പതിവില്ലാതെ ഒന്ന് കിടന്നാൽ ഇടയ്ക്കിടെ വന്നു നോക്കി പോകുന്ന അമ്മയോട് അന്നൊക്കെ തട്ടികയറാറുള്ളത് അവൾ ഓർത്തു പോയി.

Story written by Sajitha Thottanchery
=======================

“വന്നപാടെ കയറി കിടപ്പാണ്. കഴിക്കാറാകുമ്പോ എണീറ്റ് വന്നാൽ മതിയല്ലോ. അവളുടെ വേലക്കാരി അല്ലേ ഞാൻ”

അടുക്കളയിൽ നിന്നും അമ്മായി അമ്മയായ ദേവകിയുടെ ശബ്ദം നീലിമയുടെ കാതു തുളച്ചു കയറിക്കൊണ്ടിരുന്നു.

തീരെ വയ്യാതാകുമ്പോൾ ആണ് ഈ നേരത്ത് ഒന്ന് കിടക്കുന്നെ. ജോലി കഴിഞ്ഞു കണ്ണ് തുറന്നു പിടിക്കാൻ പോലും വയ്യാത്ത വണ്ണം തലവേദന ആയിട്ടാണ് വീട്ടിൽ വന്നു കയറിയത്. വരുന്ന വഴി വാങ്ങിയ ഗുളികയിൽ ഒരെണ്ണം എടുത്ത് കഴിച്ചു ഒന്ന് മയങ്ങി പോയതാണ്. എന്താ കിടക്കുന്നെ എന്ന് ചോദിക്കാൻ പോലും ആരുമില്ല. സ്വന്തം മകളോട് ആയിരുന്നേൽ ഇവർ ഇങ്ങനെ ചെയ്യുമോ. മകൾ വന്നു കയറിയാൽ അവർക്ക് വേണ്ടതൊക്കെ മുന്നിൽ എത്തിക്കാൻ എന്തൊരു ഉത്സാഹമാണ് അവർക്ക്. എല്ലാ അമ്മായി അമ്മമാരും ഇങ്ങനാണോ ഈശ്വരാ. കാലം മാറിയിട്ടും ആൾക്കാർക്ക് ഈ വേർതിരിവ് ഒന്നും മാറ്റാറായിട്ടില്ലേ….അവൾ മനസ്സിൽ പറഞ്ഞു.

“എന്തിനാ ഇങ്ങനെ ഇടയ്ക്കിടെ വന്നു തൊട്ടു നോക്കുന്നെ. വയ്യെങ്കിൽ കിടക്കാൻ ഒരു സമാധാനം തരോ”.

പതിവില്ലാതെ ഒന്ന് കിടന്നാൽ ഇടയ്ക്കിടെ വന്നു നോക്കി പോകുന്ന അമ്മയോട് അന്നൊക്കെ തട്ടികയറാറുള്ളത് അവൾ ഓർത്തു പോയി.

ഇന്നിപ്പോ ഒരു ഭാഗം തളർന്നാൽ പോലും എന്താന്ന് ചോദിക്കാൻ ആരുമില്ല. എന്തെങ്കിലും കാര്യങ്ങൾ നേരത്തിനു നടക്കാതിരുന്നാൽ ഇത് പോലുള്ള കുത്തു വാക്കുകളും. മുടി ഒതുക്കി കെട്ടി മുഖവും കഴുകി അവൾ അടുക്കളയിലേക്ക് ചെന്നു. വന്നപ്പോഴേ റൂമിൽ കയറി കിടന്നതിന്റെ ദേഷ്യത്തിൽ ആണ് അമ്മ.

“സന്ധ്യ നേരത്ത് മുറിയുടെ വാതിലും അടച്ചു കേറി കിടക്കാൻ ഒക്കെ എവിടന്നു പഠിച്ച പഠിപ്പാണാവോ. ജോലിക്കാരി ആയോണ്ട് എല്ലാം നേരത്തിനു മുന്നിലേക്ക് എത്തിക്കണം എന്നാവും” ഉള്ളിലുള്ള ദേഷ്യം അവരുടെ വാക്കുകളിലും ഉണ്ടായിരുന്നു.

“അമ്മേ…തല വേദനിച്ചിട്ട് ഒന്ന്‌ കിടന്നതാ. ഞാൻ വന്നിട്ട് ചെയ്യുമായിരുന്നല്ലോ പണിയൊക്കെ. അമ്മയോട് ആരാ ചെയ്യാൻ പറഞ്ഞെ”. ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാണിക്കാതെ നീലിമ പറഞ്ഞു.

