പ്രണയ പർവങ്ങൾ – ഭാഗം 60, എഴുത്ത്: അമ്മു സന്തോഷ്

സാറയുടെ മാർക്ക്‌ ലിസ്റ്റ്,സർട്ടിഫിക്കറ്റ് ഒക്കെ നോക്കി. തൃപ്തി ആയി എല്ലാവർക്കും. ഡെമോൺസ്ട്രഷൻ ക്ലാസ്സ്‌ കൂടി എടുത്തു കാണിച്ചപ്പോൾ. ആർക്കും എതിരഭിപ്രായമില്ല. ചാർലി. ആ ഭാഗത്തേക്ക്‌ പോയില്ല.

“അപ്പോയിന്റെഡ് ” സ്റ്റാൻലി ഒരു ലെറ്റർ നീട്ടി

“ഇതിൽ ഒരു സൈൻ വേണം. ഒരു ബോണ്ട്‌ ആണ്. രണ്ട് വർഷം ഇവിടെ ജോലി ചെയ്തു കൊള്ളാമെന്നുള്ള സമ്മതപത്രം. പുതിയതായി അപ്പോയ്ന്റ്മെന്റ് നടത്തുന്ന എല്ലാ ഉദ്യോഗാർഥികളിൽ നിന്നും വാങ്ങിക്കും. അത് പോലെ ഈ രണ്ട് വർഷം കഴിഞ്ഞേ ഞങ്ങൾക്ക് നിങ്ങളെ പിരിച്ചു വിടാനും സാധിക്കു. മോള് നന്നായി ആലോചിച്ചു നോക്കിട്ട് ഒപ്പിട്ട മതി. ഇതിനിടയിൽ ഗവണ്മെന്റ് ജോലി വല്ലോം വന്നാൽ പോകാൻ പറ്റില്ല. അത് നിയമം ആണ് കേട്ടോ..കാരണം ആൾക്കാർ വരും ഒരു തമാശ പോലെ ജോയിൻ ചെയ്യും. കൊച്ചു കുഞ്ഞുങ്ങൾ അല്ലെ ഒന്നിണങ്ങി വരുമ്പോൾ വേറെ ജോലി കിട്ടി ഒരു പോക്ക്. പോകരുത് എന്നല്ല അങ്ങനെ ജോലി സാധ്യത ഉണ്ടെങ്കിൽ ഇങ്ങോട്ട് വരരുത്. പുതിയ ആളെ തപ്പിപ്പിടിക്കാൻ പിന്നേ നുറു procedure. അത് കൊണ്ടാ.”

സാറ എല്ലാം കേട്ടു. അവൾ അതിൽ ഒപ്പിട്ട് തിരിച്ചു കൊടുത്തു

“ഒരു കോപ്പി മോൾക്ക് തരും “

അവൾ തലയാട്ടി

“എന്ന ശരി “

സാറ മുന്നോട്ട് നീങ്ങി കുനിഞ്ഞു രണ്ട് കൈകളും അദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് നമസ്കരിച്ചു. സ്റ്റാൻലി ആ ശിരസ്സിൽ കൈ വെച്ച് അനുഗ്രഹിച്ചു

“നന്നായി വരും “

സാറ തിരിഞ്ഞു കടന്ന് പോകാൻ ഒരുങ്ങുകയായിരുന്നു

“സാറ?” അവൾ തിരിഞ്ഞു

“ഞങ്ങൾ വീട്ടിലേക്ക് വരുന്നുണ്ട് കേട്ടോ “

അവളുടെ മുഖത്ത് നാണത്തിൽ കുതിർന്നഒരു ചിരി വന്നു

“അവനെ വലിയ പ്രയാസമാണ് കേട്ടോ മേയ്ക്കാൻ “

സാറ ചിരിച്ചു പോയി.

ആരോ വന്നപ്പോൾ അത് അവിടെ മുറിഞ്ഞു

സാറ കുരിശുങ്കൽ തറവാട്ടിലോട്ട് പോരുന്നു

“അമ്മച്ചി എവിടെ സിന്ധു ചേച്ചി?”

“കിടക്കുന്നു. ഒരു ക്ഷീണം പോലെ..” അവൾ അകത്തേക്ക് ചെന്ന്

അവളെ കണ്ട് ഷേർലി എഴുന്നേറ്റു ഇരുന്നു

“എന്ത് പറ്റി അമ്മച്ചി കിടക്കുന്നത്?”

അവളുടെ മുഖത്ത് ആകുലത നിറഞ്ഞ പോലെ

“ഒരു തലവേദന മോളിങ്ങ് വാ ഇരിക്ക്,

അവർ അവളെ പിടിച്ചു അടുത്ത് ഇരുത്തി. അവൾ അടുത്തിരുന്നു

“ജോലി കിട്ടി. അപ്പോയ്ന്റ്മെന്റ് ഓർഡർ തന്നു അത് പറയാനാ വന്നേ “

“അത് പിന്നെ മോൾക്ക് കിട്ടാതെ ആർക്കാ കിട്ടുക നല്ല ടീച്ചർ അല്ലിയോ?”

അത് പറയുമ്പോ അവരുടെ നാക്ക് കുഴയുന്ന പോലെ അവൾക്ക് തോന്നി

“അമ്മച്ചിക്ക് എന്താ ക്ഷീണംതലവേദന കൂടുതലാണോ.?”

“അതെ നല്ല വേദന. കൈകൾക്ക് ഒരു ബലക്കുറവ് “

സാറ പെട്ടെന്ന് ആ കൈ പിടിച്ചു നോക്കി. മുഷ്ടി ചുരുട്ടി നിവർത്തപ്പോ അത് അയ്ഞ്ഞു തൂങ്ങി കിടന്നു. ചാർളിയെ ഫോൺ ചെയ്തപ്പോ ഔട്ട്‌ ഓഫ് കവറേജ്. തോട്ടത്തിൽ ഇന്ന് ഓഡിറ്റ്‌ ആണ് എന്ന് പറഞ്ഞു. അവിടെ കവറേജ് കുറവാണു എന്നും

അവൾ വേഗം സ്കൂളിലേക്ക് ഓടി

“സ്റ്റാൻലി സർ ഇപ്പൊ തോട്ടത്തിലോട്ട് പോയല്ലോ. ” ആന്റണി സർ പറഞ്ഞു

മുറ്റത്തു കാർ കിടപ്പുണ്ട്. ഡ്രൈവറെ സിന്ധു ചേച്ചി വിളിച്ചു കൊണ്ട് വന്നു

“എത്രയും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ട് പോകണം അമ്മച്ചിക്ക് വയ്യ “

ഡ്രൈവർ ഒരു ചെറുപ്പക്കാരനാണ്
ഹരി

“എന്താ പറ്റിയെ “

“ഒരു വല്ലായ്മ ഉണ്ട് വേഗം കൊണ്ട് പോകണം “

അവളും ഹരിയും കൂടി പിടിച്ചു കാറിൽ കയറ്റി. അപ്പൊ തന്നെ അമ്മച്ചിയുടെ ശരീരത്തിനു ബലക്കുറവ് പോലെ തോന്നി തുടങ്ങി

“അമ്മച്ചി? ഒന്നുമില്ല ട്ടോ ഇപ്പൊ. ആശുപത്രിയിൽ എത്തും ” അവൾ ആ മുഖം തോളിലേക്ക് ചേർത്ത് പിടിച്ചു

അർദ്ധബോധവസ്ഥയിൽ അവർ അവളുടെ തോളിൽ ചാഞ്ഞു കിടന്നു

അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചപ്പോ ജൂനിയർ ഡോക്ടർ മാത്രമേ സ്ഥലത്തുള്ളൂ

“അമ്മച്ചിക്ക് ഷുഗർ ഉണ്ടോ..ബിപി ഉണ്ടോ എന്നൊക്ക അയാൾ അവളോട് ചോദിച്ചു കൊണ്ട് ഇരുന്നു

“ഡോക്ടർ എനിക്ക് തോന്നുന്നു ഇത് സ്ട്രോക് ആണെന്ന്. നോക്ക് ഒരു വശത്തെ കൈകാലുകൾ ബലം കുറഞ്ഞിട്ടുണ്ട് അമ്മച്ചിക്ക് നല്ല തലവേദന ഉണ്ടായിരുന്നു”

“താൻ ഡോക്ടർ ആണോ അല്ലല്ലോ..തലവേദന വന്നാലുടൻ സ്ട്രോക്. ആണോന്ന് സംശയം..എന്ന പിന്നെ സ്വന്തം ആയി ചികിത്സ ചെയ്യ് “

അവൾക്ക് ദേഷ്യം വന്നു

“ബിപി കൂടുതൽ അല്ലെ 200/139ഇത് സ്ട്രോക് വരാനുള്ള ബിപി ആണ്. ഡോക്ടർ എത്രയും പെട്ടെന്ന് അത് നോക്ക്. ഒരു ഇൻജെക്ഷൻ ഉണ്ടല്ലോ ക്ലോട്ട് വന്നാലും പെട്ടെന്ന് മാറാൻ ഉള്ളത് അത് കൊടുക്ക് “

അവൾ ഒരു വലിയ വഴക്ക് തന്നെ ഉണ്ടാക്കി

“ആഹാ കൊച്ച് കൊള്ളാല്ലോ.”

