്ളിയും പട്ടക്കാരും ഒക്കെ നമുക്ക് വേണം. അത് മനസിലാകാത്ത ചിലരുണ്ട് “

സാറ അവനെയൊന്നു നോക്കി

“എന്റെ മോനെ അറിയാമോ?”

അവൾ തല കുലുക്കി

“ഇത് ഇളയതാ ചാർലി. ഇനിം മൂന്ന് പേര് കൂടിയുണ്ട് ” അവൾ തലയാട്ടി

“വീട്ടിൽ ആരൊക്കെ ഉണ്ട്?”അവർ അവളോട് വീണ്ടും ചോദിച്ചു

“അമ്മച്ചി പള്ളിയിൽ പോകാൻ വന്നതല്ലേ?”

ചാർലി പരുഷ സ്വരത്തിൽ ചോദിച്ചു

“ഇതാ സ്വാഭാവം. ഞാൻ പള്ളിയിലോട്ട് കേറിയിട്ട് വരാം കേട്ടോ “

അവൾ മെല്ലെ ചിരിച്ചു

ഷേർലി അമ്മച്ചി പടികൾ കയറി തുടങ്ങിയപ്പോ അവൾ നടക്കാനൊരുങ്ങി
ചാർലി ഒരു സി-ഗരറ്റ് എടുത്തു കത്തിക്കുന്നത് കണ്ടു നിന്നു

“പള്ളി മുറ്റമാ കേട്ടോ “

അവളുടെ കണ്ണുകളിൽ ഒരു ശാസന

“പള്ളി മുറ്റം പടിക്കെട്ടിന്റെ മുകളിൽ അല്ലെ?”

അവൻ അത് ചുണ്ടിൽ വെയ്ക്കാതെ ചോദിച്ചു

“ദോ പള്ളിയുടെ മതിൽ ഇതല്ലേ അപ്പൊ പള്ളിയുടെ കോമ്പൗണ്ട് അല്ലെ ഇത്?”

അവനു ഉത്തരം മുട്ടി

“നിനക്ക് എൽ എൽ ബിയാരുന്നു
നല്ലത് “

സാറ ഒന്ന് നോക്കിയിട്ട് നടന്നു പോയി

ആ തമാശ ഒന്നും ആസ്വദിക്കാൻ ഉള്ള മനസ്സ് ആയിരുന്നില്ല അപ്പൊ അവൾക്ക്
മനസ്സ് നിറയെ പപ്പയുടെയും അമ്മയുടെയും വേദന നിറഞ്ഞ മുഖങ്ങളാണ്

അവളെ കുറച്ചു നേരം നോക്കിനിന്നു ചാർലി

പിന്നെ സി-ഗരറ്റ് ദൂരെ എറിഞ്ഞു കളഞ്ഞു

അവളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നവൻ ഊഹിച്ചു

ആ മുഖവും ഒരു പാട് കരഞ്ഞ പോലെ തോന്നിച്ചു

ആ രാത്രി താൻ അവളോട് വളരെ മോശമായി പെരുമാറി

അതൊരു കൊച്ച് പെണ്ണാണെന്ന് പോലും ഓർക്കാതെ

അന്നതിനു ഒരു കാരണം ഉണ്ടായിരുന്നു

കൊച്ചിയിൽ നിന്ന് വരുന്ന വഴി ആയിരുന്നു. ഇടക്ക് ട്രാഫിക് പോലീസ് കൈ കാണിച്ചു. പേപ്പർസ് മുഴുവൻ കയ്യിൽ ഉണ്ടായിരുന്നു അത് കൊണ്ട് ഇറങ്ങാൻ ഭാവിച്ചപ്പോഴാണ് കണ്ടത് എസ് ഐ അനൂപ് ചന്ദ്രൻ

തന്നെ അറിയാം, അറിയാം എന്ന് മാത്രം അല്ല തമ്മിൽ ഉടക്കിയിട്ടുണ്ട്. പരസ്പരം കൊമ്പ് കോർത്തിട്ടുണ്ട് ജയിലിൽ ആയിരുന്നപ്പോൾ. പിന്നെ ഇപ്പോഴാണ് കാഴ്ച

“ആഹാ കുരിശുങ്കൽ ചാർലി ” അവന്റെ പരിഹാസം കേട്ടപ്പോഴേ രക്തം തിളച്ചു പക്ഷെ അടങ്ങി

“അറിയാമോ ഇവനെ?”

കൂടെയുള്ളവരോടാണ്

“916 കില്ലർ ആണ്. ഒറ്റ കു-ത്തിനു ഒരുത്തനെ തീർത്തു. പിന്നെന്താ കാശിന്റെ പുറത്ത് തെളിവുകളും ഇല്ല സാക്ഷികളും ഇല്ല. രണ്ടു വർഷം കിടന്നു എന്നാലും. ഇപ്പൊ പുറത്താ “

മിണ്ടിയില്ല

“അങ്ങോട്ട് മാറി നിൽക്ക് എനിക്ക് സൗകര്യം ഉള്ളപ്പോ നോക്കിയിട്ട് വിടാം,

അവിടെ നിന്നു മൂന്ന് മണിക്കൂർ പലപ്പോഴും നിയന്ത്രണം തെറ്റി വല്ലതും ചെയ്തു കളയുമോന്ന് പേടിച്ചു

