പ്രണയ പർവങ്ങൾ – ഭാഗം 64, എഴുത്ത്: അമ്മു സന്തോഷ്

ഷേർളിയെ ഡിസ്ചാർജ് ചെയ്തു. പിറ്റേന്ന് ആണ് അന്നയുടെ കല്യാണം വിളിക്കാൻ തോമസും മേരിയും കൂടി വന്നത്

“മോള് എന്നും വന്നു കാര്യങ്ങൾ ഒക്കെ പറയുന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം അറിയുന്നുണ്ടായിരുന്നു. ഇപ്പൊ നന്നായി കുറഞ്ഞോ?”

തോമസ് ചോദിച്ചു

“കുറഞ്ഞു. എന്നാലും റസ്റ്റ്‌ വേണം. ഞങ്ങൾ അങ്ങോട്ട് വരണം എന്ന് കരുതി ഇരിക്കുകയാണ് ” സ്റ്റാൻലി പറഞ്ഞു

തോമസിന് ഒന്നും മനസിലായില്ല

“ഒരു കല്യാണക്കാര്യമാണ് ” അപ്പോഴും ആ പാവം ഒന്നും മനസിലാകാതെ നിന്നതേയുള്ളു

“സാറയെ ഞങ്ങൾക്ക് തരാമോന്ന് ചോദിക്കാൻ. എന്റെ മോനു വേണ്ടിട്ട് “

തോമസിന്റെ കണ്ണ് നിറഞ്ഞു പോയി

“എന്റെ ദൈവമേ ഞാൻ എന്നാ ഈ കേള്ക്കുന്നെ. ഞങ്ങൾക്ക് അതിനുള്ള നിവൃത്തി ഒന്നുമില്ല. ഈ കല്യാണം നടത്തുന്ന തന്നെ എവിടുന്നൊക്കെ കടം മേടിച്ചണെന്നോ. പിന്നെ അവർ തമ്മിൽ ഇഷ്ടത്തിലായി പോയി. അതാ..”

“ഞങ്ങൾക്ക് പണം വേണ്ട. ഒരു ചില്ലിക്കാശ് വേണ്ട. സാറയെ മാത്രം
മതി ” ഷേർലി പറഞ്ഞു

അയാൾ മേരിയെ നോക്കി. അവരുടെ മുഖത്തും പരിഭ്രമം ആയിരുന്നു

“സാറയോട് ഒന്ന് ചോദിച്ചിട്ട്..കുഞ്ഞുങ്ങൾക്ക് സ്വന്തം ആയിട്ട് വല്ല ഇഷ്ടവും ഉണ്ടോന്ന് അറിയില്ല. ഇപ്പോഴത്തെ കാലമല്ലേ.,?”

“മതി സാറയോട് ചോദിച്ചിട്ട് മതി. നിങ്ങളുടെ മാത്രം അഭിപ്രായം എന്താ?”

“സാറയ്ക്ക് സമ്മതമാണെങ്കിൽ ഞങ്ങൾക്ക് എന്താ എതിർപ്പ്. പക്ഷെ ഉടനെ ഒന്നിനും കയ്യിൽ ഒന്നുമില്ല. കുറച്ചു സമയം വേണം “

“തോമസേ കല്യാണം നടത്തുന്നത് ചെറുക്കൻ വീട്ടുകാരാ..അത് തോമസ് അറിയുകയേ വേണ്ട. പിന്നെ മനസമ്മതം. അതിന്റെ ചിലവും ഞാൻ വഹിച്ചു കൊള്ളാം. ഒത്തിരി താമസിപ്പിക്കാൻ വയ്യ. ഷേർലിക്ക് വയ്യ. എനിക്ക് പ്രായമായി. അവന്റേം സാറയുടെയും ഒരിഷ്ടം കൂടിയ ഇത്..വെറുതെ ഇനി നാട്ടുകാരെ കൊണ്ട് പറയിക്കണ്ട. ഒരു രണ്ട് മാസം. വിളിച്ചു ചൊല്ലലും കല്യാണവും കൂടി നടത്താം. ബന്ധുക്കളോടൊക്കെ ഒന്ന് സംസാരിച്ചു വെച്ചോ. ഇപ്പൊ. ആണെങ്കിൽ എല്ലാരും ഉണ്ടല്ലോ “

