മന്ത്രകോടി – ഭാഗം 18, എഴുത്ത്: മിത്ര വിന്ദ

ദേവു എവിടെ..ആ കുട്ടിയേ കണ്ടില്ലലോ……

ഉമ്മറത്ത് നിന്നും ആരോ ഒരാൾ ചോദിക്കുന്നത് നന്ദൻ കേട്ടു….

അവൾ ആ കുളപ്പടവിൽ ഇരിക്കുന്നുണ്ട്, പൊന്നൂസ് കരഞ്ഞതിനു കുളം കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയതാണ്…. അകത്തുനിന്നു ഏതോ ഒരു സ്ത്രീ മറുപടി പറയുന്നതും അവൻ അപ്പോളേക്കും കേട്ടു കഴിഞ്ഞു ..

നന്ദൻ പതിയെ മുറ്റത്തേക്ക് ഇറങ്ങി…. കുളപ്പടവിലേക്ക് അവന് മെല്ലെ നടന്നു…

ഗൂഢമായ കുറച്ചു തന്ത്രങ്ങൾ മെനഞ്ഞു കൊണ്ട്.

ഏതോ ഒരു പെൺകുട്ടിയുടെ കൊലുസിന്റെ ശബ്ദം കേൾക്കാം കുളപ്പടവിൽ നിന്നും….. ഒപ്പം കലുപില വർത്താനോം…

നന്ദൻ നോക്കിയപ്പോൾ ദേവൂട്ടി ഒരു കുഞ്ഞിനേയും മടിയിൽ ഇരുത്തി കല്പടവിൽ ഇരിക്കുന്നു..

ദേവു..ഇയാളെ അമ്മ തിരക്കുന്നുണ്ട് കെട്ടോ ..മുകളിൽ നിന്ന് നന്ദൻ ഉറക്കെ വിളിച്ചു പറഞ്ഞു…

പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി.

നന്തനെ കണ്ടതും ചാടി എഴുന്നേറ്റു.

അരികത്തിരുന്ന പെൺകുട്ടിയേംകൊണ്ട് ദേവു വേഗം പടവുകൾ കയറി അവന്റെ അടുത്തേക്ക് വന്നു…

‘ദേവു,,,, ഇയാളെ എന്റെ അമ്മ ഒന്ന് കാണണം എന്ന് പറഞ്ഞു,,താൻ തിരക്ക് ആണോ

അവൾ അടുത്തെത്തിയപ്പോൾ അവൻ ദേവുവിനോട് ചോദിച്ചു .

ഹേയ് ഇല്ല നന്ദേട്ടാ… ഞാൻ വെറുതെ ഈ കുട്ടിയേം കൊണ്ട്……. ഞാൻ ഇപ്പൊ തന്നെ പോയ്കോളാം കേട്ടോ…എന്നും പറഞ്ഞു ദേവു വേഗം മുമ്പോട്ട് നടന്നു…

ദേവു… പിന്നെ

നന്ദൻ വീണ്ടും അവളെ വിളിച്ചു..

എന്താ നന്ദേട്ടാ… അവൾ പിന്തിരിഞ്ഞു കൊണ്ട് ചോദിച്ചു……..

“അതേയ്….എന്റെ അമ്മ ഒരു കാര്യം ഇയാളോട് പറയും,,,, ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…. പക്ഷെ ഇയാൾക്ക് അത് പറ്റില്ല എന്ന് മാത്രം അമ്മയോട് പറയരുത് കേട്ടോ… ഞാൻ ഒരുപാട് പ്രതീക്ഷയോടെ ആണ് തന്റെ അടുത്തേക്ക് വന്നത്….”

അവളുടെ മറുപടി കാക്കാതെ അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ വേഗം നടന്നു പോയി…

എന്താണെന്ന് അറിയുവാൻ അവൾക്ക് വല്ലാത്ത ആകാംഷ.

