“കുരിശുങ്കൽ ചാർളിയെ കാണാനില്ല ” വാർത്ത കാട്ടു തീ പോലെ പരന്നു
തോട്ടത്തിൽ പോയതാണ് വൈകുന്നേരം വരുമെന്ന് പറഞ്ഞു. പക്ഷെ വന്നില്ല. രാത്രി വൈകിയപ്പോ വിളിച്ചു നോക്കി. മൊബൈൽ ബെൽ ഉണ്ട്. എടുക്കുന്നില്ല. ഓഫീസിൽ വിളിച്ചു നോക്കി. സന്ധ്യ ആയപ്പോൾ തന്നെ പോയല്ലോ അവർ പറഞ്ഞു. അവർ തിരഞ്ഞിറങ്ങുകയും ചെയ്തു
ഷെല്ലി കൊച്ചിയിൽ നിന്നും വന്നു. വിജയും പോലീസ് സംഘവും ഒന്നിച്ചാണ് വന്നത്. തോട്ടത്തിൽ cctv ഉള്ളയിടത്തു നോക്കി. വണ്ടി അങ്ങോട്ട് പോയിട്ടുണ്ട്. തിരിച്ചു പോയിട്ടില്ല. അല്ല കുറച്ചു ദൂരം തിരിച്ചു പോയിട്ടുണ്ട്. പിന്നെ ഇടക്ക് cctv ഇല്ല. അവിടെ വെച്ചു miss ആയി
ഒരു സ്ഥലം വരുമ്പോൾ ഇടതു വശം കൊക്കയാണ്
പോലീസ് ഷെല്ലിയോട് സംസാരിച്ചു
“മൊബൈൽ റേഞ്ച് കാണിക്കുന്നത് ഇവിടെയാണ്. I think…” ഓഫിസർ നിർത്തി
ഷെല്ലിക്ക് നെഞ്ചിൽ ഒരു വേദന വന്നു. അയാൾ കാറിലേക്ക് ചാരി നിന്നു
“നമുക്ക് ഫയർ ഫോഴ്സിന്റെ സഹായം കൂടി വേണം “
ഷെല്ലി ഒന്ന് മൂളി
പിന്നെ എവിടെ ഒക്കെയോ ഫോണിൽ വിളിച്ചു. അല്പസമയം കഴിഞ്ഞു ഫയർ ഫോഴ്സ് എത്തി. കഠിനമായിരുന്നു തിരച്ചിൽ. ഒടുവിൽ ബുള്ളറ്റ് കണ്ടെത്തി. ആളില്ല
“എന്റെ കർത്താവെ ” ഷെല്ലി നെഞ്ചിൽ അടിച്ചു നിലവിളിച്ചു
ആ നിമിഷം വരെ അതു സത്യമാവരുതേ എന്നയാൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു
വൈകുന്നേരം ആയാൽ തിരച്ചിൽ ബുദ്ധിമുട്ട് ആകുമെന്നുള്ളത് കൊണ്ട് അവർ ഊർജസ്വലരായി തിരച്ചിൽ തുടർന്ന് കൊണ്ട് ഇരുന്നു. ഒടുവിൽ സന്ധ്യായപ്പോ അവർ തിരച്ചിൽ നിർത്തി. കാണുന്നില്ല
നിരാശ നിറഞ്ഞ മുഖവുമായി അവർ തിരിച്ചു വന്നു
“എന്തായാലും ബുള്ളറ്റ് ഉള്ള സ്ഥിതിക്ക് ബോഡി അവിടെ കാണും “
എസ് പി അറിയാതെ പറഞ്ഞു പോയതായിരുന്നു അതു….വിജയ് വേഗം ഷെല്ലിയെ കൂട്ടിക്കൊണ്ട് കാറിൽ ഇരുത്തി
“എന്റെ മോൻ പോയോ കർത്താവെ” എന്ന് ആയാളുറക്കെ നിലവിളിച്ചു കൊണ്ട് ഇരുന്നു
ക്രിസ്റ്റി വന്നപ്പോൾ വിജയ് അങ്ങോട്ട് ചെന്നു
“എന്തായി വല്ല വിവരവും കിട്ടിയോ?”
അവന്റെ മുഖം പ്രേതബാധിതനെ പോലെ വിളറി വെളുത്തിരുന്നു
“വണ്ടി കൊക്കയിൽ നിന്ന് കിട്ടി..”
“അപ്പൊ അവൻ?”