തോമസ് ശരി എന്ന് പറഞ്ഞു

പിന്നെ അന്നയുടെ കുറി കൊടുത്തു. കല്യാണം ക്ഷണിച്ചു

ഷേർലി സ്റ്റാൻലിയുടെ അരികിൽ ഇരുന്നു

“നമ്മൾക്ക് സാധിച്ചോ നമ്മുടെ മോനെ ഇത്രയും നാളുകൾ അടുപ്പിച്ച് ഇവിടെ നിർത്താൻ? നോക്കിക്കേ ഈ കാലത്തിനിടയിൽ വിരലിൽ എണ്ണാനുള്ള ദിവസങ്ങളെ അവൻ ഇവിടെ വിട്ട് നിന്നിടുള്ളു. കല്യാണം കഴിഞ്ഞാൽ പിന്നെ. പോകുകയേയില്ല “

“ഞാൻ നിന്നോട് പറഞ്ഞില്ലാരുന്നോ മനസ്സ് ഉടക്കി കഴിഞ്ഞ ഇവിടെ നിന്ന് പോകില്ലന്ന്. ആ കൊച്ചിനോട് മിണ്ടി തുടങ്ങിയപ്പോൾ തൊട്ട് അവൻ വേറെയാളായി. അതാ കൊച്ചിന്റെ നന്മയാ “

“നല്ല കൊച്ചാ ഇച്ചായാ. നല്ല മോളാ.”

“എന്നാലും ഷെല്ലിയുടെ മനസ്സ് മാറിയത് അതിശയം തന്നെ. ഞാൻ വിചാരിച്ചു അവൻ ഭൂകമ്പം ഉണ്ടാകുമെന്ന് “

“ദൈവം മാറ്റുന്നതാ ഇച്ചായാ അതൊക്കെ. അല്ലെങ്കിലും ഈ കാശ് ഒക്കെ കുറെ ഉണ്ടായിട്ട് എന്തിനാ? കണ്ടോ ഞാൻ ഒന്ന് വീണപ്പോ ആ കൊച്ച് മാത്രം അല്ലെയുണ്ടായിരുന്നുള്ളൂ?”

സ്റ്റാൻലി അവരെ ഒന്ന് ചേർത്ത് പിടിച്ചു

തോമസും മേരിയും വീട്ടിൽ വരുമ്പോൾ സാറ പശു തൊഴുത്തു വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. അവൾ അത് ചെയ്തു തീർത്തു കുളിച്ചു വന്നപ്പോ പപ്പയും മമ്മിയും വന്നത് കണ്ടു

“മോളെ ഇങ്ങു വന്നേ “

സാറ അങ്ങോട്ട് ചെന്നു

“ചാർളിയുടെ ഒരാലോചന വന്നല്ലോ. മോളുടെ അഭിപ്രായം എന്താ?”

അവളുടെ മുഖം ചുവന്നു

അന്ന അവളെ ഒന്ന് നോക്കി.

“മോൾക്കിഷ്ടാണെങ്കിൽ അത് നടത്തിയേക്കാം “

സാറ എന്തോ പറയാൻ ഭാവിച്ചപ്പോ അന്ന ഇടക്ക് കയറി

“അയാള് ജയിലിൽ പോയ ഒരുത്തൻ അല്ലെ ഇവളെക്കാൾ കുറെ മൂത്തതാ. ആ പിന്നെ കാശ് ഉണ്ട്. നിനക്ക് ഇഷ്ടം ആണോടി?” അന്ന ചോദിച്ചു