ഒപ്പം അരുതാത്തത് എന്തോ സംഭവിക്കുവാൻ പോകുന്നു എന്ന് ഉള്ളിൽ ആരോ മന്ത്രിക്കുന്നു.

വല്ലാത്ത പരവേശം… കാലുകൾ കുഴയും പോലെ..

എന്താണ് എന്റെ കൃഷ്ണാ….

അവൾ അടുക്കളപ്പുറത്തേയ്ക്ക് വേഗത്തിൽ നടന്നു..

സരസ്വതി അമ്മ അവിടെ പുഞ്ചിരി യോടുകൂടി നിൽക്കുന്നുണ്ട്..

ആ അമ്മയെ കണ്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

“മോളെ.. ഇതെവിടാരുന്നു നീയ്…”

വാത്സല്യപൂർവ്വം,അവർ വന്ന് ദേവുവിന്റെ കൈത്തണ്ടയിൽ പിടിച്ചു.

“ഞാന്… അപ്പുറത്തെ, കുളത്തിന്റെ പടവിൽ ഉണ്ടായിരുന്നു, എന്താ സരസ്വതി അമ്മേ എന്നെ കാണണം എന്ന് പറഞ്ഞത് ..”

പെട്ടെന്ന് അവൾക്ക് അവരെ അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്…

അതുകേട്ടതും സരസ്വതിക്കു വളരെ സന്തോഷം തോന്നി..

“എനിക്ക് കാണണം എന്നുള്ളത്, മോൾ എങ്ങനെയാണ് അറിഞ്ഞത് “

“അത് പിന്നെ, നന്ദേട്ടൻ ആണ് പറഞ്ഞത് “

“ഉവ്വോ…”

“ഹ്മ്മ്…”

” എനിക്ക് എന്റെ ദേവൂട്ടിയോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാൻ ഉണ്ട്, മോളത് ശ്രദ്ധയോടുകൂടി കേൾക്കണം, എന്നിട്ട് ആലോചിച്ച് ഒരു തീരുമാനം എടുക്കണം കേട്ടോ “

അവരുടെ വാക്കുകൾ കേട്ടപ്പോൾ ദേവൂട്ടിക്ക് പിന്നെയും ടെൻഷനായി..

“എന്താ അമ്മേ….,”

“അത് പിന്നെ മോളെ…. നീയും ഞങ്ങളുടെ ഒപ്പം വരുന്നോ പാലക്കാട്ടേക്ക്,, ഞങ്ങളുടെ മകന്റെ ഭാര്യയായി, ഞങ്ങൾക്ക് രണ്ടാൾക്കും ഒരു മകൾ ആയിട്ട് ‘

അവരുടെ ചോദ്യം കേട്ടതും ദേവു തരിച്ചു നിന്നു.

സരസ്വതി തന്റെ മകന്റെ ആഗ്രഹം ദേവുട്ടിയോട് വിശദമായി പറഞ്ഞു….

അവളുടെ ഒപ്പം അമ്മയും മുത്തശ്ശിയും ഉണ്ട്…..

എന്റെ മകൻ അവന്റെ ഫ്രെണ്ട്സിനെ എല്ലാവരെയും നാളെ അവന്റെ വിവാഹനിശ്ചയം ക്ഷണിച്ചതാണ്,,…. എന്നിട്ടാണ് അവസാന നിമിഷം ലെച്ചുവും അശോകും തമ്മിൽ സ്നേഹം ആണെന്ന് എന്നോട് ബാലേട്ടൻ വിളിച്ചു പറഞ്ഞത്… പെട്ടെന്നത് കേട്ടപ്പോൾ ഞാനും എന്റെ ഭർത്താവും തകർന്നുപോയി മോളെ… പക്ഷെ എന്റെ മകൻ എന്നോട് പറഞ്ഞത് അതൊന്നും സാരമില്ല, അവർ തമ്മിൽ ഇഷ്ടമാണെങ്കിൽ അത് തന്നെ നടക്കട്ടെ എന്നാണ്…. കാരണം പരസ്പരം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്തവരാണ് ഒന്നാവേണ്ടത്, ഉള്ളിൽ ഒരാളെ കൊണ്ടുനടന്ന് മറ്റൊരുവന്റെ ഭാര്യ ആകേണ്ടി വരുന്ന ഒരു പെൺകുട്ടിയെ അവനു താല്പര്യം ഇല്ല…