“തിരഞ്ഞു മടുത്തു. രാത്രി ആകുകയും ചെയ്തു. അവർ തിരച്ചിൽ നിർത്തി “
പോലീസ് സംഘം അവിടെ തമ്പടിച്ചു
“മൃഗങ്ങൾ വല്ലോം വരുമോ?” ക്രിസ്റ്റി ചോദിച്ചു
“കാടാണ്..അറിഞ്ഞൂടാ. നീ ഷെല്ലി ചേട്ടനെ വീട്ടിലോട്ട് കൊണ്ട് പോ. ഞാൻ ഇവിടെ നിൽക്കാം “
ഷെല്ലി സമ്മതിച്ചില്ല
എന്റെ കൊച്ച് ഇല്ലാതെ ഞാൻ പോവുകേല. അപ്പനോട് ഞാൻ എന്നാ പറയും ദൈവമേ…എന്റെ കർത്താവെ എന്റെ കൊച്ചിനെ താ അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് ദൈവത്തോട് അപേക്ഷിച്ചു
ഈ സമയം ഫയർ ഫോഴ്സ് തിരഞ്ഞു കൊണ്ട് ഇരിക്കുമ്പോ തന്നെ ചാർളിയുടെ ആൾക്കാരും തിരയുന്നുണ്ടായിരുന്നു.
വിക്ടർ, സന്ദീപ്, സ്റ്റീഫൻ, പീറ്റർ, ബോബി
അവർ രാത്രി ആയിട്ടും തിരച്ചിൽ നിർത്തിയില്ല
ഒരലർച്ച കേട്ടു താഴെന്ന്. എല്ലാവരും അവിടേക്ക് ഓടി.
കിട്ടി…
കിട്ടി…
ഷെല്ലി ബിപി കൂടി കുഴഞ്ഞു വീണു. വിജയ് ഷെല്ലിയെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. ഫയർ ഫോഴ്സ് തിരികെ പോയിട്ടില്ലായിരുന്നു. അവരും കൂടെ വേഗം ഇറങ്ങി
ചാർളിയുടെ ശരീരം മുകളിലേക്ക്…
ക്രിസ്റ്റിക്ക് താൻ ബോധം കെട്ട് വീണു പോകുമെന്ന് തോന്നി. അവൻ ഭയത്തോടെ നോക്കി കൊണ്ട് നിന്നു
രക്തത്തിൽ മുങ്ങിയ മുഖം. മറ്റു പരിക്കുകൾ കാണാനില്ല.
ജീവനുണ്ട് സാറെ….അവർ വിളിച്ചു പറഞ്ഞു
അതു ഒരു ഉണർവായി. സർവരും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു പോയി
“ഒരു വള്ളിയിൽ തൂങ്ങി കിടക്കുകയായിരുന്നു. പക്ഷെ തല എവിടെയോ അടിച്ചിട്ടുണ്ട്. ഭാഗ്യത്തിന് പിന്ഭാഗം അല്ലെന്ന് തോന്നുന്നു ” വിക്ടർ പറഞ്ഞു
ആംബുലൻസ് അവനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. പുല്ലരിക്കുന്നത് ഗ്രാമം മിക്കവാറും എല്ലാവരും സംഭവസ്ഥലത്തുണ്ടായിരുന്നു
“ജീവനുണ്ടേ ” എന്ന് ആർത്തു വിളിച്ചു കൊണ്ടവർ തിരികെ വന്നു
വാർത്ത കാട്ടു തീ പോലെ പടർന്നു. കൊക്കയിൽ നിന്ന് ചാർളിയെ കിട്ടി. ജീവനോടെ
അതെങ്ങനെയൊന്നും പോകത്തില്ലന്നെ….മുറിച്ചാൽ മുറി കൂടുന്ന ഇനമാ..
കുരിശുങ്കലെ അല്ലിയോ ചെറുക്കൻ, അത്ഭുതജന്മമാ
എത്ര അടി താഴ്ചയാണെന്നാ….വള്ളിയിൽ തൂങ്ങി കിടന്നു
ആ പെൺകൊച്ചു കിടന്നു കരഞ്ഞു വിളിച്ചു പ്രാർത്ഥിച്ചത് കൊണ്ടാ….അല്ലെങ്കിൽ ഇത്രയും അടി താഴ്ചയിൽ പോയാൽ തിരിച്ചു കിട്ടുമോ
ദൈവാധീനം ഉള്ള കൊച്ചാ അതു
കുരിശുങ്കൽ വീട്ടിൽ മരണവീടിന്റെ മൂകത ആയിരുന്നു. പാതി ബോധത്തിൽ ഷേർലി എന്റെ കുഞ്ഞേവിടെ എന്ന് നിലവിളിച്ചു കൊണ്ടിരുന്നു
സ്റ്റാൻലിയെ ഷെറി ആശുപത്രിയിലേക്ക് കൊണ്ട് പോയി.
