Story written by Sajitha Thottanchery
======================
ഓൺലൈനിൽ ഡ്രസ്സ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു നീതു. കണ്ണുടക്കിയ ഒരു ഡ്രസ്സ് വില നോക്കിയപ്പോൾ മുകളിലോട്ട് മാറ്റുന്നതും മെല്ലെ സൈറ്റിൽ നിന്നും ഒന്നും ഓർഡർ ചെയ്യാതെ എക്സിറ്റ് ആകുന്നതും മകൾ അനഘ പുറകിലിരുന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“എന്താ ഒന്നും ഇഷ്ടപെട്ടില്ലേ”. അവൾ അമ്മയോട് ചോദിച്ചു
“ഇഷ്ടപ്പെടുക ഒക്കെ ചെയ്തു. പിന്നെ വാങ്ങാം എന്ന് കരുതി “. അലസമായി നീതു മറുപടി പറഞ്ഞു.
അമ്മയും പ്ലസ് ടു വിനു പഠിക്കുന്ന മകളും മാത്രമുള്ള ഒരു കുഞ്ഞു കുടുംബമാണ് അവരുടേത്. കിട്ടുന്ന ശമ്പളം അത്യാവശ്യ ചിലവുകൾ മാത്രം ചെയ്ത് ബാക്കി സേവ് ചെയ്യുന്ന സ്വഭാവം ആണ് നീതുവിന്. മോൾക്ക് എന്ത് വേണമെങ്കിലും വാങ്ങാൻ ഒരു മടിയും ഇല്ല. സ്വന്തം കാര്യങ്ങൾക്ക് നേരെ തിരിച്ചും ആണ് അവൾ. കുറെ കഷ്ടപ്പെട്ട് ജീവിച്ചു വന്നത് കൊണ്ടാകാം അവനവനു വേണ്ടി കുറച്ചു പണം ചിലവാക്കേണ്ടി വന്നാൽ വല്ലാത്തൊരു ബുദ്ധിമുട്ടാണ് അവൾക്ക്.
“ഈ പിന്നെ എപ്പോഴാണാവോ “. മോൾ ചോദിച്ചു
അതിനു ഒരു ചിരി മാത്രം ആയിരുന്നു മറുപടി.
“അമ്മ ചിരിക്കേണ്ട. ലൈഫ് ഒന്നല്ലേ ഉള്ളു. ഇഷ്ടപെടുന്ന കാര്യങ്ങൾ എപ്പോഴാ അമ്മ ചെയ്യുന്നേ”. അവൾ പറഞ്ഞു.
“അതിനിപ്പോ എനിക്ക് ഇഷ്ടം പോലെ ഡ്രസ്സ് ഉണ്ടല്ലോ. ഞാൻ വെറുതെ നോക്കിയേനെ ഉള്ളു. ഇപ്പൊ ആവശ്യം ഒന്നും ഇല്ല”. നീതു പറഞ്ഞു.
“എന്റെ അമ്മേ. അമ്മയുടെ ഇഷ്ടങ്ങൾ വല്ലപ്പോഴും ഒന്ന് ശ്രദ്ധിക്കു. ഒരു ഡ്രസ്സ് വാങ്ങാൻ പോയാൽ അത് കൊള്ളാമോ എന്ന് നോക്കുന്നതിനു പകരം അതിന്റെ വില നോക്കി ആണ് അമ്മ വാങ്ങുന്നത്. ഞാൻ പറഞ്ഞാൽ പറയും എനിക്ക് പൈസയുടെ വില അറിയതോണ്ടാണെന്ന്. ചിലപ്പോ ശെരിയായിരിക്കും. എന്നാലും എപ്പോഴെങ്കിലും അമ്മയെ അമ്മ തന്നെ ഒന്ന് സന്തോഷിപ്പിക്കു. മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കാതെ. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും, വല്ലപ്പോഴും കാണുമ്പോ ഇഷ്ടം തോന്നുന്ന ഒരു ഡ്രസ്സ് എടുത്തും, ഒന്ന് പുറത്ത് പോയും…അങ്ങനൊക്കെ….എനിക്ക് തോന്നിയത് പറഞ്ഞു ന്നേ ഉള്ളു. അമ്മ ചെയ്യില്ലെന്ന് എനിക്ക് അറിയാം “
അതും പറഞ്ഞു അവൾ അവിടന്ന് എഴുന്നേറ്റ് പോയി.
അവൾ പറഞ്ഞതിൽ തെറ്റില്ല. സ്വയം ഒരു ഡ്രസ്സ് വാങ്ങാനോ അല്ലെങ്കിൽ ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാനോ സ്വയം ശ്രമിക്കണം. മറ്റുള്ളവരുടെ സന്തോഷം മാത്രം ശ്രദ്ധിച്ചാൽ, നാളെ ചിലപ്പോ അവർ നമ്മളെ പരിഗണിച്ചില്ലെങ്കിൽ വിഷമിക്കേണ്ടി വരും. സ്വന്തം മകൾ ആണെങ്കിൽ പോലും ആരും നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടി ശ്രമിക്കും എന്ന് കരുതാൻ പാടില്ല. എന്നെ ഞാൻ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ലെന്നു കുറ്റം പറയാൻ എനിക്ക് അവകാശം ഇല്ലല്ലോ. സ്വന്തം ഇഷ്ടത്തിന് ഭക്ഷണം പോലും ഉണ്ടാക്കാറില്ലലോ എന്ന് അവൾ സ്വയം ഓർത്തു. ഈ പതിനേഴു വയസ്സുകാരി തന്നെ ഉപദേശിക്കാറായല്ലോ എന്ന് ചിരിച്ചു കൊണ്ട് അവൾ ഓർത്തു. മാറണം…..സ്വന്തം ഇഷ്ടങ്ങളും ഇനി മുതൽ ശ്രദ്ധിക്കണം…..മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് അവൾ ഉറങ്ങാൻ കിടന്നു…..
-Sajitha Thottanchery