.സരസ്വതി എല്ലാവരോടും ആയി പറഞ്ഞു…

ശരിക്കും ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെട്ടത് ദേവൂനെ ആയിരുന്നു.. നന്ദൻ പോലും….

പക്ഷെ മൂത്ത കുട്ടി നിൽക്കുമ്പോൾ, ഇളയ ആളെ എങ്ങനെ ആലോചിക്കും എന്ന് പറഞ്ഞു ആണ് ലച്ചുവും ആയിട്ടുള്ള വിവാഹത്തിന് നന്ദൻ മുൻകൈ എടുത്തത്..എന്നാൽ അതിങ്ങനെയൊക്കെ വരും എന്നുള്ളത് നമ്മളാരും സ്വപ്നത്തിൽ പോലും കരുതിയതുമില്ല,

അവർ ഒന്ന് നെടുവീർപ്പെട്ടു

“മോളേ ദേവു, കുറച്ചു മുന്നേ ഇന്ന് ഇവിടെ വെച്ച് എന്റെ മോനെന്നോട് ചോദിച്ചു അമ്മക്കിഷ്ടം ദേവൂട്ടിയെ അല്ലായിരുന്നോ, അതുകൊണ്ട് ദേവൂട്ടിയെ നമ്മൾക്ക് കൃഷ്മങ്ങലത്തേക്ക് കൊണ്ടുപോയാലോ എന്ന്…. അത് കേട്ടതും എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷത്തിനു അതീരില്ല എന്ന് വേണം പറയാൻ ‘

അതു പറയുമ്പോൾ ആ അമ്മയുടെ വാക്കുകൾ ഇടറി..

മോൾ ആലോചിച്ചിട്ട് ഒരു മറുപടി എത്രയും പെട്ടന്നു പറയണം….മാധവൻ ചേട്ടനോട് നന്ദൻ തന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞു… ആർക്കും എതിർപ്പില്ല… പക്ഷെ മോളാണ് തീരുമാനം എടുക്കേണ്ടത്..

എന്റെ കുട്ടിക്ക് യാതൊരു സങ്കടവും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഉണ്ടാവില്ല…നിന്റെ കണ്ണ് നിറയാൻ ഇട വരില്ല…ആ ഒരു ഉറപ്പ് മാത്രം അമ്മ തരാം നിനക്ക്….

അച്ഛനോടും അമ്മയോടും ഒക്കെ കൂടി ആലോചിച്ചു ഞങ്ങൾക്ക് സന്തോഷകരം ആയ ഒരു മറുപടി തരണം കേട്ടോ..

അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത ശേഷം അവർ പുറത്തേക്ക് ഉമ്മറത്തേക്ക് പോയി.

ഞങ്ങൾ പുറത്ത് ഉണ്ട് കേട്ടോ…മോളോട് ആലോചിച്ചു പറയു…. അച്ഛനെ കണ്ടതും നന്ദേട്ടന്റെ അച്ഛൻ പറയുന്നതും ദേവു അപ്പോൾ കേട്ടിരുന്നു.

“മോളെ ദേവു…. എന്താണ് എന്റെ കുട്ടിയുടെ തീരുമാനം, ഒക്കെ നീ പറയും പോലെ തന്നെ, അച്ഛനും അമ്മയും ചെയ്യും…… നിനക്ക് സമ്മതമാണോ മോളെ”

ദേവൂട്ടി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്, ഇടിത്തീ പോലെ ആണ് അമ്മ പറയുന്ന ഓരോ വാക്കുകളും അവളുടെ നെഞ്ചിൽ തറഞ്ഞത്….

