ടെസ്സ മോള് നല്ല മിടുക്കിയാണ്. ഡാൻസ് പാട്ട് എല്ലാത്തിനും മിടുക്കി. സാറയ്ക്ക് അവൾ താൻ തന്നെയാണെന്ന് തോന്നി
എന്തിനും ഏതിനും സംശയം ഉണ്ട്. മറുപടി കൊടുത്താൽ അത് തീരും. ഉടനെ വരും അടുത്തത്. സാറയും അവളും നല്ല കൂട്ടായി. പഠനം കഴിഞ്ഞ സാറ അവളെ നല്ല നല്ല പാട്ടുകൾ പഠിപ്പിക്കും. ഡാൻസ് പഠിപ്പിക്കും
ആ ആഴ്ച ബെല്ലയും ഷെല്ലിയും വന്നു. ടെസ്സ അവൾ പഠിപ്പിച്ചു കൊടുത്തതൊക്ക കാണിച്ചു കൊടുത്തു
“ഞാൻ അടുത്ത വർഷം ഇവിടുത്തെ സ്കൂളിൽ പഠിച്ചോളാം പപ്പാ. സാറ ടീച്ചർ ഉണ്ട് സ്കൂളിൽ അടുത്ത വർഷം മുതൽ..നല്ല രസാരിക്കും. ഞാൻ ഇവിടെ നിന്നോളം “
ഷെല്ലിക്ക് അതിശയം തോന്നി. തന്നെ വിട്ട് അധികം ടെസ്സ നിൽക്കില്ല. ആദ്യമായിട്ടാ ഈ വെക്കേഷന് പോലും ഇവിടെ നിന്നത്
“അത് ശരി അപ്പൊ. പൊന്ന് പപ്പയെ എങ്ങനെ കാണും?”
“പപ്പാ. സാറ്റർഡേ ഇങ്ങോട്ട് വാ.. ഞാൻ നന്നായി പഠിച്ചോളാം പപ്പാ. ഇവിടെ എല്ലാരും ഉണ്ട്. അപ്പാപ്പൻ, അമ്മാമ്മ, ചാർലി പാപ്പൻ, ഇപ്പൊ സാറ ടീച്ചർ..നിങ്ങളെ പോലെ ഒന്നുമല്ല ടീച്ചർക്ക് എന്ത് മാത്രം കഥ അറിയാമെന്നോ. എന്നെ കൊണ്ട് ദിവസവും ഓരോ കഥ എഴുതിക്കും. നോക്ക് “
അവൾ ഓരോന്നും കാണിച്ചു കൊടുത്തു
“കൊള്ളാലോ നിന്റെ ടീച്ചർ?” ബെല്ല ചിരിയോടെ അത് നോക്കി കിടന്നു
“മതി മതി ഉറങ്ങിക്കോ “
ടെസ്സ ഷെല്ലിയുടെ നെഞ്ചിൽ കയറി കിടന്നു
“ആ പപ്പാ..ടീച്ചർന് ഡിസ്റ്റിംഗ്ഷൻ ഉണ്ട്. റിസൾട്ട് വന്നു “
“ആഹാ മിടുക്കി ആണല്ലോ. മതി.. ഇനി ഉറങ്ങിക്കോ.”
ഷെല്ലി ലൈറ്റ് അണച്ചു
പള്ളിയിൽ ആയിരുന്നു അവർ. സാറയും ചാർലിയും. പ്രാർത്ഥന കഴിഞ്ഞവർ പുറത്ത് ഇറങ്ങി
“എന്റെ കൊച്ചിന് എന്താ വേണ്ടത്?”
“എന്തിന്?”
“നല്ല മാർക്ക് വാങ്ങിച്ചതിന്? ഞാൻ എത്ര സങ്കടപ്പെടുത്തിയ സമയങ്ങൾ ആയിരുന്നു അതൊക്കെ..”
“എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം കർത്താവ് എനിക്ക് തന്നു. എന്റെ ഇച്ചായനെ. വേറെ എന്താ എനിക്ക് വേണ്ടത്?”
അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞ പോലെ തോന്നി
“അതല്ല..എന്റെ സന്തോഷത്തിന..എന്റെ മോള് പറ..”
അവൾ ചുണ്ട് കടിച്ച് താഴോട്ട് കുനിഞ്ഞു കണ്ണുകൾ മാത്രം ഉയർത്തി. എന്തോ കുസൃതി ആണെന്ന് ചാർലിക്ക് മനസിലായി
“പറഞ്ഞോ. ഈ സൂര്യൻ സാക്ഷി. എന്നെ കൊണ്ട് പറ്റുന്ന എന്തും ഞാൻ തരും”
“ഇച്ചന്റെ ബുള്ളറ്റിൽ കയറണം “
ചാർളിയുടെ കണ്ണ് മിഴിഞ്ഞു
“ങേ?”