അമ്മയെ ഓർത്തു അപ്പനെ ഓർത്തു

കടിച്ചു പിടിച്ചു നിന്നു

പിന്നെ ആരോ വിളിച്ചു എന്ന് തോന്നുന്നു

പോലീസ് സംഘം പോയി

അപ്പൊ താനും തിരിച്ചു

ആരോടൊക്കെയോ ഉള്ള പക ദേഷ്യം കലി

താനും ആ വേഷം ഇട്ട് നിൽക്കുന്നത് സ്വപ്നം കണ്ടു ജീവിച്ചതാണ്
അന്ന്  എട്ടു വയസ്സുള്ള ഒരു കുഞ്ഞിനെ ഉപദ്രവിച്ചു എന്ന് കേട്ടപ്പോ ഒന്നും ഓർത്തില്ല. ചേച്ചിയുടെ മോളുടെ  പ്രായം. രക്തം ഒലിപ്പിച്ചു കിടന്ന കൊച്ചിനെ താനാണ് ആശുപത്രിയിൽ എത്തിച്ചത്.അപ്പന്റേം അമ്മേടേം നെഞ്ചിൽ തല്ലിയുള്ള കരച്ചിൽ താനാണ് കണ്ടത്

ഒന്നും ചിന്തിച്ചില്ല

അവൻ പെരുന്നാൾ സ്ഥലത്ത് ഉണ്ടെന്ന് കേട്ടതും ചെന്നു തീർത്തു

അത്ര തന്നെ

കുഞ്ഞിന്റെ ദേഹത്ത് പിടിച്ചു എന്നെ നാട്ടുകാർ അറിഞ്ഞുള്ളു

ഇങ്ങനെ ശോഭകേടു ചെയ്‌തെന്ന് ആരും അറിഞ്ഞിട്ടില്ല

അറിയരുത് എന്ന് പറഞ്ഞു കൊടുത്തു

ഇന്നാണെങ്കിലും ചാർലി അത്  ചെയ്യും

മാറാൻ വയ്യ

അന്ന് ആ കലിപ്പിലാണ് വണ്ടി ഓടിച്ചത്

പോരങ്കിൽ കാലാവസ്ഥ മോശമായിരുന്നു

ആശുപത്രിയിൽ എത്തിച്ച് അ- ബോർഷൻ എന്ന് കേട്ടതും തല പൊട്ടിത്തെറിച്ചു പോകുന്ന പോലെ തോന്നി

ദേഷ്യം വന്നിട്ട് എന്തൊക്ക പറഞ്ഞു ന്നു ഓർമ്മ ഇല്ല

പക്ഷെ ഇവള് പാവമാണെന്നു തോന്നുന്നു

വേണ്ടായിരുന്നു

“ആ കൊച്ചു പോയോ മോനെ?”

അമ്മച്ചി വന്നു

“ഉം “

അവൻ ഒന്ന് മൂളി

“എന്ത് സുന്ദരി കൊച്ചാ അല്ലിയോടാ. മുഖം ഒക്കെ കണ്ണാടി പോലാ തിളങ്ങുവാ. ശോ ഈ നാട്ടിൽ ഇല്ല ഇത്രേം സുന്ദരി ഒരു കൊച്ച് “

“അമ്മേടെ അത്ര സൗന്ദര്യമില്ല ” അവൻ ജീപ്പ് സ്റ്റാർട്ട്‌ ആക്കി

ഷേർലി ചിരിച്ചു കൊണ്ട് അവനെ ഒരടി കൊടുത്തു

“ഈ കൊച്ച് “

“ഇനിയെങ്ങോട്ടാ?”

“ഫാൻസി സ്റ്റോറിൽ. പോകണം “

“അതെന്നതിനാ “

“എന്റെ കണ്മഷി തീർന്നെടാ “

അവനാണ് ഇപ്പൊ ചിരിച്ചു പോയത്

ഷേർലിയുടെ കണ്ണുകൾ എപ്പോഴും മഷിയെഴുതി വിടർന്ന കണ്ണുകളാണ്

കടൽ പോലെ ആഴം ഉള്ള കണ്ണുകൾ

സാറയുടെ കണ്ണുകളും ഇത് പോലെയാണ്. അവൻ ഓർത്തു. ഒരു വ്യത്യാസം. മഷിയെഴുതി കണ്ടിട്ടില്ല, എഴുതിയാൽ നല്ല ഭംഗി ഉണ്ടാവും. കടൽ പോലെ ആഴമുള്ള നീല കണ്ണുകൾ. ഇളം തവിട്ട് നിറമുള്ള കൃഷ്ണമണികൾ

നോക്കുമ്പോൾ അധികം ആ കണ്ണിൽ നോക്കാൻ പറ്റാത്ത പോലെ..

തന്റെ കണ്ണിൽ എന്തോ തിരയുന്ന പോലെ..

“ചാർലി?”

“എന്താ അമ്മച്ചി?”

“ആ കൊച്ച് കൊള്ളാം അല്ലേടാ?”

അവൻ ഒന്ന് മൂളി

അവള് കൊള്ളാം… കൊള്ളാം എന്നല്ല നല്ല പെണ്ണാണ്

ചാർളിക്ക് അവളെ ഇഷ്ടമാവുകയായിരുന്നു

ഒരു പക്ഷെ അവന്റെ നെഞ്ചിൽ ആദ്യമായി ഉടക്കിയ പെണ്ണും അവളായിരുന്നു..ഒരു മുള്ള് കൊണ്ട പോലെ..

സാറ..

തുടരും