“നല്ല ആളുകളാണ് മോളെ,,, അതും സരസ്വതി എന്നു പറഞ്ഞാൽ ബാലന്റെ പെങ്ങൾ അല്ലേ,, എന്റെ കുട്ടിയെ പൊന്നുപോലെ അവര് നോക്കും, പോരാത്തതിന്, നിനക്ക് മതിയാവോളം പഠിപ്പിക്കുകയും ചെയ്യും, ഒക്കെ നിന്റെ ഭാഗ്യമാണ്, നീ സമ്മതിക്കുമോ മോളെ”

മുത്തശ്ശി അവളുടെ കൈകളിൽ തഴുകി കൊണ്ട് പറയുക ആണ്

അപ്പോഴേക്കും ലച്ചു ചേച്ചിയും അവിടെക്ക് ഇറങ്ങി വന്നു..

രാധച്ചെറിയമ്മ പറഞ്ഞാണ് ചേച്ചി ഈ വിവരങ്ങളൊക്കെ അറിഞ്ഞത്…

“അമ്മേ…. ദേവു….. സത്യം ആണോ ഞാനീ കേട്ടത്. കോളടിച്ചല്ലോ, ഇനി വീട്ടിൽ രണ്ടു വിവാഹം ഒരുമിച്ചു നടക്കാൻ പോകുവാണോ….”

ചേച്ചിയുടെ മുഖത്തെ ആഹ്ലാദം കണ്ടപ്പോൾ ദേവുവിന് പുച്ഛമാണ് തോന്നിയത്…

എങ്കിലും ആരോടും ഒന്നും പറയാത്തത് കൊണ്ട് അവൾ ഉള്ളിലെ വിഷമം ഒതുക്കി നിൽക്കുകയാണ്…

“ഇതെന്താ ദേവൂട്ടി നീ ഒന്നും പറയാത്തത്,, നന്ദേട്ടനെ കെട്ടാൻ നിനക്ക് സമ്മതമല്ലേ..”

തന്റെ താടിതുമ്പ് പിടിച്ചുയർത്തിക്കൊണ്ട് ലെച്ചു ചേച്ചി ചോദിച്ചതും അവളുടെ മിഴികൾ നിറയാൻ തുടങ്ങി..

“ലെച്ചു നീ മിണ്ടാതിരിക്ക്,,, കാര്യങ്ങളൊക്കെ, അച്ഛൻ വന്നു ദേവൂട്ടിയോട് സംസാരിച്ചു കൊള്ളും കേട്ടോ ‘

അമ്മ പറയുന്നത് കേട്ടതും ചേച്ചി മുഖം വീർപ്പിച്ചു.

“അതെന്താ അമ്മേ… എന്റെ അനുജത്തി യുടെ കാര്യത്തിൽ എനിക്ക് ഒന്നും പറയാൻ അധികാരം ഇല്ലേ ഇവിടെ….”

“എന്നൊന്നും ഞാൻ പറഞ്ഞില്ല… നിന്റെ കാര്യങ്ങൾ ഒക്കെ യും നീ മുൻകൂട്ടി തീരുമാനിച്ചു കഴിഞ്ഞത് അല്ലേ… അതേപോലെ ദേവു ട്ടിയും അവളുടെ കല്യാണകാര്യത്തെ കുറിച്ചു എന്തെങ്കിലും പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ടോ എന്ന് അറിയണം “

അമ്മ ഇത്തിരി കടുപ്പത്തിൽ തന്നെ ആണ് അതു പറഞ്ഞത്..

അതു കേട്ടതും ലെച്ചു വിന്റെ മുഖം ഇരുണ്ടു..

തുടരും

Leave a Reply

Your email address will not be published. Required fields are marked *