“ഇച്ചായന്റെ കൂടെ ബുള്ളറ്റിൽ ഒരു യാത്ര പോകണം. പിന്നെ കുഞ്ഞ് ഒരു ഷോപ്പിംഗ്. ഭക്ഷണം. ഒരു സിനിമ. ടീച്ചർനെയും കിച്ചു ചേട്ടനെയും കൂടി വിളിച്ചോ. അവർക്ക് ട്രീറ്റ് കൊടുക്കാം. ഇച്ചായൻ കൊടുത്ത മതി എന്റെ കയ്യിൽ കാശില്ലല്ലോ “
“ഇത്രേ ഉള്ളു?”
“ഉം. എനിക്ക് ഇച്ചന്റെ കൂടെ കുറച്ചു സമയം വേണം അത് മതി “
“നമ്മൾ മാത്രം പോരെ?” അവൻ തെല്ലടുത്തു
“അയ്യടാ അതൊന്നും വേണ്ട. ആരെങ്കിലും കണ്ട തെറ്റിദ്ധരിക്കും. ഇതിപ്പോ ടീച്ചർ ഉണ്ടല്ലോ സേഫ് ആണ് “
“എന്തോന്നടി കഷ്ടം ഉണ്ട് ട്ട”
സാറ ചിരിച്ചു. അവൻ അവളെ അടുത്ത് പിടിച്ചു നിർത്തി
“എന്റെ കൊച്ചിന്റെ കണ്ണെഴുതി തന്നിട്ട് എത്ര നാളായി..”
അവൻ പെൻസിൽ എടുത്തു മെല്ലെ കണ്ണുകൾ എഴുതി കൊടുത്തു. പിന്നെ കവിളിൽ ഒരു കുത്ത്. സാറ പൊട്ടിച്ചിരിച്ചു കൊണ്ട് അത് തുടച്ചു
“ജോൺസൻ ബേബിയെ പോലെയാ നീ. റോസ് നിറത്തിൽ ഒരു കുഞ്ഞുവാവ..ഒരു തക്കുടു.. കടിച്ചു തിന്നാൻ തോന്നും. എന്റെ കർത്താവെ എനിക്ക് കണ്ട്രോൾ തരു “
സാറ പടികളിൽ ഇരുന്നു. അവനെയും പിടിച്ചടുത്ത് ഇരുത്തി. ദൂരെ മലയിടുക്കുകളിൽ സൂര്യൻ താഴ്ന്നു വരുന്നു
“ഇച്ചാ അസ്തമയമായി. നോക്ക് ചുവന്നു പോയി സൂര്യൻ.ഭൂമിയെ പിരിഞ്ഞു പോകാൻ ഇഷ്ടം അല്ലാത്തത് കൊണ്ടാ സങ്കടം കൊണ്ട് ചുവക്കുന്നത്. പാവം അല്ലെ?”
അവൻ വെറുതെ മൂളിക്കേട്ടിരുന്നു
“സാറ?”
“ഉം?”
“സ്കൂളിൽ ക്ലാസ്സ് തുടങ്ങാറായി. മാർക്ക് ലിസ്റ്റ് സർട്ടിഫിക്കറ്റ് എല്ലാം കൊണ്ട് വരണം ഏറ്റവും അടുത്ത ദിവസം തന്നെ..”
അവൾ തലയാട്ടി
“വീട്ടിൽ പറഞ്ഞോ?”
“പറയാം “
“പ്രൈവറ്റ് ആയിട്ട് ഡിഗ്രി നോക്കിക്കോ. ഞാൻ പഠിപ്പിച്ചു തരാം.”
അവൾ ചിരിച്ചു
“രണ്ടു വർഷം കഴിഞ്ഞെ ഇച്ച എന്നെ കല്യാണം കഴിക്കുവുള്ളു?”
അവൾടെ മുഖം കണ്ട് അവനു ചിരി വന്നു
“നീ ഒന്ന് വളർന്നോട്ടെ എന്ന് വെച്ച..”
“ഒരു വർഷം കഴിഞ്ഞു കല്യാണം കഴിച്ചൂടെ?”
അവൻ പൊട്ടിച്ചിരിച്ചു
“എന്തിനാ ഇച്ചാ ചിരിക്കൂന്നേ?”
ആ മുഖം കണ്ടപ്പോ നെഞ്ചിൽ ചേർക്കാൻ തോന്നി അവന്
“എന്റെ പൊന്നിന് ഇപ്പൊ വേണോ കല്യാണം?”
അവൾക്ക് ഒരു ചമ്മലുണ്ടെന്ന് അവൻ കണ്ടു പിടിച്ചു
“പറ “
“ചേച്ചിയുടെ കല്യാണത്തിന് ഇനി കുറച്ചു നാളുകൾ അല്ലേയുള്ളു…”
“അതിനൊപ്പം വേണോ?”
“ശോ ആൾക്കാർ എന്ത് വിചാരിക്കും. അത് കഴിഞ്ഞു മതി “
അവൻ വീണ്ടും ചിരിച്ചു പോയി
“ഞാൻ അപ്പയോട് പറഞ്ഞു “
അവൾ ഞെട്ടിപ്പോയി
“അയ്യോ “
“അപ്പക്ക് നിന്നെ ഇഷ്ടമാ “
അവളുടെ കണ്ണിൽ ഒരു വിശ്വാസം ഇല്ലാത്ത പോലെ ഉള്ള ഭാവം
“സത്യം..ഇഷ്ടം “
“അമ്മച്ചി?”