“അതെ ” സാറ പെട്ടന്ന് പറഞ്ഞു

“എന്നാ കണ്ടിട്ടാ? കുറച്ചു വെളുത്തു ചുവന്നു ഇരിപ്പുണ്ട്. കുറച്ചു കാശുമുണ്ട്. എന്തോ ഉണ്ടെങ്കിലും ഒരുത്തനെ കൊ- ന്നിട്ട് ജയിലിൽ പോയവനല്ലേ?” അന്ന പുച്ഛത്തോടെ പറഞ്ഞു

സാറയ്ക്ക് ജീവിതത്തിൽ ആദ്യമായി ഒരാളുടെ മുഖം അടച്ച് ഒന്ന് കൊടുക്കണം എന്ന് തോന്നിയ നിമിഷം ആയിരുന്നു അത്

“ആ ജയിലിൽ പോയ ആളില്ലായിരുന്നെങ്കിൽ ചേച്ചി ഇന്ന് ജീവനോടെ കാണില്ല. പിന്നെ ചേച്ചിയുടെ അതെ പ്രായമുള്ള ആളാണല്ലോ ആൽബി ചേട്ടൻ. എവിടെയെല്ലാം കൊണ്ട് പോയി എത്ര തവണ ഗ- ർഭിണി ആയി അതൊക്ക എല്ലാർക്കും അറിയാം. സ്വഭാവത്തിന്റെ മഹിമ അത്രയ്ക്കുണ്ട്. കാശുള്ളത് ഒരു കുറവല്ലല്ലോ. ലക്ഷങ്ങൾ ചോദിച്ചില്ല പെണ്ണിനെ കെട്ടാൻ. “

സാറ ജ്വലിച്ചു

അവളെങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് ആരും ആ വീട്ടിൽ കണ്ടിട്ടില്ല

ചാർളിയെ പറഞ്ഞപ്പോ അവൾ നിന്ന് കത്തുന്നത് കണ്ട് മേരി ഊറി ചിരിച്ചു കൊണ്ട് ഭർത്താവിനെ നോക്കി

“അപ്പൊ ഇത് ഉറപ്പിക്കാം. അല്ലെ മോളെ?”

“ഉം ” സാറ ഒന്ന് മൂളി

“ഞാൻ പറഞ്ഞെന്നേയുള്ളൂ ആൽബി എന്നേ കൊണ്ട് പോയിട്ടുണ്ടെങ്കിൽ എന്നേ സ്നേഹിച്ച കൊണ്ടാണ്. കൊ- ലപാതകവും ഇതും രണ്ടാണ്. ആൽബിയെ വെച്ചു ചാർളിയെ താരതമ്യം ചെയ്യല്ലേ സാറ. “

അവൾ രൂക്ഷമായി അന്നയെ നോക്കി

“അത് ശര്യാ ചേച്ചി ആൽബിയെ വെച്ചു താരതമ്യം ചെയ്യാൻ ഒക്കില്ല. കാരണം ഞങ്ങൾ ഇഷ്ടം ആയിട്ട് ഒമ്പത് മാസമായി. എന്നേ ഇത് വരെ പുള്ളി ഒരു റിസോർട്ടിൽ കൊണ്ട് പോയിട്ടില്ല. ഒരു ടൂർ കൊണ്ട് പോയിട്ടില്ല. ശര്യാ ചാർളിയാ മോശം. ഒന്നുടെ പറഞ്ഞു തരാം. ആൽബിയുടെ വീട്ടിൽ നിന്ന് ഇരുപത്തിയഞ്ചു ലക്ഷം രൂപ വേണ്ടന്ന് ഇവിടെ വന്നു പറഞ്ഞത് ആ മനുഷ്യൻ കാരണമാ. ആ ആളുടെ റിസോർട്ടിൽ നിന്ന ചേച്ചിയുടെ സൽഗുണ സമ്പന്നന്നെ രണ്ടു പെൺപിള്ളേർക്കൊപ്പം പൊക്കിയത്. അത് പുറത്ത് വരാതെയിരിക്കാനാ ഈ കാശ് വേണ്ടന്ന് പറഞ്ഞത്. പോയി ചോദിച്ചു നോക്ക്. മേലിൽ ഇച്ചായനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ.”