അപ്പോഴേക്കും സീനിയർ ഡോക്ടർ എത്തി. അവൾ അതൊക്ക തന്നെ അദ്ദേഹത്തോടും ആവർത്തിച്ചു. അദ്ദേഹം ഗൗരവത്തോടെ തന്നെ അമ്മച്ചിയെ പരിശോധിച്ച്

“CT”

നഴ്സിനോട് അദ്ദേഹം പറഞ്ഞു

അത് കിട്ടി. ഡോക്ടർ അവളെ ഒന്ന് നോക്കി. പിന്നെ വേഗം മെഡിസിൻ സ്റ്റാർട്ട്‌ ചെയ്തു.

“മോള് മെഡിസിൻ ആണോ പഠിക്കുന്നത്?”

“അല്ല ടീച്ചർ ആണ്,

“കൃത്യമായി ഇത് എങ്ങനെ മനസിലായി?”

“സ്കൂളിൽ ബയോളജിയിൽ പഠിച്ചിട്ടുണ്ട് ഡോക്ടർ നോർമൽ ബിപി എത്രയാ എന്നൊക്കെ. പിന്നെ ഒരു കസിൻ ഇത് പോലെ ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് സ്ട്രോക് ആയി ഒരു വശം തളർന്നു പോയി. അന്ന് ഞാൻ ഹോസ്പിറ്റലിൽ ഒപ്പം ഉണ്ടായിരുന്നു. പക്ഷെ ഞാൻ കുട്ടി ആയിരുന്നു. ഒന്നും അറിഞ്ഞൂടാ. അന്ന് മനസിലാക്കിയതാണ്.”

“കണ്ടോ..ഇത്രേ ഉള്ളു സ്കൂളിൽ നന്നായി പഠിച്ചാലും അത്യാവശ്യം കാര്യങ്ങൾ ഒക്കെ അറിയാം
കൃത്യമായി ആ സമയത്തു തന്നെ അമ്മച്ചിയെ എത്തിച്ച് കറക്റ്റ് ആയി ഡയഗനയ്‌സ് ചെയ്യുകയും ചെയ്തു. അത് പറയുമ്പോ അത് മുഖവിലയ്ക്കെടുക്കാതെ ചാടി കേറരുത്. ചിലപ്പോൾ വരുന്നവർ നമ്മെ ക്കൾ മിടുക്കർ ആവും കേട്ടോ “

ജൂനിയർ ഡോക്ടർ തലകുനിച്ചു നിന്നു

“മെഡിസിൻ കൊടുത്തു തുടങ്ങിയെ ഉള്ളു. മോള് ഇരുന്നോളു. വേറെ ആരെങ്കിലും ഉണ്ടോ കൂടെ?”

“ഇല്ല “

“ഈ മരുന്നുകൾ ഫാർമസിയിൽ നിന്നും വാങ്ങിക്കണം. “

നഴ്സ് കൊടുത്ത കുറിപ്പുമായി അവൾ താഴെ ചെന്നു. കയ്യിൽ കാശ് ഒന്നുമില്ല. അവൾ ചുറ്റും നോക്കി. പണയം വെയ്ക്കാനുള്ള സൗകര്യം ഉണ്ട്. അവൾക്ക് ചിരി വന്നു. അത് ഇപ്പൊ മിക്കവാറും ഹോസ്പിറ്റലിൽ ഒക്കെ ഉണ്ട്. അവൾ ഓർത്തു. മാല ഊരുമ്പോൾ ഒരു മടിയും തോന്നിയില്ല അവൾക്ക്…

പണയം വെച്ച് അത് വരെ ഉള്ള ബില്ല് അടച്ചു അവൾ. ഡോക്ടർ പറഞ്ഞ മരുന്നുകൾ മേടിച്ചു കൊണ്ട് അവൾ നഴ്സിന്റെ കയ്യിൽ കൊടുത്തു. അമ്മച്ചി ഐ സി യുവിലാണ്

അവൾ പിന്നെയും അവനെ വിളിച്ചു നോക്കി കിട്ടുന്നില്ല

ഷെല്ലിയും ബെല്ലയും മോളും കൂടി വരുമ്പോൾ അവൾ ഓടി അരികിലെക്ക് ചെന്നു

“ടീച്ചറെ എന്താ പറ്റിയത്? അവരൊക്കെ എവിടെ?” ബെല്ല കിതപ്പോടെ ചോദിച്ചു

“അവിടെ തോട്ടത്തിൽ എന്തോ..വിളിച്ചു നോക്കിട്ട് കിട്ടിയില്ല.”