ബന്ധുക്കൾ കരഞ്ഞും പിഴിഞ്ഞും ഒരു മൂലയ്ക്ക് ഇരിപ്പുണ്ട്.
സാറ പള്ളിയിൽ നിലത്തു കിടക്കുകയായിരുന്നു…
പുലർച്ചെ ആയി…
പള്ളിയിൽ ആയിരുന്ന കൊണ്ട് അവൾ പിന്നീടുള്ള സംഭവങ്ങൾ ഒന്നും അറിഞ്ഞില്ല. അവനെ കാണാനില്ല എന്ന് ആദ്യം അറിഞ്ഞു. പിന്നെ കൊക്കയിൽ വീണന്നു അറിഞ്ഞു. അതോടെ പള്ളിയിലേക്ക് ഓടി പോരുന്നു
എന്റെ ഇച്ചാ എവിടെ? അവൾ ദൈവത്തോട് ചോദിച്ചു കൊണ്ട് ഇരുന്നു
ജീവനോടെ എന്റെ മുന്നിൽ കൊണ്ട് തന്നില്ലെങ്കിലുണ്ടല്ലോ…ഇവിടെ തലയടിച്ചു മരിക്കും സാറ…
അവൾ വിങ്ങി പൊട്ടി പറഞ്ഞു കൊണ്ടിരുന്നു
“മോളെ അവനെ കിട്ടി ” അച്ചൻ വന്നു സാറയെ തൊട്ടു
പിന്നെ പിടിച്ചു എഴുനേൽപ്പിച്ചു
“കിട്ടിയോ? ജീവനുണ്ടോ?” അവൾ കണ്ണീരോടെ ചോദിച്ചു
“ഇല്ലെങ്കിൽ എനിക്കും പോകാനാ. ഞങ്ങളുടെ എഗ്രിമെന്റ് ആണത് “
അവൾ ഭ്രാന്തിയെ പോലെ ചിരിച്ചു
“പറ അച്ചോ ജീവനുണ്ടോ?”
“ഉണ്ട്. ചെറിയ പരുക്കെയുള്ളു “
അവൾ വിശ്വസിക്കാനാകാത്ത പോലെ തല ചലിപ്പിച്ച “സത്യമാ മോളെ. നീ ആശുപത്രിയിലോട്ട് ചെല്ല്. അവന് ഇപ്പൊ ബോധം വീണു കാണും. നിന്നെ തിരക്കും “
“ശരിയാ..എന്നെ അന്വേഷിക്കും “
അവൾ വേഗം മുഖം തുടച്ചു
“എനിക്കു ഇച്ചിരി കാശ് തരാമോ ബസ് കൂലിക്ക് “
അച്ചൻ വേഗം പോയി പൈസ എടുത്തു കൊണ്ട് കൊടുത്തു. അവൾ വിറയ്ക്കുന്ന കാലുകൾ പെറുക്കി വെച്ച് പോകുന്നത് കണ്ട് അച്ചൻ കർത്താവിന്റെ തിരു രൂപത്തിലേക്ക് നോക്കി
“എന്റെ ദൈവമേ ആയുസ്സ് കൊടുക്കണേ. ആ പോകുന്ന കൊച്ചിനെ കൂടി ഇല്ലാതാക്കരുതേ..എന്റെ കർത്താവെ എനിക്ക് ഇതൊന്നും കാണാൻ വയ്യ “
ആ വൃദ്ധൻ അവിടെ മുട്ട് കുത്തി കൈകൾ കൂപ്പി
ആശുപത്രിയിൽ അവൾ വരുമ്പോൾ അവിടെ വലിയൊരു കൂട്ടമുണ്ടായിരുന്നു
“സാറാ..മോള് വാ ” സ്റ്റീഫൻ അവളെ ചേർത്ത് പിടിച്ചു
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ മുഖം അമർത്തി
നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു
ഡോക്ടർ പ്രവീൺ ആയിരുന്നു ചാർളിയെ ചികിൽസിച്ചു കൊണ്ട് ഇരുന്നത്. മിക്കവാറും എല്ലാവരും പോയി ആശുപത്രിയിൽ…
ഷെറിയും ക്രിസ്റ്റിയും വിജയും സ്റ്റാൻലിയും പിന്നെ സാറയും ശേഷിച്ചു.
അവൾ തളർച്ചയോടെ അവൻ ഉണരുന്നതും കാത്ത് ഇരുന്നു.
തുടരും…