“പിന്നെ….നീ വന്നു ചെയ്യുന്ന വരെ ഞങ്ങളൊക്കെ പട്ടിണി കിടക്കണോ” ദേവകി ദേഷ്യത്തോടെ തന്നെ പറഞ്ഞു.

“എന്റെ സ്ഥാനത്തു വിഭ ആയിരുന്നെങ്കിൽ അവളോട് അമ്മ ഇങ്ങനൊക്കെ പറയുമായിരുന്നോ ” പെട്ടെന്ന് നീലിമ ചോദിച്ചു.

“എന്റെ മോൾ അങ്ങനൊന്നും ചെയ്യില്ല. ഒരു വീട്ടിൽ എങ്ങനൊക്കെ പെരുമാറണം എന്ന് പഠിപ്പിച്ചാ അവളെ ഞാൻ വീട്ടിരിക്കുന്നെ. അല്ലാതെ നിന്നെ പോലെ അല്ല. സ്വന്തം വീട്ടിൽ നിന്ന് പഠിക്കുന്നതാ പെൺകുട്ട്യോൾ പ്രവർത്തിയിൽ കാണിക്കുക. നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിന്റെ അമ്മയെ പറഞ്ഞാൽ മതി ” ദേവകി പറഞ്ഞു.

“ദേ…എന്റെ അമ്മയെ പറഞ്ഞാൽ ഉണ്ടല്ലോ. വേറെ എന്തും ഞാൻ സഹിക്കും ” സ്വന്തം അമ്മയെ കുറ്റപ്പെടുത്തിപ്പോൾ നീലിമയ്ക്ക് സഹിച്ചില്ല.

“പറഞ്ഞാൽ നീ എന്ത് ചെയ്യും ” ദേവകിയും വിട്ടില്ല.

“നിങ്ങൾ പറഞ്ഞു പഠിപ്പിച്ചേന്റെ ആയിരിക്കും, കല്യാണം കഴിഞ്ഞു ഒരു വർഷം ആകണെനു മുന്നേ തന്നെ വിഭ അവളുടെ ഭർത്താവിനെ കൂട്ടി വീട് മാറിയേ ” ക്ഷമ കെട്ടു നീലിമ പറഞ്ഞു

“അത് അവന്റെ അമ്മയെ സഹിക്കാൻ വയ്യാഞ്ഞിട്ട. പിന്നെ ആ ത-ള്ളയെ എന്റെ മോൾ എന്തിനാ സഹിക്കുന്നേ ” ദേവകി വിഭയെ ന്യായീകരിച്ചു.

“അമ്മ കൊള്ളാലോ. സ്വന്തം മോൾക്കും എനിക്കും രണ്ടു തരം നിയമമോ. അങ്ങനെ ആണേൽ ഞാൻ എന്നോ ഇവിടന്നു പോകണമായിരുന്നു. എന്നെ മര്യാദയ്ക്ക് വളർത്തിയതോണ്ടാ ഞാൻ ഇപ്പോഴും ഇതിന്റെ ഉള്ളിൽ തന്നെ കിടക്കുന്നെ. അതെങ്ങനാ, എന്റെ വീട്ടിൽ നിങ്ങളെ പറ്റി പറഞ്ഞാൽ തുടങ്ങും എന്നെ ഉപദേശിക്കാൻ. വയസ്സായവർ അല്ലേ. ക്ഷമിക്കണം. സഹിക്കണം. അമ്മ പറഞ്ഞത് ശെരിയാ. എന്റെ അമ്മേടെ വളർത്തു ദോഷം കൊണ്ട് തന്നെയാ ഞാൻ ഇവിടെ കിടന്നു നരകിക്കുന്നെ. നിങ്ങളെ പോലെ ഉള്ള വല്ല അമ്മമാരും ആണ് വളർത്തിയെ എങ്കിൽ എന്നോ ഇവിടന്നു രക്ഷപ്പെട്ടേനെ” ദേവകിയോട് ഇത്രയും പറഞ്ഞു കൊണ്ട് അവൾ അടുക്കളയിൽ കയറി.

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലാ “

ഇനിയും നിന്നാൽ അവൾ പറയുന്നതിന് മറുപടി ഇല്ലാതെ പോകും എന്ന് മനസ്സിലായ ദേവകി അത്രയും പറഞ്ഞു അവളുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടു.

ജീവിച്ചു പോകണമെങ്കിൽ അമ്മ പറഞ്ഞ പോലെ പാവം ആയിട്ടൊന്നും കാര്യമില്ല. കുറച്ചൊക്കെ മറുപടി പറയാനും പഠിക്കണം എന്ന് മനസ്സിൽ പറഞ്ഞു നീലിമയും ബാക്കി ഉള്ള പണികളിലേക്ക് പോയി.

~Sajitha Thottanchery