ഷെല്ലി ഡോക്ടറുടെ അടുത്തേക്ക് പോയി

“സ്ട്രോക് ആവേണ്ടതായിരുന്നു. മോള് സമയത്തു കൊണ്ട് വന്നു. ആളുടെ നിരീക്ഷണം കൃത്യമായിരുന്നു. ജൂനിയർ ഡോക്ടർ ആയിരുന്നു അപ്പൊ ഉണ്ടായിരുന്നത്. മോള് വലിയ വഴക്ക് ഒക്കെ ഉണ്ടാക്കി…അപ്പൊ ഞാൻ വന്നു എന്നോടും പറഞ്ഞു ഡോക്ടറെ ഇത് സ്ട്രോക്. ആണെന്ന് ഞാൻ കരുതി മെഡിക്കൽ സ്റ്റുഡന്റ് ആണെന്ന്..പിന്നെയാ പറഞ്ഞത് ടീച്ചർ ആണെന്ന്..ആ സമയം ദൈവത്തിന്റെ സമയം ആയിരുന്നു കേട്ടോ.. ഇല്ലെങ്കിൽ ചിലപ്പോൾ “

ഷെല്ലി മുഖം അമർത്തി തുടച്ചു

“വിഷമിക്കണ്ട ഇനി ഒന്നും ഉണ്ടാവില്ല
വേഗം ശരിയാകും “

അവൻ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. അമ്മച്ചി അവന്റെയൊന്നല്ല എല്ലാ മക്കളുടെയും ജീവനാണ്. അവർക്ക് ഒരു വിഷമം വരുന്നത് മക്കളും മരുമക്കളും സഹിക്കില്ല. അത്രയും സാധുവാണ് അവർ. ഷെല്ലി സാറയ്ക്ക് അരികിൽ ചെന്നു

“താങ്ക്യൂ ” അയാൾ കൈകൾ കൂപ്പി

“അയ്യോ എന്തിനാ അങ്ങനെ ഒക്കെ ഫോര്മാലിറ്റി അത് വേണ്ട..” അവൾ തടഞ്ഞു

“സമയത്തു കൊണ്ട് വന്നത് കൊണ്ടാണ് അമ്മച്ചി രക്ഷപെട്ടതെന്ന് പറഞ്ഞു ഡോക്ടർ. ടീച്ചർ ആണ് രക്ഷപ്പെടുത്തിയത്.. എങ്ങനെ താങ്ക്സ് പറഞ്ഞാലും അത് കുറഞ്ഞു പോകും…”

ബെല്ല നന്ദിയോടെ അവളുടെ കൈകൾ പിടിച്ചു

“സാറ?” നഴ്സ് വന്നു വിളിച്ചു

അവൾ അങ്ങോട്ട് ഓടിപ്പോയി

“ഇത് കൂടി ഫാർമസിയിൽ നിന്ന് വാങ്ങു ട്ടോ “

“ഇങ്ങു തന്നേക്ക് ഞാൻ വാങ്ങി വരാം “

ഷെല്ലി അത് വാങ്ങി പോയി. ടെസ്സ മോള് അവളുടെ വിരലിൽ പിടിച്ചു വലിച്ചു

“എന്താ?” സാറ അവളെ പൊക്കിയെടുത്തു

“താങ്ക്സ് ” പിന്നെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ

സാറ അവളുടെ കവിളിലും ഉമ്മ കൊടുത്തു. വിജയും ജെറിയും വന്നു. ജെറി നിലവിളിച്ചു കൊണ്ടാണ് ഓടി വന്നത്. വിവരങ്ങൾ വിശദമായി പറഞ്ഞു കഴിഞ്ഞേ അവൾ ശാന്തമായുള്ളു…ഇടക്ക് റേഞ്ച് വന്നപ്പോൾ ചാർലി തിരിച്ചു വിളിച്ചു

“ഇച്ചാ പേടിക്കണ്ട അമ്മച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ടുണ്ട് ബിപി കൂടിയതാ. ഇങ്ങോട്ട് വാ “

അവൻ നടുങ്ങി നിന്നു പോയി

തുടരും….