“പറഞ്ഞിട്ടില്ല..”
“ഞാൻ വീട്ടിൽ പറയത്തില്ല. ഇച്ചായൻ വന്നു പറയണേ. എനിക്ക് പേടിയാ.”
അവൻ ആ കൈകൾ കയ്യിൽ കോർത്തു
“അപ്പയും അമ്മയും കൂടി വരും..ചാർലി അവന്റെ കല്യാണം അങ്ങനെയേ നടത്തു..നിന്നെ അന്തസ്സായിട്ട് വന്നു ചോദിച്ചു നടത്തും “
സാറ ആ കൈകൾ കവിളിൽ ചേർത്ത് വെച്ചു. പിന്നെ ആ മുഖത്തേക്ക് നോക്കി
“എങ്കിൽ നേരെത്തെ പറഞ്ഞു വെയ്ക്കുമോ ഒന്ന്?ആരാണ്ടൊക്കെയോ കല്യാണം ചോദിച്ചു വരുന്നുണ്ട്. ചേച്ചിയെ കെട്ടിക്കുന്ന വീട്ടിലെ ആ അമ്മച്ചി ഒരാലോചന കൊണ്ട് വന്നു. അവരുടെ അനിയത്തിയുടെ മോനു വേണ്ടിട്ട്..പിന്നെ കോളേജ്ലെ സാറ്..എനിക്ക് ധൈര്യം ഇല്ല ഇച്ചാ..”
“അപ്പൊ വീട്ടിൽ വേറെ നിശ്ചയിച്ച നീ അങ്ങ് സമ്മതിച്ചു കൊടുക്കുമോ?”
“ഇല്ല ഞാൻ അന്ന് തന്നെ ഇറങ്ങി വരും..ഇച്ചന്റെ അടുത്തേക്ക്. പിന്നെ തിരിച്ചു പോവില്ല “
അവന് ചിരി പൊട്ടി
“എന്തിനാ ഇച്ചാ പിന്നേം ചിരിക്കൂന്നേ “
“ഒന്നുല്ലാടി “
“പറഞ്ഞു വെയ്ക്കാം. ഉടനെ തന്നെ..എൻഗേജ്മെന്റ് ആയിട്ട് നടത്തി വെയ്ക്കാം പോരെ?”
അവളുടെ മുഖം വിടർന്നു
“ആണോ?”
“ഉം “
“എങ്കിൽ പിന്നെ. എന്തിനാ ഇച്ചാ ഒരു വർഷം കഴിഞ്ഞു കല്യാണം?”
അവൻ ചിരി ആരും കേൾക്കാതിരിക്കാൻ വാ പൊത്തി
“സത്യത്തിൽ നിന്റെ മനസിലെന്താ?”
“അതിപ്പോ..എനിക്ക്.. എനിക്കെ..ഇച്ചാൻ എന്നെ ഉമ്മ വെച്ചില്ലേ?”
“ആ “
“അതേയ് ഇടക്ക് ഒക്കെ ഉമ്മ വേണംന്ന് തോന്നുവാ. കല്യാണം കഴിഞ്ഞ എപ്പോഴും കിട്ടുമല്ലോ “
അപ്പൊ ശരിക്കും അവന് ചിരി വന്നില്ല. വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത എന്തോ ഒന്ന് അവന്റെ ഹൃദയത്തിൽ വന്നു നിറഞ്ഞു. അവൻ ആ കൈകൾ നെഞ്ചിൽ ചേർത്ത് വെച്ചു
“എന്റെ ഹൃദയം മിടിക്കുന്നത് കേൾക്കാമോ മോൾക്?”
അവൾ തലയാട്ടി
“എന്താ പറയണേ?”
“എന്റെ പേരല്ലേ?”
അവന്റെ മിഴികൾ നനഞ്ഞു
“എന്റെ പൊന്നിന്റെ പേരാ അത് പറയുന്നത്..കല്യാണം കഴിക്കാം നമുക്ക്?”
അവൾ തലയാട്ടി
“നീ കൊച്ചല്ലെന്ന് വിചാരിച്ച ഇച്ചാൻ സമയം നീട്ടിയത് “
“ചേച്ചിടെ കല്യാണം കഴിഞ്ഞു മതി “
അവന് ഒരേ സമയം ചിരിയും കരച്ചിലും വന്നു
“പക്ഷെ പറഞ്ഞു വെയ്ക്കണം.. അല്ലെ ആരെങ്കിലും ഒക്കെ ശല്യം ചെയ്യും “
“ഉം “
“അപ്പ എന്ന നമ്മൾ ടൗണിൽ പോവാ?”
“ഉടനെ “
അവൾ തലയാട്ടി. പിന്നെ ദൂരേക്ക് നോക്കിയിരുന്നു. അവൾ ഒരു കുഞ്ഞ് വാവയാണെന്ന് അവന് തോന്നി. ഒന്നുമറിയില്ലേ അവൾക്ക്?
അവൻ അവളെ നോക്കിയിരുന്നു
തുടരും…