അന്ന നടുങ്ങി പോയി

തോമസും മേരിയും അതെ നടുക്കത്തിൽ തന്നെ ആയിരുന്നു. സാറ മുറിയിൽ പോയി. അന്ന മുഖം കുനിച്ച് അവളുടെ മുറിയിലേക്കും. ആൽബി അങ്ങനെ ഉള്ള ഒരു മനുഷ്യൻ ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു.

തന്നോട് കാണിച്ചത് പ്രണയം ആയിരുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു അവൾക്ക് ഇഷ്ടം. സെ- ക്- സ് അതിന്റെ കൂടെ സംഭവിച്ച ഒന്ന് മാത്രം

താനും അതിൽ പൂർണ മനസോടെ പങ്കാളിയായി. മറ്റുള്ള സ്ത്രീകളോടും അങ്ങനെ ആണെന്ന് ഇപ്പൊ അറിയുന്നു. സത്യമാണോ അത്

അവൾ ഫോൺ എടുത്തു.

ആൽബി മുറിയിൽ ഇരിക്കുകയായിരുന്നു

ഫോൺ വന്നപ്പോ അവൻ മുഷിപ്പോടെ ഫോൺ എടുത്തു

“എടാ ഇരുപത്തിഅഞ്ചു ലക്ഷം വേണ്ടെന്ന് പറഞ്ഞത് നിന്നെ പെണ്ണുങ്ങൾടെ കൂടെ റിസോർട്ടിൽ നിന്ന് ചാർലി പിടിച്ചപ്പോഴാണോ?”

അവൻ എതിർക്കാൻ പോയില്ല

“ആണെങ്കിൽ?”

“നാണമില്ലെടാ നിനക്ക്? എന്നെ സ്നേഹിച്ച് കൊണ്ട് നടന്നേച്ച്..”

“നിർത്തടി. അങ്ങനെ കൊണ്ട് നടന്നെങ്കിൽ നീയും അത് ആസ്വദിച്ചിട്ടുണ്ട്. ഞാൻ വിളിക്കുമ്പോ എല്ലാം കൂടെ വന്നിട്ടുമുണ്ട് എനിക്ക് കൂടെ കിടന്നു തന്നിട്ടുമുണ്ട്. ഞാൻ ബ- ലാ- ത്സം- ഗം ഒന്നും ചെയ്തില്ലല്ലോ. പിന്നെ ആൽബി ഇനിയും ഇങ്ങനെ തന്നെ ആണ്. എന്നെ നിയന്ത്രിക്കാൻ നോക്കണ്ട. നല്ല പെണ്ണിനെ കണ്ട ഞാൻ പോകും. സൗകര്യം ഉണ്ടെങ്കിൽ ഭാര്യ ആയിട്ട് ഇരുന്ന മതി. നിവൃത്തി ഇല്ലാത്ത കൊണ്ടാ കെട്ടുന്നേ. എനിക്ക് നിന്നെ മടുത്തു.. വേണ്ട. പിന്നെ എല്ലാരും അറിഞ്ഞു പോയി അത് കൊണ്ട് കെട്ടുന്നു “

“അത് ശരി എങ്കിൽ പിന്നെ അങ്ങനെ തന്നെ. നിനക്ക് ഞാൻ കാണിച്ചു തരാമെടാ ജീവിതം എന്താണെന്ന്. ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ. നിന്നെയും നിന്റെ ആർത്തിപ്പണ്ടാരം അമ്മയെയും ഞാൻ ഒരു പാഠം പഠിപ്പിക്കും ഞാൻ അങ്ങോട്ട് ഒന്ന് വന്നോട്ടെ “

“നീ ഒ- ലത്തും വെക്കടി ഫോൺ “

അവൻ ഫോൺ വെച്ചു

അപമാനം കൊണ്ടും അരിശം കൊണ്ടും അന്ന നിന്ന് പുളഞ്ഞു

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *